Follow Us On

28

March

2024

Thursday

വീട് വെഞ്ചരിപ്പിന്റെ ശക്തി

വീട് വെഞ്ചരിപ്പിന്റെ ശക്തി

ബഹു.വൈദികരെയും വിശ്വാസികളെയും ഇവിടെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. വീടും സ്ഥാപനവും തൊഴുത്തും എല്ലാം വെഞ്ചരിക്കണം. അതിലൂടെ തിന്മയുടെ സ്വാധീനങ്ങൾ ഉണ്ടെങ്കിൽ നീങ്ങിപ്പോകും; കർത്താവിന്റെ സംരക്ഷണം കിട്ടും. മേലിൽ തിന്മയുടെ ഉപദ്രവം ഉണ്ടാകാതിരിക്കുവാൻ കർത്താവ് അവിടെ കാവൽ ഉണ്ടാകും.
അതുപോലെതന്നെ, വെഞ്ചരിപ്പുകർമ്മങ്ങളും മറ്റും നടത്തുമ്പോൾ കുരിശു വരക്കുമ്പോൾ, ആശീർവാദം നൽകുമ്പോൾ, വിശുദ്ധജലം തളിക്കുമ്പോൾ ബഹു.വൈദികർ അവ നല്ല വിശ്വാസത്തോടും എളിമയോടും ബോധ്യത്തോടുംകൂടി ചെയ്യണം. അപ്പോഴാണ് അവിടെ ദൈവം പ്രവർത്തിക്കുക. കാർമ്മികരുടെ വിശ്വാസക്കുറവുകൊണ്ട്, വിശ്വാസികൾക്ക് അനുഗ്രഹങ്ങൾ ലഭിക്കാതെ പോകരുത്. അതുപോലെ, ഈ ശുശ്രൂഷകൾ നടത്തുമ്പോൾ വിശ്വാസികളും ബോധ്യത്തോടെ അവയിൽ പങ്കുകൊണ്ട് അവയിലൂടെ കൃപ കിട്ടാൻ പ്രാർത്ഥിക്കണം.
വെഞ്ചരിപ്പുകൾ നടത്തുമ്പോൾ പോലും പലരും കർത്താവിന്റെ ശക്തിയിൽ പൂർണ്ണമായി വിശ്വസിക്കുകയും ശരണപ്പെടുകയും ചെയ്യുന്നില്ല എന്നതും പറയേണ്ടിയിരിക്കുന്നു. ചിലർ വെഞ്ചരിപ്പുകൾക്ക് ദിവസങ്ങൾ നോക്കുന്നു; മറ്റുചിലർ രാഹു-ഗുളിക കാലം നോക്കുന്നു. ഇത് രണ്ടും ചെയ്യുമ്പോൾ വിശ്വാസക്കുറവ് കാണിക്കുകയാണ് ചെയ്യുന്നത്. ചിലർ വീടും സ്ഥാപനങ്ങളും മറ്റും വാടകക്കെട്ടിടം ആണ് എന്ന കാരണം പറഞ്ഞ് വെഞ്ചരിപ്പിക്കാറില്ല.
വെഞ്ചരിപ്പു നടത്തിക്കുന്ന ഒത്തിരിപ്പേർ മുഹൂർത്തത്തിന് അവ ചെയ്യിക്കാൻ ശ്രമിക്കുന്നു. അതിന്റെ പിന്നിലെ വിശ്വാസം എന്താണ്? മുഹൂർത്ത സമയത്ത് വെഞ്ചരിപ്പു നടത്തിയാലേ ദൈവത്തിന്റെ ശക്തിയും കൃപയും കിട്ടൂ എന്നല്ലേ? ദൈവത്തിനു പ്രവർത്തിക്കാൻ നിശ്ചിത സമയങ്ങൾ മാത്രം നിശ്ചയിച്ചു നൽകിയത് ആരാണ്? ദൈവത്തേക്കാൾ വലിയവനും ശക്തനും ആരാണ്?
