Follow Us On

20

May

2022

Friday

വള്ളോപ്പിള്ളി പിതാവിന്റെയും, വലിയമറ്റം പിതാവിന്റെയും കാർ ഡ്രൈവറായി 45 വർഷം, ഇത് അപ്പച്ചന് അപൂർവമവായൊരു റെക്കോർഡ്

വള്ളോപ്പിള്ളി പിതാവിന്റെയും, വലിയമറ്റം പിതാവിന്റെയും കാർ ഡ്രൈവറായി 45 വർഷം, ഇത് അപ്പച്ചന് അപൂർവമവായൊരു റെക്കോർഡ്

വള്ളോപ്പിള്ളി പിതാവിലൂടെ ലഭിച്ച അത്ഭുത രോഗശാന്തിയോടെയാണ് അപ്പച്ചൻ എന്ന യുവാവിന്റെ അരമനവാസം തുടങ്ങുന്നത്. അന്നത്തെ എടൂർ ഫൊറോന വികാരി ഫാ.പീറ്റർ കുറ്റിയാനിയുടെ കത്തുമായി അപ്പനുമൊത്ത് അപ്പച്ചൻ വള്ളോപ്പിള്ളി പിതാവിനെ കാണാനെത്തി. ‘എന്തെങ്കിലും അസുഖമുണ്ടോ?’ എന്ന് കൂടിക്കാഴ്ചയ്ക്കിടെ മാർ വള്ളോപ്പിള്ളി അപ്പച്ചനോട് ചോദിച്ചു. ”എന്റെ മൂക്കിന് നീർക്കെട്ട് വരുന്ന രോഗമുണ്ട്. രോഗം വന്നാൽ വലിയ വേദനയാണ്. മൂക്കിൽ തൊടാൻ പറ്റില്ല” അപ്പച്ചൻ മറുപടി പറഞ്ഞു. പിതാവ് തലയിൽ കൈകൾ വച്ച് പ്രാർത്ഥിച്ചശേഷം പറഞ്ഞു, ”ഇനി ഈ രോഗം വരില്ല.” അതിനുശേഷം നാല് പതിറ്റാണ്ടായിട്ടും രോഗം ഉണ്ടായിട്ടില്ല… അപ്പച്ചൻ പറയുന്നു.
”ഒരു മകനോടുള്ള സ്‌നേഹവാത്സല്യങ്ങളാണ് രണ്ടു പിതാക്കന്മാരും നൽകിയത്. ഉപദേശങ്ങളിലും നിർദേശങ്ങളിലും പെരുമാറ്റത്തിലും അതു പ്രകടമായിരുന്നു….” അപ്പച്ചന്റെ വാക്കുകൾക്ക് ആ സ്‌നേഹമാധുര്യം. മാനന്തവാടി, താമരശേരി, ബൽത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി എന്നീ രൂപതകളായി വിഭജിക്കുന്നതിനുമുമ്പ് കേരളത്തെക്കാൾ ഭൂവിസ്തൃതിയുള്ളതായിരുന്നു തലശേരി രൂപത. മലകളും കാടും നിറഞ്ഞ വഴിത്താരകൾ പിന്നിട്ടാണ് രണ്ടു പിതാക്കന്മാരുടെയും യാത്ര. മഴയും വെയിലും രാത്രിയും പകലും വ്യത്യാസമില്ലാതെ മണിക്കൂറുകൾ നീളുന്നതായിരുന്നു യാത്രകളിൽ പലതും.
ജപമാല ചൊല്ലിയും പ്രാർത്ഥനയുമായി നടത്തിയ ആ യാത്രകൾ വലിയ അനുഭവമായിരുന്നുവെന്ന് അപ്പച്ചൻ ഓർമിക്കുന്നു. മലവെള്ളവും വന്യമൃഗങ്ങളും കോടമഞ്ഞുമെല്ലാം യാത്രയ്ക്ക് ഭീഷണിയായി. കുടിയിറക്കു ഭീഷണിയും പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളുമെല്ലാം കുടിയേറ്റക്കാർക്ക് ദുരിതം വരുത്തുമ്പോൾ ആശ്വാസവുമായി ഓടിയെത്തുന്നതിൽ രണ്ടു പിതാക്കന്മാരും പ്രത്യേക താൽപര്യം എടുത്തിരുന്നു.
