Follow Us On

14

August

2022

Sunday

ആറു കോടി ജനതയുടെ അപ്പസ്‌തോലൻ

ആറു കോടി ജനതയുടെ അപ്പസ്‌തോലൻ

ഭാരതത്തിൽ ബധിരരായി ജീവിക്കുന്നവരുടെ എണ്ണം ആറുകോടിയിൽ അധികം വരുമെന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ നിരീക്ഷണത്തിൽ, ഒരു കുഞ്ഞ് പിറവിയിൽത്തന്നെ ബധിരനായിത്തീരുവാൻ ഏറെ കാരണങ്ങളുണ്ട്.
ഗർഭാവസ്ഥയിലുള്ള അമ്മയുടെ ചില രോഗാവസ്ഥകൾ, ചില പ്രത്യേകതരം മരുന്നുകളുടെ ഉപയോഗം, ജനിതകമായ കാരണങ്ങൾ തുടങ്ങി അടുത്ത ബന്ധത്തിൽപെട്ടവർ തമ്മിലുള്ള വിവാഹം വരെ കുഞ്ഞുങ്ങളുണ്ടാകുമ്പോൾ കേൾവിയിൽ വൈകല്യം കാണപ്പെടുവാനുള്ള കാരണങ്ങളായി മാറിയേക്കാം. ഇന്ത്യയിൽ ശബ്ദമില്ലാതായിത്തീരുന്ന ഇത്തരം വലിയൊരു സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന അനേകരുണ്ട്. നിസ്വാർത്ഥ മനസ്‌കരായി ഇവർക്കിടയിൽ പ്രവർത്തിക്കുന്ന അവരിലൂടെ ബധിരസമൂഹം വളരെയേറെ വളർന്നിരിക്കുന്നു.
സ്വന്തമായി ജോലി കണ്ടെത്തുന്നതിനും പരാശ്രയമില്ലാതെ ജീവിക്കുവാനും വലിയ നേട്ടങ്ങൾ കരസ്ഥമാക്കുവാനും ഈ സമൂഹത്തിൽ അനേകർക്ക് കഴിഞ്ഞിരിക്കുന്നത് ഇവർക്കിടയിൽ പതിറ്റാണ്ടുകളായി നടന്നുവരുന്ന ശാസ്ത്രീയ സമീപനങ്ങളുടെ ഫലമായാണ്.
എന്നാൽ, പ്രത്യേകിച്ചും ഭാരത കത്തോലിക്ക സഭയുടെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ നിശബ്ദ ലോകത്ത് ജീവിക്കുന്ന അനേകായിരങ്ങൾക്കിടയിൽ കഴിഞ്ഞ കാലങ്ങളിൽ പറയത്തക്കതായ പ്രവർത്തനങ്ങൾ ഒന്നുംതന്നെ ആസൂത്രണം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഈ അവസരത്തിൽ ചിന്തനീയമാണ്. സാമൂഹികവും ഭൗതികവുമായ ഉന്നമനത്തെക്കാൾ അതീതമായി ആത്മീയ പരിപോഷണത്തിന്റെ കാര്യത്തിൽ ഇത്തരത്തിൽ ഒരു വിഭാഗം വിസ്മരിക്കപ്പെടുന്നുവെന്നത് ദൗർഭാഗ്യകരമായ ഒരു വസ്തുതയാണ്.
