Follow Us On

31

October

2020

Saturday

ദൈവം ഞങ്ങൾക്ക് നൽകിയത് അഞ്ച് പെൺമക്കൾ, അവരിലൂടെ ദൈവം ഞങ്ങളെ വഴി നടത്തി

ദൈവം ഞങ്ങൾക്ക് നൽകിയത് അഞ്ച് പെൺമക്കൾ, അവരിലൂടെ ദൈവം ഞങ്ങളെ വഴി നടത്തി

എഴുത്തുകാരനായ ജയിംസ് ഐസക്ക്, കുടമാളൂരിന്റെ അനുഭവം
അമേരിക്കയിലെ ചിക്കാഗോ നഗരത്തിൽ രണ്ടു വർഷം ഞാൻ ജീവിച്ചു. 47 വർഷങ്ങൾക്കുമുമ്പായിരുന്നു അത്. കേരള ഗവൺമെന്റ് സർവീസിൽ ജൂനിയർ എഞ്ചിനിയർ ആയിരുന്ന ഞാൻ അമേരിക്കയിലായിരുന്ന സഹോദരിയുടെ സ്‌നേഹപൂർണമായ ഉപദേശം സ്വീകരിച്ചാണ് അമേരിക്കയ്ക്ക് പോയത്. ഭാര്യയെയും രണ്ടുവയസിൽ താഴെയുള്ള രണ്ട് പെൺകുഞ്ഞുങ്ങളെയും നാട്ടിലാക്കിയിട്ട് രണ്ടു വർഷത്തെ സ്റ്റഡി ലീവിൽ സ്റ്റുഡന്റ് വിസായിൽ പോയി. അമേരിക്കയിൽ എന്തു ജോലി ചെയ്താലും ഏതാനും വർഷങ്ങൾകൊണ്ടു ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് കേട്ടിരുന്നു. ചെന്നു കഴിഞ്ഞപ്പോഴാണ് യാഥാർത്ഥ്യം മനസിലാകുന്നത്. നാട്ടിലെ എഞ്ചിനിയറിങ്ങ്, എം.എസ്.സി എന്ന ബിരുദങ്ങൾ ഒന്നും അമേരിക്കയിൽ ഉടനടി അംഗീകരിക്കുകയില്ല. സ്വന്തം കഴിവ് പ്രകടിപ്പിക്കാൻ അവസരം കിട്ടിയാൽ മാത്രം രക്ഷപ്പെടും.
ചെറിയ ജോലികളും പഠനവുമായി ആദ്യമാസങ്ങൾ പിന്നിട്ടു. ഒരു വർഷത്തിനുള്ളിൽ ഗ്രീൻകാർഡ് ലഭിച്ചതിനാൽ അൽപം ഭേദപ്പെട്ട ജോലിയും കിട്ടി. ഭാര്യയും കുഞ്ഞുങ്ങളും അമേരിക്കയിൽ വരുന്നതിനുള്ള അപേക്ഷാഫാറം മദ്രാസിലെ യു.എസ്. കോൺസലേറ്റിൽനിന്ന് ഭാര്യയുടെ അഡ്രസിൽ ലഭിച്ചു. പക്ഷേ, അതു വേണോ എന്ന ചിന്ത ശക്തമായിത്തുടങ്ങി.
ചിക്കാഗോയിൽ സ്ഥിര താമസമാക്കിയ പലരെയും ഇതിനകം പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. മലയാളി കുടുംബങ്ങളിലെ സാഹചര്യങ്ങൾ പ്രത്യേകം നിരീക്ഷിച്ചു. എന്റെ കുടുംബത്തെ അമേരിക്കയിൽ കൊണ്ടുവരേണ്ട എന്ന തീരുമാനമാണ് ഞാൻ സ്വീകരിച്ചത്. സഹോദരി ഉൾപ്പെടെ എന്നെ പരിഹസിക്കുകയാണ് ചെയ്തത്. ഏതാനും വർഷങ്ങൾകൊണ്ട് ഉയർന്ന സാമ്പത്തിക നില കൈവരിക്കാനുള്ള ഭാഗ്യം തട്ടിനീക്കുകയാണ് ഞാൻ ചെയ്യുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.
