Follow Us On

31

January

2023

Tuesday

വിധവയുടെ ജീവിതം പ്രകാശമാനമാക്കിയ വിശുദ്ധ

വിധവയുടെ ജീവിതം പ്രകാശമാനമാക്കിയ വിശുദ്ധ

വിധവയായ ആ സ്ത്രീ ദൈവാലയത്തിലിരുന്ന് വിങ്ങിപ്പൊട്ടി. തന്റെ എല്ലാമായിരുന്ന ഭർത്താവിന്റെ വേർപാട് സമ്മാനിച്ച ഉണങ്ങാത്ത മുറിവുകൾ ഉള്ളിൽ പടർത്തിയ നീറ്റലുകൊണ്ട് അവൾ ഏങ്ങലടിച്ചു. പെട്ടെന്നൊരു പെൺകുട്ടി അടുത്തു വന്നു. അവൾ ചോദിച്ചു, ”എന്തിനാണ് കരയുന്നത്?” അവൾ ഈ വേർപാടിന്റെ കഥ വിവരിക്കാൻ തുടങ്ങുമ്പോ ൾ ആ നാലുവയസുകാരി പറഞ്ഞു, ”സാരമില്ലാട്ടോ. എന്റെ പപ്പയും മരിച്ചുപോയി.”
പിന്നെ ആ വിധവയുടെ കൈ ചേർത്ത് പിടിച്ച് തന്റെ പപ്പയെ അടക്കിയിരിക്കുന്ന സ്ഥലം കൊണ്ടുചെന്ന് ആ കുട്ടി കാണിച്ചു. ഇതൊരു വിധവയായ സ്ത്രീ കണ്ട സ്വപ്‌നമായിരുന്നു. യഥാർത്ഥ സംഭവം നടക്കുന്നത് ദിവസങ്ങൾക്ക് ശേഷം. ചെറിയൊരു ഓപ്പറേഷന്റെ ഭാഗമായി അവർക്ക് ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നു. തൊട്ടടുത്തായി രണ്ട് കാലുകളും തളർന്ന ഒരു സ്ത്രീ കിടന്നിരുന്നു. അവളുടെ കണ്ണുകൾക്ക് തെല്ലും കാഴ്ചശക്തിയുണ്ടായിരുന്നില്ല. ഡോക്ടർമാർ പറഞ്ഞാണ് ആ സ്ത്രീയുടെ കഥ വിധവ കേൾക്കുന്നത്. റുമേനിയൻ വംശജയായ ഈ സ്ത്രീയുടെ ഭർത്താവ് ഒരു ജർമൻ പട്ടാളക്കാരനാണ്.
ആഴ്ചകൾക്ക് മുമ്പുണ്ടായ വിമാനാപകടത്തിൽ അയാൾ മരണമടഞ്ഞിരുന്നു. ഭർത്താവിന്റെ മാതാപിതാക്കൾ അതിനടുത്ത ദിവസമുണ്ടായ കാറപകടത്തിലും മരിച്ചു. അതിന് മുമ്പ് ജന്മനാട്ടിൽ ഉണ്ടായ ഒരു വെടിവയ്പ്പിൽ സ്വന്തം മാതാപിതാക്കളും മൺമറഞ്ഞു. പ്രമേഹം മൂർഛിച്ച് ഇവളുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട് രണ്ടു കാലുകളും തളർന്ന് സഹനങ്ങളുടെ കൂമ്പാരത്തിൽ തീർത്തും അനാഥയായി കിടക്കുന്നു. ഇവിടെ ആശ്വാസ വാക്കുകൾക്ക് യാതൊരു വിലയുമില്ല. ഉത്തരങ്ങളൊക്കെ വീണ്ടും ഭീകരചോദ്യങ്ങളായി മാറുന്നു. അപ്പോഴാണ് ആ മുറിയിലേക്ക് നാലുവയസുകാരിയായ ഒരു സുന്ദരിക്കുട്ടി ഓടിവരുന്നത്. അവൾക്ക് എയ്ഡ്‌സ് രോഗമാണത്രേ. ആശുപത്രിയിൽ എങ്ങനെയോ സംഭവിച്ച ഒരു കൈപ്പിഴ. അപ്പനും അമ്മയ്ക്കും ഇല്ലാത്ത രോഗം ഈ കൊച്ചുകുഞ്ഞിന്റെ ഞരമ്പുകളിൽ പിടയ്ക്കുന്നു.
