Follow Us On

22

February

2024

Thursday

ഇൻഫോസിസിലെ സ്വപ്നതുല്യമായ ജോലി ഉപേക്ഷിച്ച സോഫ്ട്‌വെയർ എൻജിനീയർ ഇനി കത്തോലിക്കാ സഭയിലെ സന്യാസിനി

സച്ചിൻ എട്ടിയിൽ

ഇൻഫോസിസിലെ സ്വപ്നതുല്യമായ ജോലി ഉപേക്ഷിച്ച സോഫ്ട്‌വെയർ എൻജിനീയർ ഇനി കത്തോലിക്കാ സഭയിലെ സന്യാസിനി

സോഫ്ട്‌വെയർ ജോലി മേഖല വെച്ചുനീട്ടിയ സ്വപ്‌നസമാനമായ നേട്ടങ്ങളേക്കാൾ ഉപരി ദൈവത്തിന് സ്വരത്തിന് കാതോർത്ത തൃശ്ശൂർ സ്വദേശിനിയായ ക്രിസ്റ്റീ ബാബു ഇനി മിഷനറി സിസ്റ്റേർസ് ഓഫ് മേരി ഇമാക്കുലേറ്റ് (MSMI) സന്യാസിനി. ക്രിസ്തുവിനെ മാത്രം ലക്ഷ്യം വച്ചുള്ള ജീവിതയാത്രയിൽ താൻ ആഗ്രഹിച്ച പോലെ തന്നെ സുപ്രധാനമായ ഒരു ചുവടുവെപ്പ് നടത്തിയതിന്റെ സന്തോഷത്തിലാണിപ്പോൾ സിസ്റ്റർ ക്രിസ്റ്റി. ഇക്കഴിഞ്ഞ നവംബർ ആറിനായിരുന്നു പ്രഥമവ്രത സ്വീകരണം.

സി. ജെ ബാബു- ലിസി ദമ്പതികളുടെ മകളായ ക്രിസ്റ്റി കുട്ടിക്കാലം മുതൽ അടിയുറച്ച കത്തോലിക്കാ വിശ്വാസത്തിലാണ് വളർന്നത്. കൗമാരപ്രായത്തിൽ ബൈബിളും വിശുദ്ധരുടെ ജീവിത കഥകൾ പ്രതിപാദിക്കുന്ന പുസ്തകങ്ങളുമായിരുന്നു കൂട്ടുകാർ. എന്നാൽ, സന്യാസ ജീവിതം തിരഞ്ഞെടുക്കുമെന്ന ചിന്ത അക്കാലത്തൊന്നും അവൾക്കുണ്ടായിരുന്നില്ല. എൻജിനീയറിങ് പഠനശേഷം പ്രശസ്ത സോഫ്ട്‌വെയർ കമ്പനിയായ ഇൻഫോസിസിൽ ക്രിസ്റ്റിക്ക് ജോലി കിട്ടി. ജോലിത്തിരക്കിനിടയിലും ജോലിസ്ഥലത്തും പുറത്തും ഈശോയെ കുറിച്ച് പങ്കുവെക്കാൻ അവൾ സമയം കണ്ടെത്തിയിരുന്നു.

ജോലിചെയ്യുന്ന കാലഘട്ടത്തിലാണ് ക്രിസ്റ്റി ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായത്. അവരുമായുള്ള സൗഹൃദം ദൈവത്തോട് ക്രിസ്റ്റിയെ കൂടുതൽ അടുപ്പിച്ചു. 2019 മേയ് മാസം ഒരു കർമ്മലീത്ത ആശ്രമത്തിൽ പിറന്നാൾ ദിനം ചെലവഴിക്കാൻ സാധിച്ചതാണ് അവളുടെ ജീവിതത്തിൽ സുപ്രധാന വഴിത്തിരിവായത്. അവിടെയുളള സന്യസ്തരുടെ ആനന്ദം തന്റെ ജീവിതം ക്രിസ്തുവിനെ പൂർണമായി നൽകണമെന്നുള്ള ചിന്തയിലേക്ക് അവളെ നയിച്ചു.

സന്യാസ ജീവിതം സ്വീകരിച്ചാലോ എന്ന ആലോചനകൾ നടക്കുന്ന നാളുകളിലാണ്, ജോലിയുടെ ഭാഗമായി അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ അയക്കാമെന്ന കമ്പനിയുടെ വാഗ്ദാനങ്ങളും ഉണ്ടായത്. എന്നാൽ തന്നെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിക്ക് സ്വയം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്നു ക്രിസ്റ്റി. ഏകദേശം ഒരു വർഷം നീണ്ട ആലോചനകൾക്കും പ്രാർത്ഥനയ്ക്കും ശേഷം ജോലി രാജിവച്ച് MSMI സന്യാസസഭയിൽ ചേരുകയായിരുന്നു.

ദൈവത്തിന് സമർപ്പിക്കപ്പെട്ട ജീവിതം മടുപ്പ് തോന്നുന്ന ഒന്നല്ല എന്നും, മറിച്ച് ആനന്ദം നിറഞ്ഞതാണെന്നും ശാലോം വേൾഡിന്റെ വാർത്താ വിഭാഗമായ എസ് ഡബ്ല്യു ന്യൂസിനോട് ക്രിസ്റ്റി പറഞ്ഞു. ജീവിതാന്തസ്സ് തെരഞ്ഞെടുക്കാൻ ഒരുങ്ങുന്നവർ വിവാഹ ജീവിതം പോലെ, വൈദിക/ സന്യാസ ജീവിതാന്തസ്സുകളെ കൂടി പരിഗണിക്കണമെന്നും, അങ്ങനെ ഒരു ആഗ്രഹം തോന്നിയാൽ, ഒരു മഠത്തിലോ ആശ്രമത്തിലോ കുറച്ചു ദിവസം താമസിച്ച് നോക്കിയതിനു ശേഷം, പ്രാർത്ഥിച്ചു ഒരു തീരുമാനമെടുക്കാൻ ശ്രമിക്കണമെന്നും സിസ്റ്റർ ക്രിസ്റ്റി പറയുന്നു.

സന്യാസ സഭയുടെ കോഴിക്കോട് മേരി മാതാ പ്രൊവിൻസിൽ വോക്കേഷൻ പ്രമോട്ടറാണിപ്പോൾ സിസ്റ്റർ ക്രിസ്റ്റി. 1962ൽ മോൺസിഞ്ഞോർ സി ജെ വർക്കി ആണ് MSMI സന്യാസ സഭയ്ക്ക് തുടക്കം കുറിക്കുന്നത്. ദൈവവചനം പങ്കുവെക്കുക, കുടുംബങ്ങളുടെ ഇടയിൽ പ്രേക്ഷിത പ്രവർത്തനം നടത്തുക തുടങ്ങിയവയാണ് സന്യാസ സഭയുടെ കാരിസം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?