എന്റെ തീരുമാനത്തിലേക്ക് നയിച്ച യാഥാർത്ഥ്യങ്ങൾ ഇതായിരുന്നു. അമേരിക്കയിൽ മക്കളുടെ കൗമാരപ്രായം കഴിഞ്ഞാൽ മാതാപിതാക്കൾക്ക് അവരുടെമേൽ യാതൊരു നിയന്ത്രണവും പാടില്ല. ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടുമായി അവധി ദിവസങ്ങളിൽ എവിടെയും ചുറ്റിക്കറങ്ങുന്നതിൽ ആരും കുറ്റപ്പെടുത്തുകയില്ല. ക്രിസ്തീയ ധാർമികതയ്ക്ക് ഒരു വിലയുമില്ല. കേരളീയരായ മാതാപിതാക്കൾപോലും ഇക്കാര്യത്തിൽ മക്കളെ നിയന്ത്രിക്കാനോ ശകാരിക്കാനോ ഒരുമ്പെടുകയില്ല. അഥവാ ആരെങ്കിലും ശിക്ഷിക്കുകയോ ശകാരിക്കുകയോ ചെയ്താൽ പോലിസ് നടപടികൾക്ക് വിധേയരാകേണ്ടി വരും.
മക്കളുടെ ഭാവിയോർത്ത് ഉൽക്കണ്ഠാകുലരാകുന്ന പലരെയും ഞാൻ പരിചയപ്പെടുകയുണ്ടായി. 47 വർഷം മുമ്പുള്ള കാര്യങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച് കേട്ടറിവുകളേയുള്ളൂ.
ചിക്കാഗോയിൽ എന്റെ സുഹൃത്തായിരുന്ന ഒരു പിതാവിന് രണ്ട് പെൺമക്കൾ ആയിരുന്നു. മൂത്തമകൾ 20 വയസ് തികയുംമുമ്പേ ഒരു സർദാർജിയെ സ്വീകരിച്ചു. അവൾ അധികം താമസിയാതെ കാൻസർ ബാധിച്ച് മരിച്ചു. ഇളയവളെക്കുറിച്ച് അടുത്ത നാളിൽ കേട്ടത് നാൽപത് കഴിഞ്ഞിട്ടും വിവാഹം കഴിച്ചിട്ടില്ല എന്നും വലിയ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകി കഴിയുന്നുവെന്നുമാണ്. ഒബാമയുടെ ഗ്രൂപ്പിലെ സജീവ പ്രവർത്തകയാണത്രേ അവൾ.
ക്രിസ്തീയ ധാർമികത അമേരിക്കയിലെ മലയാളി കുടുംബങ്ങളിലും അതിവേഗം ഇല്ലാതാവുകയാണ്. ആരാധനക്രമത്തിന്റെ പേരിലും പാരമ്പര്യം, തനിമ എന്നിവയുടെ പേരിലും ഉറക്കെ ശബ്ദിക്കാനും വിഭാഗീയത ഉണ്ടാക്കാനും താൽപര്യമുള്ളവർ പലരും കുടുംബങ്ങളിൽ ധാർമികത വളർത്താൻ താൽപര്യം കാണിക്കുന്നില്ല. നല്ലവരായി തുടരാൻ ആഗ്രഹിക്കുന്ന കേരളീയ കുടിയേറ്റക്കാരിലെ യുവജനങ്ങൾ പെന്തക്കോസ്ത് സമൂഹങ്ങളിൽ ചേക്കേറുവാനാണ് താൽപര്യം. അവരെ കുറ്റപ്പെടുത്താനാവില്ല.
അമേരിക്കയിൽ രണ്ടു വർഷത്തെ ജീവിതത്തിൽനിന്ന് പലതും മനസിലാക്കാൻ കഴിഞ്ഞു. ആരോഗ്യം ശരിയെങ്കിൽ ഏതു ജോലി ചെയ്തും ഉയരാം. പ്രായമായാൽ മക്കളിൽനിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.
