Follow Us On

28

March

2024

Thursday

'നന്ദി' എന്ന വാക്കിന് ബിന്ദു സുനിൽ നൽകിയ നിർവചനം

'നന്ദി' എന്ന വാക്കിന് ബിന്ദു സുനിൽ നൽകിയ നിർവചനം

”’ചേട്ടാ എനിക്ക് കോളജിലിടാൻ ഒരു ചെരുപ്പ് വേണം. പക്ഷേ മുഴുവൻ കാശും കയ്യിലില്ല. വിഷമത്തോടെ കടക്കാരന് മാത്രം കേൾക്കാവുന്ന സ്വരത്തിലാണ് പറഞ്ഞത്. കയ്യിലിരുന്ന ചില്ലറയും എന്റെ സ്വരത്തിലെ ക്ലേശവും തിരിച്ചറിഞ്ഞ അദേഹം ഞാൻ കൊടുത്ത ചില്ലറ തിരികെ തന്നു. കൂടെ നല്ലൊരു ചെരുപ്പും…..
പത്താം ക്ലാസ് കഴിഞ്ഞ് കൂലിവേലയ്ക്കിറങ്ങുന്ന സമയം. ജോൺസൺ സാറിന്റെ വീടാണെന്നറിയാതെ ചെന്ന് പെട്ടു ഞാൻ. ചാണകം നിറച്ച ആദ്യത്തെ കുട്ട തലയിലെടുത്തു വെച്ച് തന്നു അദേഹം. സാറിന്റെ കണ്ണിൽ നോക്കാതിരിക്കാൻ പ്രയാസപ്പെട്ടു. വൈകുന്നേരം അന്നത്തെ പണിക്കുള്ള കാശു കയ്യിൽ തരുമ്പോൾ ഇനി നിന്നെ ഈ കോലത്തിൽ കണ്ടു പോകരുതെന്ന് പറയാതെ പറഞ്ഞു സാർ…’
ഇതൊരു ഫേസ്ബുക്ക് പോസ്റ്റിലെ ഏതാനും വരികളാണ്. രണ്ട് ദിനം കൊണ്ട് മൂവായിരത്തിലേറെ ഷെയർ നേടിയൊരു പെൺകുട്ടിയുടെ പോസ്റ്റ്. സ്വീഡിഷ് സർവകലാശാലയിൽ ഗവേഷണ പ്രബന്ധം സമർപ്പിച്ച വേളയിൽ മലയാളി പി.എച്ച്ഡി വിദ്യാർത്ഥിനി ബിന്ദു സുനിൽ കരിങ്ങന്നൂർ കുറിച്ചതാണ് നന്ദിയുടെ ഈ അപൂർവ്വ വരികൾ.
പ്രശസ്തമായ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് ഇന്ന് ബിന്ദു. എന്നാൽ മറക്കാൻ കഴിയുന്നതല്ല കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും പഴയ നാളുകളൊന്നും. അന്ന് കാരുണ്യകരങ്ങൾ നീട്ടിയവരെ അവൾ മറക്കുന്നില്ല. ചേറും വിയർപ്പും കണ്ണീരും ഒഴുകിയിറങ്ങിയ അക്കാലത്ത് കരം നീട്ടിയവരെയെല്ലാം അവൾ ഓർത്തെടുത്തു. ആരുടെയും കണ്ണു നനയിക്കുന്നതാണ് ഈ വരികൾ.
”വികാസ് ട്യൂട്ടോറിയൽ കോളജിൽ പഠിക്കുന്ന സമയം. ഫീസ് കൊടുക്കാത്തവരുടെ ലിസ്റ്റ് വിളിക്കുമ്പോൾ എന്റെ പേര് ഉണ്ടാകും. എന്നാൽ പേര് ഒരിക്കലും വെട്ടിക്കളഞ്ഞില്ല. വഴക്കൊന്നും പറയാതെ ക്‌ളാസിലിരുത്തി പഠിപ്പിച്ച ആ ഒരു കൂട്ടം നല്ല അദ്ധ്യാപകർക്ക്… അവരുടെ സ്‌നേഹത്തിന്…
”എന്റെ മോളാ, ഫസ്റ്റ് ക്ലാസോടു കൂടിയാണ് പത്താം ക്ലാസ് പാസായത്. ഇങ്ങനെ എന്നെ നോക്കി അഭിമാനത്തോടു കൂടി പറഞ്ഞ അമ്മയ്ക്ക് 200 രൂപ അധികം കൂലികൊടുത്തിട്ട്,ഗോമതീ, കൊച്ചു പഠിക്കട്ടെ എന്നു പറഞ്ഞ മുതലാളിക്ക്.