എല്ലാ കാര്യങ്ങളും പിതാവ് എന്നോട് പറഞ്ഞിരുന്നു. രൂപതയുടെ ബുദ്ധിമുട്ടുകൾ, കുടിയേറ്റക്കാരുടെ വിഷമങ്ങൾ, വൈദികർ അനുഭവിക്കുന്ന ക്ലേശങ്ങൾ… എല്ലാം. ഓരോ കാര്യങ്ങളും പറയുകയും അവയ്‌ക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
ആദ്യകാലത്ത് രൂപതയിലെ വൈദികരും സിസ്റ്റേഴ്‌സും വലിയ ദുരിതമനുഭവിക്കേണ്ടി വന്നു. ഇവരിൽ പലരും അപ്പച്ചനുമായി അവരുടെ വേദനകൾ പങ്കുവയ്ക്കുമായിരുന്നു. ഭക്ഷണത്തിനുപോലും മാർഗമില്ലാതെ വിഷമിച്ചവർ… പിതാവിനെ സമീപിച്ചാൽ അദ്ദേഹത്തിന്റെ പക്കലും സഹായിക്കാൻ ഒന്നുമില്ലാത്ത കാലം. ഒരിക്കൽ ഒരു സിസ്റ്റർ പറഞ്ഞത് ഇങ്ങനെ: ”ഭക്ഷണമില്ലാതെ ഞങ്ങൾ മടുത്തു… ഒരു ദിവസം ഞങ്ങൾ അടുത്ത വീട്ടിൽ പോയി അവർക്ക് ആവശ്യമായ നെല്ല് കുത്തി കൊടുത്ത്, അതിന്റെ കൂലിയായി കിട്ടിയ അരികൊണ്ടുവന്നാണ് കഞ്ഞിവച്ചത്!” ഇന്നത്തെ തലമുറയ്ക്ക് ഇതൊന്നും സങ്കൽപ്പിക്കാൻ കഴിയില്ല.
ഖദർ വസ്ത്രധാരിയായിരുന്നു മാർ വള്ളോപ്പിള്ളി. വസ്ത്രങ്ങളെല്ലാം പിതാവ് തന്നെയാണ് അലക്കിയത്. കൈകൾക്ക് ബലമില്ലാതായപ്പോൾ, അതു പിഴിഞ്ഞിടാൻ എന്നെ വിളിക്കുമായിരുന്നു. വസ്ത്രം കീറിയാൽ പിതാവുതന്നെ അവ തയ്ച്ച് ഉപയോഗിക്കുമായിരുന്നു. പാവങ്ങളെയും ദുഃഖിതരെയും സഹായിക്കാൻ വള്ളോപ്പിള്ളി പിതാവ് എപ്പോഴും സന്നദ്ധനായിരുന്നു. ഒരിക്കൽ കൊന്നക്കാട് നിന്നും ഒരു നമ്പൂതിരി കുടുംബം ജീവിക്കാൻ മാർഗമില്ലാതെ വീട്ടിൽ നിന്നിറങ്ങി, കണ്ണൂർ കടൽത്തീരത്തേക്കായിരുന്നു അവരുടെ യാത്ര. കുടുംബത്തോടെ മരിക്കുകയായിരുന്നു ലക്ഷ്യം. അമ്പലത്തിലെ ശാന്തിക്കാരനായിരുന്നു ഈ നമ്പൂതിരി. പെട്ടെന്ന് ഉൾവിളിപോലെ അദ്ദേഹത്തിന് ഇങ്ങനെ തോന്നി: വള്ളോപ്പിള്ളി തിരുമേനി തലശേരിയിലുണ്ട്. ഒന്നു പോയി കണ്ടുകളയാം. എല്ലാവരും കൂടി തലശേരിയിലെത്തി.
