Follow Us On

11

August

2020

Tuesday

പരിശുദ്ധ കന്യാമറിയത്തിന്റെ സാമീപ്യം ഒപ്പമുണ്ട് അതാണ് എന്റെ വിശ്വാസം.

പരിശുദ്ധ കന്യാമറിയത്തിന്റെ സാമീപ്യം ഒപ്പമുണ്ട് അതാണ് എന്റെ വിശ്വാസം.

പ്രശസ്ത പിന്നണി ഗായിക മിൻമിനിയുടെ അനുഭവം
എന്റെ ജീവിതത്തിന്റെ ഉയർച്ചയിലും താഴ്ചയിലും താങ്ങും തണലുമായി നിന്നത് ഈശോയാണ്. ആലുവയ്ക്കടുത്ത് കീഴ്മാട് എന്ന ഗ്രാമത്തിൽ സാധാരണക്കാരിയായി ജീവിച്ച എന്നെ കൈപിടിച്ചുയർത്തി സംഗീതലോകത്ത് നല്ല അവസരം തന്നത് ദൈവംതന്നെയാണ്.
എന്റെ കരിയറിലെ ഏറ്റവും പോപ്പുലറായ ഗാനം ‘ചിന്ന ചിന്ന ആശൈ’ പാടിയതിനെ തുടർന്ന് പ്രശസ്തയായി നിൽക്കുമ്പോഴാണ് പെട്ടെന്ന് ഒരു ദിവസം തൊണ്ടയ്ക്ക് സുഖമില്ലാതായി ശബ്ദം പൂർണമായും നിലച്ചത്. ജീവിതം താളം തെറ്റിയ അവസ്ഥ. പാടാൻ പോയിട്ട് സംസാരിക്കാൻപോലും സാധിക്കാത്ത സ്ഥിതി. 1994-ൽ ലണ്ടനിൽ പരിപാടിക്കിടെ ആയിരുന്നു സംഭവം. നാട്ടിലെത്തി ചികിത്സ ആരംഭിച്ചു.
ആദ്യമൊക്കെ ഒരു ഫലവുമുണ്ടായില്ല. നിരാശ മൂടിയ നാളുകൾ. ദൈവമേ, എനിക്ക് എന്തുകൊണ്ടിങ്ങനെ സംഭവിച്ചു?. എന്റെ വിഷമത്തെക്കാൾ എന്റെ മാതാപിതാക്കളുടെയും കൂടെപ്പിറപ്പുകളുടെയും മുഖം കാണുമ്പോൾ സങ്കടം വരും. അന്നാണ് പ്രതിസന്ധിയിൽ ആരൊക്കെ കൂടെയുണ്ടാകുമെന്ന് മനസിലായത്. ആശുപത്രിയിലും വീട്ടിലും മുഴുവൻ സമയവും പ്രാർത്ഥനയിലായിരുന്നു.
ജപമാല ചൊല്ലാത്ത ദിവസങ്ങളില്ല. കൊന്ത ചൊല്ലലും ബൈബിൾ വായനയും കുഞ്ഞുനാളിലേതൊട്ടുള്ള ശീലമാണ്. ബൈബിൾ താളുകൾ കണ്ണീരിൽ കുതിർന്നു. ദൈവം മറുപടി നൽകുമെന്ന് ഉറപ്പായിരുന്നു. രാവിലെ ഉറക്കമെഴുന്നേറ്റാൽ കാണുന്നത് പ്രാർത്ഥനാമുറിയിൽ തിരുഹൃദയരൂപത്തിന് മുന്നിൽ കത്തിച്ചുവച്ച മെഴുകുതിരികളുടെ സാന്നിധ്യത്തിൽ അപ്പച്ചനും അമ്മച്ചിയും പ്രാർത്ഥിക്കുന്നതാണ്. അതു കാണുമ്പോൾ സങ്കടം കൂടും.
ഈശോയുടെ അത്ഭുതത്തിനായി കുടുംബം കാത്തിരുന്നു. എന്തെങ്കിലുമൊന്ന് സംസാരിക്കാൻ എനിക്കും പേടിയായിരുന്നു. കാരണം പതറിയപോലുള്ള എന്തോ ശബ്ദം പുറത്ത് വരും. അതുകൊണ്ട് മുറിയ്ക്കുളളിലിരുന്ന് പ്രാർത്ഥിക്കും. വേറെ ആരും കേൾക്കില്ലല്ലോ… ദൈവം തന്ന സ്വരം അവിടുന്ന് എടുത്തു. സമയമാകുമ്പോൾ തിരിച്ച് തരും. അങ്ങനെയൊക്കെ ആശ്വസിച്ചു.
