Follow Us On

19

March

2024

Tuesday

ഫ്രാൻസിസ് പാപ്പയെ സങ്കടപ്പെടുത്തിയ വൈദികൻ കർദിനാൾ നിരയിൽ

ഫ്രാൻസിസ് പാപ്പയെ സങ്കടപ്പെടുത്തിയ വൈദികൻ കർദിനാൾ നിരയിൽ

വത്തിക്കാൻ: ഫ്രാൻസീസ് മാർപാപ്പ 2014 സെപ്തംബർ 21 ന് അൽബേനിയ സന്ദർശിക്കുമ്പോൾ അദേഹത്തിന്റെ മിഴികളെ ഈറനാക്കിയത് എൺപത്തിയാറുകാരനായ ഫ്രാൻസിസ്‌ക്കൻ വൈദികൻ ഡോൺ ഏണസ്റ്റ് സിമോണിയുടെ സാക്ഷ്യമായിരുന്നു. നവംബർ 19 ന് മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്ന പതിനേഴു പേരിൽ ഒരാളാണ് ഈ അൽബേനിയൻ വൈദീകൻ.കമ്മ്യൂണിസ്റ്റ് നേതാവ് എൻവർ ഹോക്‌സായുടെ കാലത്താണ് കൊടും പീഡനങ്ങളിലൂടെ അദേഹത്തിന് കടന്നുപോകേണ്ടിവന്നത്.
1963 ഡിസംബർ 24 ന് എങ്ങനെയാണ് താൻ അറസ്റ്റ് ചെയ്യപ്പെട്ടതെന്നും പിന്നീടുള്ള 27 വർഷം ജയിലിൽ എങ്ങനെയാണ് കഴിച്ചുകൂട്ടിയതെന്നും അച്ചൻ മാർപാപ്പാക്ക് മുന്നിൽ വിവരിച്ചു. മാർപാപ്പയെക്കൂടാതെ കർദിനാൾമാർ, മെത്രാന്മാർ, വൈദികർ, സന്യസ്തർ, വൈദികവിദ്യാർത്ഥികൾ, അല്മായർ എന്നിവരെ സാക്ഷി നിർത്തിക്കൊണ്ടായിരുന്നു അച്ചന്റെ അനുഭവവിവരണം.
”അറസ്റ്റ്‌ചെയ്യപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് ശേഷം ഒരു ദിവസം പട്ടാള ഓഫീസർ എന്നോട് പറഞ്ഞു. നിന്നെ ഒരു ശത്രുവിനെപ്പോലെയാണ് ഞങ്ങൾ കാണുന്നത്. അതിനാൽ ഇതിനുള്ള ശിക്ഷ നിന്നെ തൂക്കിക്കൊല്ലുക എന്നതാണ്. കാരണം നീ ജനങ്ങളോട് പറഞ്ഞിട്ടുള്ളത് ആവശ്യമെങ്കിൽ ക്രിസ്തുവിന് വേണ്ടി എല്ലാവരും കൂടി മരിക്കുമെന്നല്ലേ”
തുടർന്ന് കൊടും പീഡനത്തിന് വിധേയനാകേണ്ടിവന്നു. നിരീശ്വരവാദപ്രസ്ഥാനത്തിന്റെ വക്താക്കൾക്ക് വേണ്ടത് ക്രിസ്തുവിനെയും സഭയെയും തള്ളിപ്പറയുന്ന എന്നെയായിരുന്നു. ”പക്ഷേ ഞാൻ ഒരുവാക്കുപോലും ക്രിസ്തുവിനോ സഭയ്‌ക്കോ എതിരായി പറഞ്ഞില്ല..ഹൃദയം നിലച്ചുപോകുന്നവിധത്തിൽ അവരെന്നെ തുടർന്നുള്ള ദിവസങ്ങളിൽ പീഡിപ്പിച്ചു. മരണത്തിന്റെ ഏറ്റവും അടുത്തുവരെ ഞാനെത്തി. എന്നാൽ ദൈവത്തിന് എന്നെ ആവശ്യമായിരുന്നു. ഞാൻ ജീവിച്ചിരിക്കണമെന്നായിരുന്നു അവിടുത്തെ ആഗ്രഹം.” 