Follow Us On

30

November

2020

Monday

ശത്രുകരങ്ങളിൽ നിന്നും സംരക്ഷിച്ചത് ജപമാല

ശത്രുകരങ്ങളിൽ നിന്നും സംരക്ഷിച്ചത് ജപമാല

വടക്കൻ ആഫ്രിക്കയിൽ ഈജിപ്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ലിബിയ, ശിഥിലമായ രാഷ്ട്രീയ സാഹചര്യങ്ങൾകൊണ്ട് ലോകവാർത്തയിൽ നിറഞ്ഞിട്ട് ഏതാനും വർഷങ്ങൾ പിന്നിടുന്നു. 2011ഓടുകൂടി ലിബിയയിൽ അരങ്ങേറിയ ആഭ്യന്തരകലാപവും, തുടർന്ന് ഗദ്ദാഫി സാമ്രാജ്യത്തിന്റെ അന്ത്യവും മുതൽ ആരംഭിച്ച ആ രാജ്യത്തിന്റെ ഭരണവ്യവസ്ഥിതിയുടെയും സാമൂഹികസുരക്ഷിതത്വത്തിന്റെയും തകർച്ചയുടെ ഇരകളാണ് കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയ്ക്കടുത്ത്, കേളോത്തുവയൽ സ്വദേശികളായ, നെല്ലിവേലിൽ റെജി ജോസഫും ഭാര്യ ഷിനുജയും മക്കളായ ജോയനയും, ജോസിയയും, ജാനിയയും. കഴിഞ്ഞ മാർച്ച് മുപ്പത്തൊന്നാം തിയ്യതിമുതൽ, സമീപകാലം വരെയും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ഈ കുടുംബം, സുരക്ഷിതത്വത്തിന്റെ തണലിലേയ്ക്ക് തിരികെയെത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.
ആറുമാസത്തിൽ പരം നീണ്ടു നിന്ന വലിയ തകർച്ചകളുടെയും ദുരനുഭവങ്ങളുടെയും നാളുകളിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഈ കുടുംബത്തിന് പങ്കുവയ്ക്കുവാനുള്ളത് തികഞ്ഞ ദൈവപരിപാലനയുടെയും ദൈവിക ഇടപെടലുകളുടെയും സജീവമായ ഓർമ്മകളാണ്. ജീവിതം കൈവിട്ടുപോയി എന്ന് കരുതിയ നിമിഷങ്ങളിൽ അനന്തമായ ശക്തി സ്രോതസായി ജ്വലിച്ചുനിന്ന ജപമാലയും, വിശുദ്ധ ഗ്രന്ഥവും മാത്രമാണ് തങ്ങളെ തിരികെ ജീവിതത്തിലേയ്ക്ക് കരംപിടിച്ച് നടത്തിയതെന്ന് ഈ കുടുംബം സാക്ഷ്യപ്പെടുത്തുന്നു.
2016301041ജോലിതേടി അന്യ നാടുകളിലേയ്ക്ക് ചേക്കേറുന്ന അനേകം മലയാളി കുടുംബങ്ങളെ പോലെ തന്നെ, 2006ൽ പുതിയ മേച്ചിൽപുറം തേടി ലിബിയയിലേയ്ക്ക് കടന്നു ചെന്നതായിരുന്നു റെജിയുടെയും ഭാര്യയുടെയും അനുഭവങ്ങളുടെ തുടക്കം. ഗദ്ദാഫിയുടെ ഭരണത്തിൻകീഴിൽ ലിബിയയുടെ ഒരു ഭാഗം സമൃദ്ധിയാർജ്ജിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ലിബിയയുടെ ആസ്ഥാനമായ ട്രിപ്പോളിയിലെ മെഡിക്കൽ സെന്ററിൽ നഴ്‌സായിരുന്നു ഭാര്യ ഷിനുജ. ഐ ടി പ്രഫഷനലായിരുന്ന റെജി വിവിധ ഗവണ്മെന്റ് ഡിപ്പാർട്ട്‌മെന്റ്കളുടെ സോഫ്റ്റ്‌വെയർ/ ഡാറ്റാബേസ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.