എല്ലാ ദിവസവും, എല്ലാ നാഴികയും വിനാഴികയും ദൈവത്തിന്റേതല്ലേ? അവിടുത്തേക്ക് ഏതു ദിവസവും ഏതു നിമിഷവും പ്രവർത്തിക്കാം. അവിടുത്തെ നിയന്ത്രിക്കുവാൻ, ദിവസങ്ങളിലേക്കും മുഹൂർത്തങ്ങളിലേക്കും അവിടുത്തെ പ്രവർത്തന സമയം ഒതുക്കാൻ, ആർക്കും സാധ്യമല്ല. അങ്ങനെ ദൈവത്തിനു പ്രവർത്തിക്കാൻ ചില ദിവസങ്ങളും ചില മുഹൂർത്തങ്ങളും മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കുന്നവർ മറ്റ് സമയത്ത് പ്രവർത്തനനിരതനായ, ദൈവത്തേക്കാൾ വലിയ മറ്റൊരു ശക്തിയെ വിശ്വസിക്കുകയല്ലേ ചെയ്യുന്നത്? ആ ശക്തി പിശാച് ആയിരിക്കുമോ? ഒരു സംഭവം പറയാം.
ആഴ്ചയിൽ എല്ലാ ദിവസവും ഒരു നിശ്ചിത ദിവസം കുർബാനയുള്ള ഒരു മഠത്തിൽ നിന്നും തലേന്ന് രാത്രി മദർ ഫോൺ ചെയ്തു പറഞ്ഞു: ‘അച്ചാ, ഞങ്ങൾക്ക് നാളെയാണല്ലോ മഠത്തിൽ കുർബാന ഉള്ളത്. അത് ചൊവ്വാഴ്ചത്തേക്ക് മാറ്റണം.’ അതിന്റെ കാരണം അന്വേഷിച്ചപ്പോൾ മദർ പറഞ്ഞു: ‘കുർബാന കഴിയുമ്പോൾ ഞങ്ങളുടെ തൊഴുത്ത് കൂടി ഒന്ന് വെഞ്ചരിക്കണം.
ചൊവ്വാഴ്ചയാണ് തൊഴുത്ത് വെഞ്ചരിക്കാൻ നല്ല ദിവസം.’ അതിന്റെ അർത്ഥമെന്താണ്? ചൊവ്വാഴ്ച നീക്കി മറ്റ് ആറ് ദിവസങ്ങളിൽ എന്ന് തൊഴുത്ത് വെഞ്ചരിച്ചാലും ദൈവകൃപ കിട്ടില്ല എന്നല്ലേ ആ സിസ്റ്റേഴ്‌സ് ഹൃദയത്തിൽ വിശ്വസിക്കുന്നത്? അതായത്, ആറ് ദിവസങ്ങൾ പിശാചിനും ചൊവ്വാഴ്ച മാത്രം യേശുവിനുമാണ് പ്രവർത്തന സ്വാതന്ത്ര്യം എന്ന ബോധ്യമാണ് അവർക്കുള്ളത്. ഇത്തരം ധാരണകളൊക്കെ നാം തിരുത്തണം. യേശു എന്നും എപ്പോഴും പ്രവർത്തനനിരതനാണ് എന്ന് നാം വിശ്വസിക്കണം. യോഹന്നാൻ 5/18 ഓർക്കുമോ? ”എന്റെ പിതാവ് ഇപ്പോഴും പ്രവർത്തനനിരതനാണ്; ഞാനും പ്രവർത്തിക്കുന്നു.”
ദുഷ്ടാരൂപിയുടെ പ്രവർത്തനങ്ങൾക്ക് ഒരു ഉദാഹരണം കൂടി പറയട്ടെ. കരിസ്മാറ്റിക് നവീകരണത്തിലേക്ക് വന്ന ചെറുപ്പക്കാരുടെ ഗ്രൂപ്പ് ജീസസ് യൂത്ത് (Jesus Youth) എന്നാണ് അറിയപ്പെടുന്നത്. അവരിൽ നിന്നും കുറേപ്പേർ ഒരു വർഷം മുഴുവനും സുവിശേഷ പ്രഘോഷണങ്ങൾക്കായി മാറ്റിവയ്ക്കുന്നു. ജീസസ് യൂത്ത് ഫുൾടൈമേഴ്‌സ് എന്നാണവർ അറിയപ്പെടുന്നത്. അവരിൽ ഒരു ഗ്രൂപ്പ് വിദ്യാഭ്യാസം നിർത്തിയവർ ആണ്. മറ്റൊരു ഗ്രൂപ്പ് ഡിഗ്രി പഠനം കഴിഞ്ഞ്, ഉന്നതപഠനത്തിന് ഉടൻ പോകാതെ ഒരു വർഷം വചനപ്രഘോഷണത്തിന് മാറ്റിവയ്ക്കുന്നു.