ഏകദേശം രണ്ട് പതിറ്റാണ്ടോളമായി ബധിരരായ വലിയ ജനവിഭാഗങ്ങൾക്കിടയിൽ ദൈവനിയോഗമെന്നവണ്ണം പ്രവർത്തിക്കുകയും അനേക വിശ്വാസികൾക്ക് സത്യദൈവത്തിന്റെ സദ്വാർത്ത പരിചയപ്പെടുത്തുകയും ചെയ്തുവരുന്ന വൈദികനാണ് ഫാ. ബിജു ലോറൻസ് മൂലക്കര. ഹോളി ക്രോസ് സഭാംഗവും വിജയപുരം രൂപതയിലെ ചെങ്ങളംപള്ളി വികാരിയുമാണ് അദ്ദേഹം. തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിൽ പ്രസ്തുത ദൗത്യം ഒരു ദൈവഹിതമെന്ന് തിരിച്ചറിഞ്ഞ് ഈ രംഗത്തേക്കിറങ്ങിയ അദ്ദേഹം ഇന്ന് കേരളത്തിൽ നൂറുകണക്കിന് ബധിരരായ സഭാമക്കൾക്ക് ആത്മീയ സാന്ത്വനം പകരുന്നതോടൊപ്പം പക്വമായ ആത്മീയ ബോധ്യങ്ങളിലേക്ക് അവരെ കൈപിടിച്ചു നടത്തുകയും അവർക്കായി കൂദാശകൾ പരികർമം ചെയ്യുകയും ചെയ്യുന്നു.
പൂനെ പേപ്പൽ സെമിനാരിയിൽ ഫിലോസഫി വിദ്യാർത്ഥിയായിരിക്കെയാണ് ഫാ. ബിജു ഒരു കനേഡിയൻ ഹോളിക്രോസ് വൈദികനായ ഫാ. ഹാരി സ്റ്റോക്ക്‌സിനെ പരിചയപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടുകളായി ഭാരതത്തിൽ ശ്രവണ വൈകല്യമുള്ളവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന മിഷനറിയായിരുന്നു അദ്ദേഹം. ആ കാലയളവിനുള്ളിൽ സഭാമക്കളായ അനേകായിരങ്ങൾക്കിടയിൽ അവരുടെ ശ്രവണവൈകല്യങ്ങളെ അതീജിവിച്ച് ജീവിതത്തിൽ മുന്നേറുവാൻ പ്രവർത്തിച്ചിരുന്ന അദ്ദേഹം ഭാരതത്തിലും പുറത്തും ഈ മേഖലയിലുള്ള ഏറെ സംഘടനകളുടെയും പ്രൊജക്ടുകളുടെയും സാരഥികൂടിയായിരുന്നു. യുവവൈദികർക്കും സമർപ്പിതർക്കും ഇടയിൽനിന്ന് തന്റെ പ്രവർത്തനങ്ങൾക്ക് യോജ്യമായ ഒരു പിൻഗാമിയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പൂനെ സെമിനാരിയിലും എത്തുന്നത്.
പല സന്യാസഭവനങ്ങളിലും സെമിനാരികളിലും തന്റെ ആശയം അവതരിപ്പിച്ച ഫാ. ഹാരി സ്റ്റോക്ക്‌സിന് തുടർപരിശീലനം നൽകുവാനായി 21 കോൺഗ്രിഗേഷനുകളിൽനിന്നായി അനേകരെ ലഭിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കഠിനമായ പരിശീലന ഘട്ടങ്ങൾക്കൊടുവിൽ പത്തോളം പേർ മാത്രമായിരുന്നു അവശേഷിച്ചത്. അവരിൽനിന്ന് തന്റെ ഏറെ ഉത്തരവാദിത്വങ്ങളുടെ തുടർച്ചയ്ക്കായി അദ്ദേഹം തിരഞ്ഞെടുത്തത് ഫാ. ബിജുവിനെയായിരുന്നു.
