Follow Us On

22

February

2024

Thursday

ഹെൻറി എട്ടാമനെ തോൽപ്പിച്ച മാർഗരറ്റ് പോൾ

ഹെൻറി എട്ടാമനെ തോൽപ്പിച്ച  മാർഗരറ്റ് പോൾ

 
ഹെൻറി എട്ടാമന്റെ ക്രൂരതയുടെ മറ്റൊരു അധ്യായമാണ് മാർഗരറ്റ് പോളിന്റെ വധത്തോടെ ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തപ്പെട്ടത്. ഭാര്യ ജീവിച്ചിരിക്കെ മറ്റൊരുവളെ ഭാര്യയാക്കാനുള്ള ഹെൻറി എട്ടാമന്റെ തീരുമാനത്തിനെതിരെ നിലയുറപ്പിക്കുമ്പോൾ അവൾക്കറിയാമായിരുന്നു രാജാവ് തന്ന പദവികളെല്ലാം നഷ്ടപ്പെടുമെന്ന്, ജീവൻതന്നെ അപകടത്തിലാണ്. പക്ഷേ, തീരുമാനത്തിൽനിന്ന് അവൾ അണുവിട വ്യതിചലിച്ചില്ല.
1541 മെയ് 27ന് വധശിക്ഷ ഏറ്റുവാങ്ങിയ അവളുടെ ശരീരം ആരാച്ചർ പലതുണ്ടങ്ങളാക്കി. അവളെക്കുറിച്ചുള്ള സ്മരണപോലും ഇല്ലാതാക്കാൻ രാജകിങ്കരന്മാർ നടത്തിയ ശ്രമങ്ങളെല്ലാം വൃഥാവിലായെന്ന് തെളിയിക്കുന്നു ഇന്ന് അവൾക്ക് സഭയിൽ ലഭിക്കുന്ന ആദരം. കത്തോലിക്കാസഭയുടെ വിശുദ്ധാരാമത്തിന് സമീപമെത്തിനിൽക്കുന്ന സ്ത്രീരത്‌നമാണിന്ന് മാർഗരറ്റ് പോൾ. 1886 ഡിസംബർ 29നാണ് ലിയോ 13^ാമൻ പാപ്പ അവളെ വാഴ്ത്തപ്പെട്ടവളായി ഉയർത്തിയത്.
സോമർസെറ്റിലെ സുപ്രസിദ്ധ നഗരമായ ബാത്തിന് സമീപമുള്ള കാസ്റ്റിൽ ഫാർലെയിൽ 1473 ഓഗസ്റ്റ് മാസത്തിലായിരുന്നു മാർഗരറ്റ് പോളിന്റെ ജനനം. ഇംഗ്ലീഷ് രാജകുടുംബത്തിന്റെ പാരമ്പര്യത്തിന് അവകാശിയായ അവളുടെ ജീവിതം അതിസമ്പന്നതയുടെ നടുവിലായിരുന്നു. അമ്മയുടെ പേര് ഇസബേൽ നെവില്ലെ. ബ്രിട്ടണിലെ ഉന്നത പദവികളിൽ ഒന്നായ ‘യേൾ ഓഫ് വാർവിക്’ ആയിരുന്ന ഇസബേൽ നെവില്ലെയുടെ പിതാവ്, ‘കിംഗ് മേക്കർ’ എന്ന അപരനാമത്തിനും ഉടമയായിരുന്നു.
മാർഗരറ്റ് പോളിന്റെ പിതാവിന്റെ പേര് ജോർജ് പ്ലാന്റാജനെറ്റ്, അന്ന് രാജ്യം ഭരിച്ചിരുന്ന കിംഗ് എഡ്വാർഡ് നാലാമന്റെ ഇളയ സഹോദരനായിരുന്നു. രാജകുടുംബത്തിലെ പ്രായം കുറഞ്ഞ അംഗങ്ങൾക്ക് ലഭിച്ചിരുന്ന ‘ഡ്യൂക്ക് ഓഫ് ക്ലാരൻസ്’ എന്ന പ്രത്യേക പദവിയും ജോർജ് പ്ലാന്റാജനെറ്റിൽ ചാർത്തപ്പെട്ടു. ഉന്നതമായ കുലമഹിമയും രാജകുടുംബബന്ധങ്ങളും സ്വത്തും ഉണ്ടായിരുന്നെങ്കിലും മാർഗരറ്റ് പോളിന്റെ ജിവിതം ത്യാഗങ്ങളുടെയും സങ്കടങ്ങളുടെയും നീണ്ട പരമ്പരതന്നെയായിരുന്നു.
