Follow Us On

24

October

2020

Saturday

ദശാംശത്തിലൂടെ ദൈവം എത്ര മഹത്തായ ശുശ്രൂഷകളാണ് നടത്തുന്നത്

ദശാംശത്തിലൂടെ ദൈവം എത്ര മഹത്തായ ശുശ്രൂഷകളാണ് നടത്തുന്നത്

വലിയ സുവിശേഷ തീക്ഷ്ണതയുള്ള ജനമാണ് നാം. ഇവിടെ കിട്ടുന്ന ദശാംശം മാത്രം നോക്കുക. നൂറുകണക്കിന് ധ്യാന കേന്ദ്രങ്ങളുണ്ട്. എല്ലാം പ്രവർത്തിക്കുന്നത് ദശാംശ സഹായത്താൽ. രണ്ട് സുവിശേഷ ടി.വി ചാനലുണ്ട് കേരളത്തിൽ. അമേരിക്കയിൽ മലയാളികളുടെ ദശാംശം കൊണ്ട് ശാലോമിന്റെ ഇംഗ്ലീഷ് ടിവി ചാനലുണ്ട്. കോട്ടയത്തെ നവജീവൻ പോലുള്ള ശുശ്രൂഷകൾ എത്രയോ ലക്ഷം പേർക്കാണ് ഭക്ഷണം കൊടുക്കുന്നത്. ആയിരക്കണക്കിന് പരസ്‌നേഹ സംഘടനകളുണ്ട്. അനാഥാലയങ്ങളും വൃദ്ധ സംഘടനകളും ഉണ്ട്. അഭിവന്ദ്യ കരിയിൽ പിതാവ് രണ്ട് വർഷം മുമ്പ് തയാറാക്കിയ ഡോക്യുമെന്ററി അനുസരിച്ച് കേരളത്തിലെ രൂപതകൾ എല്ലാം ചേർന്ന് ഉപവിപ്രവർത്തനത്തിന് ഒരു വർഷം ചെലവാക്കുന്നത് 200 കോടി രൂപയാണ്.
ഇടവകകൾ നേരിട്ടും ധ്യാനകേന്ദ്രങ്ങൾ, സന്യാസ സഭകൾ തുടങ്ങിയവകളും ചെയ്യുന്ന സഹായം വേറെയുണ്ട്.നമ്മുടെ ജനതയിൽ എത്രയോ പേരാണ് സുവിശേഷവേലക്കായി എല്ലാം ത്യജിച്ച് ഇറങ്ങുന്നത്. തങ്ങൾക്കുള്ള ആയിരക്കണക്കിനു ഡോളറിന്റെയും പൗണ്ടിന്റെയും ജോലി ഉപേക്ഷിച്ചാണ് പല അല്മായരും മുഴുവൻ സമയ സുവിശേഷ വേല ചെയ്യുന്നത്. എത്രയോ കുടുംബങ്ങൾ വൈദികരാകുവാൻ മക്കളെ നല്കുന്നു. 1,15,000 മലയാളി കന്യാസ്ത്രീകൾ ഉണ്ട്. എന്തുമാത്രം തീപ്പൊരി വൈദികരുള്ള നാടാണ് കേരളം. പല രാജ്യത്തും വൈദികർ മിനിമം ശുശ്രൂഷ കൊണ്ട് സംതൃപ്തരാണ്. എന്നാൽ ഇവിടെയോ 24 മണിക്കൂറും വൈദികർ ലഭ്യരാണ്. ദൈവം കേരളക്കരയെ പ്രത്യേകം നോട്ടമിട്ടിരിക്കുന്നു. ഇവർ വഴി ലോകത്തെ ആകെ സുവിശേഷം കൊണ്ട് നിറയ്ക്കാനാണ് പരിപാടി. പണ്ട് യഹൂദരെ നോട്ടം ഇട്ടപോലാണ് ദൈവം ഇപ്പോൾ മലയാളികളെ നോക്കുന്നത്. അതുകൊണ്ട് നാം ഉണരണം. കർത്താവ് വിളിക്കുമ്പോൾ ‘ഇതാ കർത്താവേ’ എന്ന് പറയണം.