കുടുംബാംഗങ്ങളെ ബസ്സ്റ്റാന്റിലിരുത്തി. മകനെയും കൂട്ടി അരമനയിലെത്തി പിതാവിനെ കാണണമെന്നാവശ്യപ്പെട്ടു. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ പിതാവ്, കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ടുവരാൻ നിർദേശിച്ചു. നമ്പൂതിരിയുടെ സഹോദരപുത്രനായിരുന്നു കൂടെയുണ്ടായിരുന്ന ആൺകുട്ടി. അവനെ അരമനയിൽ നിർത്തി. രണ്ടു പെൺകുട്ടികളെ പേരാവൂരിൽ സിസ്റ്റേഴ്‌സ് നടത്തുന്ന ഓർഫനേജിലേക്കയച്ചു. സ്ത്രീയെ നാട്ടിൽ എത്തിച്ച് മടങ്ങിവരാൻ നമ്പൂതിരിയോട് പറഞ്ഞു. തിരിച്ചുവന്ന നമ്പൂതിരിക്ക് കുന്നോത്ത് രൂപത വക എസ്റ്റേറ്റിൽ ജോലി നൽകി. ആൺകുട്ടിയെ പഠിപ്പിച്ച്, ബിരുദധാരിയാക്കി പിതാവിന്റെ ക്ലർക്കായി ജോലി നൽകി. പിന്നീട് ബാങ്കിൽ ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇത്തരത്തിൽ പിതാവിന്റെ സഹായവും സംരക്ഷണവും ലഭിച്ച നൂറുകണക്കിന് ആളുകളുണ്ട്.
പിതാക്കന്മാരെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ അപ്പച്ചന് ആയിരം നാവാണ്. വള്ളോപ്പിള്ളി പിതാവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്ന ഒരു പുസ്തകം അപ്പച്ചൻ ‘ദീപ്തസ്മരണകൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെ.എൽ.സി.520 നമ്പർ ജീപ്പിലായിരുന്നു പിതാവിന്റെ യാത്രകൾ. ആ ജീപ്പ് പോകാത്ത സ്ഥലമോ കയറാത്ത മലയോ ഇറങ്ങാത്ത പുഴയോ ഇല്ല. ജീവൻ പണയംവച്ചായിരുന്നു ഞങ്ങളുടെ യാത്ര. യൗസേപ്പിതാവിന്റെ അനുഗ്രഹവും ജപമാലയുടെ ശക്തിയും ഞങ്ങളുടെ യാത്രകളെ സുരക്ഷിതമാക്കി.
ഒരിക്കൽ ഇരിട്ടിക്കടുത്ത് ചെടിക്കുളം പള്ളിയിൽ സൺഡേ സ്‌കൂൾ വാർഷികം കഴിഞ്ഞ് രാത്രി 12 മണിക്ക് തിരിച്ചു വരുമ്പോഴുണ്ടായ അനുഭവം അപ്പച്ചൻ ഓർക്കുന്നു. വണ്ടിയിൽ പിതാവും അപ്പച്ചനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീപ്പ് പുഴവക്കത്തെത്തി. രാവിലെ പുഴ കടന്നത് ഇവിടെയാണോയെന്ന് അപ്പച്ചൻ സംശയം പ്രകടിപ്പിച്ചപ്പോൾ, ‘സംശയിക്കേണ്ട, ഇതിലേയാണ് വഴി, വണ്ടി മുന്നേട്ടെടുക്കുക’ എന്ന് പിതാവ് പറഞ്ഞു. അപ്പച്ചൻ വണ്ടി മുന്നോട്ടെടുത്തു. വണ്ടി മെല്ലെ താഴാൻ തുടങ്ങി. പിതാവ് വീണ്ടും പറഞ്ഞു, പേടിക്കണ്ട ധൈര്യമായി മുന്നോട്ട് വണ്ടിയെടുക്കുക. കുറച്ചുകൂടി മുന്നോട്ടെടുത്തപ്പോഴേക്കും വണ്ടിയ്ക്കകത്തേക്ക് വെള്ളം കയറിത്തുടങ്ങി. ഉടനെ പുറകിൽനിന്നും ഒരു വിളി കേട്ടു. ‘അതിലെ വണ്ടിയെടുക്കരുത്.അത് വലിയ കയമാണ്…’ പുറകിൽനിന്നും രണ്ടുപേർ വിളിച്ചു പറയുന്നു.
