Follow Us On

31

October

2020

Saturday

എന്നെ ഏറ്റവുമധികം നൊമ്പരപ്പെടുത്തിയ സംഭവം

എന്നെ ഏറ്റവുമധികം നൊമ്പരപ്പെടുത്തിയ സംഭവം

മനോരമ ന്യൂസ് സീനിയർ പ്രൊഡ്യൂസർ നിഷ ജെബിയുടെ അനുഭവം
വാർത്ത എന്തുതന്നെയായാലും അത് അവതാരകരെ വൈകാരികമായി ബാധിക്കരുതെന്നാണ് ചട്ടം. ദുരന്തങ്ങളും ആക്‌സിഡന്റുകളും കലോത്സവങ്ങളുമെല്ലാം റിപ്പോർട്ട് ചെയ്യുമ്പോഴും അതൊന്നും വാക്കുകളിൽ അമിതമായി പ്രതിഫലിക്കരുത്.
പത്തുവർഷത്തെ ദൃശ്യമാധ്യമപ്രവർത്തനത്തിനിടയിൽ വൻ അപകടങ്ങളും കൂട്ട ആത്മഹത്യകളും കൊലപാതകങ്ങളുമുൾപ്പെടെ നിരവധി ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുകയും വാർത്ത തൽസമയം വായിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. തേക്കടി ബോട്ടപകടം, ശബരിമല പുല്ലുമേട് ദുരന്തം തുടങ്ങിയവയൊക്കെ ഇതിൽ ഏതാനും ചിലത് മാത്രം. മൃതദേഹങ്ങൾ കൂട്ടത്തോടെ കൊണ്ടുപോവുന്നതും മറ്റും കാണുമ്പോൾ എല്ലാവരെയും പോലെ മനസ് നൊമ്പരപ്പെടാറുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നിൽ അതൊന്നും പക്ഷേ, പ്രകടിപ്പിക്കാറില്ല.
എന്നാൽ വാർത്താവതരണത്തിനിടെ മനസ് കൈവിട്ടുപോയ അനുഭവമാണ് ഇനി ഞാൻ പറയുന്നത്. അത് കുമളിയിലെ അഞ്ചുവയസുകാരൻ ഷഫീഖിനെക്കുറിച്ചുള്ള റിപ്പോർട്ട് ആയിരുന്നു. പിതാവും രണ്ടാനമ്മയും ചേർന്ന് മൃതപ്രായനാക്കിയ ഷഫീഖ്. പിഞ്ചുപ്രായത്തിലെ പെറ്റമ്മ ഉപേക്ഷിച്ചുപോയി. രണ്ടാനമ്മയ്ക്ക് ഒരു കുഞ്ഞുണ്ടായതോടെ ഷഫീഖ് വീട്ടിൽ അധികപ്പറ്റായി. തൊടുന്നതിനും പിടിക്കുന്നതിനുമെല്ലാം അപ്പന്റെയും അമ്മയുടെയും ക്രൂരമർദനം. രണ്ടാനമ്മയുടെ വാക്കു വിശ്വസിച്ച് സ്വന്തം പിതാവും ഈ ക്രൂരതയ്ക്ക് കൂട്ടുനിൽക്കുകയായിരുന്നു. ചെറിയ കുറ്റത്തിന് കിട്ടിയ വലിയ അടിയിൽ ആ അഞ്ചുവയസുകാരന്റെ കാലൊടിഞ്ഞു.
കാലൊടിഞ്ഞ കുഞ്ഞ് വീട്ടിനുള്ളിൽ ഇഴഞ്ഞു നടന്നിട്ടും ആശുപത്രിയിലെത്തിക്കാൻ രക്ഷിതാക്കൾ തയാറായില്ല. ഒടിഞ്ഞ കാലുമായി നടക്കുന്ന ആ കുഞ്ഞുകുട്ടിയുടെ വേദന എത്രയധികമായിരിക്കും. ഒടുവിൽ വീടിന് പുറത്തിറങ്ങാൻ പറ്റാതായ ഷഫീഖ് വീടിനുള്ളിൽ മൂത്രമൊഴിച്ചു. ഇതറിഞ്ഞ് കലിതുള്ളിയെത്തിയ അപ്പൻ കുഞ്ഞിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. ആ ചവിട്ടേറ്റ് തെറിച്ചുപോയ ഷഫീഖ് തലയടിച്ച് കട്ടിലിനടിയിലേക്ക് മറിഞ്ഞ്‌വീണു. ആ വീഴ്ചയിൽ ബോധം നഷ്ടപ്പെട്ട ഷഫീഖിനെ മരിച്ചെന്നു കരുതിയായിരുന്നു രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചത്. അവനെ കൊല്ലുക തന്നെയായിരുന്നിരിക്കണം അവരുടെ ലക്ഷ്യം. ഷഫീഖിനേറ്റ പീഡനങ്ങൾ എന്നെ വല്ലാതെ സ്പർശിച്ചു.
‘പിഞ്ചുബാലന് ക്രൂരപീഡനം; മാതാപിതാക്കൾ കസ്റ്റഡിയിൽ’ എന്ന പേരിൽ ഇടുക്കി ബ്യൂറോയിൽ നിന്ന് വന്നതായിരുന്നു ആ വാർത്ത. ഫോണിൽ വിവരങ്ങൾ നൽകാൻ ഞങ്ങളുടെ റിപ്പോർട്ടർ അരുൺ സിങ്ങ്. ഷഫീഖിനേറ്റ പീഡനങ്ങൾ അരുൺ വിവരിച്ചത് നിറകണ്ണുകളോടെയാണ് ഞാൻ കേട്ടത്. ഒരുപക്ഷേ എന്റെ മകനും ഷഫീഖിന്റെ അതേ പ്രായമായതിനാലാവും. ഒരു ചെറിയ മുറിവിന് പോലും എന്റെ മകൻ പൗലോ എത്ര കരയുമെന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു.