കുറെക്കാലം മുമ്പ് ഞാൻ യു.കെ യിൽ ധ്യാനിപ്പിക്കാൻ ചെന്നപ്പോൾ സെബാസ്റ്റ്യൻ അരിക്കാട്ടച്ചൻ എന്നോട് പറഞ്ഞു. വട്ടായിലച്ചൻ അല്മായരെ മാത്രം നോക്കിയാൽ പോരാ. അച്ചന്മാരെയും നോക്കണം. എനിക്കാണെങ്കിൽ അച്ചന്മാരോട് പ്രസംഗിക്കാൻ പേടി. അല്മായരുടെ ധ്യാനം നടത്തുമ്പോൾ പരിസരത്ത് അച്ചനെ കണ്ടാൽ മതി. എനിക്ക് വാക്കുകൾ നിലച്ചു പോകും. പിന്നെ കുറെ നേരം പാട്ടു പഠിപ്പിച്ച് അച്ചൻ കാണാതാവുമ്പോഴാണ് ക്ലാസ് എടുക്കുന്നത്. ആ എന്നോടാണ് വൈദികർക്ക് ധ്യാനം നടത്താൻ പറയുന്നത്. ആദ്യത്തെ രണ്ടു വർഷം ഞാൻ ഒഴിഞ്ഞുമാറി. മൂന്നാം വർഷം ഏറ്റെടുത്തു. യു.കെ.യിൽ നിന്ന് അച്ചനും വന്നു ധ്യാനം നടത്താൻ. അച്ചന്മാരുടെ ധ്യാനം തുടങ്ങിയപ്പോൾ കഷ്ടപ്പാടുകൾ കൂടി. ഭാരവും കണ്ണീരും കൂടിയതിനനനുസരിച്ച് കൃപയും വർധിച്ചു.
എല്ലാ മാസവും മുടങ്ങാതെ 100 വൈദികർ ആദ്യത്തെ ആഴ്ചയിൽ അവിടെ വന്ന് ധ്യാനിക്കുന്നു. 2009 മുതൽ ഇതാണ് സ്ഥിതി. ദൈവം കേരളക്കരയെ അനുഗ്രഹിച്ചതുകൊണ്ടല്ലേ അത്. വേറെ ഏതു ഭാഷയിലാണ് ഇങ്ങനെ ഉള്ളത്. ഭാരം വഹിക്കുവാൻ തയാറായാൽ കൃപ കൊടുക്കുവാൻ ദൈവം തയാറാകും. ആളുകളെ ഒരുക്കാനും തയ്യാറാണ്. എത്ര ആത്മാക്കൾ രക്ഷപ്പെടുന്നുവോ അതിനനുസരിച്ച് കൃപയും തരും. എത്ര കൂടുതൽ സഹനമുണ്ടോ അതിനനുസരിച്ച് ആത്മാക്കളുടെ രക്ഷയും ഉണ്ടാവും.
ദൈവരാജ്യ ശുശ്രൂഷചെയ്യുവാൻ ദൈവം തരുന്ന വിളിയും ഉണർവും നിസാരമാക്കരുത്. നമ്മുടെ സമൂഹത്തിൽ വർഷിച്ച കൃപയാണത്. നാം നന്നായി ജോലി ചെയ്യണം. ഇപ്പോൾ ചെയ്തില്ലെങ്കിൽ ഒരു കാലത്ത് ചെയ്യാമെന്ന് വച്ചാലും നടക്കില്ല. ദൈവരാജ്യം നിങ്ങളിൽ നിന്നെടുത്ത് ഫലം പുറപ്പെടുവിപ്പിക്കുന്ന ജനതക്കു കൊടുക്കും. യു.കെയിൽ അനാഥമന്ദിരം പോലും നടത്താൻ കത്തോലിക്കർക്ക് ഇന്ന് സാധിക്കാതെ വരുന്നു. ദൈവരാജ്യത്തിന്റെ ഫലം പുറപ്പെടുവിപ്പിക്കുവാൻ ദൈവം തന്ന കാലത്ത് ഫലം പുറപ്പെടുവിക്കാതിരുന്നാൽ ദൈവരാജ്യശക്തി ചോർന്നുപോകും. പലയിടത്തും പള്ളികൾ ലേലത്തിൽ വിൽക്കുന്നു. 2008-ൽ യു.കെ.യിലെ 200 പള്ളികൾ ലേലത്തിന് വെച്ചു. കത്തോലിക്കാ വിശ്വാസത്തിന്റെ ഈറ്റില്ലങ്ങൾ എന്ന് അറിയപ്പെട്ട സ്ഥലത്തെ സ്ഥിതിയാണ്. എന്നാൽ ചില പള്ളികളിൽ ഇപ്പോഴും നല്ല ജനക്കൂട്ടമുണ്ട്. യു.