Follow Us On

01

December

2022

Thursday

റീത്ത്‌ഭേദമില്ലാതെ വിശ്വാസികൾ; ജർമൻടൗൺ ചിന്ന വേളാങ്കണ്ണി!

റീത്ത്‌ഭേദമില്ലാതെ വിശ്വാസികൾ; ജർമൻടൗൺ ചിന്ന വേളാങ്കണ്ണി!
ഫിലാഡൽഫിയ:മരിയഭക്തിക്കുമുന്നിൽ റീത്ത് ഭേദവും തദ്ദേശ വിദേശ വേർതിരിവു
കളുമില്ലാതെ വിശ്വാസീസമൂഹം അണിചേർന്നപ്പോൾ ജർമൻടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രം വേളാങ്കണ്ണിയുടെ ചെറുപതിപ്പായി! ജർമൻടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ആരോഗ്യമാതാവിന്റെ തിരുസ്വരൂപം വണങ്ങാൻ ഫിലാഡൽഫിയയിൽനിന്നുമാത്രമല്ല, അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള മരിയഭക്തരും സന്നിഹിതരായിരുന്നു.
ആവേ മരിയ സ്തുതിപ്പുകളും ഹെയ്ൽ മേരി ധ്വനികളും മുഴങ്ങിയ  അന്തരീക്ഷത്തിലായിരുന്നു ജർമൻടൗണിൽ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാൾ. തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിൽ മാതാവ് നൽകിയ ദർശനത്തെക്കുറിച്ചും കിഴക്കിന്റെ ലൂർദ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേളാങ്കണ്ണി നാഷണൽ ബസിലിക്കയെക്കുറിച്ചും ഇംഗ്ലീഷുകാർക്ക് അറിവു പകരാനുള്ള അവസരവുമായി ഇത്തവണത്തെ തീർത്ഥാടനം.
മലയാളിയും തമിഴരും ഉൾപ്പെടെയുള്ള ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങൾക്കുപുറമെ തദ്ദേശീയരും ദൈവമാതാവിന് കൃതജ്ഞതയർപ്പിക്കാനെത്തി. ഇതര മതസ്ഥരുടെയും സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. ഫിലാഡൽഫിയാ സീറോ മലബാർ ഫൊറോന ദൈവാലയത്തിന്റെ സഹകരണത്തോടെ തീർത്ഥാടനകേന്ദ്രം ഡയറക്ടർ ഫാ. കാൾ പീബറുടെ നേതൃത്വത്തിലായിരുന്നു തിരുനാൾ ആഘോഷം. വിവിധ ഇന്ത്യൻ ക്രൈ
സ്തവസമൂഹങ്ങളുടെ സഹകരണവും ഉറപ്പാക്കിയിരുന്നു.
ചിക്കാഗോ സീറോ മലബാർ രൂപത സഹായമെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ ഫാ. പീബർ, സീറോ മലബാർ ഫൊറോന വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, ഫാ. സോണി താഴത്തേൽ, ഫിലഡൽഫിയ അതിരൂപത കൾചറൽ മിനിസ്ട്രീസ് ഡയറക്ടർ ഫാ. ഗ്രിഗറി ജെ. സെമനിക്ക് എന്നിവർ സഹകാർമികരായിരുന്നു. സീറോ മലബാർ ആരാധനക്രമത്തിൽ ഇംഗ്ലീഷ് ദിവ്യബലിയർപ്പണം, വേളാങ്കണ്ണി മാതാവിന്റെ നൊവേന, മിറാക്കുലസ് മെഡൽ നൊവേന എന്നീ തിരുക്കർമങ്ങൾക്കുപുറമെ ഇംഗ്ലീഷ്, മലയാളം, തമിഴ്, ലത്തീൻ, സ്പാനീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ ജപമാലയും ക്രമീകരിച്ചിരുന്നു.
നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ അകമ്പടിയോടെയായിരുന്നു വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണം. തുടർന്ന്,  രോഗികൾക്കുവേണ്ടിയുള്ള പ്രാർത്ഥനയിലും ആശീർവാദത്തിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ആരോഗ്യമാതാവിന്റെ രൂപം വണങ്ങി നേർച്ചകാഴ്ച്ചകൾ അർപ്പിക്കാനും സൗകര്യമുണ്ടായിരുന്നു. ഫാ. ജോണികുട്ടി പുലിശേരി, ട്രസ്റ്റി ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ നേതൃത്വത്തിൽ  സീറോ മലബാർ ഇടവകയിലെ സെന്റ് മേരീസ് വാർഡാണ് ക്രമീകരണങ്ങൾ നിർവഹിച്ചത്.
കരുണയുടെ വർഷത്തിൽ ‘അഞ്ചാം തിരുനാൾ’
തുടർച്ചയായി അഞ്ചാം വർഷമാണ് മിറാക്കുലസ് മെഡൽ തീർഥാടന കേന്ദ്രത്തിൽ സീറോ മലബാർ സമൂഹത്തിന്റെ നേതൃത്വത്തിൽ വേളാങ്കണ്ണിമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്. ഭാരതത്തിലെ സുപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രത്തോടുള്ള മലയാളികളുടെ ആദരത്തിന് തെളിവാണ് മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ പ്രതിഷ്ഠിച്ച വേളാങ്കണ്ണി മാതാവിന്റെ തിരുരൂപം.
 ജാതി, മത, ഭാഷാ വ്യത്യാസമില്ലാതെ അനേക വിശ്വാസികളുടെ പ്രാർത്ഥനാസങ്കേതമായ ജർമൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിൽ 2012ലാണ് വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം സ്ഥാപിച്ചത്. നിരവധിപേരുടെ അകമഴിഞ്ഞുള്ള പരിശ്രമത്തിന്റെ ഫലമായിരുന്നു ഇത്. ഭാരതീയരായ നിരവധി മരിയഭക്തർ ഇവിടെ എത്തുന്നുവെന്ന് മനസ്സിലാക്കിയ തീർത്ഥാടനകേന്ദ്രം  ഡയറക്ടർ ഫാ. കാൾ പീബറാണ് ഇന്ത്യൻ പാരമ്പര്യത്തിലെ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കാനുള്ള ആഗ്രഹം പങ്കുവെച്ചത്.
ഇവിടെ പ്രാർത്ഥനയ്‌ക്കെത്തിയ ഭാരതീയരും അമേരിക്കക്കാരുമായ നിരവധിപേർ സഹായം വാഗ്ദാനംചെയ്തതോടെ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങി. റീത്ത്, സഭാ, ഭാഷാ വ്യത്യാസം മറന്ന് നിരവധി ഭാരതീയർ ഒറ്റക്കെട്ടായി പരിശ്രമിച്ചത് കാര്യങ്ങൾ വേഗത്തിലായി. അക്കാലത്ത് ഫിലാഡൽഫിയ സീറോ മലബാർ ദൈവാലയ വികാരി ഫാ. ജോൺ മേലേപ്പുറത്തിന്റെ നേതൃത്വവും ഇതിനു കരുത്തേകി.
കേരളത്തിൽനിന്ന് ഫിലാഡൽഫിയ സീറോ മലബാർ ദൈവാലയത്തിലെത്തിച്ച തിരുസ്വരൂപം കുറച്ചുദിവസത്തെ നൊവേനയ്ക്കുശേഷമാണ് മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?