താൻ ഇത്തരമൊരു ദൗത്യം ഏറ്റെടുക്കാൻ പോകുന്നതിനെ ഹോളിക്രോസ് സഭാനേതൃത്വവും സുഹൃത്തുക്കളും കുടുംബാംഗങ്ങളും തെല്ല് കൗതുകത്തോടെയാണ് വീക്ഷിച്ചിരുന്നത് എന്ന് ഫാ. ബിജു ഓർമിക്കുന്നു. എന്നാൽ ഫിലോസഫി കഴിഞ്ഞതോടെതന്നെ അദ്ദേഹം ഈ മേഖലയിൽ സജീവമായിത്തുടങ്ങി. ഒഴിവു സമയങ്ങളിലും ഞായറാഴ്ചകളിലും ബധിര വിദ്യാലയങ്ങളിൽ പോവുകയും സൈൻ ലാംഗ്വേജിലൂടെ അവരുമായി സംവദിക്കുകയും ക്ലാസുകൾ എടുക്കുകയും ചെയ്തുപോന്നു. ഫാ. ഹാരി സ്റ്റോക്ക്‌സ് അഭ്യസിപ്പിച്ച സൈൻ ലാംഗ്വേജ് അടക്കമുള്ള കാര്യങ്ങൾ പ്രാവർത്തികമാക്കുവാൻ അദ്ദേഹം ഏറെ തീക്ഷ്ണത പുലർത്തിയിരുന്നു.
എട്ടുവർഷംമുമ്പ് 2008 ഒക്‌ടോബർ 29-ന് ഫാ. ബിജു പൗരോഹിത്യം സ്വീകരിച്ചശേഷം ആദ്യമായി അർപ്പിച്ച ദിവ്യബലി സൈൻ ലാംഗ്വേജിലായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഈ ശുശ്രൂഷാമേഖലയോടുള്ള തികഞ്ഞ തീക്ഷ്ണതയുടെ വെളിപ്പെടുത്തലായിരുന്നു. മാതാപിതാക്കൾക്കും ബന്ധുക്കൾക്കും അൽപം വിഷമകരമായിരുന്നു അദ്ദേഹത്തിന്റെ ആ തീരുമാനം.
എന്നാൽ തനിക്കുമേലുള്ള ദൈവനിയോഗത്തെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നതിനാലും വിശിഷ്യാ തന്റെ ഗുരുകൂടിയായ ഫാ. ഹാരി സ്റ്റോക്ക്‌സിന്റെ ആഹ്വാനപ്രകാരവും തന്റെ പുത്തൻകുർബാന ഫാ. ബിജു ബാംഗ്ലൂരിലുള്ള ഒരു ബധിരസമൂഹത്തിനു മുന്നിൽ അവർക്കായി അർപ്പിക്കുകയാണുണ്ടായത്. അന്നുമുതൽ ഇന്നോളവും ഫാ. ബിജുവിന് ബധിര സമൂഹങ്ങൾക്കിടയിലുള്ള ഈ വലിയ പ്രേഷിതപ്രവർത്തനം അദ്ദേഹത്തിന്റെ ഒരു പേഴ്‌സണൽ മിനിസ്ട്രിതന്നെയാണ്. ഹോളിക്രോസ് കോൺഗ്രിഗേഷൻ ഇന്ന് ഈ ദൗത്യത്തെ തികഞ്ഞ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം ഓർമിക്കുന്നു. തുടർ കാലങ്ങളിൽ ഈ രംഗത്ത് തന്റെ സന്യാസസഭയുടെ സജീവമായ പിന്തുണയോടെ ഈ മിഷൻ കൂടുതൽ പേർക്ക് അനുഗ്രഹമാകുന്ന രീതിയിൽ വളർത്തിയെടുക്കുവാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
ഫാ. ഹാരി സ്റ്റോക്ക്‌സ് സി.എസ്.സി എന്ന കനേഡിയൻ മിഷനറിയുടെ പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തന ചരിത്രത്തിൽ അദ്ദേഹത്തിന്റെ നേട്ടങ്ങൾ അനവധിയാണ്. പല ഏഷ്യൻ രാജ്യങ്ങളിലും കാനഡയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചിരുന്നു. നിശബ്ദതയുടെ തടവറയിൽനിന്ന് അദ്ദേഹം കരം പിടിച്ചുയർത്തിയവർ അനവധിയാണ്. അദ്ദേഹം കണ്ടെത്തി പരിശീലിപ്പിക്കുകയും പിൽക്കാലത്ത് ഒരു സന്യാസിനിയായിത്തീരുകയും ചെയ്ത ശ്രീലങ്കയിൽനിന്നുള്ള സിസ്റ്റർ ദമയന്തി ഒരു ഉദാഹരണമാണ്. ബധിരയായ അവർ ഇന്ന് തന്റേതിന് സമാനമായ കുറവുകളാൽ നിരാശയിൽ കഴിയുന്ന അനേകർക്ക് വഴിവിളക്കായി മാറിയിരിക്കുന്നു.
