Follow Us On

20

May

2022

Friday

ഒരു മുൻ ഗർഭഛിദ്രക്കാരന്റെ കുമ്പസാരം

ഒരു മുൻ ഗർഭഛിദ്രക്കാരന്റെ കുമ്പസാരം

ബർണാർഡ് നാഥാൻസൺ-വിചിത്രമായ ജീവിതരേഖകൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരാൾ. അമേരിക്കയിലെ ഏറ്റവും വലിയ അബോർഷൻ ക്ലിനിക്കിന്റെ ഡയറക്ടർ; ഐക്യനാടുകളിൽ ഗർഭഛിദ്രം നിയമവിധേയമാക്കാൻ ഏറ്റവുമധികം അധ്വാനിച്ചയാൾ, 75,000 ത്തോളം ഗർഭഛിദ്രങ്ങൾക്ക് പ്രേരണ കൊടുത്ത് കൂട്ടുനിന്നവൻ, സ്വന്തം കുഞ്ഞിനെ തന്റെതന്നെ കൈകൊണ്ട് കാലപുരിക്കയച്ചവൻ, പ്രഖ്യാപിത നിരീശ്വരവാദി, അമേക്കയിലെ നാഷണൽ അബോർഷൻ റൈറ്റ്‌സ് ആക്ഷൻ ലീഗിന്റെ സ്ഥാപകാംഗം… വിശേഷണങ്ങൾ തീരുന്നില്ല.
1960 കളിൽ ഉദരങ്ങളെ ശവപ്പറമ്പാക്കി മാറ്റിയ ബർണാർഡ് നാഥാൻസന്റെ ജീവിതം ചില സിനിമാക്കഥകളുടെ ക്ലൈമാക്‌സിനെ വെല്ലുന്ന രീതിയിൽ മാറ്റിമറിക്കപ്പെട്ടു. സാവൂളിനെ കുതിരപ്പുറത്തുനിന്നു തള്ളി താഴെയിട്ട ദൈവത്തിന്റെ മിന്നലൊളി ബർണാഡിന്റെ മേലും പതിച്ചു.
മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല
”മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല” എന്ന പഴഞ്ചൊല്ല് ബർണാഡിന്റെ ബാല്യത്തെ സംബന്ധിച്ച് അർത്ഥവത്താണ്. യഹൂദവിശ്വാസത്തെ തള്ളിപ്പറഞ്ഞ്, ദൈവത്തെ നിഷേധിച്ച ഒരു ജൂത കുടിയേറ്റക്കാരനായിരുന്നു ബർണാഡിന്റെ അപ്പൻ. വീട്ടിൽ മതാചാരങ്ങൾക്കും പ്രാർത്ഥനകൾക്കും അദ്ദേഹം കടുത്ത വിലക്കേർപ്പെടുത്തിയിരുന്നു. അമ്മയോടുള്ള അപ്പന്റെ വെറുപ്പും കാർമേഘാവൃതമായ കുടുംബാന്തരീക്ഷവും ബർണാഡിന് സമ്മാനിച്ചത് നിരീശ്വരവാദത്തിന്റെ ദൃഷ്ടിദോഷമാണ്. ഏറ്റവും സമ്പന്നരായ യഹൂദർ പഠിച്ചിരുന്ന ന്യൂയോർക്കിലെ കൊളംബിയ ഗ്രാമർ സ്‌കൂളിൽ ചേർന്ന അവൻ പതുക്കെ ”മതമില്ലാത്ത ജീവനായി” വളർന്നു. ആകാശത്തിന്റെ അങ്ങേ കോണിലിരുന്ന് വിധിക്കുന്ന ദൈവമെന്ന യഹൂദ സങ്കൽപം അവനിൽ ഭീതിയും അരക്ഷിതാവസ്ഥയും നിറച്ചു. അമേരിക്കൻ എയർഫേഴ്‌സിലെ ജോലിയുടെ ഇടവേളകളിൽ സായാഹ്ന ബൈബിൾ ക്ലാസിൽ നിന്നു ലഭിച്ച ”സ്‌നേഹിക്കുന്ന ദൈവ”മെന്ന സങ്കൽപം അദ്ദേഹത്തിന് വേനൽമഴപോലെയായിരുന്നെന്ന് ആത്മകഥാപരമായ കുറിപ്പുകളിൽ പിന്നീട് നാം വായിക്കുന്നു. കുടുംബസാഹചര്യങ്ങൾ ഒരു വ്യക്തിയുടെ മാനസിക വളർച്ചയെ നിർണായകമായി സ്വാധീനിക്കുന്ന ഘടകമാണ്. അനാരോഗ്യകരമായ ഓരോ പെരുമാറ്റത്തിന്റെയും ആഴങ്ങളിൽ ബുദ്ധിശൂന്യരായ അധികാരികളുമായുള്ള പോരാട്ടത്തിൽ പരാജിതനായ കുഞ്ഞിനേറ്റ മുറിവുകളുണ്ടെന്നുള്ള എറിക് ഫ്രോമിന്റെ നിരീക്ഷണം ബർണാഡിന്റെ കാര്യത്തിൽ സത്യമായി ഭവിച്ചു.
ഇല്ല, ഞാനമ്മേ വരുന്നില്ലയൂഴിയിൽ ശല്യമായീ ലോകസദ്യ ഭുജിക്കുവാൻ
201692535ഗർഭഛിദ്രമെന്ന മഹാപാതകക്കുഴിയിലേക്ക് ബർണാഡ് ആദ്യം വീണത് 1945 ലാണ്. കാമുകിയായ റൂത്ത് ഗർഭിണിയായപ്പോൾ ഈ അവിഹിത ഗർഭത്തിന്റെ നാണക്കേടു മറയ്ക്കാനും ജോലിസാധ്യത നഷ്ടപ്പെടാതിരിക്കാനും ബർണാഡ് തിരഞ്ഞെടുത്ത വഴി ശിശുഹത്യയുടേതായിരുന്നു. റാമായിലെ നിലവിളി ഹേറോദേസിന്റെ ഉറക്കം കെടുത്തിയതുപോലെ ഈ പാതകത്തിന്റെ രക്തക്കറ അവർക്കിടയിൽ അകലം സൃഷ്ടിച്ചു. ഈ അകലം പിന്നീട് വേർപിരിയലിലാണ് അവസാനിച്ചത്.
പിന്നീട് മറ്റൊരു ബന്ധത്തിലുരുവായ കുഞ്ഞിനെയും അസൗകര്യങ്ങളുടെ പുകമറയിൽ അദ്ദേഹം നിശബ്ദനാക്കി. ഈജിപ്തിലെ ഫറവോയുടെ പോലെ അവന്റെ ഹൃദയം പ്രായേണ കഠിനമായിക്കൊണ്ടിരുന്നു. ഈ കുഞ്ഞിനെ ജനിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട പെൺകുട്ടിയെ ഭാവിസാധ്യതകളുടെ മോഹച്ചെപ്പുകാട്ടി ബർണാഡ് പ്രലോഭിപ്പിച്ചു. ”ജീവനെ അതിന്റെ ഉത്ഭവനിമിഷം മുതൽ ആദരിക്കുമെന്ന” ഹിപ്പോക്രറ്റസിന്റെ പ്രതിജ്ഞ ചൊല്ലി വൈദ്യമേഖലയിലേക്കു കടന്ന ബർണാഡ് ഹേറോദേസിന്റെ കൊലക്കത്തി സ്വന്തം കുഞ്ഞിനുനേരെ തന്നെ പ്രയോഗിച്ചു. ഉച്ചിവച്ച കൈകൊണ്ടുതന്നെ ഉദകക്രിയയും! ഒരു തുമ്പിയെ കൊല്ലുന്ന ലാഘവത്തോടെ അവൻ സ്വന്തം കുഞ്ഞിന്റെ കുസൃതിച്ചിരിയെ നിലവിളിയാക്കി മാറ്റി. ആകെ മുങ്ങുന്നവന് പിന്നെ കുളിരില്ലല്ലോ?!