രണ്ടു വർഷം പൂർത്തിയായപ്പോൾ നാട്ടിൽ ഉണ്ടായിരുന്ന ജോലിയിൽ പ്രമോഷൻ ആയി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയർ പോസ്റ്റ് ലഭിച്ചു. ഭാര്യയും മക്കളുമായി നാട്ടിൽത്തന്നെ കഴിയാൻ തീരുമാനിച്ചുകൊണ്ട് മടങ്ങി. ഈ അവസരത്തിൽ പ്രായമായ എന്റെ അമ്മയെയും സഹോദരി ചിക്കാഗോയിൽ വരുത്തിയിരുന്നു. ഞാനും അമ്മയും കൂടി ന്യൂയോർക്കുവഴി നാട്ടിലേക്ക് മടങ്ങി. അമേരിക്കയിൽ ജീവിതത്തോട് വിട പറഞ്ഞതിൽ ഒട്ടും ഖേദം തോന്നിയില്ല.
നാട്ടിൽ എത്തി അധ്കം താമസിയാതെ മൂന്നാമത്തെ മകൾ ഉണ്ടായി. കുടമാളൂരിൽ സ്ഥലം വാങ്ങി വീടുവച്ച് താമസം തുടങ്ങുമ്പോൾ ഞാനും ഭാര്യയും മൂന്നു മക്കളും കൂടാതെ വിധവയായ അമ്മയും ആയി എന്റെ കുടുംബം. മൂന്നാമത്തെ മകൾക്ക് എട്ട് വയസായപ്പോൾ കുടമാളൂർ മുത്തിയമ്മയുടെ അനുഗ്രഹം എന്നു ഞാൻ വിശ്വസിക്കുന്നു, ഇരട്ടകളായി രണ്ടു പെൺമക്കൾകൂടി ഉണ്ടായി.
അഞ്ച് പെൺമക്കളുള്ള ഞങ്ങളോട് സഹതപിച്ചവർ ഉണ്ടായിരുന്നു. ചില സുഹൃത്തുക്കൾ എന്റെ ഭാര്യയുടെ ഗർഭകാലത്ത് ഗർഭഛിദ്രത്തെക്കുറിച്ച് പുകഴ്ത്തിക്കൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പിക്കാൻ അബോർഷൻ ഉപദേശിച്ചത് ഓർക്കുന്നു. അപ്രകാരം ഉപദേശിച്ച ഒരു എഞ്ചിനിയർ അടുത്ത വർഷം ഹൃദയാഘാതംമൂലവും ഏകമകൻ ബ്ലഡ് കാൻസർമൂലവും മരിക്കുകയും ചെയ്തപ്പോൾ രണ്ടു പ്രാവശ്യം ഭ്രൂണഹത്യ നടത്തിയത് മരിച്ചയാളിന്റെ വിധവ പശ്ചാത്താപത്തോടെ തുറന്നു പറയുകയുണ്ടായി. ധാർമികതയ്ക്ക് വില കൽപിക്കുന്നവർക്ക് മാത്രമേ മക്കളെ ദൈവത്തിന്റെ ദാനമായി കാണാൻ കഴിയൂ.
ഞങ്ങളെ സംബന്ധിച്ചിടത്തോളം കുടുംബത്തിൽ സമാധാനവും സന്തോഷവും മാത്രമാണ് മക്കളിൽനിന്ന് ലഭിച്ചുകൊണ്ടിരുന്നത്. കുടമാളൂർ ഇടവകയിലെ മലയാളം മീഡിയം സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചപ്പോഴും വിമർശിച്ചവർ ഉണ്ടായിരുന്നു. എന്തുകൊണ്ട് പട്ടണത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ പഠിപ്പിച്ചില്ല എന്നായിരുന്നു അവരുടെ ചോദ്യം. ദൈവാനുഗ്രഹം എന്നു പറയട്ടെ, എന്റെ മക്കൾ അഞ്ചുപേരും പഠിക്കാൻ മിടുക്കരും സൽസ്വഭാവികളുമായിരുന്നു.
മൂത്തമകൾ വിമല കോട്ടയം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പാസായി ഇപ്പോൾ കാരിത്താസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. രണ്ടാമത്തൾ മകൾ നിർമല കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് എം.എസ്‌സി പാസായി പൂനെ നാഷണൽ കെമിക്കൽ ലാബോറട്ടറിയിൽനിന്ന് പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി. ഇപ്പോൾ തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് റിസേർച്ച് ടെക്‌നോളജിയിൽ പ്രഫസറാണ്. മൂന്നാമത്തെ മകൾ സുശീല മണർകാട് ഇൻഫന്റ് ജീസസ് ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപിക.