കോളജുകളാണ് അവരുടെ പ്രധാന പ്രവർത്തനമേഖല. കോഴിക്കോട് ദേവഗിരി കോളജിൽ ഈ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. ഒരു മാസത്തോളം ധ്യാനം, പരിശീലനം എന്നിവ നടത്തി ഒരുങ്ങിയശേഷമാണ് ഈ ചെറുപ്പക്കാർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. അത്തരം ഒരു ബാച്ച് കുട്ടികൾക്ക് ഒരു വർഷം പരിശീലനം നൽകി. ധ്യാനം, പ്രവർത്തനപരിശീലനം എന്നിവ മൂന്നാഴ്ചയോളം ഉണ്ടായി. അതിനുശേഷം ഒരാഴ്ച അവർ ആരാധനയ്ക്കായി മാറ്റിവച്ചു.
രാവിലെ ഒൻപതുമണി മുതൽ വൈകുന്നേരം നാലു മണിവരെ ആരാധന, നാലുമണിക്ക് രണ്ടുപേർ വീതം ഗ്രൂപ്പുകളായി അവരെ ആശുപത്രികളിലേക്ക്, രോഗികളെ സന്ദർശിച്ച് പ്രാർത്ഥിക്കുവാൻ വിട്ടു. ഒരു ദിവസം രണ്ടു പെൺകുട്ടിൾ സംസാരിക്കുവാനും പ്രാർത്ഥിക്കുവാനും ചെന്നത് എട്ടുപത്തു വയസുള്ള ഒരു പെൺകുട്ടിയുടെ അടുത്താണ്. ഈ രണ്ടു പേരും ഡിഗ്രി പഠനം കഴിഞ്ഞവർ ആയിരുന്നു. ഇവർ അടുത്തു ചെന്നതേ, രോഗിണിയായി കിടന്ന കുട്ടി ഇവരിൽ ഒരാളോട് ഒരു ചോദ്യം: ‘ചേച്ചീ, ചേച്ചിക്ക് ഇന്ന അസുഖം ഇല്ലേ?’ അത് സത്യമായിരുന്നു. പിശാചിനും മനുഷ്യരുടെ കാര്യങ്ങൾ അറിയാം. അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യാനുള്ള കഴിവും ഉണ്ട്. അതാണ് ഇവിടെ സംഭവിച്ചത്.
ഈ ഫുൾടൈമേഴ്‌സ് രണ്ടുപേരും ഭയന്നു. ആരുടെയടുത്തും പോകാതെ അവർ തിരിച്ചുപോന്നു. തുടർന്ന് പ്രാർത്ഥിച്ച് അവരെ ശാന്തരാക്കുകയായിരുന്നു. ആ ബാച്ചിലുണ്ടായിരുന്ന ആൺകുട്ടികൾ എല്ലാവരും അന്നുരാത്രി പെട്ടെന്ന് ഉറക്കം തെളിഞ്ഞു. അവർ താമസിച്ചിരുന്ന ഹോസ്റ്റലിലെ ഒരു മുറിയിൽ ഒരുമിച്ചുകൂടി. ബൈബിൾ വചനങ്ങൾ ഉപയോഗിച്ച് അവർ പരസ്പരം തർക്കിക്കാൻ തുടങ്ങി. ഫുൾടൈമർ ആകണ്ട; തിരിച്ച് വീട്ടിൽ പോകാം; ഇതിലൊന്നും വലിയ കാര്യമില്ല; നമ്മൾ എന്തിനാ ഇതിനൊക്കെ സമയം കളയുന്നത്….