ഒരു ഗർഭഛിദ്രക്കാരന്റെ കുമ്പസാരം
”ഒരു മുൻ ഗർഭഛിദ്രക്കാരന്റെ കുമ്പസാരം” എന്ന പിൽക്കാല ലേഖനത്തിൽ ഗർഭഛിദ്രം നിയമവിധേയമാക്കാനും ജനപ്രിയമാക്കാനും തങ്ങൾ സ്വീകരിച്ച ഗൂഢമാർഗങ്ങളെക്കുറിച്ച് ബർണാഡ് എഴുതുന്നുണ്ട്. 1968 ൽ ബർണാഡ് നാഷണൽ അബോർഷൻ റൈറ്റ്‌സ് ആക്ഷൻ ലീഗിന്റെ സ്ഥാപകാംഗമായി. 1970 ൽ അദ്ദേഹം അമേരിക്കയിൽ ഏറ്റവും കൂടുതൽ ഗർഭഛിദ്രം നടക്കുന്ന ക്ലിനിക്കിന്റെ ഡയറക്ടറായി. ഇക്കാലയളവിൽ എഴുപത്തയ്യായിരം ശിശുഹത്യകളിൽ താൻ പങ്കാളിയായെന്ന് അദ്ദേഹം കണ്ണീരോടെ ഓർക്കുന്നു. 1960 കളിൽ അമേരിക്കൻ ജനത അബോർഷനെതിരായിരുന്നു.
ബോധപൂർവകമായ നുണപ്രചാരണത്തിലൂടെയാണ് ഈയവസ്ഥയെ മാറ്റിമറിച്ചതെന്ന് ബർണാഡും കൂട്ടരും സമ്മതിക്കുന്നുണ്ട്. ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവർ പുരോഗമന ചിന്താഗതിക്കാരാണെന്ന ചൂണ്ടയിൽ ആദ്യം കൊത്തിയത് അമേരിക്കൻ മാധ്യമങ്ങളാണ്. ”വിജയിക്കുന്ന നുണയാണ് സത്യം” എന്ന ഗീബൽസിയൻ തന്ത്രം അബോർഷൻ ലീഗ് അമേരിക്കയിൽ നടപ്പാക്കി. ഉറക്കമിളച്ചിരുന്ന് മെനഞ്ഞെടുത്ത ഭാവനാത്മകമായ സർവേ ഫലങ്ങൾ സത്യമെന്ന രീതിയിൽ ബർണാഡും കൂട്ടരും മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.
ഏതാനും സാമ്പിൾ നുണകൾ താഴെപ്പറയുന്നവയാണ്. 60 ശതമാനം അമേരിക്കക്കാർ ഗർഭഛിദ്രത്തെ അനുകൂലിക്കുന്നു എന്നതായിരുന്നു ആദ്യ നുണ സർവേ. നിയമവിധേയമല്ലാത്ത രഹസ്യകേന്ദ്രങ്ങളിൽ നടക്കുന്ന ഗർഭഛിദ്രം വഴി ഓരോ വർഷവും പതിനായിരം സ്ത്രീകൾ അമേരിക്കയിൽ മരിക്കുന്നുവെന്നതായിരുന്നു രണ്ടാമത്തെ നുണ സർവേ പറഞ്ഞത്. സത്യത്തിൽ അത് 200 നും 250 നും ഇടയ്ക്കായിരുന്നു. ഓരോ വർഷവും പത്തുലക്ഷം സ്ത്രീകൾ നിയമവിധേയമല്ലാത്ത അബോർഷൻ നടത്തുന്നു എന്നതായിരുന്നു ബർണാഡും കൂട്ടരും പുറത്തുവിട്ട മൂന്നാം സർവേ ഫലം. സത്യത്തിൽ അതിന്റെ പത്തിലൊന്നായിരുന്നു ഔദ്യോഗിക കണക്ക്. അവസാനം ഗീബൽസിയൻ തന്ത്രം വിജയിച്ചു. അഞ്ചുവർഷത്തിനിടയിൽ ഗർഭഛിദ്രത്തിനനുകൂലമായൊരു തരംഗം അമേരിക്കയിൽ സൃഷ്ടിക്കാൻ ഇത്തരം നുണപ്രചരണത്തിനായി.