മാതാവ് മരണപ്പെടുമ്പോൾ മാർഗരറ്റ് പോളിന് മൂന്ന് വയസ്. അഞ്ചുവയസ് തികയുംമുമ്പ് പിതാവിന്റെ പൈശാചികമായ കൊലപാതകവും ആ കൊച്ചു ഹൃദയത്തെ വേദനിപ്പിച്ചു. രാജാവിന്റെ നിർദേശപ്രകാരം വീഞ്ഞുനിറഞ്ഞ ബാരലിൽ മുക്കി അദ്ദേഹത്തെ കൊലപ്പെടുത്തി എന്നാണ് ചരിത്രരേഖക. മാതാപിതാക്കളുടെ മരണശേഷം മാർഗരറ്റ് പോളിന്റെയും സഹോദരന്റെയും വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തു. അതിനേക്കാൾ ക്രൂരമായിരുന്നു, മാർഗരറ്റ് പോളിന്റെ എട്ടു വയസുകാരൻ സഹോദരൻ എഡ്വേർഡിനെ തടവിലടച്ചത്. 24 വയസായപ്പോൾ ഹെൻറി ഏഴാമന്റെ നിർദേശപ്രകാരം എഡ്വോർഡിനെ വധിക്കുകയായിരുന്നു.
തന്റെ രാജത്വപദവിക്ക് ആരും ഒരു വെല്ലുവിളിയാവില്ലെന്ന് കിംഗ് ഫെർഡിനന്റ് ഓഫ് അറഗോണിനെ ബോധ്യപ്പെടുത്താൻവേണ്ടിയാണത്രേ ഹെൻറി ഏഴാമൻ ഈ അരുംകൊലയ്ക്ക് മുതിർന്നത്. ഫെർഡിനന്റ് ഓഫ് അറഗോണിന്റെ മകളായ കാതറിനുമായി ഹെൻറി ഏഴാമന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഇവരുടെ ഈ കല്യാണത്തെക്കുറിച്ച് ചില ചരിത്രരേഖൾ പറയുന്നത് ‘ദിസ് മാരേജ് മെയ്ഡ് ഇൻ ബ്ലഡ്’ എന്നാണ്. ഹെൻറി ഏഴാമന്റെ മരണശേഷം കാതറിൻ ഹെൻറി എട്ടാമന്റെ ഭാര്യയായി. പിന്നീട് ഉണ്ടായ ദുരന്തം കുപ്രസിദ്ധമാണല്ലോ. കൊടിയ തിന്മയുടെ ഫലമാവാം ഇതിനുകാരണം!
കാതറിൻ കരം പിടിച്ചു,
മാർഗരറ്റ് എഴുന്നേറ്റു
നിർഭാഗ്യവാനായ എഡ്വേർഡ് രാജകുമാരന്റെ മരണത്തിനുമുമ്പായി സർ റിച്ചാർഡ് പോൾ എന്നയാളെ മാർഗരറ്റ് പോൾ 1487ൽ വിവാഹം കഴിച്ചു. മാർഗരറ്റ് പോളിന്റെ ജീവിതത്തിൽ സന്തതസഹചാരിയായിരുന്ന ദുരന്തം വീണ്ടും ആവർത്തിക്കപ്പെട്ടു. മാർഗരറ്റ് പോളിനെയും തന്റെ അഞ്ചു കുഞ്ഞുങ്ങളെയും അനാഥരാക്കി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ഈ അവസരത്തിൽ മറ്റൊരാളുടെ മരണം മാർഗരറ്റിന്റെ ജീവിതത്തിൽ ചില നേട്ടങ്ങൾ ഉണ്ടാക്കി. തനിക്ക് ഏറ്റവും ദ്രോഹം ചെയ്ത ഹെൻറി ഏഴാമന്റെ മരണമായിരുന്നു അത്.
അദ്ദേഹത്തിന്റെ മരണശേഷം കാതറിൻ ഹെൻറി എട്ടാമന്റെ ഭാര്യയായി. മാർഗരറ്റ് പോളിന്റെ കഥനകഥകൾ അറിയാമായിരുന്ന കാതറിൻ, ഹെൻറി എട്ടാമനെ സ്വാധീനിച്ച് മാർഗരറ്റ് പോളിന് നീതി ലഭ്യമാക്കി. മാർഗരറ്റ് പോളിന് മുമ്പ് ഉണ്ടായിരുന്ന രാജകീയ പദവിയും കുറേ സമ്പത്തും തിരികെ ലഭിച്ചു. അതുപോലെതന്നെ മാർഗരറ്റ് പോളിന്റെ ബുദ്ധിമാനായ പുത്രൻ റെജിനാൾഡിന്റെ വൈദിക വിദ്യാഭ്യാസത്തിനുള്ള ചെലവും വഹിക്കാൻ തീരുമാനിച്ചു. ഇതുകൂടാതെ 1513ൽ മാർഗരറ്റ് പോളിനെ സാലിസ്ബറിയിലെ ‘കൗണ്ടസ്’ ആയി പ്രഖ്യാപിക്കുകയും ചെയ്തു. ചരിത്രരേഖകളിൽ മാർഗരറ്റ് പോളിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്, ‘വാഴ്ത്തപ്പെട്ട മാർഗരറ്റ് പോൾ, കൗൺസ് ഓഫ് സാലിസ്ബറി’ എന്നാണ്.