ഈ കുട്ടിയുടെ മുഖം കണ്ടപ്പോൾ വിധവയായ ആ സ്ത്രീക്ക് അത്ഭുതംകൊണ്ട് ചലിക്കാനായില്ല. ദിവസങ്ങൾക്കുമുമ്പ് സ്വപ്‌നത്തിൽ കണ്ട അതേ മുഖം. അന്നുമുതൽ വിശ്വസ്തതയോടെ സ്വപ്‌നത്തിൽ ദൈവം ഏൽപിച്ച ദൗത്യം വിധവ നിറവേറ്റുവാൻ തുടങ്ങി. കട്ടിലിൽ ഒന്നും സംസാരിക്കാതെ, ചലിക്കാതെ കിടക്കുന്ന ഈ പാവപ്പെട്ട യുവതിയായ അമ്മയെ അവൾ ശുശ്രൂഷിക്കാൻ തുടങ്ങി. എന്നാൽ ജീവിതത്തിന്റെ കനത്ത സഹനങ്ങൾ ഏറ്റുവാങ്ങിയ അവൾ വളരെ കുറച്ച് മാത്രമേ സംസാരിക്കാൻ ആഗ്രഹിച്ചിരുന്നുള്ളൂ.
കൊച്ചുപെൺകുട്ടിയുമായി വിധവ കളിച്ചും ചിരിച്ചും സമയം ചെലവഴിച്ചു. ഈ സമയത്താണ് യുവജനശുശ്രൂഷ ചെയ്യുന്ന ഫാ.മാർട്ടിനെ വിധവ പരിചയപ്പെടുന്നത്. യുവാവായ ഫാ.മാർട്ടിൻ ഒരു പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അന്നുവരെ ആരോടും പറഞ്ഞിട്ടില്ലാത്ത സ്വപ്‌നത്തെക്കുറിച്ചും മൂന്നു വർഷമായി ചെയ്യുന്ന ശുശ്രൂഷയെക്കുറിച്ചും അവൾ ഫാ.മാർട്ടിനോട് വിശദീകരിച്ചു.
”ഇതുപോലെയൊരു സംഭവം ഞാനിതുവരെ കേട്ടിട്ടില്ല.” ഫാ. മാർട്ടിൻ അത്ഭുതത്തോടെ പറഞ്ഞു. ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനും വാക്കുകൾക്ക് വേണ്ടി പരതുമ്പോൾ, അദ്ദേഹം പെട്ടെന്ന് ഒരു ആത്മീയ പ്രേരണയാൽ മുറിയിൽ ചെന്ന് വിശുദ്ധ അന്നാ ഷഫറിന്റെ ഓഡിയോ സിഡി ഈ വിധവയായ സ്ത്രീയുടെ കൈയിൽ കൊടുത്തിട്ട് കട്ടിലിൽ തളയ്ക്കപ്പെട്ട ആ യുവതിയായ സ്ത്രീക്ക് കൊടുക്കുവാൻ നിർദേശിച്ചു. ഒപ്പം തന്റെ പ്രാർത്ഥനയുടെ ഉറപ്പും… ഇവിടെ തുടങ്ങുന്നു അത്ഭുതങ്ങളുടെ ഒരു പരമ്പര…
ഈ ഓഡിയോ സിഡി ആ യുവതിയായ അമ്മ ഒന്നല്ല, ഒരുപാട് തവണ ആവേശത്തോടെയാണ് കേട്ടത്, കാരണം, അവളുടെ തകർക്കപ്പെട്ട ജീവിതത്തിന് കിട്ടിയ അഭിഷേകത്തിന്റെ അമൃതായിരുന്നു ആ ഓഡിയോ സി.ഡി. അന്നുവരെ സംസാരിക്കാൻ വെറുത്തിരുന്നവൾ പതുക്കെ സംസാരിക്കാൻ തുടങ്ങി. മുഖമുയർത്തി നോക്കുകയോ എണീറ്റിരിക്കുകയോ ചെയ്യാത്ത അവൾ കട്ടിലിൽ എണീറ്റിരുന്നു. കണ്ണിനു കാഴ്ചയില്ലെങ്കിലും അധികം വൈകാതെ സ്വന്തമായി കാര്യങ്ങൾ ചെയ്യുവാനും പരിശീലിച്ചു.
മകളെയും കൂട്ടി ആശുപത്രിയിലേക്ക് വീണ്ടും ചികിത്സയ്ക്ക് ചെന്നു. ഏതാനും നാളുകൾക്ക് ശേഷം അമേരിക്കക്കാരനായ ഒരു ഡോക്ടറെ അവൾ പരിചയപ്പെട്ടു. ദൈവഹിതപ്രകാരം അവർ വിവാഹിതരായി. ഈ യുവഡോക്ടർ കണ്ണിന്റെ സ്‌പെഷ്യലിസ്റ്റായിരുന്നു. പ്രഫസറെക്കൊണ്ട് നടത്തിയ പരിശോധനയിൽ കാഴ്ചശക്തി തിരിച്ചുകിട്ടുവാനുള്ള മാർഗങ്ങളും തെളിഞ്ഞു. 80 ശതമാനത്തോളം കാഴ്ചശക്തിയും തിരിച്ചുകിട്ടി. രണ്ടു പ്രസവത്തിലായി രണ്ട് ഇരട്ടക്കുഞ്ഞുങ്ങൾവീതം നാലു കുഞ്ഞുങ്ങൾ അവർക്ക് ജനിച്ചു. ഒരു കുട്ടിയെ ദത്തെടുത്തു. രോഗിണിയായ മൂത്ത കുട്ടിയടക്കം ആറ് കുഞ്ഞുങ്ങളടങ്ങിയ സന്തോഷജീവിതം ദൈവം ഈ സഹനപുത്രിക്ക് നൽകി.
