Follow Us On

05

December

2023

Tuesday

കാലം മറക്കാത്ത കുഞ്ഞച്ചൻ

കാലം മറക്കാത്ത കുഞ്ഞച്ചൻ

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ 16-ന്
1971 ഡിസംബർ 22 ബുധനാഴ്ച.രാമപുരം ഫൊ റോന പള്ളിയിൽ ഒരു വൃദ്ധവൈദികന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുകയായിരുന്നു. ക്ഷീണിതനും രോഗിയുമായ ആ അച്ചന് ഒട്ടുംതന്നെ നടക്കുവാൻ സാ ധ്യമായിരുന്നില്ല. അതുകൊണ്ട് ഏതാനും പേർ ചേർന്ന് അദ്ദേഹത്തെ ഒരു കസേരയിൽ ഇരുത്തി. പള്ളിയിലേക്ക് എടുത്തുകൊണ്ടാണ് വന്നത്. ഇടവകാംഗങ്ങളായ ഇരുപതിൽപരം വൈദികർ ചേർന്ന് സമൂഹബലിയർപ്പിച്ചു. അവരുടെ മധ്യേ പ്രധാന കാർമ്മികനായി നിൽക്കുവാൻ ജൂബിലേറിയന് കഴിഞ്ഞില്ല. മദ്ബഹായുടെ മൂലയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്ന് അച്ചൻ ദിവ്യബലിയിൽ സംബന്ധിച്ചു.
തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ അദ്ദേഹത്തെ അനുമോദിച്ചും പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും പലരും സംസാരിച്ചു. പക്ഷേ, അവരുടെ പ്രശംസാവചനങ്ങളെല്ലാം അദ്ദേഹത്തിന് അരോചകമായിരുന്നു. പ്രശംസ അധികമായപ്പോൾ ഒരു പ്രസംഗകനോട് ”നിർത്തൂ, നിർത്തൂ” എന്ന് അദ്ദേഹം പറഞ്ഞു. മാത്രവുമല്ല അസ്വസ്ഥനായിത്തീർന്ന അച്ചൻ മുറിയിലേക്ക് തന്നെ കൊണ്ടുപോകുവാൻ നിർബന്ധിക്കുകയും ചെയ്തു. മറുപടി പ്രസംഗമായി ഒരു വാക്കുപോലും അദ്ദേഹം ഉച്ചരിച്ചില്ല. ആ സംഭവങ്ങളുടെ ദൃക്‌സാക്ഷിയാണ് അന്ന് അവിടെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഈ ലേഖകൻ. രാമപുരത്തും സമീപഗ്രാമങ്ങളിലുമുള്ള ദളിത് സഹോദരങ്ങൾക്കുവേണ്ടി ജീവിച്ച തേവർപറമ്പിൽ അഗസ്റ്റിനച്ചനായിരുന്നു (കുഞ്ഞച്ചൻ) ആ വൈദികൻ.
പാലാ രൂപതയിലെ രാമപുരം ഇടവകയിൽപ്പെട്ട തേവർപറമ്പിൽ തറവാട്ടിൽ 1891 ഏപ്രിൽ ഒന്നിനാണ് കുഞ്ഞച്ചൻ ജനിച്ചത്. കുഞ്ഞച്ചന്റെ ഗുരുപ്പട്ട സ്വീകരണം 1921 ഡിസംബർ 17-ന് വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വച്ചായിരുന്നു. കുഞ്ഞച്ചനെ സെമിനാരിയിൽ സ്വീകരിച്ചതും ഒൻപതു വർഷങ്ങൾക്കുശേഷം വൈദികപട്ടം നൽകിയതും ചങ്ങനാശേരി മെത്രാനും ഇപ്പോൾ ദൈവദാസനുമായ മാർ തോമസ് കുര്യാളശേരി ആയിരുന്നു. അഞ്ചടിയിൽ താഴെ മാത്രം ഉയരം ഉണ്ടായിരുന്ന കൊച്ചച്ചനെ ആദ്യംമുതൽ തന്നെ എല്ലാവരും കുഞ്ഞച്ചൻ എന്ന് വിളിച്ചുപോന്നു.