അമ്മയുടെ മകൻ
നാലഞ്ച് വർഷം ഹെൻറി എട്ടാമൻ മാർഗരറ്റ് പോളിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്‌തെങ്കിലും കാര്യങ്ങൾ വീണ്ടും കീഴമേൽ മറിഞ്ഞു. കാതറിനെ ഒഴിവാക്കി ആനി ബോളിനെ വിവാഹം കഴിക്കാനുള്ള രാജാവിന്റെ തീരുമാനത്തെ മാർഗരറ്റ് പോൾ ശക്തമായി എതിർത്തതായിരുന്നു കാരണം. ഇതേത്തുടർന്ന് മാർഗരറ്റ് പോളിന് ഹെൻറി എട്ടാമൻ നൽകിയ പല പ്രധാനപ്പെട്ട പദവികളും 1533ൽ എടുത്തുമാറ്റപ്പെട്ടു. ഈ കാലയളവിൽ മാർഗരറ്റ് പോളിന്റെ പുത്രൻ റെജിനാൾഡ് പാദുവായിൽ സെമിനാരി വിദ്യാർത്ഥിയാണ്.
കാതറിനുമായുള്ള ഹെൻറി എട്ടാമന്റെ വിവാഹമോചനത്തിന് അനുകൂലമായ ഒരു തീരുമാനം എടുക്കാനുള്ള സമിതിയുടെ നേതൃത്വം റെജിനാൾഡിനെ ഏൽപ്പിച്ചു. എന്നാൽ, ഹെൻറി എട്ടാമന്റെ പ്രതീക്ഷകൾക്കു വിരുദ്ധമായി റെജിനാൾഡ് നിലയുറപ്പിച്ചു. തന്റെ ആത്മീയതയിൽനിന്നും പഠനത്തിൽനിന്നും ലഭിച്ച ജ്ഞാനമനുസരിച്ച് രാജാവിന്റെ തെറ്റായ തീരുമാനത്തെ എതിർത്ത റെജിനാൾഡിന് രാജ്യം വിട്ടു. ഈ കാലഘട്ടത്തിൽ റെജിനാൾഡ് യൂറോപ്പിലെ അറിയപ്പെടുന്ന കത്തോലിക്കാപണ്ഡിതനായി കഴിഞ്ഞിരുന്നു.
1536ൽ, ഹെൻറി എട്ടാമന്റെ വിവാഹമോചനത്തെ എതിർക്കുന്ന തീരുമാനമെടുക്കാൻ പിയൂസ് 11-ാമൻ പാപ്പയെ സ്വാധീനിച്ചതിൽ റെജിനാൾഡിന് വലിയ പങ്കുണ്ട്. അതേ വർഷം പാപ്പ റെജിനാൾഡിനെ കർദിനാളായി നിയമിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അധികാരപരിധി ഉയർത്തി. റെജിനാൾഡ് തന്റെ പരിധിക്ക് പുറത്താണെന്ന് മനസ്സിലായ ഹെൻറി എട്ടാമന് മറ്റൊന്നുകൂടി വ്യക്തമായി അറിയാമായിരുന്നു: മാർഗരറ്റ് പോളും റെജിനാൾഡിന്റെ സഹോദരരും തന്റെ കീഴിലാണ്. റെജിനാൾഡിനോടുള്ള വൈരാഗ്യം തീർക്കാൻ ആ അമ്മയെയും സഹോദരനെയും ഉപദ്രവിക്കാൻ ഹെൻറി എട്ടാമന്റെ തീരുമാനിച്ചു.
രക്തസാക്ഷിയുടെ മകൻ