ഒമ്പതുമാസം ഒരു ശബ്ദവും ഇല്ലായിരുന്നു. പിന്നെ പതുക്കെ മാറ്റം വന്നുതുടങ്ങി. അതിനിടെ 1995-ലായിരുന്നു വിവാഹം. നേരത്തേ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. വേണമെങ്കിൽ അവർക്ക് പിന്മാറാമായിരുന്നു. പക്ഷേ അതുണ്ടായില്ല. സർവശക്തനായ ദൈവം പ്രതിസന്ധിവേളയിൽ എനിക്കുതന്ന ശക്തമായ പിന്തുണയായിരുന്നു ഭർത്താവ് ജോയിയുടെയും കുടുംബത്തിന്റെയും കരുതലും പരിപാലനയും. മൂത്തമകനെ പ്രസവിച്ചശേഷം അവനെ താരാട്ടുപാടുന്ന നേരം എനിക്ക് ശബ്ദം ലഭിച്ചു.
ദൈവത്തിന്റെ ശക്തമായ സാന്നിധ്യം അറിഞ്ഞ ദിവസങ്ങളായിരുന്നു ചികിത്സാ കാലഘട്ടങ്ങൾ.ഒരു സാധാരണ കൂട്ടുകുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഇല്ലായ്മകൾക്ക് നടുവിലും കളി, ചിരി, തമാശ, പ്രാർത്ഥന, പാട്ട് ഇതൊക്കെയാണ് കുഞ്ഞുനാളിലെ ഓർമകൾ. മൂന്ന് ചേച്ചിമാരും നല്ലതുപോലെ പാടും. അപ്പൻ കലകളെ പ്രോത്സാഹിപ്പിക്കുന്ന ഒരാളായിരുന്നു. ഞായറാഴ്ചകളിലും ക്ലാസില്ലാത്ത ദിവസങ്ങളിലും ദൈവാലയത്തിൽ പോകും. ഇടവക ദൈവാലയമായ കീഴ്മാട് പെരിയാർമുഖം സെന്റ് ആൻഡ്രൂസ് ദൈവാലയത്തിലെ ക്വയർ അംഗങ്ങളായിരുന്നു ഞങ്ങൾ. ആലുവ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് സ്‌കൂളിൽപഠനം. കുടുംബപ്രാർത്ഥനയ്ക്കുശേഷം ധാരാളം പാട്ടുകൾ വീട്ടിൽ പാടും. അതായിരുന്നു എന്റെ ആദ്യ സ്റ്റേജ്.
എനിക്കുണ്ടായ സംഭവത്തിന്റെ പേരിൽ നിരീശ്വരവാദിയായിരുന്ന ഒരാൾ ദൈവവിശ്വാസിയായത് മറക്കാനാവില്ല. കുവൈത്തിൽ താമസിക്കുന്ന ഒരു വ്യക്തി എനിക്ക് നിരന്തരം കത്തുകളെഴുതുമായിരുന്നു. സ്വരം പോയപ്പോൾ എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ ആദ്യമായി ദൈവാലയത്തിൽ പോയിത്തുടങ്ങി. അവസാനം മാസം ദശാംശം കൊടുക്കുന്ന ഉറച്ച ദൈവവിശ്വാസിയായി മാറി.