പ്രഥമ ബലിയർപ്പണത്തിനുശേഷം കുഞ്ഞച്ചൻ ഒരു വർഷത്തോളം സ്വന്തം ഇടവകയിൽ തന്നെ താമസിച്ച് മറ്റു മുതിർന്ന വൈദികരിൽ നിന്ന് പരിശീലനം നേടി. സമീപ ഇടവകയായ കടനാട് പള്ളിയിൽ അസിസ്റ്റന്റ് ആയിട്ടായിരുന്നു ആദ്യത്തെ നിയമനം. കടനാടുപള്ളിയുടെ കീഴിലായിരുന്ന മാനത്തൂർ പള്ളിയുടെ ചുമതലയാണ് കുഞ്ഞച്ചനെ ഏൽപിച്ചിരുന്നത്. സ്ഥലവാസിയായ ഒരാളുടെ ഇഞ്ചിക്കൃഷി പുഴുവിന്റെ ശല്യംമൂലം നശിച്ചുകൊണ്ടിരുന്ന അവസരത്തിൽ കൊച്ചച്ചന്റെ പ്രാർത്ഥനയും ഹന്നാൻവെള്ളം തളിക്കലും വഴി കീടബാധയിൽ നിന്നും മോചിക്കപ്പെട്ടു. ആ കൃഷിക്കാരൻ തന്നെ ഇതു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കടനാട്ടിൽ വച്ച് രോഗബാധിതനായി തീർന്നതിനാൽ, വിശ്രമാർത്ഥം അച്ചൻ രാമപുരത്തിന് തിരിച്ചുപോരേണ്ടിവന്നു.
അങ്ങനെയിരിക്കെയാണ് 1926-ന്റെ ആദ്യപാദത്തിൽ ഒരു പുതിയ പ്രവർത്തനമേഖല അച്ചന്റെ ശ്രദ്ധയിൽ പെട്ടത്. അതുവരെ ആരുംതന്നെ പരിഗണിക്കാതിരുന്ന ഒരു വിഭാഗം ആളുകൾ തന്റെ ചുറ്റിലുമുണ്ടെന്ന് അദ്ദേഹം മനസിലാക്കി. സമൂഹത്തിന്റെ ഏറ്റവും താഴത്തെ തട്ടിൽ കഴിഞ്ഞിരുന്ന ദളിതു സഹോദരങ്ങളുടെ സർവതോന്മുഖമായ ഉന്നമനത്തിനുവേണ്ടിയായിരുന്നു പിന്നീടുള്ള കുഞ്ഞച്ചന്റെ ജീവിതം.
ഇടവക വികാരിയുടെ അംഗീകാരത്തോടെ ആരംഭിച്ച ആ പ്രേഷിത പ്രവർത്തനം തീക്ഷ്ണതയോടെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി. ഇപ്രകാരം സ്വയം ഏറ്റെടുത്ത ജോലിക്ക് ചങ്ങനാശേരി-പാലാ മെത്രാന്മാർ ആശീർവാദവും പ്രോത്സാഹനവും നൽകി. ഏതെങ്കിലും പള്ളിയിൽ വികാരിയായി ശുശ്രൂഷ ചെയ്യുന്നതിനെപ്പറ്റി പിന്നീടൊരിക്കൽ രൂപതാധ്യക്ഷൻ സൂചിപ്പിച്ചപ്പോൾ പാവങ്ങളുടെ ഇടയിലുള്ള മിഷൻപ്രവർത്തനം തുടരുവാൻ അനുവദിക്കണമെന്ന് അച്ചൻ അഭ്യർത്ഥിക്കുകയാണ് ചെയ്തത്. അതിനാൽ ഒരിക്കൽപോലും കുഞ്ഞച്ചൻ ഒരു വികാരിയായിട്ടില്ല.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ‘ദളിതർ’ അക്ഷരാർത്ഥത്തിൽ തന്നെ അടിച്ചമർത്തപ്പെട്ടവരായിരുന്നു. സവർണരായ ഹൈന്ദവർ മാത്രമല്ല, പുരാതന ക്രൈ സ്തവർ പോലും ഈ സാധുക്കൾക്ക് തക്കതായ പരിഗണന നൽകിയിരുന്നില്ല. തീണ്ടൽ, തൊടീൽ തുടങ്ങിയ ദുരാചാരങ്ങൾമൂലം അകറ്റി നിർത്തപ്പെട്ട അവരുടെ ഇടയിലേക്ക് അച്ചൻ ഇറങ്ങിച്ചെന്നു.