ഹോളിക്രോസ് സഭാംഗം തന്നെയായിരുന്ന ഫാ. ഹാരി 2013-ൽ അന്തരിച്ചതോടെ ഇന്ന് ആ സഭാസമൂഹത്തിൽ ഈ ഉത്തരവാദിത്വം കയ്യാളുന്ന ഒരേയൊരൾ ഫാ. ബിജു മാത്രമാണ്. തന്റെ ഗുരുവായ ഫാ. ഹാരി സ്റ്റോക്ക്‌സിന്റെ ജീവിതം പ്രചോദനമായി ഉൾക്കൊണ്ട് ഇനിയുമേറെ സഞ്ചരിക്കുവാൻ അദ്ദേഹം തയാറെടുക്കുന്നു.
ശ്രാവ്യവൈകല്യമുള്ളവർക്കായി പ്രവർത്തിക്കുന്ന ചില കത്തോലിക്ക സംഘടനകളിൽ ഫാ. ഹാരി സ്റ്റോക്ക്‌സിന്റെ ഇടപെടലുകളുടെ തുടർച്ചയെന്നവണ്ണം ഫാ. ബിജുവും പ്രവർത്തിക്കുന്നു. നാലുവർഷമായി വിജയപുരം രൂപതയ്ക്ക് കീഴിലുള്ള ചെങ്ങളം സെന്റ് ജോസഫ് ദൈവാലയത്തിന്റെ വികാരിയായി ശുശ്രൂഷ ചെയ്യുന്ന അച്ചൻ തന്റെ സവിശേഷമായ ശുശ്രൂഷകൾ കേരളത്തിനകത്തും പുറത്തുമുള്ള അനേകർക്കായി ചെയ്തുവരുന്നു.
പാലാ മണ്ണക്കനാട് സ്ഥിതി ചെയ്യുന്ന ഒ.എൽ.സി ഡഫ് ഹൈസ്‌കൂളിലെ കുട്ടികൾക്കൊപ്പം ചെലവഴിക്കുന്നതിനായി ഫാ. ബിജു പതിവായി അവിടെ എത്താറുണ്ട്. നൂറോളം കുട്ടികൾ പഠിക്കുന്ന അവിടെ ഭൂരിപക്ഷം വരുന്ന കത്തോലിക്കരായ കുഞ്ഞുങ്ങൾക്കായി അദ്ദേഹം മാസത്തിലൊരിക്കൽ സൈൻ ലാംഗ്വേജിൽ വിശുദ്ധ കുർബാനയർപ്പിക്കുകയും അവരെ കുമ്പസാരിപ്പിക്കുകയും ചെയ്യുന്നു. ആത്മീയ കാര്യങ്ങളിലുള്ള അറിവുകൾ അവർക്കായി പങ്കുവയ്ക്കുന്നതിനായി അദ്ദേഹം ഏറെ സമയം ചെലവഴിക്കുന്നു. നന്മയുടെ സന്ദേശം പങ്കുവയ്ക്കുന്നതിലൂടെ ആത്മീയ പക്വതയിൽ ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾ വളരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് തന്റെ ഉത്തരവാദിത്വമെന്ന് അദ്ദേഹം തിരിച്ചറിയുന്നു.