ഇരുവർക്കും ആ ദേശത്ത് ലഭിച്ച മികച്ച സ്വീകാര്യതയും, ജോലിയിലുള്ള അംഗീകാരങ്ങളും മികച്ചസാഹചര്യങ്ങളും അവിടെ തുടർന്നുപോകുവാൻ ആദ്യ ഘട്ടത്തിൽ പ്രേരകമായിരുന്നു. എന്നാൽ, 2011ൽ രാഷ്ട്രീയ അസന്തുലിതാവസ്ഥയും, കലാപങ്ങളും ലിബിയയെ കീഴ്‌പ്പെടുത്തിയപ്പോൾ, കുടുംബസമേതം അവർ തിരിച്ചു നാട്ടിലേയ്ക്ക് പോന്നു. പിന്നീട് 2014 ആയപ്പോൾ അവിടെ പ്രശ്‌നങ്ങൾ ഏകദേശം അവസാനിച്ചു എന്ന വിവരം ലഭിച്ചപ്പോൾ മെയ്മാസത്തോടുകൂടി വീണ്ടും അവിടെ തിരികെയെത്തി.
തിരിച്ചുചെന്നപ്പോൾ, ലിബിയയുടെ സിവിൽ രജിസ്‌ട്രേഷൻ അതോറിറ്റി(CRA)ക്ക് കീഴിൽ സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ വികസിപ്പിക്കുകയും, സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്ന ഒരു െ്രെപവറ്റ് കമ്പനിയിലാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. ആ കമ്പനിയുടെ ജനറൽ മാനേജർ അടക്കമുള്ള പലരും റെജിയുടെ മുൻപരിചയക്കാരായിരുന്നു. മികച്ച സാഹചര്യത്തിൽ തന്ത്രപ്രധാനമായ ഒട്ടേറെ ഗവണ്മെന്റ് പ്രോജക്ടുകൾ ഏറ്റെടുത്ത് ചെയ്തിരുന്ന ആ കമ്പനി വലിയ സുരക്ഷിതത്വവും റെജിക്ക് നൽകിയിരുന്നു.
ആ കാലഘട്ടത്തിലെ രാഷ്ട്രീയസാഹചര്യങ്ങൾ താരതമ്യേന ശാന്തമായിരുന്നുവെങ്കിലും സങ്കീർണ്ണമായ ആ വ്യവസ്ഥിതിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതകൾ ഏറെയായിരുന്നു. കാരണം, രണ്ട് ഗവണ്മെന്റുകളായിരുന്നു ഒരേ സമയം ആ രാജ്യത്ത് ഉണ്ടായിരുന്നത്. യു എൻ അംഗീകാരം നേടിയ, ഫയസ് അൽ സറാജിന്റെ നേതൃത്വത്തിലുള്ള ഏചഅ GNA (Govt. of Nation Accord)യ്ക്ക് പുറമേ, ട്രിപ്പോളി ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ കൂടുതൽ ശക്തിയാർജ്ജിച്ച മറ്റൊരു അധികാര ശക്തികൂടി ബദലായി ഉണ്ടായിരുന്നു. ഈ രണ്ട് മുന്നണികൾ തമ്മിലുള്ള ചേരിപ്പോരുകളും, കുടിപ്പകയും ആഭ്യന്തര യുദ്ധം ഏതുസമയത്തും പൊട്ടിപ്പുറപ്പെടാൻ മതിയായ കാരണമായുണ്ടായിരുന്നു. അതേസമയം സാമൂഹികവിരുദ്ധ സ്വഭാവമുള്ള അനേക സംഘങ്ങൾ തെരുവിലിറങ്ങി അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു. രണ്ടാമത് അവിടെ എത്തിയപ്പോൾ ഭയരഹിതമായി പുറത്തിറങ്ങി നടക്കുവാനുള്ള ഒരു സാഹചര്യം ട്രിപ്പോളിയിൽ ഉണ്ടായിരുന്നില്ല എന്ന് റെജി ഓർമ്മിക്കുന്നു. ഏതുസമയത്തും, കയ്യിലുള്ള പേഴ്‌സും ഫോണും തട്ടിക്കൊണ്ടുപോകുവാനുള്ള സാഹചര്യവും ഉണ്ടായിരുന്നതിനാൽ അത്യാവശ്യമുള്ള ഫോൺനമ്പരുകൾ കടലാസ്സിൽ എഴുതി സൂക്ഷിക്കുക അത്യാവശ്യമായിരുന്നു.
