Follow Us On

23

November

2020

Monday

ഓട്ടിസം ബാധിച്ച കുഞ്ഞിനെ മനരോഗവിദഗ്ധയായി മാറ്റിയ ദൈവം

ഓട്ടിസം ബാധിച്ച കുഞ്ഞിനെ മനരോഗവിദഗ്ധയായി മാറ്റിയ ദൈവം

ഓട്ടിസം ബാധിച്ച് എല്ലാവരും ഉപേക്ഷിച്ച കുഞ്ഞിനെ ദൈവം എടുത്തുയർത്തി മനരോഗ വിദഗ്ധയാക്കിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ്. 
ഒരു മിഷനറിയുടെ അനുഭവമാണിത്. അദേഹത്തിന് അഞ്ച് മക്കളാണ്. ഇതിൽ രണ്ടാമത്തെ മകൾക്ക് ഓട്ടിസം ബാധിച്ചു. പഠിക്കാൻ തീർത്തും ബുദ്ധിയില്ല. അധ്യാപകർ പറഞ്ഞു. ”ഇനി കുഞ്ഞിനെ സ്‌കൂളിലേക്ക് വിടണ്ട. അവൾ വെറും ബുദ്ദൂസാണ്.”
ഏഴാം ക്ലാസ് വരെ അവൾ എങ്ങനെയൊക്കെയോ പഠിച്ചു. ഒടുവിൽ സ്‌കൂളിൽ അവളെ കയറ്റില്ലെന്ന് ഉറപ്പായപ്പോൾ കുഞ്ഞിനെ തങ്ങളുടെ ഭവനത്തിലിരുത്തി മാതാപിതാക്കൾ പഠിപ്പിക്കാൻ തുടങ്ങി. അവർ കുഞ്ഞിന്റെ ശിരസിൽ കരം വെച്ച് പ്രാർത്ഥിച്ചു ”പരിശുദ്ധാത്മാവുകൊണ്ട് ഞങ്ങളുടെ കുഞ്ഞിനെ നിറക്കണമേ. ഞങ്ങളുടെ മകളെ അഭിഷേകം ചെയ്യണമേ. ബുദ്ധിയുടെ ആത്മാവായ് മകളിൽ നിറയണമേ….”
ആ മാതാപിതാക്കൾക്ക് അങ്ങനെ പ്രാർത്ഥിക്കാനേ അറിയാമായിരുന്നുള്ളൂ. ഏതായാലും വീട്ടിലിരുന്ന് പഠിച്ച് പത്താംക്ലാസ് എങ്ങനെയോ അവൾ ജയിച്ചു. പ്ലസ്ടുവും ഡിഗ്രിയും മോശമല്ലാത്തവിധം പാസായി. ഇന്നവൾ വിദേശ രാജ്യത്ത് മാനസിക രോഗികളെ ചികിത്സിക്കുന്ന മനോരോഗവിദഗ്ദയായി മാറിയിരിക്കുകയാണ്. ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുന്നവരെ അവിടുന്ന് ഒരിക്കലും തള്ളിക്കളയില്ല.
മറ്റൊരു സംഭവം പറയാം. കുറച്ച് വർഷങ്ങൾക്കുമുമ്പ് ഒരു ബൈബിൾ കൺവൻഷനുവേണ്ടി പോയി. കൺവൻഷന്റെ ഒന്നാം ദിനം കഴിഞ്ഞപ്പോൾ സംഘാടകർ പറഞ്ഞു. ”സഹോദരാ, ഇവിടെയടുത്ത് ദൈവത്തിന്റെ പ്രവർത്തി വെളിപ്പെടുത്തപ്പെട്ട ഭവനമുണ്ട്.” ഞാൻ ചോദിച്ചു, ”എന്താണ് കുടുംബത്തിന്റെ പ്രത്യേകത?”
