Follow Us On

20

May

2022

Friday

ഫരീബാദ് രൂപതയിലെ ഏറ്റവും വലിയ കുടുംബം

ഫരീബാദ് രൂപതയിലെ ഏറ്റവും വലിയ കുടുംബം

ഫരീദാബാദ് രൂപതയിലെ ഏറ്റവും വലിയ കുടുംബമെന്ന ബഹുമതിക്ക് അർഹനായ തൃശൂർ അതിരൂപതാംഗവും ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ ഇടവകാംഗവുമായ ജോജു ചിറ്റിലപ്പിള്ളിയും എട്ടുമക്കളും സമൂഹത്തിന് മുന്നിൽ വേറിട്ട സാക്ഷ്യമാവുകയാണ്. വടക്കൻ ഡൽഹിയിലെ ബുറാഡിയിൽ താമസിക്കുന്ന ജോജു-സ്വപ്ന ദമ്പതികളെ ജയിംസ് (14), ട്രീസ (13), ജോസ് (10), സെബാസ്റ്റ്യൻ (8), ഫ്രാൻസിസ് (6), മരിയ (5), ആന്റണി (3), ഫിലോമിന (ഒമ്പതുമാസം) എന്നീ മക്കളെ നൽകിയാണ് ദൈവം അനുഗ്രഹിച്ചത്.
2001-ലാണ് തലയോലപറമ്പ് പൊതികുന്നോത്ത് പറമ്പിൽ സ്വപ്ന ട്രേസിയെ ജോജു വിവാഹം ചെയ്തത്. ആത്മീയ-സാമൂഹ്യ ക്ഷേമരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന, ആഗ്ര സാന്ത്വന കമ്യൂണിറ്റിയിൽ അംഗമായ ജോജു വിവാഹമേ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. വിവാഹജീവിതം ആത്മീയശുശ്രൂഷകൾക്ക് തടസമാകുമെന്ന് ജോജു കരുതി. നാലുവർഷത്തോളം ‘സാന്ത്വന’യിൽ തുടരുന്നതിനിടയിൽ പനിയും ഛർദിലും ജോജുവിനുണ്ടായി. ആ സമയത്ത് പ്രോഗ്രാം നടന്നുകൊണ്ടിരിക്കുന്നതിനാൽ എല്ലാവരും അതിന്റെ തിരക്കിലായിരുന്നു. ജോജു കിടന്നിരുന്ന മുറിയിലേക്ക് ഭക്ഷണവും മരുന്നും നൽകാൻ ഒരാളെ നിയോഗിച്ചിരുന്നു. അദ്ദേഹം ജോലി ചെയ്തു. ഈ സമയത്ത് അദ്ദേഹം ഏകാന്തതയിലൂടെ കടന്നുപോയി. അങ്ങനെയാണ് ജോജു വിവാഹിതനാകാൻ തീരുമാനിച്ചത്. വിവാഹം കഴിച്ചപ്പോൾ മക്കൾ വേണ്ടെന്ന ആഗ്രഹത്തോടെ മുന്നോട്ടുപോയി. എന്നാൽ മക്കളില്ലാതെ കുടുംബം പൂർണമാകില്ലെന്ന ഭാര്യ സ്വപ്നയുടെ അഭിപ്രായം മാനിച്ച് ഒരു കുട്ടിയാകാമെന്ന് സമ്മതിച്ചു.
ആദ്യമകൻ പിറന്ന് അധികകാലം കഴിയുംമുമ്പ് സ്വപ്ന വീണ്ടും ഗർഭിണിയായി. ജീവൻ ദൈവത്തിന്റെ ദാനമാണെന്ന് വിശ്വസിക്കുന്ന ദമ്പതികൾക്ക് ഈ ജീവന്റെ തുടിപ്പിനെ നശിപ്പിക്കാൻ മനസുവന്നില്ല. മക്കൾക്ക് പേരിട്ടതിലും ജോജു വ്യത്യസ്തത പുലർത്തി. അവർ ജീവിതത്തിന്റെ പ്രകാശമാണെന്ന തിരിച്ചറിവോടെ ആൺമക്കളുടെ പേരിനൊപ്പം പ്രകാശ് എന്നും പെൺമക്കളുടെ പേരിനൊപ്പം രോഷ്‌നി എന്നും ചേർത്തു. ഇവർ കുടുംബത്തിനും സമൂഹത്തിനും വെളിച്ചം നൽകണമെന്ന പ്രതീക്ഷയോടെ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രോലൈഫ് പ്രസ്ഥാനത്തിന്റെ വക്താവാണ് ജോജു.