തുടർന്നുവന്ന കാലങ്ങളിൽ വലിയ പീഡനങ്ങളുടെ വഴിയിലൂടെ റെജി കടന്നുപോകുവാൻ ഇടയാക്കിയ അടിസ്ഥാന സാഹചര്യം ഉടലെടുത്തത് അദ്ദേഹത്തിന്റെ ജോലിസ്ഥലത്തുനിന്നാണ്. പ്രസ്തുത കമ്പനി ഇഞഅ യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതിനാൽ, രാജ്യത്തിന്റെ സിവിൽ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട മുഴുവൻ വിവരശേഖരവും ഇവിടെനിന്നും കൈകാര്യം ചെയ്യുവാൻ കഴിയുമായിരുന്നു. അതോടൊപ്പം, തെറ്റായ ലക്ഷ്യങ്ങൾക്കായി ഈ സംവിധാനം ദുരുപയോഗിക്കുവാൻ കഴിയുമെന്ന സാധ്യതയും പലരും മുന്നിൽ കണ്ടിരുന്നു. സിവിൽ രജിസ്‌ട്രേഷൻ അതോറിറ്റിയുടെ ചെയർമാൻ സ്ഥാനം കൈക്കലാക്കുവാനും ഇരുവിഭാഗവും മത്സരിച്ചിരുന്നു. ഡാറ്റാബേസിൽ കൃത്രിമം കാണിക്കുന്നത് വഴി, ഇലക്ഷൻ അട്ടിമറിക്കുവാനും, വ്യാജ പാസ്‌പോർട്ടുകൾ സൃഷ്ടിക്കുവാനും കഴിയും എന്നത് തകർന്ന ആ രാഷ്ട്രീയ വ്യവസ്ഥിതിയിൽ പലരെയും ആ അധികാരം കൈക്കലാക്കുവാൻ പ്രേരിപ്പിച്ചു. അത്തരത്തിൽ ഉയർന്നുവന്ന ചില കേസുകളും അവയുടെ പേരിലുള്ള അന്വേഷണങ്ങളും ആ സമയത്ത് നടന്നിരുന്നുവെന്ന് റെജി ഓർമ്മിക്കുന്നു.
ഇത്തരത്തിലുള്ള സങ്കീർണ്ണതകൾക്കൊപ്പം, കമ്പനി നഷ്ടത്തിലാണെന്ന കാരണത്താൽ ഏറെ സ്റ്റാഫിനെയും പിരിച്ചുവിട്ടതും, വർദ്ധിച്ചു വരുന്ന കലാപങ്ങളും മൂലം 2016 ആയപ്പോഴേയ്ക്കും റെജിയും കുടുംബവും നാട്ടിലേയ്ക്ക് തിരികെ പോരുവാൻ തീരുമാനിച്ചു. എന്നാൽ, കുട്ടികളുടെ സ്‌കൂൾ ഏപ്രിലിൽ അടയ്ക്കുന്നത് വരെ കാത്തിരിക്കേണ്ടതുമുണ്ടായിരുന്നു. ആ നാളുകളിൽ കമ്പനിയുടെ തന്ത്രപ്രധാനമായ ഉത്തരവാദിത്തങ്ങൾ പ്രധാനമായും താനും, സുഹൃത്തായിരുന്ന ഈജിപ്ത് സ്വദേശിയായ ഒസാമും ഏറ്റെടുക്കേണ്ടി വന്നപ്പോൾ ആശങ്കയുണ്ടായിരുന്നുവെന്ന് റെജി ഓർമ്മിക്കുന്നു. കമ്പനി ഉടമസ്ഥന്റെയും ജനറൽ മാനേജരുടെയും വിശ്വസ്തരായിരുന്നു അവർ ഇരുവരും. രണ്ടുപേരും വിദേശികളുമായിരുന്നതിനാൽ ഇത്തരമൊരു ഉത്തരവാദിത്തത്തിൽ തുടരുന്നതിൽ സങ്കീർണ്ണതകൾ ഏറെയായിരുന്നതിനാൽ തുടർന്ന് പ്രവർത്തിക്കുവാൻ, വർക്ക് ഓർഡറും, പെർമിഷൻ ലെറ്ററും രേഖാമൂലം നൽകണമെന്ന് റെജി മേലധികാരികളോട് ആവശ്യപ്പെട്ടിരുന്നു.