60 വയസ്സുകഴിഞ്ഞൊരു മനുഷ്യൻ അദ്ദേഹത്തിന്റെ ഭാര്യക്ക് 57 വയസ്. ദൈവം നേരത്തെ അവർക്ക് മൂന്നുമക്കളെ കൊടുത്തു.രണ്ടു പെൺ കുഞ്ഞും ഒരു ആൺകുഞ്ഞും. അഞ്ചും ആറും വയസ്സുവരെ ഈ പെൺകുട്ടികൾ നല്ലതുപോലെ ജീവിച്ചു. എന്നാൽ അവർ മരണമടഞ്ഞു. പിന്നെ ഉണ്ടായിരുന്നത് ഒരേയൊരു ആൺകുട്ടിയാണഅ. അവനും 28 വയസ്സുവരെ ജീവിച്ചു. 28-മത്തെ വയസ്സിൽ അവനും മരിച്ചു. മൂന്നു മക്കളും ഈ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടു. ഇപ്പോൾ അവർക്ക് പ്രായമായിരിക്കുന്നു. നാട്ടുനടപ്പനുസരിച്ച് കുഞ്ഞുണ്ടാകേണ്ട എല്ലാ സാധ്യതയും അവസാനിച്ചു. നാട്ടുകാരും വീട്ടുകാരും കൂടപ്പിറപ്പുകളൊക്കെ അവരെ സഹതാപത്തോടെ നോക്കി, അവരെല്ലാം പറഞ്ഞു.
”പ്രാർത്ഥിക്കുന്ന നിങ്ങൾക്ക് ഇങ്ങനെ സംഭവിച്ചല്ലോ.ഒരു കുഞ്ഞിനെപ്പോലും നല്കാതെ ദൈവം മൂന്നിനെയും കൊണ്ടുപോയല്ലോ.” കഠിനവേദനയുടെ നടുവിലും ദമ്പതികൾ വിശ്വാസത്തോടെ അവരോട് പറഞ്ഞു ”ശരിയാണ് ഞങ്ങൾക്ക് മക്കളെ നഷ്ടപ്പെട്ടു. എങ്കിലും ഞങ്ങളുടെ കർത്താവിന് തെറ്റുപറ്റില്ല. സയൻസിനു തെറ്റുപറ്റാം. എത്രയോ തവണ തെറ്റു പറ്റിയിരിക്കുന്നു. ഡോക്‌ടേഴ്‌സിനും തെറ്റുപറ്റാം. നേഴ്‌സസിനും തെറ്റുപറ്റാം. എന്നാൽ സർവ്വജ്ഞാനിയായ ദൈവത്തിന് തെറ്റുപറ്റുകയില്ല.” അവർ ഉറപ്പോടെ വിളിച്ചു പറഞ്ഞു.
അതുകേട്ട് അനേകർ ചിരിച്ചു. പ്രായം ഇത്രയും ആയില്ലേ..ഒരു കുഞ്ഞിനുവേണ്ടി കാത്തിരിക്കാതെ ദത്തെടുത്ത് വളർത്താൻ നോക്ക്. എന്നാൽ അവർ പറഞ്ഞു. ”ഇല്ല. അബ്രഹാമിനും സാറാക്കും ഇസഹാക്കിനെ നല്കുവാൻ കർത്താവ് ശക്തനാണെങ്കിൽ ഇസഹാക്കിനും റബേക്കക്കും യാക്കോബിനെ നല്കുവാൻ ദൈവം ശക്തനാണെങ്കിൽ ഹന്നക്കും ഏല്ക്കാനക്കും സാമുവേലിനെ നല്കുവാൻ ദൈവം മതിയായവനാണെങ്കിൽ സക്കറിയായ്ക്കും എലിസബത്തിനും സ്‌നാപകയോഹന്നാനെ നല്കുവാൻ കർത്താവ് മതിയായവനാണെങ്കിൽ ഞങ്ങളുടെ ജീവിതത്തിലിനിയും തലമുറകളെ നല്കി അനുഗ്രഹിക്കുവാൻ ദൈവം മതിയായവനാണ് ഞങ്ങൾ വിശ്വസിക്കുന്നു.”