മക്കൾ ദൈവത്തിന്റെ ദാനമാണെന്നും സന്തോഷത്തോടെ അവരെ വളർത്തുമെന്നും ജോജു-സ്വപ്ന ദമ്പതികൾ പറയുന്നു. മക്കൾ കുടുംബത്തിന് അനുഗ്രഹമാണെന്നും ഇവർ പറയുന്നു. പോപ്പുലേഷൻ ആണ് എൻപ്ലോയിമെന്റ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന് പോപ്പുലേഷൻ കുറവുള്ള കേരളത്തിൽനിന്ന് ആളുകൾ പോപ്പുലേഷൻ കൂടുതലുള്ള ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോലി അന്വേഷിച്ചുപോകുന്നു.
ഡൽഹിയിലെ നഴ്‌സസ് മിനിസ്ട്രിയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുള്ള സ്വപ്ന ഇപ്പോൾ ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ (എ.ഐ.എം.എസ്) സ്റ്റാഫ് നഴ്‌സാണ്. കൂടുതൽ മക്കളുണ്ടായപ്പോൾ ഇവരുടെ കുടുംബത്തിൽ മറ്റൊരു പ്രത്യേകതയുണ്ടായി. മൂത്തമക്കൾ താഴെയുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. അവരെ കുളിപ്പിക്കാനും പഠിപ്പിക്കാനും കളിക്കാനുമെല്ലാം ഒരു കൂട്ടായ്മയുടെ, സന്തോഷത്തിന്റെ അനുഭവം ഈ കുടുംബത്തിൽ തിരതല്ലുന്നു.
ജീസസ് യൂത്തിൽ പ്രവർത്തിച്ചതുകൊണ്ട് ജോജുവിന് ധാരാളം വ്യക്തിബന്ധങ്ങൾ ഉണ്ടായി. അവരിലൂടെ അറിഞ്ഞ ആശയമാണ് ഹോം സ്‌കൂളിംഗ്. കുട്ടികൾ സ്വന്തം നിലയിൽ പഠിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. കേന്ദ്രീയ വിദ്യാലയത്തിൽ രണ്ടാംക്ലാസ് വരെ പഠിച്ചതിനുശേഷമാണ് മൂത്ത രണ്ടുപേരെയും യു.എസിലെ റോബിൻസൺ കരിക്കുലം പിന്തുടരുന്ന ഹോം സ്‌കൂളിന്റെ ഭാഗമാക്കിയത്.
സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം മക്കളുടെ കാര്യം നോക്കുന്നത് ജോജുവാണ്. ‘സാന്ത്വന കമ്യൂണിറ്റി’യും ഹോം സ്‌കൂളിങ്ങിനുവേണ്ടി കാര്യമായി പരിശ്രമിച്ചിട്ടുണ്ട്. മൂന്നു കുടുംബങ്ങൾ ഒരുമിച്ചാണ് റോബിൻസൺ കരിക്കുലം ഉപയോഗിക്കുന്നത്. ‘സാന്ത്വന ലൈഫ് സ്‌കൂൾ’ എന്ന പേരിലുള്ള മിനിസ്ട്രി ഇപ്പോൾ സജീവമാണ്. ഇപ്പോൾ എട്ടു കുടുംബങ്ങളായി ഈ മിനിസ്ട്രി വളർന്നിട്ടുണ്ട്.
സിഡി വാങ്ങുക, പുസ്തകങ്ങൾ പ്രിന്റെടുക്കുക എന്നിങ്ങനെ ചെലവുവരുന്നു. മാത്രമല്ല, കുട്ടികളുടെ അച്ചടക്കവും മറ്റും ശ്രദ്ധിക്കുന്നതിന് ഒരു ആനിമേറ്ററെ നിയമിച്ചു. ‘സാന്ത്വന’യിലെ അസോസിയേറ്റഡ് മെമ്പറായി ജോജു തുടരുന്നു.
