അപകടങ്ങൾ ദിനപത്രങ്ങളിലെ പതിവുവാർത്തകളാണ്. പ്രത്യേകിച്ച് വാഹനാപകടങ്ങൾ. വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും കാൽനടയാത്രക്കാരും വാഹനങ്ങളുടെ മരണപ്പാച്ചിലിൽ അപകടത്തിലാകുന്നു. നഗരത്തിൽമാത്രമല്ല, ഗ്രാമീണ റോഡുകളിലൂടെയും കാൽനടയായി സഞ്ചരിക്കുവാനും വാഹനങ്ങൾ ഓടിക്കുവാനും ഭയംതോന്നുന്ന വിധത്തിലേക്ക് ഡ്രൈവിംഗ് രീതി മാറിക്കഴിഞ്ഞു. അപകടസാധ്യത കൂടിയ സ്ഥലമെന്ന് ഗതാഗതവകുപ്പിന്റെ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ച ഇടങ്ങിൽ വാഹനാപകടങ്ങൾ തുടക്കഥകളാണ്.
വാഹനാപകടങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിൽ മുൻനിരയിലാണ് കേരളത്തിന്റെ സ്ഥാനം.ബോധവല്ക്കരണ പ്രവർത്തനങ്ങളുടെയും മുന്നറിയിപ്പ് ബോർഡുകളുടെയും എണ്ണം കൂടുമ്പോഴും അപകടങ്ങൾ വർധിക്കുന്നു. പല അപകടങ്ങളുടെയും പിന്നിൽ അശ്രദ്ധമായ ഡ്രൈവിംഗാണ്. മദ്യപിച്ച് വാഹനം ഓടിച്ച് ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല.
അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണ്. നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും ഓവർടേക്കിംഗും അപകടകരമാണെന്ന് അറിയാമെങ്കിലും തനിക്ക് അങ്ങനെ സംഭവിക്കുമെന്ന് പലരും ആലോചിക്കുന്നില്ല. അകാലത്തിൽ മക്കൾ നഷ്ടപ്പെട്ട വേദനയിൽ നീറിക്കഴിയുന്ന അനേകം മാതാപിതാക്കൾ ചുറ്റുപാടുകളിലുണ്ട്. ഇത്തരം ജീവിക്കുന്ന യാഥാർത്ഥ്യങ്ങൾ കൺമുമ്പിൽ ഉണ്ടെങ്കിലും അതിന്റെ ഗൗരവം വേണ്ടവിധം ഉൾക്കൊള്ളുന്നില്ല.
ബസ് ഡ്രൈവർമാർ അമിതവേഗതയിൽ വാഹനം ഓടിക്കുന്നതുവഴി ഉണ്ടാകുന്ന ദുരന്തത്തിന്റെ ഇരകൾ നിരപരാധികളായ യാത്രക്കാരാണ്. അപകടകരമായി വാഹനം ഓടിക്കുന്നത് നിയമലംഘനം മാത്രമല്ല, ഗൗരവമായ പാപവുമാണ്. കാരണം, വിവേകരഹിതമായ പ്രവൃത്തിയിലൂടെ തകരുന്നത് അനേകരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്. അപകടങ്ങളിൽപ്പെട്ട് മരിക്കുന്നവർ മാത്രമല്ല, പരിക്കേറ്റ് കിടപ്പിലായതു വഴിയും അനേകം ഭാവിവാഗ്ദാനങ്ങളുടെ സംഭാവനകൾ രാജ്യത്തിനും സമൂഹത്തിനും നഷ്ടമായി. അകാലത്തിൽ മരണത്തിലേക്കോ കിടക്കയിലേക്കോ വീണുപോകുമ്പോൾ ദൈവപദ്ധതികൾപോലും തകിടംമറിയുകയാണ്. ഏതൊരു മനുഷ്യനെയും ദൈവം ഭൂമിയിലേക്ക് അയക്കുമ്പോൾ അവരിലൂടെ നിറവേറ്റപ്പെടേണ്ട ഉത്തരവാദിത്വങ്ങളുണ്ട്. മനുഷ്യന്റെ അശ്രദ്ധയിലൂടെ അപകടങ്ങൾ വരുത്തിവയ്ക്കുമ്പോൾ അതും തകരുകയാണ്.
അമിതമായ തിരക്കുകളാണ് പലരെയും അപകടത്തിൽ ചാടിക്കുന്നത്. അമിത വേഗത നമ്മെ എവിടേക്കാണ് എത്തിക്കുന്നതെന്ന് ചിന്തിക്കണം. വേഗത വർധിക്കുന്നതനുസരിച്ച് അപകടത്തിലേക്കുള്ള ദൂരം കുറയുകയാണ്. പലപ്പോഴും മൊബൈലിൽ സംസാരിച്ചുകൊണ്ട് ബൈക്കും മറ്റു വാഹനങ്ങളും ഓടിക്കുന്ന ചെറുപ്പക്കാരെയും മുതിർന്നവരെയും കാണാറുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് ലാഭിക്കുന്നതിനാണ് അങ്ങനെ ചെയ്യുന്നത്. എന്നാൽ, അത് അപകടത്തിലേക്ക് വഴിമാറിയാൽ ചിലപ്പോൾ ദിവസങ്ങളോളം ആശുപത്രികളിലാകും. ഇത്തരമൊരു വിവേകരഹിതമായ പ്രവൃത്തി ജീവിതത്തിന്റെ ഗതിമാറ്റിയെന്നും ജീവൻ നഷ്ടപ്പെടുത്തിയെന്നു വരാം. മൊബൈലിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുമ്പോൾ എതിരെ വരുന്നവർ ശ്രദ്ധിക്കുമെന്ന് ചിന്തിക്കരുത്. ചിലപ്പോൾ അതിലും അശ്രദ്ധമായിട്ടായിരിക്കും അവരുടെ യാത്ര.