ആ വാക്ക് ആരും വിശ്വസിച്ചിട്ടുണ്ടാവില്ല. എന്നാൽ എട്ടു മാസം കഴിഞ്ഞതേയുളളൂ. 58 വയസസു പ്രായമായ ഈ സഹോദരി കർത്താവിന്റെ മഹാകരുണയാൽ ഗർഭിണിയായി. കണ്ടവരും കേട്ടവരുമൊക്കെ അത്ഭുതപ്പെട്ടു. പക്ഷേ അവർ പറഞ്ഞു. ഞങ്ങളുടെ കർത്താവ് അത്ഭുതങ്ങളുടെ ദൈവമാണ്. അത്ഭുതം ഇതല്ല പ്രിയപ്പെട്ടവരെ ഒമ്പതാം മാസത്തിൽ ഈ സഹോദരി പ്രസവിച്ചു. ആ ഒരു ഒറ്റ പ്രസവത്തിൽമൂന്ന് ആൺകുട്ടികൾ. ഞാൻ ആ വീട്ടിൽ പോയി ആ കുഞ്ഞുങ്ങളെ കണ്ടു. എന്റെ ദൈവമേ നമ്മുടെ കർത്താവ് എത്ര വലിയവനാണ്. ഇന്ന് സഭയുടെ അനുഗ്രഹങ്ങളായി കർത്താവ് ആ മക്കളെ വളർത്തിക്കൊണ്ടിരിക്കുന്നു. അതാണ് യേശു പറഞ്ഞത് ‘വിശ്വസിക്കുന്നവർക്ക് എല്ലാകാര്യങ്ങളും സാധ്യമാണെന്ന്.’
വിശ്വാസത്തോടുകൂടി തലമുറക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ അഭിഷേകത്തിന്റെ പകർച്ചയുണ്ടാകും. ഇന്ന് പരിശോധനകളുടെ കാലഘട്ടമാണ്. എന്തൊക്കെ പരിശോധനകളാണുള്ളത്. രക്തത്തിലെ ഷുഗർ പ്രഷർ പരിശോധിക്കുന്നു, കൊളസ്‌ട്രോൾ ചെക്കു ചെയ്യുന്നു. ചെറി യൊരു അസുഖവുമായി ഡോക്ടറുടെ അടുത്ത് ചെന്നാൽ എന്തൊക്കെ ടെസ്റ്റുകൾക്കാണ് അദേഹം നിർദേശിക്കുന്നത്? എന്നാൽ ഇതുപോലെ ആരെങ്കിലും വിശ്വാസം പരീക്ഷിക്കാറുണ്ടോ? ക്രൈസ്തവ വിശ്വാസം എന്നു പറയുന്നത് അത് വെറുമൊരു ആവേശം മാത്രമല്ല ആഴത്തിലുള്ള നിലനിൽപ്പാണ്.
23-ാം സങ്കീർത്തനത്തിൽ നാം വായിക്കുന്നു, ‘മരണത്തിന്റെ നിഴൽവീണ താഴ് വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്നെന്റെ കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടില്ലെന്ന്.’ മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ ഞാനൊറ്റക്കല്ല. എന്റെ കൂടെ എന്റെ കർത്താവുണ്ട്. ഈ തിരിച്ചറിവാണ് വിശ്വാസം എന്നു പറയുന്നത്. വിശ്വാസത്തിൽ വളരുമ്പോൾ ദൈവപ്രവൃത്തിയെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നു.
നീ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും.(യോഹ. 11: 40) വചനത്തിൽ വിശ്വസിക്കുന്നവർക്കു വേണ്ടി അത്ഭുതം പ്രവർത്തിക്കുന്ന ദൈവത്തെയാണ് വിശുദ്ധ ബൈബിൾ കാണിച്ചു തരുന്നത്. പ്രതിസന്ധിയുടെ നടുവിൽ പൗലോസ്ശ്ലീഹായുടെ വിശ്വാസ സാക്ഷ്യം നോക്കുക. ഉലഞ്ഞാടുന്ന നൗകയിൽ യാത്ര ചെയ്യുമ്പോൾ ഭയചകിതരായ സഹയാത്രികരെ നോക്കി അപ്പസ്‌തോലൻ പറയുകയാണ്. ”നിങ്ങളുടെ മനസ് കലങ്ങേണ്ട. നിങ്ങൾ ആകുലപ്പെടേണ്ട. നമുക്കാർക്കും ജീവഹാനി സംഭവിക്കുകയില്ല. കാരണം എന്നോട് പറഞ്ഞതെല്ലാം അതുപോലെ സംഭവിക്കുമെന്നുറപ്പുള്ള എന്റെ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.” നമുക്കെത്ര പേർക്കീ ഉറപ്പുണ്ട്? ഈ വിശ്വാസത്തിന്റെ ഉറപ്പിലേക്കാണ് പരിശുദ്ധാത്മാവ് നമ്മെ വിളിച്ചിരിക്കുന്നത്.