ഏഴാമത്തെ കുട്ടിയെ പാലൂട്ടുന്നതിനിടയിലാണ് കാൻസർരോഗം സ്വപ്നയെ പിടികൂടിയത്. കാൻസറാണെന്നറിഞ്ഞപ്പോൾ ആദ്യം ഒന്ന് പരിഭ്രിച്ചെങ്കിലും ദൈവകരങ്ങളിൽനിന്ന് സ്വീകരിക്കാൻ തയാറായി. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ലെന്ന ബോധ്യത്തോടെ സ്വപ്ന ചികിത്സാവിധികളെ സമീപിച്ചു. എന്നാൽ രോഗം വല്ലാതെ പടർന്നിട്ടുണ്ടെന്ന് പരിശോധനകളിൽ മനസിലായി. ഇതിനിടയിൽ സ്വപ്ന എട്ടാമതും ഗർഭിണിയുമായി. ഒന്നുകിൽ സ്വപ്ന അല്ലെങ്കിൽ ഗർഭസ്ഥ ശിശു എന്ന് ഡോക്ടർമാർ വിധിയെഴുതി. ഗർഭഛിദ്രം നടത്താനാണ് നഴ്‌സായ സ്വപ്നയോട് ഡോക്ടർ ആവശ്യപ്പെട്ടത്. ‘ഒരാൾക്കുവേണ്ടി ഏഴുമക്കളെയും അനാഥരാക്കരുതെന്നും’ ഡോക്ടർ സ്വപ്നയോട് പറഞ്ഞു.
ജനിച്ചവരെക്കുറിച്ചുള്ള ഡോക്ടറുടെ ആകുലത ഗർഭസ്ഥശിശുവിനോട് ഉണ്ടായില്ല. എന്നാൽ ആവശ്യമായ സമയത്ത് വേണ്ട വചനം നൽകുന്ന പരിശുദ്ധാത്മാവ് സ്വപ്നയെ സഹായിച്ചു. ജീവിച്ചിരിക്കുന്നവരെ സന്മനസുള്ള ആർക്കും സഹായിക്കാമെന്നും ഗർഭസ്ഥശിശുവിനെ സഹായിക്കാൻ അമ്മയ്ക്കു മാത്രമേ കഴിയൂവെന്നും സ്വപ്ന ഡോക്ടറോട് പറഞ്ഞു. സ്വപ്നയുടെ സഹപ്രവർത്തകരും അബോർഷനുവേണ്ടി നിർബന്ധിച്ചുകൊണ്ടിരുന്നു. ഒരാളെ കൊന്നിട്ട് മറ്റുള്ളവരെ നോക്കുന്നതിൽ അർത്ഥമില്ലെന്ന നിലപാടിൽ സ്വപ്ന ഉറച്ചുനിന്നു. സ്വപ്ന അറിയുന്നവരും അറിയാത്തവരുമായ അനേകരുടെ പ്രാർത്ഥനകൾ ഈ സമയങ്ങളിൽ ദൈവസന്നിധിയിലേക്ക് ഉയർന്നു. അങ്ങനെ ലഭിച്ച ദൈവകൃപയാൽ സാത്താന്റെ കെണികളിൽപെടാതെ പിടിച്ചുനിൽക്കാൻ സ്വപ്നയ്ക്കായി. പൂർണ ആരോഗ്യമുള്ള എട്ടാമത്തെ കുഞ്ഞിന് സ്വപ്ന ജന്മം നൽകി. അതിനുശേഷമാണ് കീമോ തെറാപ്പി തുടങ്ങിയത്. ഇപ്പോൾ കുഞ്ഞിന് ഒമ്പതു മാസമായി. ചികിത്സകൾ തുടരുന്നു. നിലവിൽ സിമ്റ്റംസ് ഒന്നുമില്ല.
മക്കളെ സ്വീകരിക്കാൻ വിമുഖത കാട്ടുന്നവരുടെ മുന്നിൽ ഒരു വെല്ലുവിളിയായി ജോജുവും സ്വപ്നയും എട്ടുമക്കളും നിൽക്കുന്നു. ഒരു വശത്ത് മക്കളില്ലാത്ത ദമ്പതികൾ വളരുന്നു. കുടുംബങ്ങളിൽ മക്കൾ കുറഞ്ഞുകൊണ്ടിരിക്കുന്ന സമകാലീനരംഗത്ത് പ്രോലൈഫ് മേഖലയിൽ ശക്തമായ മാതൃകയാവുകയാണ് ജോജുവിന്റെ കുടുംബം.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?