എന്നിങ്ങനെ പോയി അവരുടെ തർക്കവിഷയങ്ങൾ. അതേ സമയത്ത്, ലേഡീസ് ഹോസ്റ്റലിൽ ആയിരുന്ന ഈ ബാച്ച് ഫുൾടൈമേഴ്‌സ് പെൺകുട്ടികൾ എന്തോ അസ്വസ്ഥതയാൽ ഉറക്കം തെളിഞ്ഞു. എല്ലാവരും വെറുതെ ഭയപ്പെടാൻ തുടങ്ങി. അവരും ഒരു മുറിയിൽ ഒന്നിച്ചുകൂടി അസ്വസ്ഥപ്പെടാനും പ്രാർത്ഥിക്കുവാനും തുടങ്ങി. ഇതെല്ലാം സംഭവിക്കുന്ന സമയത്ത് ഞാനെന്റെ ആശ്രമത്തിലെ മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. പെട്ടെന്ന് ഞാനുറക്കം തെളിഞ്ഞു. നെഞ്ചത്ത് വലിയ ഭാരം വന്നിരിക്കുന്ന അനുഭവം ഉണ്ടായി. അനങ്ങുവാനോ സംസാരിക്കുവാനോ കഴിയുന്നില്ല. ശ്വാസവും കിട്ടുന്നില്ല.
ഒരു ഭയങ്കര അവസ്ഥ. വളരെ നേരം അദ്ധ്വാനിച്ച്, ശക്തി സംഭരിച്ച് ഈശോ എന്ന് ഞാൻ വിളിച്ചു. ഉടൻ ആ ഭാരം നീങ്ങിപ്പോയി. ഞാൻ സാധാരണ അവസ്ഥയിലേക്ക് വന്നു. എന്റെ താമസസ്ഥലത്തുനിന്നും ഏകദേശം ഇരുപത്തഞ്ച് കിലോമീറ്റർ അകലെ താമസിക്കുന്ന എന്നെ അറിയുന്ന ഒരു വ്യക്തി, പിറ്റേന്ന് രാവിലെ എന്റെ താമസസ്ഥലത്തേക്ക് മറ്റൊരാൾക്ക് ഫോൺ ചെയ്ത് ഇങ്ങനെ ചോദിച്ചു: ‘വയലിലച്ചന് എന്തെങ്കിലും പറ്റിയോ?’ എന്താണ് അങ്ങനെ ചോദിക്കുന്നത് എന്നന്വേഷിച്ചപ്പോൾ ഫോൺ ചെയ്ത വ്യക്തി പറഞ്ഞു: ‘ഇന്നലെ രാത്രി അച്ചന് എന്തോ പറ്റിയതായി എന്റെ മനസു പറയുന്നു. അതാണ് ഫോൺ ചെയ്തത്.’ അന്ന് രാവിലെ എന്നെ കണ്ട പലരും എന്നോട് ചോദിച്ചു; ‘എന്തു പറ്റി?’ കാരണം എന്താണെന്നോ? എന്റെ മുഖമെല്ലാം പിറ്റേന്നുരാവിലെ കറുത്ത് കരുവാളിച്ചിരുന്നു. ഞാനന്ന് വളരെ ക്ഷീണിതനായും കാണപ്പെട്ടിരുന്നു. അപ്പോൾ തലേരാത്രിയിലെ അനുഭവം എത്ര ഭീകരമായിരുന്നു!
അന്ന് രാവിലെ ഈ കുട്ടികളെല്ലാവരും പള്ളിയിൽ വന്നു. എല്ലാവരും ഭയവും സങ്കടവും ഉള്ളവരായി മാറിയിരുന്നു. ഞങ്ങൾ പള്ളിയിൽ പോയി ആരാധന നടത്തി; എല്ലാവരുടെയും തലയിൽ കൈവച്ച് പ്രാർത്ഥിച്ചു. അതോടെ എല്ലാവരും സാധാരണ നിലയിലേക്ക് തിരിച്ചുവരികയും ചെയ്തു.
ജീസസ് യൂത്ത് ഫുൾടൈമർ ജോലി ഏറ്റെടുത്ത ഈ ചെറുപ്പക്കാരിൽ വന്ന ആത്മീയ വളർച്ചയും അവരിലൂടെ മറ്റനേകം വ്യക്തികളിൽ സംഭവിക്കുവാൻ പോകുന്ന ആത്മീയവളർച്ചയും മുൻകൂട്ടി കണ്ട പിശാച് അസ്വസ്ഥനായി. അതിനാൽ അവൻ, ഈ ചെറുപ്പക്കാരെ ഭയപ്പെടുത്തുവാനും പിന്തിരിപ്പിക്കുവാനും അന്ന് രാത്രി ശ്രമിക്കുകയായിരുന്നു. പക്ഷേ, അവന് വിജയിക്കുവാൻ കഴിഞ്ഞില്ല. കാര്യം മനസ്സിലാക്കിയ ഈ ചെറുപ്പക്കാർ കൂടുതൽ ജാഗ്രതയുള്ളവരായി എന്നതാണ് സത്യം. അവരിലൂടെ കർത്താവ് വലിയ കാര്യങ്ങൾ ചെയ്തു; ഇപ്പോഴും ചെയ്യുന്നുണ്ട്.