18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിനെ ഉണർത്തുവാൻ പരിശുദ്ധാത്മാവ് ഉപയോഗിച്ച ഒരു മിഷനറിയുണ്ടായിരുന്നു. അദ്ദേഹത്തിലൂടെ വലിയ കാര്യങ്ങൾ ഇംഗ്ലണ്ടിൽ സംഭവിച്ചു. ഒരു ദിവസം രാത്രിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ കർത്താവ് പറഞ്ഞു. ‘എന്റെ മകനെ ഞാൻ നിന്നെ ഇംഗ്ലണ്ടിൽ ഉപയോഗിച്ചതുപോലെ അയർലണ്ടിലും ഉപയോഗിക്കാൻ പോവുകയാണ്. നീ അയർലണ്ടിലേക്ക് പോവുക.’ ആ ശബ്ദത്തോട് ‘യേസ്’പറഞ്ഞ് മിഷനറി അയർലണ്ടിലേക്ക് കപ്പൽ കയറി.
യാത്രാമധ്യേ കപ്പിത്താൻ പറഞ്ഞു, ”നാം സഞ്ചരിക്കുന്ന കപ്പലിന്റെ അടിത്തട്ടിൽ വലിയൊരു ദ്വാരം വീണിരിക്കുന്നു. ഏതുനിമിഷവും കപ്പൽ മുങ്ങാം.” വാർത്ത കേട്ട ഉടനെ കപ്പലിൽ യാത്ര ചെയ്തവർ അസ്വസ്ഥരായി. അവർ ഒന്നാകെ നിലവിളിച്ചു. ”ദൈവമേ ഞങ്ങളുടെ ജീവിതം അവസാനിച്ചല്ലോ.” പക്ഷേ അതിന്റെ നടുവിൽ മനസ്സ് കലങ്ങാതെ കർത്താവിന്റെ വാക്കിൽ വിശ്വാസം അർപ്പിച്ച മിഷനറി കപ്പലിന്റെ അടിത്തട്ടിൽ മുട്ടുകുത്തി അദ്ദേഹം പ്രാർത്ഥിച്ചു ”കർത്താവേ നിന്റെ ശബ്ദം കേട്ടിട്ടാണ് ഞാൻ ഈകപ്പലിൽ കയറിയത്. നീ എന്നോട് പറഞ്ഞു ഞാൻ നിന്നെ അയർലണ്ടിൽ ഉപയോഗിക്കുമെന്ന്. എന്നാൽ ഞാൻ ഇപ്പോൾ അറിയുന്നു ഈ കപ്പലിന്റെ അടിത്തട്ടിൽ ദ്വാരം ഉണ്ടായിരിക്കുന്നുവെന്ന്. അതിനാൽ കർത്താവേ അടിത്തട്ട് പൊളിഞ്ഞ ഈ കപ്പലിനെ സുരക്ഷിതമായി അയർലണ്ടിൽ എത്തിക്കുവാൻ നീ മതിയായവനാണെന്ന് ഞാൻ വിശ്വസിക്കുന്നു.”
ഇതൊരു കടുത്ത വിശ്വാസമാണ്. നാം പ്രാർത്ഥിക്കുന്നവരാണ്. ആത്മീയ ശുശ്രൂഷയിൽ പങ്കെടുക്കുന്നവരാണ്. എന്നാൽ ഇത്ര ആഴമായൊരു വിശ്വാസം എത്രപേർക്കുണ്ട്. ഈ മിഷനറി യാത്രക്കാർ കേൾക്കെ ഉറക്കെ പറഞ്ഞു. ”എന്റെ കർത്താവ് സർവ്വശക്തനാണ്.”