വിശാലമായ രാമപുരം ഇടവക മാത്രമല്ല, സമീപപ്രദേശങ്ങളായ വെളിയന്നൂർ, ഉഴവൂർ, ചക്കാമ്പുഴ, പിഴക്, ഏഴാച്ചേരി, കുറിഞ്ഞി, കൊങ്ങാട് തുടങ്ങി ദളിത് ജനങ്ങൾ എവിടെയെല്ലാം വസിച്ചിരുന്നുവോ അവിടെയെല്ലാം അച്ചൻ പോയി. രാവിലെ പള്ളിയിൽ നിന്ന് പുറപ്പെടുമ്പോൾ ളോഹയുടെ പോക്കറ്റിൽ കരുതിയിരുന്ന ഒരു ഏത്തക്കായോ മുട്ട പുഴുങ്ങിയതോ ആയിരുന്നു ഉച്ചഭക്ഷണം. പലപ്പോഴും പണിസ്ഥലത്ത് ചെന്നാണ് അച്ചൻ അവരെ കണ്ടിരുന്നത്. പള്ളിയിൽ വരുവാൻ അച്ചൻ അവരെ ക്ഷണിക്കും. നാലു ദശാബ്ദത്തിലേറെക്കാലം അച്ചൻ ഇപ്രകാരം പ്രവർ ത്തിച്ചു. അങ്ങനെ ‘ദളിത’രുടെ ഇടയിൽ ഒരു വലിയ മിഷനറിയായിത്തീർന്നു കുഞ്ഞച്ചൻ. ‘എന്റെ മക്കൾ’ എന്നാണ് അവരെപ്പറ്റി അച്ചൻ പറഞ്ഞിരുന്നത്. അവർക്കാകട്ടെ അച്ചൻ ‘ഏങ്കള്‌ടെ അച്ചനും.’
1926-ൽ അച്ചൻ മിഷനറി പ്രവർത്തനം ആരംഭിച്ചപ്പോൾ ഇരുന്നൂറിൽ താഴെ ദളിതർ മാത്രമേ ക്രൈസ്തവരായുണ്ടായിരുന്നുള്ളൂ. എന്നാൽ തന്റെ കഠിനാധ്വാനം വഴി അയ്യായിരത്തിൽപ്പരം ആളുകളെ സഭയിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മറ്റെല്ലാവരേക്കാൾ താൻ നിസാരനാണെന്നുള്ള എളിയ മനോഭാവത്തോടെയും ജീവിതം നയിച്ച ഒരു സാധാരണ ഇടവക വൈദികനായിരുന്നു കുഞ്ഞച്ചൻ. രാമപുരം പള്ളിയിലെ മൂന്ന് അസിസ്റ്റന്റുമാരിൽ ഒരുവനായി അദ്ദേഹം സേവനം ചെയ്തു. 1926 മുതൽ 1973 വരെ നീണ്ട 47 വർഷങ്ങൾ. ഇടവക വൈദികരുടെ മധ്യസ്ഥനായ വി. ജോൺ വിയാനി, ഫ്രാൻസിൽ ആർസ് എന്ന ഗ്രാമീണ ദൈവാലയത്തിൽ ആജീവനാന്തം ജോലി ചെയ്തതുപോലെയായിരുന്നു കുഞ്ഞച്ചനും.