എം.എസ്‌സിയും ബി.എഡും പാസായി. ഒടുവിൽ ജനിച്ച ഇരട്ടകളിൽ ഒരാളായ ആൻജല കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് കഴിഞ്ഞ് ഗവൺമെന്റ് സർവീസിൽ ഡോക്ടർ. അടുത്തയാൾ അമല മൈസൂരിൽനിന്ന് സ്പീച്ച് ആന്റ് ഹിയറിംഗിൽ എം.എസ്‌സി പാസായി ഇപ്പോൾ കാലിഫോർണിയായിൽ ജോലി ചെയ്യുന്നു. അഞ്ചുമക്കളും വിവാഹിതരായി. ഞങ്ങൾക്ക് പത്ത് പേരക്കുട്ടികൾ. നാലു പെൺമക്കളും ആറ് ആൺമക്കളും. ദൈവം തന്ന സന്തോഷത്തിനും സമാധാനത്തിനും നന്ദി പറയുന്നു.
അമേരിക്കൻ ജീവിതത്തെക്കുറിച്ച് ഇപ്പോൾ കേൾക്കുന്ന വാർത്തകൾ എപ്പോഴും ചിന്ത ഉളവാക്കുന്നു. കുടുംബജീവിതം അമേരിക്കയിൽ വേണ്ട എന്ന എന്റെ തീരുമാനം ദൈവം എനിക്കായി കാരുണ്യപൂർവം നിശ്ചയിച്ചതുതന്നെ എന്ന് വിശ്വസിക്കുന്നു.
കോട്ടയത്ത് പ്രശസ്തമായ കുടുംബത്തിൽ അംഗമായ എന്റെ സുഹൃത്ത് അമ്പതു വർഷങ്ങളായി ന്യൂയോർക്കിൽ ഡോക്ടറാണ്. അദ്ദേഹം വാർധക്യകാലത്ത് കഴിയുവാൻ കോട്ടയത്ത് മനോഹരമായ ഒരു വില്ല വാങ്ങി. രണ്ടുമക്കളും അമേരിക്കയിൽത്തന്നെ. അടുത്ത നാളിൽ നേരിട്ടു കണ്ടപ്പോൾ ഞാൻ മക്കളുടെ കാര്യം അന്വേഷിച്ചു. മൂത്തമകൻ വിവാഹം ചെയ്തു, രണ്ടു വർഷത്തിനുള്ളിൽ ഡിവോഴ്‌സ് നടത്തി. ഇപ്പോൾ അടുത്ത വിവാഹത്തിന് അന്വേഷണം തുടരുന്നു. രണ്ടാമത്തെ മകന് 40 വയസ് കഴിഞ്ഞിട്ടും വിവാഹം വേണ്ട എന്നാണ് തീരുമാനം.
എന്റെ അടുത്ത ബന്ധുവായ ഒരു യുവാവ് അമേരിക്കയിൽ എത്തി അധികം താമസിയാതെ യഹോവയുടെ സാക്ഷികൾ എന്ന സഭയിൽ അംഗമായി ഒരു മലയാളി യുവതിയെ വിവാഹം ചെയ്തു. രണ്ടു പെൺമക്കളിൽ മൂത്തയാളിന്റെ വിവാഹം അമേരിക്കയിലും നാട്ടിലും വലിയ ആഘോഷമാക്കി. ഒരു യഹൂദയുവാവായിരുന്നു വരൻ. ആറുമാസം കഴിഞ്ഞപ്പോൾ അവർ വിവാഹമോചനവും നേടി.രണ്ടാമത്തെ മകളുടെ വിവാഹവും ആഘോഷത്തോടെ നടത്തി. ഭർത്താവ് ഒരു ജപ്പാൻകാരൻ. നല്ല ബന്ധമാണെന്ന് കേൾക്കുന്നു.
രണ്ടുവർഷംമുമ്പ് എന്റെ അടുത്ത സുഹൃത്തിന്റെ മകൻ അമേരിക്കയിൽനിന്ന് നാട്ടിൽ വന്നു. കേരളത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. ഈ വിവാഹത്തിന്റെ മനസ്സമ്മത ചടങ്ങിൽ ഒരു രൂപതാധ്യക്ഷൻതന്നെ വിശുദ്ധ കുർബാനയർപ്പിച്ച് പ്രസംഗിച്ചു. വിവാഹത്തിന് കാർമികത്വം വഹിച്ചത് ഒരു രൂപതയിലെ വികാരി ജനറാൾ ആയിരുന്നു. രണ്ടുമാസം കഴിഞ്ഞാണ് വധു അമേരിക്കയിൽ ഭർത്താവിന്റെ അടുത്ത് പറന്നെത്തിയത്. കേവലം ഒരാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവ് അറിയാതെ നവവധു കേരളത്തിൽ മടങ്ങിയെത്തി. ഇപ്പോൾ സഭാകോടതിയിലും സിവിൽ കോടതിയിലും കേസ് നടക്കുന്നു.