ഇദ്ദേഹം ഇത് പ്രാർത്ഥിച്ച നിമിഷത്തിൽ തന്നെ കർത്താവിന്റെ അത്ഭുതകരം കടലിൽ മുങ്ങാൻ തുടങ്ങിയ ആ കപ്പിലിന്മേൽ ഇറങ്ങി വന്നു. മിഷനറി പ്രാർത്ഥിച്ച നിമിഷം ഒരു കടൽപ്പന്നി നൗകയെ ലക്ഷ്യമാക്കി നീന്തിയെത്തി. അടിത്തട്ട് പൊളിഞ്ഞ കപ്പലിന്റെ ആ വിള്ളലിലേക്ക് അത് തലയിട്ടു. അതായത് അത്ഭുതകരമായി ആ കടൽപ്പന്നിയുടെ തല ഉപയോഗിച്ച് കപ്പലിന്റെ ദ്വാരം കർത്താവ് അടച്ചുകളഞ്ഞു. സുരക്ഷിതമായി കർത്താവ് മിഷനറിയെ അയർലണ്ടിൽ എത്തിച്ചു.
അപ്പസ്‌തോലപ്രവർത്തനം 16: 34-ൽ പറയുന്നു. ”ദൈവത്തിൽ വിശ്വസിച്ചതുകൊണ്ട് അവനും കുടുംബവും അത്യന്തം ആനന്ദിച്ചു.” എന്താണ് ഈ വചനത്തിന്റെ പശ്ചാത്തലം. ഫിലിപ്പി കാരാഗൃഹമാണ്.പൗലോസും സീലാസും ആ കാരാഗൃഹത്തിൽ കിടന്ന് ദൈവത്തെ ആരാധിക്കുന്നു. ഈ സമയം കർത്താവിന്റെ അത്ഭുത ശക്തി ആ കാരാഗൃഹത്തിലേക്ക് ഇറങ്ങി. അതിന്റെ വാതിലുകൾ തുറന്നു. വലിയ ഭൂകമ്പമുണ്ടായി.
ഓർക്കുക, ഭൂകമ്പത്തിന്റെ രൂപത്തിൽ പോലും കർത്താവ് ജീവിതത്തിലേക്ക് കടന്നുവരും. സകല കെട്ടും പൊട്ടി തടവുകാരൊക്കെ രക്ഷപെട്ടുവെന്ന് വിചാരിച്ച് കാരാഗൃഹപ്രമാണി വാളെടുത്ത് സ്വയം കുത്തി മരിക്കാൻ പോവുന്ന സമയം. പൗലോസ് ശ്ലീഹാ പറഞ്ഞു. ‘സാഹസം കാണിക്കേണ്ട. ഞങ്ങളെക്കെ ഇവിടെയുണ്ട്.’ അതോടെ അവനു മനസ്സിലായി ഇവർ സ്വീകരിച്ച മാർഗ്ഗമാണ് യഥാർത്ഥ മാർഗ്ഗമെന്ന്.
ഏതാനും നാളുകൾക്ക് മുമ്പ് ആലപ്പുഴയിൽഒരു ബൈബിൾ കൺവൻ ഷൻ നടക്കുന്ന സമയം. കൺവൻഷന്റെ നാലാം ദിവസം ഒരു സഹോദരി കാണാൻ വന്നു. അവൾ പറഞ്ഞു. ”ബ്രദർ ഒരു വലിയ സന്തോഷവാർത്ത പങ്കുവെക്കാനാണ് ഞാൻ വന്നത്.”