വിറയ്ക്കുന്ന കാലുകളോടെ സർവശക്തിയുമെടുത്ത് അപ്പച്ചൻ വണ്ടി പുറകോട്ടെടുത്ത് കരയിൽ കയറ്റി. ‘ഞങ്ങൾ മുമ്പോട്ട് നടക്കാം. അതിലെ വണ്ടിയെടുത്താൽ മതി എന്നു പറഞ്ഞ് അവർ മുമ്പേ നടന്നു. അവരുടെ ഒപ്പം വണ്ടിയോടിച്ച് സുരക്ഷിതരായി ഞങ്ങൾ കരയിലെത്തി. ഇരിട്ടി ടൗൺവരെ അവർ രണ്ടാളും ഞങ്ങളുടെകൂടെ വന്നു. അവർ എവിടെനിന്നാണ് വരുന്നത് എന്ന് പിതാവ് ചോദിച്ചു. ഞങ്ങൾ വഴിപോക്കരാണെന്ന് പറഞ്ഞ് അവർ ഇരിട്ടിയിൽ ഇറങ്ങി. യൗസേപ്പിതാവ് അയച്ച ദൈവദൂതന്മാരാണ് അവരെന്ന് അപ്പച്ചൻ ഇന്നും വിശ്വസിക്കുന്നു.
മറ്റൊരിക്കൽ കണിച്ചാർ പള്ളിയിൽനിന്നും മടങ്ങുകയായിരുന്നു. പകൽ മുഴുവൻ നല്ല മഴ. കണിച്ചാർ തോടിറങ്ങി പള്ളിയിലെത്തി, പരിപാടികൾക്കുശേഷം മടങ്ങിവരുമ്പോഴും തോട്ടിൽ വെള്ളം രാവിലത്തെപ്പോലെ. എന്നാൽ, ജീപ്പ് തോടിറങ്ങി കരയ്ക്ക് കയറിയതും തോട് കവിഞ്ഞ് വെള്ളം കയറിയതും ഒരുമിച്ചാണ്. മലയിലെവിടെയോ ഉരുൾപൊട്ടിയതായിരുന്നു. ഇവിടെയും ദൈവിക ഇടപെടലിലൂടെ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു; അപ്പച്ചൻ പറയുന്നു.
തന്റെ തിരഞ്ഞെടുപ്പിനെപ്പറ്റി പിതാവ് കൂടെക്കൂടെ പറയുമായിരുന്നു. ‘മലബാറിനെ നയിക്കാൻ എളിയവനായ എന്നെ ദൈവം തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? പാലായിൽ യോഗ്യരായ ധാരാളം വൈദികരുണ്ടായിരുന്നു. പിന്നെ എന്തിനാണ് എന്നെ തിരഞ്ഞെടുത്തത്? കർത്താവ് പന്ത്രണ്ട് മുക്കുവരെയല്ലേ ശിഷ്യന്മാരായി തിരഞ്ഞെടുത്തത്. കർത്താവിന്റെ മുമ്പിൽ ആരും അഹങ്കരിക്കാതിരിക്കാനാണ് മുക്കുവരെ തിരഞ്ഞെടുത്തത്. അതായിരിക്കും എന്റെയും തിരഞ്ഞെടുപ്പിന്റെ കാരണം!’ ”നാം ദൈവത്തിന്റെ കൈയിലെ ഉപകരണം മാത്രമാണ്. നമ്മുടെ കഴിവ് ദൈവത്തിന് ആവശ്യമില്ല. പക്ഷേ ദൈവത്തിന്റെ കൈയിൽ വിധേയത്വമുള്ള ഉപകരണമായി നിന്നാൽ ബാക്കിയെല്ലാം ദൈവം നോക്കിക്കൊള്ളും.” ഇതായിരുന്നു പിതാവിന്റെ ശൈലി.
വള്ളോപ്പിള്ളി പിതാവിന്റെ ജീവിതശൈലി പിന്തുടരുന്നയാളാണ് ആർച്ച് ബിഷപ് മാർ ജോർജ് വലിയമറ്റം. ലാളിത്യവും മറ്റുള്ളവരോടുള്ള കരുതലും കാരുണ്യവുമെല്ലാം അങ്ങനെതന്നെ. ലാളിത്യം സംസാരത്തിലും ജീവിതത്തിലും ഒരുപോലെ പ്രകടമാണ്. സാധാരണക്കാരെപ്പോലെ വള്ളിച്ചെരിപ്പാണ് യാത്രയിലും അരമനയിലുമെല്ലാം പിതാവ് ഉപയോഗിക്കുന്നത്. വൈദികനായതുമുതൽ വെള്ളിയാഴ്ചകളിൽ പൂർണ ഉപവാസമാണ്അദ്ദേഹത്തിന്. പ്രാർത്ഥനയ്ക്ക് ഇത്രയേറെ സമയം ചെലവഴിക്കുന്ന പിതാക്കന്മാർ കുറവാണ്, അപ്പച്ചൻ ഓർമിക്കുന്നു.