വിശുദ്ധ കുർബാന, കുമ്പസാരം തുടങ്ങിയ കൂദാശാസ്വീകരണങ്ങൾക്കുള്ള അവസരങ്ങൾ ഇവർക്ക് ലഭിക്കാത്തത് ആത്മീയ ജീവിതത്തിൽ ഇവർ നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറയുന്നു. അതിനാൽതന്നെ ഫാ. ബിജുവിന്റെ കൂടിയ ശ്രദ്ധ ഇവർ കൂദാശാജീവിതത്തിൽനിന്ന് അകന്നുപോകാതിരിക്കുവാനായാണ്. അതിനായി ധ്യാനങ്ങളും ബൈബിൾ ക്ലാസുകളും അവർക്ക് നൽകുവാൻ അദ്ദേഹം ഉത്സുകനാണ്. ഇന്ന് ഇത്തരത്തിൽ ബധിരരായ സഭാമക്കൾക്കിടയിൽ കടന്നുചെന്ന് ശുശ്രൂഷ ചെയ്യുവാൻ സന്നദ്ധരും പരിശീലനം സിദ്ധിച്ചവരും വളരെ വിരളമായതിനാൽത്തന്നെ, തന്റെ തുടർന്നുള്ള കാലത്തെ സേവനങ്ങൾ ഏതെങ്കിലും ഒരു സ്ഥാപനം രൂപീകരിച്ച് അവിടെ കേന്ദ്രീകരിക്കുന്ന രീതിയിൽ ആവില്ല എന്ന് അദ്ദേഹം പറയുന്നു. വിവിധ ദേശങ്ങളിൽ തന്നാലാവുംവിധം എത്തിച്ചേർന്ന് സേവനം ആവശ്യമുള്ളവർക്കൊപ്പമായിരിക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നു.
പക്ഷേ, ഇത്തരത്തിൽ അനേകരെ ഈ രംഗത്തേക്ക് ആകർഷിക്കുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും മറ്റുമായി ഒരു സംവിധാനം രൂപീകരിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതോടൊപ്പം ശ്രാവ്യവൈകല്യമുള്ളവർക്കായി ഒരു അഗതിമന്ദിരവും അദ്ദേഹത്തിന്റെ സ്വപ്നമാണ്. ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ടിട്ടുള്ള നൂറുകണക്കിന് വൃദ്ധസദനങ്ങളിൽ ഇത്തരത്തിലുള്ള അനേകർ കടുത്ത ഒറ്റപ്പെടലിൽ കഴിഞ്ഞുകൂടുന്ന ദുരവസ്ഥ വിസ്മരിക്കത്തക്കതല്ലെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ഇവരെ ഒരുമിച്ച് ഒരു സദനത്തിൽ പാർപ്പിക്കുവാൻ കഴിഞ്ഞാൽ അവർക്ക പരസ്പരം ആശയവിനിമയം നടത്തുവാനും അവർക്ക് സഹായമായി പരിചയമുള്ളവരെ നിയോഗിക്കുവാനും കഴിയും. അത്തരത്തിൽ അനേക ആത്മാക്കൾക്ക് സാന്ത്വനം പകരുവാൻ ഇത്തരമൊരു സംവിധാനംകൊണ്ട് സാധിക്കുമെന്നതും ഫാ. ബിജുവിന്റെ ആത്മവിശ്വാസമാണ്.