ഇപ്പോളിതാ അതേ പ്രായമുള്ള മറ്റൊരു കുഞ്ഞ്. വേദനകൊണ്ട് അവൻ കരഞ്ഞപ്പോൾ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരുമില്ലാതെ, തികച്ചും നിസഹായനായികിടക്കുന്നു.അരുണിനോട് അതെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിൽ എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാനറിഞ്ഞു. മൃതപ്രായനായി കിടക്കുന്ന ആ കുഞ്ഞുശരീരത്തിന്റെ ദൃശ്യവും കൂടി സ്‌ക്രീനിൽ വന്നതോടെ ഞാൻ ആകെ തകർന്നുപോയി. കഴിയുന്നതും എന്നെ സ്‌ക്രീനിൽ കാണിക്കരുതെന്ന് ഞാൻ ന്യൂസ് പ്രൊഡ്യൂസറോട് അഭ്യർഥിച്ചു.
കണ്ണീർ പുറത്തേയ്‌ക്കൊഴുകാതിരിക്കാൻ ഞാൻ പരമാവധി പരിശ്രമിച്ചു. വാർത്താ അവതാരകയെ എന്റെ ഉള്ളിലെ അമ്മ കീഴടക്കുന്നത് ഞാൻ അറിഞ്ഞു. ശബ്ദം വല്ലാതെ വിറച്ചുതുടങ്ങി. എങ്ങനെയൊക്കയോ ഞാൻ ഒരു തരത്തിൽ ആ വാർത്ത വായിച്ച് അവസാനിപ്പിക്കുകയായിരുന്നു.
അന്ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയിട്ടും എന്റെ അസ്വസ്ഥത മാറിയില്ല. നിഷ്‌ക്കളങ്കമായി ഉറങ്ങുന്ന മകനെ കണ്ടതോടെ എന്റെ നിയന്ത്രണം പോയി. ഇതേ പ്രായത്തിലുള്ള മറ്റൊരു കുഞ്ഞ് ഇപ്പോൾ മരണത്തോട് മല്ലടിച്ച്… എന്തിനെന്നറിയാതെ ഞാൻ വാവിട്ടു കരഞ്ഞു. അത് എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു.
കുഞ്ഞുങ്ങൾക്കെതിരായ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ സർവശക്തിയുമുപയോഗിച്ച് പോരാടാൻ ഞാൻ അന്ന് തീരുമാനിച്ചു. ആ വിഷയത്തെക്കുറിച്ച് വിശദമായ പഠനം നടത്തി. ബോധവൽക്കരണപരിപാടികളിൽ ക്ലാസെടുത്തു. ഒട്ടേറെ കുഞ്ഞുങ്ങളുടെ പ്രയാസങ്ങൾ കേട്ടു. അധ്യാപകർ, മാതാപിതാക്കൾ, സർക്കാർ, മാധ്യമപ്രവർത്തകർ എല്ലാവരോടും കുഞ്ഞുങ്ങളുടെ അവകാശസംരക്ഷണത്തിന് കൈകോർക്കാൻ അഭ്യർഥിച്ചു.
‘മാനുഷ്യകം’എന്ന പേരിൽ ബ്ലോഗ് ആരംഭിച്ചു. ഞാൻ കുഞ്ഞുങ്ങളുടെ അവകാശസംരക്ഷണത്തിന് എന്നാലാവുന്നത് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
നിരവധി നല്ല മനസുകളുടെ ഇടപെടൽ മൂലം ഷഫീഖ് ജീവിതത്തിലേക്ക് മെല്ലെ ഇന്ന് തിരിച്ചുവരികയാണ്. പ്രത്യേകിച്ചും രാഗിണി എന്ന പോറ്റമ്മയുടെ തണലിൽ. പത്ത് അമ്മമാർ ചേർന്ന് നൽകേണ്ട സ്‌നേഹവും കരുതലുമാണ് രാഗിണി എന്ന അംഗൻവാടി ജീവനക്കാരി കുഞ്ഞുഷഫീഖിന് നൽകുന്നത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിമുതൽ വെല്ലൂരിലെ വിദഗ്ധചികിൽസക്കിടയിലുമെല്ലാം ഉറക്കമൊഴിഞ്ഞ് ആ കുഞ്ഞുജീവന് കൂട്ടിരുന്നു രാഗിണി. കേരളത്തിന് മാതൃകയായ അർപ്പണബോധമാണ് രാഗിണിയുടേത് എന്ന് പറയാതെ വയ്യ. സമൂഹത്തിന് നൻമ പൂർണമായും കൈമോശം വന്നിട്ടില്ല എന്നതിന്റെ തെളിവും.
വായനക്കാരേ, കുഞ്ഞുങ്ങളുടെ കയ്യിലാണ് ഭാവി. അവരുടെ ജീവിതം ഇരുളിലാഴ്ത്തുന്ന പ്രവർത്തനങ്ങൾ എവിടെയുണ്ടായാലും ഉണർന്ന് പ്രവർത്തിക്കാൻ നമുക്ക് കഴിയണം. ക്രിസ്തു പോലും സ്വർഗരാജ്യത്തിലെ വലിയവൻ എന്ന നിലയിൽ കുഞ്ഞുങ്ങളെയാണ് ഉയർത്തിക്കാട്ടിയതെന്ന കാര്യവും മറക്കരുത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?