രൂപതാ ആസ്ഥാനത്തുള്ളപ്പോഴും യാത്രയിലും പ്രാർത്ഥനയ്ക്കും വായനയ്ക്കും പിതാവ് സമയം കണ്ടെത്തുന്നു. ഇടവകകളിൽ ഔദ്യോഗിക സന്ദർശനത്തിന് പുറപ്പെടുമ്പോൾ, പുലർച്ചെ നാലുമണിക്കെങ്കിലും യാത്ര തിരിക്കും. ദേവാലയത്തിലെ ചടങ്ങുകൾ, കൂടിക്കാഴ്ചകൾ, റിക്കാർഡുകളുടെ പരിശോധന, വൃദ്ധരും രോഗികളുമായവരെ വീടുകളിലെത്തി സന്ദർശനം. എല്ലാ കഴിഞ്ഞ് രാത്രി വൈകിയായിരിക്കും മടക്കം. യാത്ര ആരംഭിക്കുന്നതിനുമുമ്പും മടങ്ങിയെത്തിയശേഷവും അരമന ചാപ്പലിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് മുടക്കിയിട്ടില്ല. വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ ചൂണ്ടിക്കാട്ടിയും സമകാലിക സംഭവങ്ങൾ വിവരിച്ചും പിതാവ് ദീർഘമായി പ്രസംഗിക്കാറുണ്ട്.
തലശേരി രൂപതാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വൈദികർക്കും അവരുടെ മുറികളിൽ വെള്ളം ചൂടാക്കാൻ ഹീറ്റർ ഉണ്ട്. പക്ഷേ, തന്റെ കുളിമുറിയിൽ അതു വയ്ക്കാൻ പിതാവ് സമ്മതിക്കില്ല. ചൂടുവെള്ളത്തിൽ കുളിക്കേണ്ട ആവശ്യം വന്നാൽ പുറത്തുനിന്നും ചൂടാക്കി വെള്ളം കൊണ്ടുവരും. ദീർഘദൂരയാത്രകളിൽ ട്രെയിനിൽ പിതാവ് രണ്ടാംക്ലാസ് സ്ലീപ്പർ യാത്രയാണ് തിരഞ്ഞെടുക്കുക. പ്രതിസന്ധികളും വിഷമതകളുമുണ്ടായാലും പുഞ്ചിരിക്കും. പ്രസന്നഭാവത്തിനും മാറ്റമുണ്ടാകില്ല.
ഒരിക്കൽ ആലുവ സെമിനാരിയിൽ തലശേരിയിൽനിന്നുള്ള വൈദിക വിദ്യാർത്ഥികളെ കാണാൻ മുൻകൂട്ടി അറിയിച്ച് പിതാവ് എത്തി. വൈദിക വിദ്യാർത്ഥികളും മറ്റും പിതാവിനെ കാത്തുനിന്നു. നിശ്ചിതസമയത്ത് പിതാവ് ഓട്ടോറിക്ഷയിൽ സെമിനാരിയിൽ വന്നിറങ്ങി. മറ്റ് രൂപതകളിൽനിന്നുള്ള വൈദികവിദ്യാർത്ഥികൾക്ക് ഇത് വലിയ അത്ഭുതമായി. പക്ഷേ, ‘പാവങ്ങളുടെ പിതാവ് ഇങ്ങനെ’യെന്നു പറഞ്ഞ് തലശേരി രൂപതക്കാർ അഭിമാനത്തോടും ആഹ്ലാദത്തോടും പിതാവിനെ സ്വീകരിച്ചു.
നാല് പതിറ്റാണ്ട് നീണ്ട ശുശ്രൂഷയിൽ ജീവിതത്തിന്റെ വിവിധ നിലകളിൽ ഉന്നതസ്ഥാനം വഹിക്കുന്ന അനവധി മഹത്‌വ്യക്തികളെ പരിചയപ്പെടാനും അവർക്ക് സാരഥിയാകാനും കഴിഞ്ഞത് അപ്പച്ചൻ ഭാഗ്യമായി കരുതുന്നു. ഇപ്പോൾ കൂത്തുപറമ്പിനടുത്ത് നിർമലഗിരിയിൽ കുടുംബസമേതം താമസം. ഭാര്യ സെലിൻ, മക്കൾ: ദീപ, ദിപിൻ (പൂന).
പ്ലാത്തോട്ടം മാത്യു

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?