മാർഗരറ്റ് പോളിന്റെ ഇളയമകനായ ജീയോഫറി പോൾ ലണ്ടൻ ടവർ ജയിലിൽവെച്ച് 51 തവണ ചോദ്യം ചെയ്യപ്പെട്ടു. മറ്റൊരു മകനായ ഹെൻറിയെ 1538 ഡിസംമ്പർ ഒൻപതിന് ലണ്ടൻ ടവറിൽ വെച്ച് വധിച്ചു. ഈ അവസരത്തിൽ മാർഗരറ്റ് പോളിനെ ജയിലിലടക്കുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. 1539ൽ മാർഗരറ്റ് പോളിനെ ലണ്ടൻ ടവർ ജയിലിലേക്ക് മാറ്റി, രണ്ടു വർഷം അവിടെ താമസിപ്പിച്ചു. മാർഗരറ്റ് പോളിന്റെ വധശിക്ഷ വാർത്തയാകാതിരിക്കാൻ ‘പിൽഗ്രിമേജ് ഓഫ് ഗ്രേസി’ൽ കുറ്റക്കാരയവരെ വധിക്കുന്ന കൂട്ടത്തിലാണ് മാർഗരറ്റ് പോളിനെ വധിച്ചത്. കത്തോലിക്കാസഭയുമായി ബന്ധം പേർപെടുത്തിയ ഹെൻറി എട്ടാമനോടുള്ള പ്രതിഷേധമായി രൂപപ്പെട്ട സംരംഭമാണ് ‘പിൽഗ്രിമേജ് ഓഫ് ഗ്രേസ്’.
വധിശിക്ഷ നടപ്പാക്കുന്നതിന് ഒരു മണിക്കൂർ മുമ്പുമാത്രമാണ് അക്കാര്യം മാർഗരറ്റ് പോളിനെ അറിയിച്ചത്. 1541 മെയ് 27ന് മാർഗരറ്റ് പോൾ രക്തസാക്ഷിത്വം വരിച്ചു. സഭയുടെ ചരിത്രത്തിൽ മറ്റു പല വിശുദ്ധരെയുംപോലെ മാർഗരറ്റ് തന്റെ ജീവിതം ശാന്തമായി ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ചു.മാർഗരറ്റ് പോളിന്റെ വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ച ലോർഡ് മേയർ ഉൾപ്പെടെ 150 പേരോട് രാജാവിനും രാജ്ഞിക്കുംവേണ്ടി പ്രാർത്ഥിക്കണമെന്ന് മാർഗരറ്റ് ആവശ്യപ്പെട്ടു. ആരാച്ചാർ അവധിയായിരുന്നതിനാൽ കൊലനടത്തി പരിചയം ഇല്ലാത്തവനും ക്രൂരനുമായ ആരാച്ചാർ മാർഗരറ്റ് പോളിന്റെ ശരീരം പല തുണ്ടങ്ങളാക്കി മാറ്റി എന്നാണ് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്.
മരണവാർത്ത അറിഞ്ഞയുടനെ മാർഗരറ്റ് പോളിന്റെ മകനായ കർദിനാൾ റെജിനാൾഡ് തന്റെ സെക്രട്ടറിയും പിന്നീട് ഇറ്റലിയിലെ റെഗൂസാ ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ട ലുഡോവികോ ബെക്കറ്റലിയോട് പറഞ്ഞവാക്കുകൾ സഭാസ്‌നേഹികളെയൊന്നടങ്കം ആവേശഭരിതരാക്കുന്നതായിരുന്നു:
‘എന്റെ അമ്മയുടെ മരണവാർത്തയാണെങ്കിലും അതിലും ഞാൻ നന്മ കാണുന്നു. എന്റെ അമ്മ എനിക്കു തന്ന അഭിഷേകത്തെ ഞാൻ ഓർക്കുകയാണ്, എന്റെ അമ്മ ഇംഗ്ലണ്ടിലെ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന സ്ത്രീയാണല്ലോയെന്ന്. അതുകൂടാതെ തന്റെ കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ചുനിന്നതിന്റെ പേരിൽ ഈശോയ്ക്ക് വേണ്ടി രക്തസാക്ഷിയായ അമ്മയുടെ മകനാണല്ലോ ഞാൻ.’
സിബി തോമസ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?