എന്നും വെളുപ്പിന് നാലുമണിയോടെ ഉണർന്നിരുന്ന അച്ചൻ, ദിവ്യകാരുണ്യ സന്നിധിയിൽ ദീർഘനേരം പ്രാർത്ഥിച്ച് തന്നെത്തന്നെ സമർപ്പിച്ചതിനുശേഷമാണ് വി.കുർബാന അർപ്പിച്ചിരുന്നത്. കുമ്പസാരക്കൂട്ടിലിരുന്ന് പാവങ്ങളായ തന്റെ ‘മക്കളുടെ’ പാപങ്ങൾ ക്ഷമയോടെ കേട്ട് അവർക്ക് മോചനം നൽകി. ദൈവാലയത്തിൽ നിന്നും സ്വന്തം മുറിയിലെത്തുന്ന കുഞ്ഞച്ചന്റെ ചുറ്റും ആ പാവങ്ങൾ ഓടിക്കൂടും. ഓരോരുത്തരോടും ആ നല്ല ഇടയൻ ശാന്തമായി, അടക്കിയ സ്വരത്തിൽ സംസാരിക്കും. അവരുടെ പ്രശ്‌നങ്ങൾക്ക് തക്കതായ പരിഹാരവും നിർദ്ദേശിക്കുമായിരുന്നു.
ലളിതമായിരുന്നു കുഞ്ഞച്ചന്റെ ജീവിതം. അദ്ദേഹത്തിന്റെ മുറിയിലെ ഉപകരണങ്ങളിൽനിന്ന് അത് വ്യക്തമാണ്. സ്വന്തമായി ഒരു പെട്ടിയോ അലമാരിയോ അച്ചനുണ്ടായിരുന്നില്ല. വസ്ത്രങ്ങളും മറ്റും ഒരു തുണിയിൽ പൊതിഞ്ഞുകെട്ടി, ചൂരൽകെട്ടു പറിഞ്ഞുപോയ ഒരു പഴയ കസേരയിലാണ് വച്ചിരുന്നത്. സാധുക്കൾക്കുവേണ്ടി ജീവിച്ച അച്ചന് മരണാനന്തരവും അവരുടെ കൂടെ കഴിയാനായിരുന്നു താൽപര്യം. ഞാൻ അവശ കത്തോലിക്കരുടെ കൂടെയാണ് കഴിഞ്ഞുകൂടിയത്. മരണശേഷവും അവരുടെ കൂടെത്തന്നെ കഴിയണമെന്നാണ് എന്റെ ആഗ്രഹം. അതിനാൽ അവശ കത്തോലിക്കാ പൈതങ്ങളുടെ മൃതസംസ്‌കാരം നടത്തുന്നിടത്ത് എന്റെ മൃതശരീരവും അടക്കേണ്ടതാണെന്ന് വിൽപത്രത്തിൽ കുഞ്ഞച്ചൻ എഴുതിയിരുന്നു.
മരണവാർത്ത പത്രത്തിൽ പരസ്യം ചെയ്യേണ്ടതില്ലെന്നുകൂടി അച്ചൻ കൂട്ടിച്ചേർത്തു. ഇത്രമാത്രം അ ജ്ഞാതനായി കഴിഞ്ഞുകൂടാൻ ആഗ്രഹിച്ച ആ വൈദികനെയാണ് ദൈവം ഉയർത്തി ഏവരുടെയും വണക്കത്തിന് യോഗ്യനാക്കിത്തീർത്തത്.
1973 ഒക്‌ടോബർ 16-ന് കുഞ്ഞച്ചൻ 82-ാമത്തെ വയസിൽ നിത്യസമ്മാനത്തിനായി യാത്രയായി. ജീവിച്ചിരിക്കുമ്പോൾത്തന്നെ ഒരു വിശുദ്ധനായിട്ടാണ് സ്ഥലവാസികൾ അദ്ദേഹത്തെ കരുതിയിരുന്നത്. കബറടക്കം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകംതന്നെ അച്ചന്റെ വിശുദ്ധി ഏവർക്കും ബോധ്യപ്പെടാൻ തുടങ്ങി. ശവകുടീരത്തിങ്കൽ തിരി കത്തിക്കാനും അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കാനും ആളുകൾ കൂട്ടംകൂട്ടമായി വന്നു. 1987 ഓഗസ്റ്റ് 11-ന് കുഞ്ഞച്ചനെ വിശുദ്ധനെന്ന് നാമകരണം ചെയ്യുന്നതിനുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു.