അതോടൊപ്പം ഇത്തരത്തിലുള്ള ഒരു വലിയ സമൂഹം അഭിമുഖീകരിക്കുന്ന മറ്റുചില അപര്യാപ്തതകൾക്കും സമീപഭാവിയിൽ പരിഹാരം കണ്ടെത്തുവാൻ കഴിയുമെന്ന് ഫാ. ബിജു പ്രതീക്ഷിക്കുന്നു. ഇത്തരം യുവതിയുവാക്കൾക്ക് ഒരു വിവാഹ ഒരുക്ക സെമിനാർ നടത്തുന്നതിനോ ഇവരുടെ കുടുംബങ്ങളിൽ ഉണ്ടാകുന്നതും വ്യക്തിപരമായതുമായ പ്രശ്‌നങ്ങളിൽ വൈദഗ്ദ്യത്തോടെ ആരെങ്കിലും ഇടപെടുന്നതിനും മറ്റുമുള്ള സംവിധാനങ്ങളും ഇന്ന് കേരളത്തിൽ ഇല്ല. ഇത്തരം ആവശ്യങ്ങളെയെല്ലാം ഗൗരവമായി കണ്ടുകൊണ്ട് അനേകം കരങ്ങൾ തനിക്കൊപ്പം ഒന്നുചേരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
ഇത്തരം ഒരുപിടി ലക്ഷ്യങ്ങൾ മുന്നിൽകണ്ടുകൊണ്ട് അനേകർക്ക് ആശ്രയമാകുന്ന സംവിധാനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുവാൻ കഴിയുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അതേസമയം ഈ പദ്ധതികൾ എത്രമാത്രം വിജയിക്കും എന്നിങ്ങനെയുള്ള അനവധി ചോദ്യങ്ങൾ തനിക്കുമുന്നിൽ ഉയരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ഈ കാര്യത്തിന്റെ ആവശ്യകതയും ഒരിക്കലും കുറയാത്ത പ്രാധാന്യവുമാണ് നാം പരിഗണിക്കേണ്ടതെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ ആധുനിക കാലത്ത് വിശ്വാസജീവിതം ഭൗതിക പ്രതിസന്ധികളാൽ ഞെരുങ്ങുമ്പോൾ, ഇത്തരമൊരു സമൂഹത്തിന്റെ ആവശ്യങ്ങളിലും ആത്മീയ നേട്ടങ്ങളിലും ഒന്നുപോലെ നമ്മുടെ പിന്തുണ ആവശ്യമാണെന്ന സത്യം നാം വിസ്മരിച്ചുകൂടാ.
സഭയുടെ ഭാഗത്തുനിന്ന് പൊതുവായൊരു സംവിധാനം ഇവർക്കുവേണ്ടി രൂപീകരിക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും ഫാ. ബിജു ഓർമിപ്പിക്കുന്നു. രൂപതകൾതന്നെ ഈ വിഷയത്തിൽ വ്യക്തമായ ലക്ഷ്യങ്ങളോടെ മുന്നോട്ട് വന്ന് ഇത്തരക്കാരെ ഒരുമിച്ചുകൂട്ടി പതിവായി അജപാലനപരവും ആത്മീയവുമായ ആവശ്യങ്ങൾക്കനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്.
ഓരോ രൂപതയിലും ഇത്തരമൊരു സംവിധാനമുണ്ടെങ്കിൽ ഈ മേഖലയിൽ പ്രവർത്തിക്കുവാൻ തൽപരരായ അനേകർ കടന്നുവരികയും ചെയ്യുമെന്ന് അച്ചൻ ഓർമിപ്പിക്കുന്നു. ഇന്ന് ഈ രംഗത്തേക്ക് അധികം പേർ കടന്നുവരാത്തതിന്റെ കാരണങ്ങളിൽ ഒന്ന്, നിശ്ചയമായും വശപ്പെടുത്തേണ്ട ആംഗ്യഭാഷയുടെ അഭ്യസനം ശ്രമകരമായതിനാലാണ്. അതോടൊപ്പം ബധിരസമൂഹത്തിൽ മിക്കവാറും പേർ സാധാരണക്കാരും പാവപ്പെട്ടവരും ആയതിനാൽത്തന്നെ ഇടപെടലുകൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ പലപ്പോഴും ലഭ്യമല്ലാത്തതും മറ്റൊരു കാരണമാണ്. രൂപതകളുടെയും വിവിധ സഭാസമൂഹങ്ങളുടെയും സംഘടനകളുടെയും വ്യക്തമായ ഇടപെടലുകൾ വഴിയായി ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുവാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