2016 മാർച്ച് മാസത്തിൽ, വിശുദ്ധവാരം മുതലാണ് റെജിയുടെയും കുടുംബത്തിന്റെയും ജീവിതം കീഴ്‌മേൽ മറിയുന്ന രീതിയിൽ കാര്യങ്ങൾ മാറിമറിയുന്നത്. അടുത്തനാളുകളിൽ റെജിയിൽ വലിയൊരു ഉത്തരവാദിത്തം ഭരമേൽപ്പിക്കപ്പെട്ടിരുന്നു. ആ നാളുകളിൽ മുഴുവൻ സിസ്റ്റവും ഹാക്ക് ചെയ്യപ്പെട്ട ഒരു സംഭവം ഉണ്ടായതോടെ, പ്രധാന സെർവറുകൾ സൂക്ഷിച്ചിരുന്ന ഒരു റാക്കും അനുബന്ധ സംവിധാനങ്ങളും കൂടുതൽ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു അത്. ദിവസങ്ങളോളമെടുക്കുന്ന കഠിനാധ്വാനത്തിനൊടുവിൽ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതിനാലും, അത് വിശുദ്ധവാരം ആയിരുന്നതിനാലും റെജി ദൗത്യം പൂർത്തിയാകുന്നതിന് മുമ്പ് പെസഹാവ്യാഴം മുതൽ നാല് ദിവസത്തേയ്ക്ക് അനുമതിയോടെ അവധിയിൽ പ്രവേശിച്ചു. മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഡാറ്റാബേസ് സെർവറുകൾ പ്രവർത്തനരഹിതമായതിനാൽ രാജ്യത്തെ രജിസ്‌ട്രേഷനുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു.
ഈസ്റ്റർ ദിവസം ഉച്ചഭക്ഷണം കഴിയ്ക്കുവാൻ ഒരുങ്ങവേയാണ് റെജിക്ക് ഓഫീസിൽനിന്നും ഒരു അടിയന്തിരനിർദ്ദേശം ലഭിക്കുന്നത്. എത്രയും വേഗം താമസസ്ഥലത്തുനിന്നും കുടുംബസമേതം മാറിനിൽക്കണമെന്നതായിരുന്നു അത്. കമ്പനി ഉടമസ്ഥൻ നേരിട്ടാണ് അദ്ദേഹത്തോട് ഈ കാര്യം ആവശ്യപ്പെട്ടത് എന്നതിനാൽ കൂടുതലൊന്നും ആലോചിക്കാതെ പത്ത് കിലോമീറ്റർ ദൂരെയുള്ള ഒരു സുഹൃത്തിന്റെ ഫ്‌ളാറ്റിലേയ്ക്ക് ആ കുടുംബം താമസം മാറുകയാണ് ഉണ്ടായത്. തുടർന്നുള്ള ഏതാനും ദിവസങ്ങൾ ഏറെ സംഭവബഹുലമായിരുന്നു. വരാനിരുന്ന സഹനത്തിന്റെ അനേകം ദിനരാത്രങ്ങളിലേയ്ക്ക് ദൈവം തന്നെ ഒരുക്കുകയായിരുന്നുവെന്ന് അതെക്കുറിച്ച് റെജി സ്മരിക്കുന്നു. ആ ദിവസങ്ങളിലാണ് കോട്ടയം സ്വദേശിയായ വിപിന്റെ ഭാര്യ സുനുവും മകൻ പ്രണവും അവിടെവച്ച് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട് ഇടപെടുകയും, എംബസ്സിയിൽ പോയി ക്രമീകരണങ്ങൾക്കായി സംസാരിക്കുകയും ചെയ്തത് റെജിയുടെ നേതൃത്വത്തിലായിരുന്നു. ആ സമയങ്ങളിലും അസാമാന്യ ധീരതയോടെ നിലനിന്ന വിപിന്റെ ചിത്രം പിന്നീട് തനിക്കും ഏറെ ആത്മധൈര്യം പകർന്നിരുന്നുവെന്നും റെജി സ്മരിക്കുന്നു.