ധന്യനായ കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി നാമകരണം ചെയ്യപ്പെടുന്നതിന് അച്ചന്റെ മാധ്യസ്ഥം വഴി നടന്ന ഒരു സുഖപ്രാപ്തി അത്ഭുതകരമായി സംഭവിച്ചതാണെന്ന് അസന്നിഗ്ധമായി തെളിയിക്കപ്പെടേണ്ടിയിരുന്നു.
ദൈവാനുഗ്രഹത്താൽ അടിമാലിയിൽ നടന്ന അത്ഭുതകരമായ ഒരു സുഖപ്രാപ്തി റിപ്പോർട്ട് ചെയ്യപ്പെട്ടു. വിജയപുരം രൂപതയിൽപ്പെട്ട അടിമാലി സെന്റ് മാർട്ടിൻസ് ഇടവകക്കാരനായ ഗിൽസൺ വർഗീസ് എന്ന ബാലന്റെ വലതു കാൽപാദം ജന്മനാ വൈകല്യമുള്ളതായിരുന്നു. കുഞ്ഞച്ചനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ഈ പാദം പെട്ടെന്ന് സാധാരണ പാദംപോലെയായിത്തീർന്നു.
ഈ സംഭവത്തെപ്പറ്റി രൂപതാതലത്തിൽ വളരെ വിശദമായി അന്വേഷണം നടത്തുകയും എല്ലാ രേഖകളും റിപ്പോർട്ടുകളും 1998 ഏപ്രിൽ മാസത്തിൽ റോമിന് സമർപ്പിക്കുകയും ചെയ്തു. റോമിലെ ഏഴ് ഡോക്ടർമാരുടെ സംഘവും ഏഴ് ദൈവശാസ്ത്രജ്ഞന്മാരുടെ സംഘവും തങ്ങളുടെ പഠനത്തിനുശേഷം പ്രസ്തുത സുഖപ്രാപ്തി ഒരത്ഭുതമാണെന്ന് ഐകകണ്‌ഠ്യേന റിപ്പോർട്ടു ചെയ്തു. 2005 ജനുവരി 18-ന് കർദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും സംഘവും അതിന് അംഗീകാരം നൽകി. പ്രസ്തുത സുഖപ്രാപ്തി അത്ഭുതകരമായ ഒരു സംഭവമാണെന്ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2005 ഡിസംബർ 19-ന് അംഗീകരിച്ചു. 2006 ഏപ്രിൽ 30-ന് ഞായറാഴ്ച രാമപുരം പള്ളി മൈതാനത്തുവച്ച് മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ വർക്കി വിതയത്തിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഡിക്രി വായിച്ചുകൊണ്ട് ധന്യൻ കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവൻ എന്ന് പ്രഖ്യാപിച്ചു. എല്ലാ വർഷവും കുഞ്ഞച്ചന്റെ സ്വർഗീയ ജന്മദിനമായ ഒക്‌ടോബർ 16-ന് തിരുനാൾ ആഘോഷിക്കാമെന്നും ഡിക്രിയിൽ വ്യവസ്ഥ ചെയ്തു.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ സ്വർഗീയ മാധ്യസ്ഥംവഴി സംഭവിച്ച മറ്റൊരു സുഖപ്രാപ്തി അത്ഭുതമാണെന്ന് തിരുസഭ അംഗീകരിക്കുമ്പോൾ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതാണ്. ആ സുദിനത്തിനുവേണ്ടി കാത്തിരിക്കാം, പ്രാർത്ഥിക്കാം.