ശ്രവണവൈകല്യമുള്ളവർക്കുവേണ്ടിയുള്ള തന്റെ ഒരു പതിറ്റാണ്ട് നീണ്ട പ്രവർത്തന ചരിത്രത്തിൽ ഫാ. ബിജുവിന്റെ വ്യക്തിപരമായ അധ്വാനം ഏറെയണ്. ഈ മേഖലയിൽ കൂടുതൽ ഫലപ്രദമായി ഇടപെടുന്നതിനായി പല കോഴ്‌സുകളും അദ്ദേഹം ചെയ്തുകഴിഞ്ഞിരിക്കുന്നു. ആദ്യം പഠിച്ചത് അമേരിക്കൻ സൈൻ ലാംഗ്വേജ് ആയിരുന്നതിനാൽ ഇന്ത്യൻ സൈൻ ലാംഗ്വേജ് അഭ്യസിക്കുവാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഈ നാളുകളിൽ സൈനുകൾക്കുണ്ടാകുന്ന മാറ്റങ്ങളും കൂടുതൽ ഫലപ്രദമായി ബധിരസമൂഹത്തിൽ ഇടപെടുന്നതിനുള്ള മറ്റ് അറിവുകളും സ്വായത്തമാക്കുന്നതിനായി എം.ജി യൂണിവേഴ്‌സിറ്റി അടുത്തകാലത്ത് ആരംഭിച്ച ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്നു.
തന്റെ ശുശ്രൂഷാജീവിതത്തിൽ ദൈവം ഭരമേൽപിച്ച മഹത്തായ ഈ ദൗത്യത്തെ ഏറ്റവും പ്രധാനപ്പെട്ടതായി അദ്ദേഹം കാണുന്നു. സഭ തന്നെ ഭരമേൽപിക്കുന്ന ഉത്തരവാദിത്വങ്ങൾക്ക് പുറമെ, സ്വന്തമായി കണ്ടെത്തുവാൻ കഴിഞ്ഞ ഈ രംഗത്തുനിന്നും തനിക്ക് ലഭിക്കുന്ന അത്മീയ ഊർജം വളരെ വലുതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പുറമെ, ലക്ഷങ്ങൾ മുടക്കി എന്തൊക്കെ ചെയ്താലും ഇത്തരം കുറച്ച് കുട്ടികൾക്കുമുന്നിൽ അവർക്ക് ആശ്വാസം പകരുംവിധം അൽപം സമയം ചെലവഴിക്കുമ്പോൾ അനുഭവപ്പെടുന്ന സന്തോഷം സമാനതകളില്ലാത്തതാണ്. വൈദിക സമർപ്പിത ജീവിതാന്തസുകളിൽ ആയിരിക്കുന്ന എല്ലാവരും തങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന അടിസ്ഥാന ഉത്തരവാദിത്വങ്ങൾക്ക് അതീതമായി ഒരു വ്യക്തിപരമായ മിനിസ്ട്രി രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞാൽ അവർക്കുണ്ടാകുവാനിടയുള്ള വിരസതയെ അതിജീവിക്കുവാൻ തീർച്ചയായും കഴിയും എന്നതിനാൽ അത്തരം ഒരു മേഖല എല്ലാവരും കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
തിരുവനന്തപുരം സ്വദേശിയായ ഫാ. ബിജു ലോറൻസ് മൂലക്കരയ്ക്ക് ജ്യേഷ്ഠനും ഇളയ സഹോദരിയും ഉണ്ട്. പോലിസ് സബ് ഇൻസ്‌പെക്ടറായിരുന്ന പിതാവ് സ്വർഗഭാഗ്യത്തിനായി വിളിക്കപ്പെട്ടു.
വിനോദ് നെല്ലക്കൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?