ഇങ്ങനെ പല സംഭവങ്ങൾ അനുഭവത്തിൽ നിന്നുതന്നെ എഴുതാൻ കഴിയും. പിശാച് സജീവമായി ലോകത്ത് ഉണ്ടെന്നും അവനെതിരെ ജാഗ്രത വേണമെന്നും വ്യക്തമായില്ലേ? അതേസമയം അവനെ ഭയപ്പെടുകയും വേണ്ട. വിശുദ്ധ കുരിശിന്റെ ശക്തികൊണ്ടും, യേശുവിന്റെ നാമംകൊണ്ടും പ്രാർത്ഥനകൊണ്ടും അവന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാം; അവൻ ആക്രമിച്ചാൽ അവനെ പുറത്താക്കാം; അവൻ ഉപദ്രവിക്കുന്നവരെ കണ്ടാൽ അവരെ സുഖപ്പെടുത്താം. വിശ്വാസവും, പ്രാർത്ഥനയും കുരിശും യേശുവിന്റെ നാമവും ആയുധങ്ങളായി ഉണ്ടാകണമെന്നുമാത്രം. അതുകൊണ്ട്, നാം ദിവസവും രാവിലെയും കിടക്കാൻ നേരത്തും കുരിശു വരയ്ക്കണം.
വിശ്വാസത്തോടും ബോധ്യത്തോടും കൂടി കുരിശുവരച്ച് പ്രാർത്ഥിക്കണം. കുരിശിന്റെ ആകൃതിയിൽത്തന്നെ കുരിശു വരക്കണം. അർത്ഥം കൊടുത്തുതന്നെ ഈ പ്രാർത്ഥന ചൊല്ലുകയും കുരിശടയാളം വരക്കുകയും വേണം. തീർച്ചയായും യേശുവിന്റെ സാന്നിദ്ധ്യവും കുരിശിന്റെ ശക്തിയും തിന്മയുടെ ആക്രമണത്തിൽ നിന്ന് നമുക്ക് സംരക്ഷണം നൽകും. പക്ഷേ, എത്രയോപേർ കുരിശു വരക്കാത്തവർ ഉണ്ട്. അതിലുമധികം പേർ കുരിശിന്റെ ആകൃതിയിലൊന്നും കുരിശു വരക്കാറില്ല. കുരിശിന്റെ സംരക്ഷണം കിട്ടണം എന്ന് ഹൃദയത്തിൽ ആഗ്രഹിക്കാറുമില്ല. വെറും ഒരു ചടങ്ങായിമാത്രം ചെയ്യുന്നു. അതുകൊണ്ട് കാര്യമില്ലല്ലോ.
നമ്മുടെ കഴുത്തിൽ കുരിശ്, കാശുരൂപം, ജപമാല ഇവയിലേതെങ്കിലും ഒന്ന് ധരിക്കുന്നത് വലിയ സംരക്ഷണമാണ്. ഇവയിൽ ഏതാണ് ധരിക്കുന്നതെങ്കിലും അത് വെഞ്ചരിപ്പിച്ചശേഷം ധരിക്കണം. അമ്മമാർ, തങ്ങളുടെ മക്കളുടെ കഴുത്തിൽ കുരിശ് അഥവാ കാശുരൂപം ധരിപ്പിക്കുന്നത് അവർക്ക് കർത്താവിന്റെ സംരക്ഷണം കിട്ടുവാൻ കാരണമാകും. മാതാപിതാക്കളും മറ്റു മുതിർന്നവരും ഇവ ധരിക്കുന്നതും ധരിക്കുവാൻ ഇളം തലമുറയെ പ്രചോദിപ്പിക്കുന്നതും ദുഷ്ടാരൂപിക്ക് എതിരെയുള്ള കർത്താവിന്റെ സംരക്ഷണം ഉറപ്പാക്കും.
ഫാ.ജോസഫ് വയലിൽ സി.എംഐ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?