”14 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. എന്റെ ഭർത്താവ് സംശയ രോഗിയാണ്. എനിക്ക് ആരുടെയും മുഖത്ത് നോക്കാൻ പറ്റില്ല. ആരെങ്കിലും ഒരാളെന്റെ മുഖത്തു നോക്കി ചിരിച്ചാൽ അന്ന് വീട്ടിൽ വന്ന് അദേഹം ഇടിയും ബഹളവുമാണ്. എനിക്ക് ജീവിതം മടുത്തു, എന്തിനാണ് ഈ ജീവിതം? ഇതിനേക്കാൾ ഭേദം മരിക്കുകയാണ്. ഞാൻ വിഷമൊക്കെ വാങ്ങി റെഡിയാക്കി വെച്ചു. രാത്രി ഭർത്താവിനും മക്കൾ ക്കും അത്താഴം കൊടുത്തു. അത്താഴത്തിന് ശേഷം അവരുറങ്ങി എന്ന് ബോധ്യപ്പെട്ടപ്പോൾ കൈയ്യിലിരിക്കുന്ന വിഷക്കുപ്പി തുറന്നു. അത് കഴിക്കാനൊരുങ്ങുമ്പോൾ പെട്ടെന്ന് എന്റെ ഉള്ളിൽ ആരോ ശക്തമായി പറയുകയാണ്. ”നീ എന്തായാലും മരിക്കുകയല്ലേ മരിക്കുംമുമ്പ് ശാ ലോം ടെലിവിഷൻ കൂടി കണ്ടിട്ട് മരിക്ക്.” ഞാൻ ചിന്തിച്ചു. മരിക്കും മുമ്പ് ശാലോം ടെലിവിഷൻ കാണാനോ, മരിക്കാൻ പോകുന്ന ഞാനെന്തിനാ ഇനി ചാനൽ കാണുന്നത്? അവളാ ചിന്തയെ അവഗണിച്ചു.
എന്നാൽ വീണ്ടും ശക്തമായി ആരോ അവളുടെ ഉളളിലിരുന്ന് പറയുന്നു. നീ ശാലോം ടെലിവിഷൻ ഓൺ ചെയ്യണമെന്ന്. അവസാനം ആ ശബ്ദത്തിനു മുൻപിൽ അവൾ നിശബ്ദയായി. അവൾ പറഞ്ഞു ”ബ്രദർ അന്നത്തെ ശാലോമിലെ മെസേജ് എനിക്കുവേണ്ടി എന്റെ കർത്താവ് നൽകിയതായിരുന്നു. ഞാനൊരുപാട് തകർന്നവളായിരുന്നു. ടെലിവിഷനിൽ വചന ശുശ്രൂഷക്ക് ശേഷം ആരാധനാ ശുശ്രൂഷ നടക്കുന്ന വേള. അവൾ തന്റെ ഭവനത്തിൽ മുട്ടുകുത്തി. ദിവ്യകാരുണ്യത്തിലേക്ക് കരങ്ങൾ നീട്ടിപ്പിടിച്ച് വിതുമ്പിക്കരഞ്ഞു.
ഈ സമയം ഞാൻ കാണുകയാണ്, ഒരു പന്തിന്റെ വലിപ്പത്തിൽ പരിശുദ്ധ കുർബാനയിൽ നിന്ന് കർത്താവിന്റെ അത്ഭുതശക്തി ആ തന്റെ മേൽ അതിശക്തിയോടെ പതിക്കുന്നതുപോലെ. ഞാൻ തറയിലേക്ക് വീണു. ശിരസ് മുതൽ ഉള്ളം കാൽ വരെ കർത്താവിന്റെ സാന്നിധ്യം വ്യാപരിച്ചു തുടങ്ങി. എന്തെന്നില്ലാത്ത ഒരാനന്ദം. വർഷങ്ങളായി മനസ്സിൽ അടിഞ്ഞുകൂടിയ വേദനകളെല്ലാം അണയാൻ തുടങ്ങി. പരശുദ്ധാത്മാവിന്റെ ആനന്ദം അതിയായി നിറഞ്ഞ് ഒഴുകാൻ തുടങ്ങി. ആരാധന ശുശ്രൂഷക്കുശേഷം ഞാൻ എണീറ്റു. ഒരു പുതിയ വ്യക്തിയായി ഞാൻ അപ്പോഴേക്കും മാറിയിരുന്നു.
അവൾ എന്നോട് പറഞ്ഞു. ”സഹോദരാ വലിയ ആനന്ദമുണ്ട്. എന്റെ ഭർത്താവ് ഇപ്പോഴും കടുത്ത സംശയരോഗി തന്നെയാണ്. എന്നാൽ എന്റെ ഭർത്താവിന്റെ സംശയരോഗത്തെ കൃപയായി സ്വീകരിക്കാനുളള ആത്മ നിറവ് അന്ന് എന്റെ കർത്താവ് എനിക്ക് നല്കി.”