ആ ദിവസങ്ങളിൽ തന്നെ ട്രിപ്പോളിയിൽ അരങ്ങേറിയത് യുദ്ധസമാനമായ സാഹചര്യങ്ങളാണ്. ഫയസ് അൽ സറാജ് അവിടെ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വെടിവയ്പ്പിലും ആക്രമണത്തിലും അവർ താമസിച്ചിരുന്ന ഫ്‌ളാറ്റും തകർക്കപ്പെട്ടു. അന്ന് രാത്രി തന്നെ, കമ്പനിയിലെ പ്രശ്‌നങ്ങൾ ഒത്തുതീർന്നു എന്ന സന്ദേശം ലഭിച്ചതിനാൽ പിറ്റേദിവസം, മാർച്ച് 31 വ്യാഴാഴ്ച പുലർച്ചെ അവർ തിരികെ പഴയ താമസസ്ഥലത്തേയ്ക്ക് പോയി. അന്ന് തന്നെ ജോലിസ്ഥലത്ത് എത്തി വർക്ക് പൂർത്തീകരിക്കുവാൻ നിർദ്ദേശമുണ്ടായിരുന്നതിനാൽ ഏറെ മുൻകരുതലോടെ സുഹൃത്ത് ഒസാമിന്റെ വാഹനത്തിൽ അവർ അങ്ങോട്ട് തിരിച്ചു. ആ യാത്രയ്ക്കിടെയാണ് തങ്ങളുടെ സോഫ്റ്റ്‌വെയർ മാനേജരെ തലേദിവസം മുതൽ കാണാനില്ലെന്ന വാർത്ത റെജി അറിയുന്നത്. അവർ കമ്പനിയുടെ മുന്നിലെത്തിയപ്പോൾ ചിലർ വന്ന് തടഞ്ഞു. അൽപ്പസമയത്തിനുള്ളിൽ ആയുധധാരികളായ ഏതാനും പേർ രണ്ട് വാഹനങ്ങളിലായെത്തി അവരെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. തലേദിവസം കാണാതായ മാനേജരെക്കുറിച്ചും, കഴിഞ്ഞ കുറെ ദിവസം ജോലിക്ക് എത്താതിരുന്നതിനെക്കുറിച്ചുമാണ് അവർക്ക് അറിയേണ്ടിയിരുന്നത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ യൂണിഫോംധാരികളായ ഏതാനും പേർ മറ്റൊരു വാഹനത്തിലെത്തി റെജിയും സുഹൃത്തിനെയും പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു.
ഫയസ് അൽ സറാജിന്റെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന തന്റെ കമ്പനിയോട് അനുഭാവം പുലർത്താത്ത മറുവിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് ആ പോലീസ് സ്റ്റേഷനും ഉദ്യോഗസ്ഥരുമെന്ന് റെജി അറിഞ്ഞിരുന്നു. അതിനാൽ തന്നെ ശത്രുപക്ഷത്തിന്റെ കരങ്ങളിലാണ് തങ്ങൾ അകപ്പെട്ടിരിക്കുന്നതെന്ന് അവർ മനസ്സിലാക്കി. എങ്കിലും, തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ കാര്യമായ ആശങ്കകളൊന്നും അവർക്കുണ്ടായിരുന്നില്ല.