18 വർഷം നിർബന്ധിത ഖനിത്തൊഴിലാളിയായും പത്തുവർഷം മലിനജലം ഒഴുകുന്ന ഓടയിലും എനിക്ക് ജോലി ചെയ്യേണ്ടി വന്നു. ഇതിനിടയിലും ഓർമ്മയിൽ നിന്ന് ലാറ്റിൻ ഭാഷയിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും കുമ്പസാരം കേൾക്കുകയും ചെയ്യുമായിരുന്നു. 1991 ൽ ഭരണകൂടത്തിന്റെ പതനത്തെതുടർന്നാണ് എനിക്ക് സ്വാതന്ത്ര്യം ലഭിച്ചതും മിനിസ്ട്രിയിലേക്ക് മടങ്ങിവന്നതും. ദൈവം പിന്നീടെന്നെ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിൽ പ്രവർത്തനനിരതനാക്കി.
അദേഹം തുടർന്നു. ‘ക്രിസ്തുവിന്റെ ഈ വലിയ ആട്ടിൻപറ്റത്തെ മേയ്ക്കുവാൻ വേണ്ട ആരോഗ്യവും ശക്തിയും അങ്ങേക്ക് ലഭിക്കട്ടെയെന്ന് പരിശുദ്ധ കന്യാമറിയംവഴി ഞാൻ കർത്താവിനോട് പ്രാർത്ഥിക്കുന്നു.” പിന്നീട് പാപ്പയുടെ നേരെ മുട്ടുകുത്തി ആ കരം ചുംബിക്കാൻ ശ്രമിച്ചു. മാർപാപ്പയാവട്ടെ ആ ഉദ്യമത്തിൽ നിന്ന് അച്ചനെ പിന്തിരിപ്പിച്ചുകൊണ്ട് അദ്ദേഹത്തെ ആലിംഗനം ചെയ്തു. തന്റെ ശിരസ് അദ്ദേഹത്തിന്റെ തോളിൽ ചേർത്ത് മാർപാപ്പ കരഞ്ഞു. ഏറെ നേരം ആ ആലിംഗനം നീണ്ടുനിന്നു. ഒടുവിൽ മാർപാപ്പ അൾത്താരയ്ക്ക് നേരെ തിരിഞ്ഞ് കണ്ണടയെടുത്ത് തൂവാലകൊണ്ട് കണ്ണും മുഖവും തുടച്ചു. അദേഹത്തെ പാപ്പ മറന്നില്ല. അതായിരിക്കാം സഭയുടെ രാജകുമാരൻ പദവിയിലേക്ക് മാർപാപ്പ അദേഹത്തെ ചേർത്തത്.
സ്റ്റാലിനിസ്റ്റ് സേച്ഛാധിപതി എൻവർ ഹോക്‌സ് 1967 ലാണ് ലോകത്തിലെ ആദ്യ നിരീശ്വരരാജ്യമായി അൽബേനിയയെ പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് ക്രൈസ്തവപുരോഹിതരും മുസ്ലീം പണ്ഡിതരും ഇക്കാലത്ത് കൊടിയ പീഡനങ്ങൾക്ക് ഇരകളായി. രണ്ടായിരത്തോളം കത്തോലിക്ക – ഓർത്തഡോക്‌സ് ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടു. 1967 മുതൽ 1990 വരെ കൊടും മതദ്രോഹപ്രവർത്തനങ്ങൾ ഇവിടെ നടന്നിരുന്നു. അൽബേനിയായിലെ ജനസംഖ്യയിൽ 56 ശതമാനം മുസ്ലീങ്ങളാണ്. റോമൻ കത്തോലിക്കർ പത്തും ഓർത്തഡോക്‌സുകാർ 6.8 ശതമാനവുമാണ്. മദർ തെരേസയുടെ പ്രശസ്തിയെ തുടർന്നാണ് അൽബേനിയായിൽ കത്തോലിക്കാ വിശ്വാസജീവിതത്തിന് പുനരുജ്ജീവനം ഉണ്ടായത്. ഇപ്പോൾ സിമോണിയച്ചനും രാജ്യത്തെ ക്രൈസ്തവ ലോകത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു.
ജേക്കെ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?