തിരുനാൾ ദിവസങ്ങളിലെ പ്രധാന തിരുക്കർമ്മങ്ങൾ ഒക്‌ടോബർ 7
9.00 എ.എം. വി. കുർബാന, സന്ദേശം, ലദീഞ്ഞ്
ഫാ. ജോസഫ് കൊല്ലംപറമ്പിൽ
4.00 പി.എം. വി. കുർബാന (മലങ്കര), സന്ദേശം, ലദീഞ്ഞ്
ജോഷ്വാ മാർ ഇഗ്നാത്തിയോസ്
(മെത്രാൻ, മാവേലിക്കര രൂപത)
ഒക്‌ടോബർ 8
9.00 എ.എം. വി. കുർബാന, സന്ദേശം, ലദീഞ്ഞ്
ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ
4.00 പി.എം വി. കുർബാന, സന്ദേശം, ലദീഞ്ഞ്
മാർ ജോസഫ് പുളിക്കൽ
(സഹായമെത്രാൻ, കാഞ്ഞിരപ്പള്ളി രൂപത)
ഒക്‌ടോബർ 9
8.00 എ.എം. വി. കുർബാന, സന്ദേശം, ലദീഞ്ഞ്
വെരി റവ. ഡോ. ജോർജ് ഞാറക്കുന്നേൽ
(വികാരി, രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോനാ പള്ളി)
ഒക്‌ടോബർ 10
9.00 എ.എം. വി. കുർബാന, സന്ദേശം, ലദീഞ്ഞ്
റവ. ഡോ. കുര്യൻ മാതോത്ത്
ഒക്‌ടോബർ 11
9.00 എ.എം. വി. കുർബാന, സന്ദേശം, ലദീഞ്ഞ്
റവ. ഫാ. തോമസ് താന്നിനിൽക്കുംതടത്തിൽ
ഒക്‌ടോബർ 12
9.00 എ.എം. വി. കുർബാന, സന്ദേശം, ലദീഞ്ഞ്
റവ. ഫാ. സഖറിയാസ് കുളപ്പുരയ്ക്കൽ സി.എം.ഐ.
4.00 പി.എം. വി. കുർബാന, സന്ദേശം, ലദീഞ്ഞ്
മാർ ജോസഫ് പള്ളിക്കാപറമ്പിൽ
(മുൻ രൂപതാദ്ധ്യക്ഷൻ, പാലാ)
ഒക്‌ടോബർ 13
4.00 പി.എം. വി. കുർബാന (തമിഴ്), സന്ദേശം, ലദീഞ്ഞ്
മോസ്റ്റ് റവ. ഡോ. തോമസ് അക്വിനാസ്
(മെത്രാൻ, കോയമ്പത്തൂർ രൂപത)
ഗായകസംഘം: കത്തീഡ്രൽ, വെല്ലൂർ
ഒക്‌ടോബർ 14
4.00 പി.എം. വി. കുർബാന, സന്ദേശം, ലദീഞ്ഞ്
മാർ തോമസ് ഇലവനാൽ
(മെത്രാൻ, കല്യാൺ രൂപത)
ഒക്‌ടോബർ 15
4.30 പി.എം. ആഘോഷമായ വി. കുർബാന, സന്ദേശം
റവ. ഫാ. സെബാസ്റ്റ്യൻ കുഴുമ്പിൽ സി.എം.ഐ.
(അസി. പ്രൊവിൻഷ്യൽ, കോഴിക്കോട്) &
6.00 പി.എം. ജപമാല പ്രദക്ഷിണം
ഒക്‌ടോബർ 16
5.30 എ.എം. വി. കുർബാന – റവ. ഫാ. ജോണി എടക്കര
(ഡയറക്ടർ, സ്‌നേഹദീപം, വെല്ലൂർ)
6.30 എ.എം. വി. കുർബാന
റവ. ഡോ. ജോർജ് ഞാറക്കുന്നേൽ (വികാരി)
8.00 എ.എം. വി. കുർബാന
റവ. ഡോ. കുര്യൻ മാതോത്ത് (മുൻ വൈസ് പോസ്റ്റുലേറ്റർ)
9.00 എ.എം. നേർച്ച വെഞ്ചരിപ്പ്
10.00 എ.എം. ഡി.സി.എം.എസ്. തീർത്ഥാടകർക്ക് സ്വീകരണം
12.00 പ്രദക്ഷിണം
2.30 പി.എം. വി. കുർബാന റവ. ഫാ. മാത്യു തേവർകുന്നേൽ
(വികാരി, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, മാവടി)
3.30 പി.എം. വി.കുർബാന
ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം (അസി. വികാരി)
4.30 പി.എം. വി. കുർബാന
ഫാ. സെബാസ്റ്റ്യൻ മാപ്രക്കരോട്ട്
(വാർഡൻ, സെന്റ് പോൾസ് ഹോസ്റ്റൽ, രാമപുരം)
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?