ഗർഭഛിദ്രത്തെ എതിർക്കുന്ന കത്തോലിക്കാ സഭയുടെ അധികാരികളെ യാഥാസ്ഥിതികരും പ്രതിലോമകാരികളുമായി ചിത്രീകരിക്കുന്നതിൽ അവർ വിജയിച്ചു. ആടിനെ പട്ടിയാക്കുന്ന ഈ പ്രചാരണ വേലയുടെ ഫലമായി ഏതാനും കത്തോലിക്കാ പുരോഹിതരൊഴിച്ച് ഭൂരിഭാഗം പേരും ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവരാണെന്നു വരുത്തിത്തീർക്കുന്നതിലും അവർ വിജയിച്ചു.
ജീവൻ അതിന്റെ ഉത്ഭവനിമിഷം മുതൽ പരിശുദ്ധവും പൂർണവുമാണെന്ന നിലപാടിനെ നിരാകരിച്ച ബർണാഡും കൂട്ടരും ഒമ്പതാം മാസം വരെയുള്ള ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഏതു നിമിഷം മുതലാണ് മനുഷ്യജീവൻ ഉത്ഭവിക്കുന്നതെന്നതിനെക്കുറിച്ച് ബോധപൂർവം അജ്ഞത നടിച്ച അവർ ഉദരത്തിലെ ശിശു വെറുമൊരു മാംസപിണ്ഡമാണെന്നുവരെ വാദിച്ച് അതിന്റെ മനുഷ്യത്വപൂർണതയെ നിരാകരിച്ചുകളഞ്ഞു.
ഡമാസ്‌കസ് വഴിയിലെ മിന്നലൊളി
1973-ൽ ന്യൂയോർക്കിലെ സെന്റ് ലൂക്ക്‌സ് ഹോസ്പിറ്റലിൽ ചാർജെടുക്കുന്നതോടുകൂടിയാണ് ബർണാഡിന്റെ ഡമാസ്‌കസ് യാത്ര ആരംഭിക്കുന്നത്. നൂതനമായ അൾട്രാ സൗണ്ട് സാങ്കേതിക വിദ്യയുടെ ആവിർഭാവം ബർണാഡിന്റെ കണ്ണുകളെ തുറന്ന അനനിയാസായി. ഉദരത്തിലെ ജീവന്റെ തുടിപ്പും സ്പന്ദനവും സജീവതയും പ്രതികരണശേഷിയുമൊക്കെ കണ്ടറിഞ്ഞ ബർണാഡ് അക്ഷരാർത്ഥത്തിൽ സ്തബ്ധനായിപ്പോയി. പിന്നീടവൻ മരണത്തിന്റെ താഴ്‌വരയായ ഡമാസ്‌കസിലേക്കു പോയില്ല. 1979 ൽ തന്റെ ജീവിതത്തിലെ അവസാന ഗർഭഛിദ്രം മനസില്ലാ മനസോടെ ബർണാഡ് ചെയ്തു.