കെയിലെ ഒരു പള്ളി. അവിടെ കുർബാനക്ക് വരുന്നവർ 12 പേരായിരുന്നു. സാവകാശം പള്ളി പൂട്ടേണ്ട നിലയാകും. അവസാനം വന്ന അച്ചൻ ധാർമിക വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്തു. അച്ചൻ സത്യങ്ങൾ പറഞ്ഞു. വ്യഭിചാരി നരകത്തിൽ പോകും. മദ്യപാനികളെക്കുറിച്ചും സ്വയംഭോഗികളെക്കുറിച്ചും അച്ചൻ സത്യം പറഞ്ഞു. യു.കെ.യിൽ അങ്ങനെ പറയാൻ അനുവാദം ഇല്ല. കേട്ടവർ കേട്ടവർ അച്ചനെകുറിച്ച് പറഞ്ഞു. കൂടുതൽ ആൾക്കാർ കേൾക്കാനെത്തി. ഇപ്പോൾ പള്ളി വലുതാക്കുകയാണ്..
ഇംഗ്ലണ്ടിലെ ഒരു കുടുംബത്തിന്റെ കഥ സോജിയച്ചൻ പറഞ്ഞു. ധ്യാനത്തിനെത്തിയ അച്ചനെ അവർ വീടു വെഞ്ചരിക്കുവാൻ വിളിച്ചു. ധ്യാനം കഴിഞ്ഞപ്പോൾ ഏറെ വൈകി. എന്നാലും വീട്ടിൽ പോയി നോക്കാമെന്ന് അച്ചൻ കരുതി. രാത്രി 12 മണി. നല്ല തണുപ്പുണ്ട്. വീട്ടിലെത്തിയപ്പോൾ ലൈറ്റുണ്ട്. അച്ചൻ ബെല്ലടിച്ചു. ഗൃഹനാഥൻ ഓടി വന്ന് വാതിൽ തുറന്നു. അവർ കുടുംബ പ്രാർത്ഥനയിലായിരുന്നു. ദിവസവും രാത്രി പന്ത്രണ്ടിനാണ് കുടംബ പ്രാർത്ഥന. കാരണം, എല്ലാവരും ഒന്നിക്കുന്ന സമയമാണത്. വിശ്വാസം സൂക്ഷിക്കുന്നവർ അവിടെയും ഉണ്ട്.
വിശ്വാസം വിതക്കാൻ നാം തയാറാണെങ്കിൽ ദൈവം അത്ഭുതകരമായ ഫലം തരും. പരിശുദ്ധാത്മാവിന്റെ സ്വരം കേട്ട് നാം നമ്മെ സമർപ്പിച്ചാൽ ദൈവം ഉപയോഗിക്കും. ദൈവം നമ്മുടെ കൂടെ നിന്ന് പ്രവർത്തിക്കും. അതുകൊണ്ട് കാലം വൈകി, സമയം വൈകി എന്ന് കരുതരുത്. ഇതാണ് സമയം. ഈശോയുടെ രണ്ടാം വരവു വരെ സമയമുണ്ട്.
നമ്മൾ ഉണർന്ന് കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുക. ദൈവമാണ് ഫലം തരുന്നത്. നമ്മുടെ പൊട്ടവാക്ക് വിശ്വാസത്തോടെ പറഞ്ഞാൽ ദൈവം ഫലം തരും. മടുപ്പില്ലാതെ ഓടുക. പ്രശ്‌നങ്ങൾ ഉണ്ടാകും. മടുക്കരുത്. ആത്മാക്കളെ തരണമേ എന്ന് നിലവിളിച്ച് പ്രാർത്ഥിക്കുക. ദൈവം ഫലം തരാതിരിക്കില്ല…
ഫാ. സേവ്യർഖാൻ വട്ടായിൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?