മറ്റൊരു സുഹൃത്ത് രണ്ട് ആൺമക്കളും അമേരിക്കയിലാണെന്ന് വലിയ അഭിമാനപൂർവം പറഞ്ഞിരുന്നു. അടുത്ത കാലത്ത് കണ്ടുമുട്ടിയപ്പോൾ അത്ര സന്തോഷം ഇല്ല. നാൽപതു കഴിഞ്ഞിട്ടും മക്കൾക്ക് വിവാഹം വേണ്ട എന്നാണ് പറയുന്നത്.
ബൈബിളിൽ കൂടുതൽ മക്കൾ ജനിക്കുന്നത് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമാണെന്നാണ് കാണുന്നത്. എന്നാൽ ഇന്ന് വിവാഹം എന്നത് വലിയ ബാധ്യതയായി മനുഷ്യൻ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ ചില ജീവികൾ കോടാനുകോടി വർഷങ്ങൾകൊണ്ട് രൂപഭേദം വന്നതായും ചില ജീവികളും സസ്യങ്ങളും വംശനാശം സംഭവിച്ചതായും സൂചിപ്പിക്കുന്നു. അമേരിക്കൻ കുടുംബജീവിതമേഖലയിൽ സംഭവിക്കുന്ന മാറ്റങ്ങൾ പരിണാമവാദം ശരിയാണെന്ന് തെളിയിക്കുകയാണ്. മനുഷ്യവംശത്തിനും നാശം സംഭവിക്കാം.
ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം – എന്റെ സഹോദരിയുടെ പുത്രൻ – ഇപ്പോൾ ഒരു പെന്തക്കോസ്തുപാസ്റ്റർ – ഫോണിലൂടെ വിവരിച്ചതാണ്.അടുത്ത് പരിചയമുള്ള ഒരു കേരളീയ വീട്ടമ്മ സ്വന്തം മകന്റെ വിവാഹത്തിന് ക്ഷണിച്ചു. പാസ്റ്റർ ആയതുകൊണ്ട് പ്രാർത്ഥിക്കാൻ ക്ഷണിച്ചതാണെന്ന് കരുതി. കൂടുതൽ അന്വേഷണത്തിന് മുതിരാതെ നിശ്ചിത സമയത്ത് വിവാഹത്തിന് ചെന്നപ്പോൾ അറിയുന്നത് അതൊരു സ്വവർഗവിവാഹം ആയിരുന്നുവത്രേ. വരനും വധുവും പുരുഷവർഗം. ഒരു യഹൂദ യുവാവാണ് വധുവിന്റെ സ്ഥാനത്ത് നിന്നത്. ഈ വൃത്തികേടുകൾ പരസ്യമായി നടത്താൻ ലജ്ജയില്ലാതായിരിക്കുന്നു കേരളീയ ക്രൈസ്തവർക്ക്. അമേരിക്കയിൽ സ്വവർഗകൂട്ട് ജീവിതത്തിന് അംഗീകാരം ലഭിച്ചു തുടങ്ങിയിരിക്കുകയാണ്.
ക്രിസ്തീയ ധാർമികത കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ വലിയ പാരമ്പര്യം അവകാശപ്പെടുന്ന കേരള ക്രൈസ്തവ സമൂഹത്തിലും ലജ്ജാകരമായ സംഭവങ്ങൾ ഉണ്ടായേക്കാം.കത്തോലിക്ക സഭയുടെ പഠനങ്ങൾക്ക് പ്രാധാന്യം നൽകി ധാർമികത പാവനമായി കാത്തുസൂക്ഷിക്കുന്ന കുടുംബങ്ങൾ മാത്രമേ ഇനിയുള്ള കാലം ദീർഘനാൾ നിലനിൽക്കുകയുള്ളൂ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?