ആയിടയ്ക്ക് തമിഴ്‌നാട്ടിലും കേരളത്തിലുമിറങ്ങിയ ഒരുപാട് മാഗസിനുകളിൽ എന്നെപ്പറ്റി കിംവദന്തികൾ പരന്നിരുന്നു. തൊണ്ടയിൽ കാൻസർ, ശബ്ദം തിരിച്ചു കിട്ടില്ല എന്നൊക്കെയായിരുന്നു അത്. അപ്പോഴൊക്കെ ആശ്വാസമായത് ഈശോയാണ്. മുപ്പതിനായിരത്തോളം ഭക്തിഗാനങ്ങൾ ഈശോയ്ക്കുവേണ്ടി ആലപിക്കാൻ അവിടുന്ന് എനിക്ക് കൃപ നൽകി. കെ.സി.ബി.സിയുടേത് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. പത്ത് വയസു മുതൽ ഗാനമേളകൾക്ക് പാടുമായിരുന്നു. എറണാകുളം സി.എ.സി ഡയറക്ടറായിരുന്ന ഫാ. മൈക്കിൾ പനക്കൽ ആയിരുന്നു യഥാർത്ഥത്തിൽ എന്നിലെ ഗായികയെ കണ്ടെത്തിയത്. അച്ചന്റെ പിന്തുണയും പ്രോത്സാഹനവും മറക്കാനാവില്ല. വരാപ്പുഴ അതിരൂപതയുടെ കലാകേന്ദ്രമായ സി.എ.സി എനിക്കിന്നും തറവാടുപോലെയാണ്.
പരിശുദ്ധ കന്യാമറിയത്തിന്റെ സാമീപ്യം എന്റെ കൂടെയുണ്ട് എന്നാണ് എന്റെ വിശ്വാസം. പൊതുവേദിയിലാണെങ്കിലും ഓഫിസിലാണെങ്കിലും ജപമാല കൈയിലുണ്ടാകും. നമുക്ക് എന്തു വിഷയം ഉണ്ടെങ്കിലും മാതാവിനോട് പറയാം. ജപമാല എനിക്ക് ആശ്വാസം മാത്രമല്ല ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരവും കൂടിയാണ്.
വേളാങ്കണ്ണി പള്ളിയിൽ എല്ലാ വർഷവും പെരുന്നാളിന് പാട്ടുപാടുന്നത് പതിവാണ്. ശബ്ദമില്ലാതിരുന്ന സമയത്ത് അമ്മയോട് ഉള്ളം നൊന്ത് പ്രാർത്ഥിച്ചു. സൗഖ്യമായപ്പോൾ വേളാങ്കണ്ണിയിൽ പോയി, മാതൃസന്നിധിയിൽ പാടി നന്ദി പറഞ്ഞു. ഒരുപാട് വൈദികസുഹൃത്തുക്കൾ ദിവസവും എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. അതാണ് എന്റെ ശക്തി.
ഇപ്പോൾ സിനിമയിൽ പതുക്കെ സജീവമാകുകയാണ്. സംഗീതജ്ഞൻ കൂടിയായ ഭർത്താവ് ജോയി കാക്കനാട് മാവേലിപുരത്ത് ജോയ്‌സ് അക്കാദമി നടത്തുന്നു. മകൻ അലൻ ജോയ് പ്ലസ്ടുവിനും മകൾ അന്ന കീർത്തന അഞ്ചിലും പഠിക്കുന്നു. ഇപ്പോൾ താമസിക്കുന്ന പുക്കാട്ടുപടിയിലെ വീടിനടുത്തുള്ള ഇടവകയായ അമ്പുനാട് സെന്റ് സെബാസ്റ്റിൻ ദൈവാലയത്തിൽ മകൻ പാടുകയും ഭർത്താവ് കീബോർഡ് വായിക്കുകയും ചെയ്യുന്നു. എല്ലാ ദൈവാനുഗ്രഹത്തിനും ഒരിക്കൽക്കൂടി നന്ദി!!

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?