അപകടം ഒഴിവാക്കാനുള്ള ശ്രമത്തിൽ നിരപരാധികളായ കാൽനടയാത്രക്കാർക്കാണ് പലപ്പോഴും പരിക്കുപറ്റുന്നത്. അങ്ങനെ വഴിയരുകുകളിൽ പൊലിഞ്ഞുപോയ അനേകം ജീവനുകളുണ്ട്. ഒരു മിനിറ്റ് ലാഭിക്കുന്നതിനായി ശ്രമിക്കുമ്പോൾ വിലയായി നൽകേണ്ടിവരുന്നത് ആരുയെങ്കിലുമൊക്കെ പ്രിയപ്പെട്ട ജീവനുകളും എന്നന്നേക്കുമുള്ള നമ്മുടെ മനസമാധാനവുമാണ്. റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങി അപകടങ്ങൾക്ക് ഒരുപാടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. എന്നിരുന്നാലും മനുഷ്യന്റെ അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന അപകടങ്ങളാണ് കൂടുതൽ. അമിത വേഗതയും നിയമംതെറ്റിച്ചുള്ള ഡ്രൈവിംഗും നിയമവിരുദ്ധമാണെങ്കിലും വല്ലപ്പോഴുമായിരിക്കും പിടിക്കപ്പെടുന്നത്. അശ്രദ്ധകൊണ്ട് ഉണ്ടാക്കുന്ന അപകടങ്ങൾ ബോധപൂർവമല്ലെന്ന് വാദങ്ങൾ ഉയർത്തുന്നവർ ദൈവസന്നിധിയിൽ അത്തരം വാദങ്ങൾ വിലപ്പോകില്ലെന്ന് തിരിച്ചറിയണം. അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനും കഴിയില്ല. അശ്രദ്ധ അപകടത്തിലേക്ക് നയിക്കുമെന്ന മുന്നറിപ്പുകൾ ഉണ്ടായിരുന്നതാണല്ലോ.
വാഹനങ്ങളിൽ ചീറിപ്പാഞ്ഞുപോകുന്ന യുവജനങ്ങൾ പലപ്പോഴും ഭയംസൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് ടൂവീലറുകളിൽ. മക്കൾക്ക് വാഹനങ്ങൾ നൽകുമ്പോൾ അവർ അമിത വേഗതയിൽ പോകുന്നില്ലെന്നും ഹെൽമറ്റുകൾ ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. അപകടങ്ങൾ സൃഷ്ടിക്കുന്നതിൽ ചിലപ്പോൾ കാൽനടയാത്രക്കാരും ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്.
നടപ്പാതകൾ ഉണ്ടെങ്കിലും അതു ഉപയോഗിക്കാതെ വാഹനത്തിരക്കുള്ള റോഡുകളിലൂടെ നടക്കുന്നത് നമ്മുടെ നാട്ടിൽ പതിവാണ്. ഇപ്പോൾ ആളുകൾ മരിക്കുന്നത് പകർച്ചവ്യാധിമൂലമോ യുദ്ധങ്ങൾവഴിയോ അല്ല. അതിൽക്കൂടുതൽപ്പേർ വാഹനാപകടങ്ങൾക്ക് ഇരകളാകുന്നു. ഇതിന്റെ ഗൗരവം പുതിയ തലമുറയുടെ മനസുകളിൽ ആഴമായി പതിക്കുന്ന വിധത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. അത്തരം ബോധവല്ക്കരണം ആത്മീയതയുടെ ഭാഗമായി മാറ്റുകയും വേണം.
അശ്രദ്ധമായും അമിതവേഗതയിലും വാഹനങ്ങൾ ഓടിക്കില്ലെന്നും ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കില്ലെന്നും തീരുമാനമെടുക്കണം. അതു നമുക്ക് മാത്രമല്ല മറ്റുള്ളവർക്കും വേദനകൾക്ക് കാരണമായി മാറുന്നുണ്ട്. മറ്റുള്ളവർക്ക് പ്രയാസങ്ങളും വേദനകളും സൃഷ്ടിക്കുന്ന ഒരു പ്രവൃത്തിയിലും ഏർപ്പെടില്ലെന്ന് തീരുമാനിക്കണം. അതും ആത്മീയതയുടെ ഭാഗമാണ്. നിയമപാലകരെ കാണുമ്പോൾ മാത്രം അനുസരിക്കാനുള്ളതാണ് നിയമങ്ങൾ എന്ന തെറ്റായ ധാരണയും മാറേണ്ടിയിരിക്കുന്നു. ജീവിതത്തിന്റ അമൂല്യത തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ് ഈവിധത്തിലുള്ള ജീവിതശൈലികൾ രൂപപ്പെടുന്നതിന് കാരണം. ദൈവം നൽകിയ വലിയൊരു ദാനമാണ് ജീവൻ. അത്രയും മൂല്യത്തോടെ അതിനെ കാണണം.
Leave a Comment
Your email address will not be published. Required fields are marked with *