വിശ്വസിക്കുന്നവർക്ക് വിജയം
വിശ്വസിക്കുന്നവരിൽ പരിശുദ്ധാത്മാവ് ഉയർന്ന വിജയം നല്കുന്നു. (മത്താ.19-22-) സാമുവേൽ പ്രവാചകൻ ഒന്നാം പുസ്തകം 17: 45- 46 നോക്കുക. ബാലനായ ദാവീദിനെ കണ്ടപ്പോൾ ഫിലിസ്ത്യ മല്ലനായ ഗോലിയാത്തിന് പുച്ഛം തോന്നി. ഗോലിയാത്ത് പറഞ്ഞു.” എടാ ചെറുക്കാ, വെറും വടിയുമായി എന്നെ നേരിടാൻ വരാൻ ഞാനൊരു പട്ടിയാണോ? അവൻ ഉറക്കെ വിളിച്ചു പറഞ്ഞു, നിന്റെ മാംസം ഞാൻ പക്ഷികൾക്കും,കാട്ടുമൃഗങ്ങൾക്കും കൊടുക്കും. ഇതു കേട്ടുകഴിഞ്ഞപ്പോൾ പരിശുദ്ധാത്മാവിന്റെ അഭിഷേകം ദാവീദിൽ കത്തുവാൻ തുടങ്ങി. ആത്മനിറവോടെ അവൻ വിളിച്ചു പറഞ്ഞു. ”നീ വാളും കുന്തവും ചാട്ടുളിയുമായി എന്നെ നേരിടാൻ വരുന്നു. എന്നാൽ നീ നിന്ദിച്ച ഇസ്രായേലിന്റെ ദൈവമായ കർത്താവിന്റെ നാമത്തിലാണ് ഞാൻ വരുന്നത്. എന്റെ കർത്താവ് ഇന്ന് നിന്നെ എന്റെ കൈയിൽ ഏൽപ്പിക്കും.” ഇതാണ് വിശ്വാസത്തിന്റെ ഉറപ്പ്.
ദാവീദിലൂടെ ആ മല്ലനെ കർത്താവ് പരാജയപ്പെടുത്തി. ദാവിദിന്റെ ശുശ്രൂഷയിലൂടെ പഴയനിയമ സഭക്ക് അത്ഭുതകരമായ വിജയം കർത്താവ് നൽകി. കർത്താവിന്റെ കരങ്ങളിൽ നമുക്ക് വേണ്ട വിജയം ഉണ്ട്. സെഫാനിയയുടെ പുസ്തകം 3/17 അതാണ് നമ്മെ പഠിപ്പിക്കുന്നത്. നിന്റെ ദൈവമായ കർത്താവ്, വിജയം നൽകുന്ന യോദ്ധാവ് നിന്റെ മധ്യേ ഉണ്ട്.
എന്റെ സഹോദരിയുടെ അനുഭവം
എന്റെ സഹോദരിയുടെ ജീവിതത്തിൽ കർത്താവ് പ്രവർത്തിച്ച അനുഭവം പറയാം. അവൾ പ്ലസ് ടു പഠിക്കുന്ന സമയത്ത് സുവിശേഷം കേട്ടു. അതോടെ അവളേശുവിനായി സ്വയം സമർപ്പിച്ചു. ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുമ്പോൾ മിക്കപ്പോഴും ഞങ്ങളോടൊപ്പം അവൾ സുവിശേഷവേലക്ക് യാത്രചെയ്യുമായിരുന്നു. അവളുടെ കൂട്ടുകാർ അവളോട് ചോദിച്ചു, ”നീ ഇങ്ങനെ സുവിശേഷം പറഞ്ഞു നടന്നാൽ നിന്റെ ഭാവി എന്താകും? നിന്റെ ജീവിതമെന്താകും?”