യാന്ത്രികമായ തന്റെ പ്രവൃത്തിയുടെ ഭീകരതയെന്തെന്ന് ഒരിക്കലദ്ദേഹം കണ്ടറിഞ്ഞു. ദിവസവും 20 അബോർഷൻ നടത്തിയിരുന്ന ഡോ. ജെയോട് അബോർഷൻ രംഗം അൾട്രാ സൗണ്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെ റെക്കോർഡ് ചെയ്യാൻ ബർണാഡ് നിർദേശിച്ചു. ഈ രംഗം കണ്ടവർ നടുങ്ങിപ്പോയി. തന്നെ തകർക്കാനെത്തുന്ന യന്ത്രത്തെ പ്രതിരോധിക്കാൻ ഉദരത്തിലെ ശിശു നടത്തുന്ന വിഫലശ്രമങ്ങൾ കണ്ടപ്പോൾ തങ്ങളുടെ ക്രൂരതയുടെ ആഴം അവർ മനസിലാക്കി. ഈ രംഗം ഒരു ഡോക്യുമെന്ററി ഫിലിമാക്കി സംപ്രേഷണം ചെയ്തപ്പോൾ അമേരിക്കൻ ഹൃദയങ്ങളിൽ അലിവിന്റെ ഉറവക്കണ്ണ് തെളിഞ്ഞു. എന്നാൽ പുരോഗമനവാദത്തിന്റെ പേരിൽ ഇത് സംപ്രേഷണം ചെയ്യാനും ഇതിന്റെ പ്രചരണം തടസപ്പെടുത്താനും ശ്രമിച്ചവർ ആ കുഞ്ഞുങ്ങളുടെ രക്തത്തിൽ കൈകഴുകി റാമായിലെ നിലവിളികളെ പുന:സൃഷ്ടിച്ചു.
പന്നിക്കൂടുകൾ നിത്യകാലത്തേക്കുള്ളതല്ല
പന്നിക്കൂട്ടിലെ ധൂർത്തപുത്രന്റെ അവസ്ഥയിലേക്ക് വീണ ബർണാഡിന്റെ മനസിനെ കുറ്റബോധം വേട്ടയാടി. അറേബ്യയിലെ മുഴുവൻ അത്തറും പൂശിയാലും തന്റെ കൈകളിലെ രക്തക്കറയുടെ മണം മാറില്ലെന്നു പറഞ്ഞ മാക്ബത്തായി മാറി ബർണാഡ്. ഉറക്കഗുളികകൾ ഹൈഡോസിലും അവന് ഉറക്കം കൊടുത്തില്ല. മദ്യം അവന്റെ ഉപബോധമനസിലെ കുറ്റബോധത്തെ ഇല്ലാതാക്കിയില്ല. സ്വയംസഹായ ഗ്രന്ഥങ്ങൾ അവന്റെ പ്രശനം പരിഹരിച്ചില്ല. മനഃശാസ്ത്രജ്ഞരുടെ പക്കലുള്ള കൗൺസലിംഗ് സെഷനുകൾ അവന് മനഃശാന്തി നൽകിയില്ല.
‘എടുത്തു വായിക്കുക’ എന്ന ദൈവികപ്രചോദനം അവന്റെ ആന്തരികതയിലുണ്ടായി. ബർണാഡ് പിന്നീട് വായിച്ചത് സെന്റ് അഗസ്റ്റിന്റെ കൺഫെഷൻസും സോണിയക്കു മുന്നിൽ കുറ്റമേറ്റു പറഞ്ഞ് മനഃശാന്തി കൈവരിക്കുന്ന ദസ്തയോവിസ്‌കിയുടെ റസ്‌കോൾ നിക്കോവിനെയുമൊക്കെയാണ്. പതുക്കെ അവൻ പ്രോ-ലൈഫ് പ്രവർത്തനങ്ങളിലാകൃഷ്ടനായി. ജീവന്റെ വിലയ്ക്ക് മുപ്പത് വെള്ളിക്കാശിന്റെ തൂക്കത്തെക്കാൾ വലുപ്പമുണ്ടെന്ന് അവൻ ജനങ്ങളെ പഠിപ്പിച്ചു. പ്രോ-ലൈഫ് പ്രവർത്തകരുടെ പ്രാർത്ഥനകൾ ബർണാഡിനെ നിരീശ്വരത്വത്തിന്റെ ചങ്ങലക്കെട്ടു പൊട്ടിക്കാൻ പ്രചോദിപ്പിച്ചു. നരകത്തിന്റെ മൂന്നാം തട്ടിൽനിന്ന് തന്നെ താങ്ങിയുയർത്തുന്ന ദൈവത്തിന്റെ കരുണ അവൻ അനുഭവിച്ചു. വ്യത്യസ്ത വിശ്വാസധാരകളിൽനിന്ന് കത്തോലിക്കാ സഭയിലേക്കു വന്ന കർദിനാൾ ന്യൂമാൻ, മാൽക്കം മഗ്‌റിഡ്ജ്, ഗ്രഹാംഗ്രീൻ, വാക്കർ പേഴ്‌സി, സി.എസ്.ലൂയിസ് എന്നിവരുടെ ആത്മകഥകൾ ബർണാഡിന് ഉണർവ് നൽകി.