അമ്പതു രൂപ എല്ലാവരും കൂട്ടി ഇട്ടാൽ ബിന്ദുവിനെയും ടൂറിനു കൊണ്ടുപോകാമെന്ന് കണക്കുകൂട്ടുകയും അതിന് മനസ്സ് കാട്ടുകയും ചെയ്ത എന്റെ പ്രിയ കൂട്ടുകാർക്ക്…
നീ വലിയ വീട്ടിലെ പിള്ളേരുകൂടെയല്ലേ ടൂറിനു പോകുന്നത് ഇതും കൂടിവെച്ചോ എന്നുപറഞ്ഞു കടമായി മേടിച്ച പൈസക്കൊപ്പം 200 രൂപ കൂടിത്തന്നെ സലിയണ്ണന്..
സന്ധ്യയായതിനാൽ പൈസയില്ലാഞ്ഞിട്ടും ധൈര്യത്തിൽ എങ്ങനെയോ ബസിൽ കയറി. ടിക്കറ്റിനു പൈസയ്ക്ക് കണ്ടക്ടർ കൈനീട്ടിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞതു കണ്ടു …’സാരമില്ല കേട്ടോ’ എന്ന് ചുമലുയർത്തി കാട്ടിയ കണ്ടക്ടറിന്..
ദിവസവും മേടിക്കുന്ന രണ്ടു ദോശയാണ് അന്നത്തെ ഭക്ഷണം. ഇതറി ഞ്ഞു കടയുടമ കാണാതെ അധികം രണ്ടെണ്ണം കൂടി തന്നു കടയിൽ നിന്നറങ്ങുമ്പോൾ ആരും കാണാതെ ചിരി പാസാക്കുന്ന ഏന്തിവലിഞ്ഞു നടക്കുന്ന പ്രായം ചെന്ന മനുഷ്യന്…
ക്രിസ്മസ് അവധിക്ക് വീട്ടിൽപോയാൽ തിരിച്ചു വരാൻ ചിലപ്പോൾ പറ്റില്ല. ഇതറിയാവുന്ന എനിക്ക് ഹോസ്റ്റലിനു പിറകിലുള്ള പേരമരവും അതിലെ പേരയ്ക്കയുമാണ് ആഹാരമായത്. അപ്പോഴൊക്കെയും ‘വിശന്നിരിക്കുമ്പോൾ പേരക്ക എത്രരുചിയാ’ എന്നു പറഞ്ഞു കൂടെക്കൂടിയ കൂട്ടുകാരിക്ക്..
മക്കളെ എന്നുവിളിച്ചു സ്‌നേഹത്തിൽ പൊതിഞ്ഞ മറുപടി അയയ്ക്കുന്ന അദ്ധ്യാപകനോട്… പിന്നെ സഹായിച്ചവരെല്ലാം എനിക്ക് ദൈവതുല്യരാണ്..
പതിനഞ്ചാം വയസിൽ കൂലിവേലയ്ക്കിറങ്ങിയ ഞാനിന്ന് ലോകത്തിലെ ഏറ്റവും ഉന്നതമായ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടുമ്പോൾ നേരെവരുന്ന മനുഷ്യർ ദൈവങ്ങളും…വിഷമങ്ങൾ അനുഗ്രഹങ്ങളുമായി മാത്രമേ കാണാൻ പറ്റുന്നുള്ളു. നന്ദി പറയേണ്ടത് അക്ഷരാഭ്യാസം ഇല്ലാത്ത നാട്ടുകാരുടെ പ്രേരണയാൽ സ്‌കൂളിൽ വിട്ടു എന്നെ പഠിപ്പിച്ച അമ്മയ്ക്കും അച്ഛനും കൂടെപ്പിറപ്പുകൾക്കും പിന്നെ അദ്ധ്യാപകർക്കും എന്റെ പ്രീയപ്പെട്ട നാട്ടുകാർക്കും.. .. പിന്നെ മുകളിൽ പറഞ്ഞവർക്കും….” ഇതാണ് പോസ്റ്റിന്റെ ഉളളടക്കം.
ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലെ കഷ്ടതകളെക്കുറിച്ച് പറയാൻ മടിക്കുകയും നന്ദിയെന്നത് വിസ്മരിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ഈ പെൺകുട്ടിയുടെ വാക്കുകൾ ആരെയാണ് വിസ്മയിപ്പിക്കാത്തത്?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?