പഠനത്തിൽ ഇങ്ങനെ ഉഴപ്പരുതെന്ന് പറഞ്ഞ് സുഹൃത്തുക്കൾ അവളെ ഉപദേശിച്ചു. അവൾ പറഞ്ഞു, ”എന്റെ കർത്താവ് എന്നെ പഠിപ്പിക്കും. എന്റെ കർത്താവെനിക്ക് വിജയം നൽകും.” അന്നവൾ പറഞ്ഞ വാക്കുകൾ അനേകർക്ക് ഭോഷത്തമായി തോന്നി. മൂന്ന് വർഷങ്ങൾ പിന്നിട്ടു. ബി.എസ്.സി മാത്തമാറ്റിക്‌സിന്റെ റിസൾട്ട് വന്നു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ ബി.എസ്.സി മാത്തമാറ്റിക്‌സിന് ഒന്നാം റാങ്ക് നൽകി സഹോദരിയെ കർത്താവനുഗ്രഹിച്ചു. ഞാനീ അനുഭവം പറഞ്ഞത്, അനുജത്തിക്ക് റാങ്ക് കിട്ടിയത് അറിയിക്കാനല്ല. വിശ്വസിക്കുന്നവരിൽ ദൈവം ചെയ്യുന്ന വിജയം പ്രഘോഷിക്കുന്നതിനാണ്.
അവൾ എം.എസ്.സി ക്ക് ചേർന്നു. ആ സമയത്തും ഞങ്ങളോടൊപ്പം സുവിശേഷവേലക്ക് വരുമായിരുന്നു. എം.എസ്.സിക്കും കർത്താവ് റാങ്ക് നൽകി അവളെ അനുഗ്രഹിച്ചു. ബി.എസ്.സിക്കും റാങ്ക്, എം.എസ്.സിക്കും റാങ്ക്. വിമർശിച്ചവരുടെയും കളിയാക്കിയവരുടെയും വായ് കർത്താവ് അടച്ചു കളഞ്ഞു. അതാണ് അപ്പസ്‌തോല പ്രവർത്തനം, 13/41 നമ്മോട് പറയുന്നത്. നിങ്ങളുടെ ദിവസങ്ങളിൽ ഞാനൊരു പ്രവർത്തി ചെയ്യുന്നു. പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പ്രവൃത്തി.
ഡേവിഡ് ഏണസ്റ്റ് എന്ന ആസ്‌ട്രേലിയൻ മിഷനറി പറഞ്ഞ കാര്യം ഞാനോർക്കുകയാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പ് കംബോഡിയ എന്നു പറയുന്ന രാജ്യത്ത് പ്രത്യേകമായൊരു ഗോത്രവർഗമുണ്ടായിരുന്നു. അവർക്കവരുടെ മാതൃഭാഷയല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. അവരൊരു ദിവസം പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശക്തമായ പരിശുദ്ധാത്മാഭിഷേകം ആ സമൂഹത്തിലേക്ക് കർത്താവ് ചൊരിഞ്ഞു. അവർ വിവിധ ഭാഷകളിൽ കർത്താവിനെ സ്തുതിക്കാൻ തുടങ്ങി. ഈ സമയത്ത് കൂട്ടായ്മയിലുള്ള ഏതാനും ചില വ്യക്തികൾക്ക് ഒരു സന്ദേശം കർത്താവ് കൊടുത്തു. ഈ ഗ്രൂപ്പ് ലീഡ് ചെയ്ത വ്യക്തിക്ക് അക്ഷരജ്ഞാനമില്ല എഴുത്തും വായനയും അറിയില്ല. എന്നാൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ആ വ്യക്തിയുടെ മേൽ അഭിഷേകത്തിന്റെ പകർച്ചയുണ്ടായി. അൽപം കഴിഞ്ഞപ്പോൾ അദേഹം ഇംഗ്ലീഷിൽ സംസാരിക്കുവാൻ തുടങ്ങി. ഇംഗ്ലീഷിന്റെ അക്ഷരമാല അദേഹത്തിനറിയാൻ പാടില്ലെന്ന് ഓർക്കണം. ആ ഗോത്രത്തിന്റെ മാതൃഭാഷയല്ലാതെ ആ മനുഷ്യന് വേറെ ഒരു ഭാഷയും അറിയില്ല. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദേഹം പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഇംഗ്ലീഷ് ഭാഷയിൽ സുവിശേഷം പ്രഘോഷിക്കുന്നു. അതിനാൽ നാം വിശ്വാസത്തോടെ ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കണം. ദൈവം ഇടപെടുക തന്ന ചെയ്യും.
സന്തോഷ് കരുമാത്ര

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?