താൻ ഏറെ ആദരിച്ചിരുന്ന കാൾ സ്റ്റോൺ ജൂതമതത്തിൽനിന്ന് ക്രൈസ്തവികതയിലേക്ക് കടന്നുവന്നശേഷം എഴുതിയ ഠവല ജശഹഹമൃ ീള എശൃല എന്ന ആത്മകഥാപരമായ ഗ്രന്ഥം ബർണാഡിൽ ഒരു സ്പിരിച്വൽ മെറ്റമോർഫോസിസ് സൃഷ്ടിച്ചു. ആന്തരിക സമാധാനത്തിനായി ഫാ. മക്‌ക്ലോസ്‌കിയെ ബർണാഡ് തന്റെ ആത്മീയ ഗുരുവാക്കി. ആത്മാവിന്റെ ഇരുണ്ട രാത്രികളിൽ ഉഴറിയ ബർണാഡിന് പ്രസാദവരത്തിന്റെ നീർച്ചാലായിരുന്നു ഈ ആത്മീയഗുരു. 1996 ൽ ന്യൂയോർക്കിലെ സെന്റ് പാട്രിക്ക്‌സ് കത്തീഡ്രലിൽവച്ച് ബർണാഡ് മാമോദീസ സ്വീകരിച്ചു.
സപ്തസാഗരങ്ങളിലെ ജലം മുഴുവൻ കൊണ്ടുവന്നാലും തന്റെ പാപക്കറ മായില്ലെന്ന് ഒരുകാലത്ത് വിശ്വസിച്ചിരുന്ന ബർണാഡിന് ഒരു പാത്രം മാമോദീസാവെള്ളം വിടുതലിന്റെ ജോർദാനായി. തുടർന്നദേഹം മരണമടയുന്നതുവരെ അനുദിനമുള്ള വിശുദ്ധ കുർബാനയും ആഴ്ചതോറുമുള്ള കുമ്പസാരവും മുടക്കിയില്ല. ആഴമേറിയ പ്രാർത്ഥനാജീവിതം നൽകിയ ബോധ്യങ്ങളുമായി ബർണാഡ് ഗോളാന്തരയാത്രയിലായിരുന്നു- പിറക്കാനിരിക്കുന്ന കുരുന്നുജീവനുകളുടെ സംരക്ഷകനായി. ടാഗോർ എഴുതിയതെത്രയോ സത്യം ”ദൈവം ഇന്നും ഈ ഭൂമിയെ സ്‌നേഹിക്കുന്നു എന്നതിന്റെ അടയാളമാണ് ഓരോ ദിവസവും പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ.” ”ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ ഒരു കോടിയീശ്വരവിലാപം.” നിങ്ങൾ കേൾക്കുന്നുണ്ടോ സുഹൃത്തേ?
ഫാ.മാർട്ടിൻ ശങ്കുരിക്കൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?