ദൈവഭയവും വിശ്വാസവും നിറഞ്ഞ ജീവിതം… ജോബിന്റെ പുസ്തകത്തിന്റെ തനിയാവർത്തനംപോലെ തന്നെ. വിധവ നൽകിയ അഡ്രസിൽ ഇടയ്ക്കിടെ ഈ അമ്മ ഫാ.മാർട്ടിന് എഴുതുമായിരുന്നു. തന്റെ ആത്മീയാനുഭവങ്ങളെല്ലാം. വിശുദ്ധ അന്നാ ഷഫർ ജീവിതത്തിന് നൽകിയ പുതിയ വഴികളെക്കുറിച്ച്.. ദൈവം ചേർത്ത് പിടിക്കുന്ന കരബലത്തെക്കുറിച്ച്. ഒപ്പം തീർത്താൽ തീരാത്ത കടപ്പാടിനെക്കുറിച്ചും… ഇവർ തമ്മിൽ നേരിൽ കണ്ടിട്ടേയില്ല, ഒരിക്കലും സംസാരിച്ചിട്ടില്ല, എഴുത്തുകളിൽ മാത്രമേ കേട്ടിരുന്നുള്ളൂ… മൂത്ത കുട്ടി പറയുമായിരുന്നത്രേ സായാഹ്നങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ അച്ചനെ അനുഗ്രഹിക്കണമേ ഈശോയേ.
എളിമയോടെ ഫാ.മാർട്ടിൻ പറയുന്നു, എനിക്ക് എന്തു പ്രത്യേകതയാണുള്ളത്. ഒരു സിഡി സമ്മാനമായി കൊടുത്ത് അവർക്കുവേണ്ടി പ്രാർത്ഥിക്കുക അത്ര മാത്രമേ ഞാൻ ചെയ്തുള്ളൂ. ഏതാനും മാസങ്ങൾക്ക് മുൻപ് ഫാ.മാർട്ടിന്റെ ചെവിയിൽ ആ നടുക്കുന്ന വാർത്തയെത്തി. വീണ്ടും വിശ്വസിക്കാനും മനസിലാക്കുവാനും കഴിയാത്തത്.
ഈ കുടുംബത്തിലെ എല്ലാവരും പിക്‌നിക്കിനെത്തിയ ഒരു സ്ഥലത്തുണ്ടായ അപകടത്തിൽ മരണമടഞ്ഞുവെന്ന്. പിക്‌നിക്ക് പോകുംമുൻപ് പതിവുപോലെ ആ അമ്മ എഴുതിയ തന്റെ ആത്മീയ അനുഭവങ്ങളുടെ, കടപ്പാടിന്റെ പൂർത്തിയാകാത്ത കത്ത്, വർഷങ്ങൾക്കുമുമ്പ് തന്റെ ജീവിതത്തിന് വെട്ടം കൊടുക്കാൻ ദൈവം ഉപകരണമാക്കിയ ഈ കൊച്ചച്ചനുള്ളതായിരുന്നു.
ജർമനിയിലെ ഔക്ക്‌സ്ബുർഗ് രൂപതയുടെ സെമിനാരി റെക്ടർ ഫാ.മാർട്ടിൻ തന്റെ വൈദികവിദ്യാർത്ഥികളോട് അത്ഭുതങ്ങളും അടയാളങ്ങളും നിറഞ്ഞ ഈ കഥ പറയുമ്പോൾ, വിശ്വാസത്തിന്റെ ആവേശം എല്ലാ കണ്ണുകളിലും ജ്വലിക്കുന്നുണ്ടായിരുന്നു. കേട്ടിരിക്കുന്ന പലരുടെയും കണ്ണ് നിറഞ്ഞു. തന്റെ വാക്കുകൾ അവസാനിപ്പിക്കുമ്പോൾ ഈ പുരോഹിതൻ ഇങ്ങനെ കൂട്ടിച്ചേർത്തു, ”സത്യമായും മാർപാപ്പാ വിശുദ്ധ നിരയിലേക്ക് ഉയർത്തിയ വിശുദ്ധ അന്നാ ഷഫറിന്റെ കൂടെ സ്വർഗത്തിൽ ഈ വിശുദ്ധയുടെ മാധ്യസ്ഥത്താൽ പൊതിയപ്പെട്ട ആ ആറ് വിശുദ്ധജന്മങ്ങളുമുണ്ടാകും..”. ഒരുപക്ഷേ, അധികമാരും അറിയാനും ഓർക്കാനും സാധ്യതയില്ലാത്ത ജീവിതങ്ങൾ. റെക്ടറച്ചൻ അവസാനിപ്പിക്കുമ്പോൾ മുറിയിൽ നിശബ്ദമായ ആത്മീയാന്തരീക്ഷം നിറഞ്ഞ് നിന്നിരുന്നു.
ബാസ്റ്റ്യൻ നീലഗിരി, ജർമ്മനി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?