തുടർന്ന് രണ്ടാം ഘട്ടത്തിൽ മറ്റൊരു കേന്ദ്രത്തിൽ ഇരുവരെയും എത്തിച്ചതോടെയാണ് തങ്ങൾ അകപ്പെട്ടിരിക്കുന്നത് ഒരു കെണിയിലാണ് എന്ന ചിന്ത റെജിക്കും ഒസാമിനും ഉണ്ടായത്. കാരണം, അവിടെ ചെന്നപ്പോൾ അവരെ ഇരുവരെയും ഒരു ഇടുങ്ങിയ സെല്ലിൽ അടയ്ക്കുകയാണ് ഉണ്ടായത്. തന്റെ കോട്ടിന്റെ ഉൾപോക്കറ്റിൽ അവർ കാണാതെ സൂക്ഷിച്ചിരുന്ന ഒരു മൊബൈൽഫോണിൽ നിന്ന് റെജി ഭാര്യയ്ക്ക് ഒരു സന്ദേശം അവിടെവച്ച് അയച്ചു. തുടർന്ന് അവർ ഇരുവരെയും ദേഹപരിശോധന നടത്തി കൈകൾ പിന്നോട്ടായി ബന്ധിച്ച് മുഖം കറുത്ത മാസ്‌ക് കൊണ്ട് മറച്ച് അവരെ മറ്റൊരു സങ്കേതത്തിലേയ്ക്ക് കൊണ്ടുപോയി അവിടെ ഒറ്റയ്ക്ക് സെല്ലിൽ അടച്ചു.
റെജിയുടെയും സുഹൃത്തിന്റെയും അറിവില്ലാതെ നടന്ന ചില കൃത്രിമങ്ങളും, ഇഞഅയുടെ മേധാവിത്വം കൈക്കലാക്കാനായി നടന്ന ചില ഉദ്യമങ്ങളും തന്നെയായിരുന്നു ഈ സംഭവവികാസങ്ങൾക്ക് കാരണമായത്. കമ്പനി ഉടമസ്ഥന്റെ നിർദ്ദേശപ്രകാരമാണ് അവർ പ്രവർത്തിച്ചിരുന്നതെങ്കിലും, സ്ഥിതിഗതികൾ വഷളായത്തോടെ അദ്ദേഹം നാടുവിടുകയാണുണ്ടായത്. അവർക്ക് മുന്നിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുഴുവൻ ചോദിക്കാനുണ്ടായിരുന്ന കാര്യം, സിസ്റ്റം തകരാറിലായിരിക്കെ അത്രയും ദിവസം അവർ എന്തിന് മാറി നിന്നു എന്നതാണ്. തുടർന്ന് അവരിൽ ആരോപിക്കപ്പെട്ട കുറ്റം, രാജ്യത്തിന്റെ ധനം നഷ്ടപ്പെടുത്തുകയും, സിസ്റ്റം തകരാറിലാക്കുകയും ചെയ്തു എന്നതായിരുന്നു. അങ്ങനെ അവർ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു. ഈ ഇടപാടിലൂടെ അവർ കണക്കില്ലാത്ത പണം സമ്പാദിച്ചു എന്ന് പോലും ചിലർ പ്രചരിപ്പിച്ചു.
റെജിയുടെ ആദ്യ ദിവസങ്ങൾ കണ്ണീരിൽ നിറഞ്ഞതായിരുന്നു. തനിക്ക് മുന്നിലെത്തിയ എല്ലാവരുടെയും കാൽക്കൽ വീണ് അയാൾ പൊട്ടിക്കരഞ്ഞു. തങ്ങൾ നിരപരാധികളാണെന്ന് ആവർത്തിച്ചു. ആദ്യത്തെ പലദിവസങ്ങളിലും ഭക്ഷണം കഴിക്കുവാൻ പോലും റെജിക്ക് കഴിഞ്ഞിരുന്നില്ല. കുഞ്ഞുങ്ങളെയും കുടുംബത്തെയും പിരിഞ്ഞ് ഒരു ദിവസം പോലും മാറിനിന്നിട്ടില്ലാത്ത അദ്ദേഹത്തിന് ഈ അവസ്ഥ താങ്ങാവുന്നതിലധികമായിരുന്നു. കാണുവാൻ പോയിട്ട്, അവരുടെ അവസ്ഥയെന്താണെന്ന് പോലും അറിയാൻ കഴിയാത്ത നിസ്സഹായത റെജിയെ കുത്തി മുറിവേൽപ്പിച്ചുകൊണ്ടിരുന്നു.
ഭർത്താവ് ഇത്തരമൊരു അപകടത്തിൽ അകപ്പെട്ട സന്ദേശം ലഭിച്ചശേഷമുള്ള ഭാര്യയുടെയും മക്കളുടെയും അവസ്ഥ ദുഃഖകരമായിരുന്നു. ആ ദിവസങ്ങളിൽ തന്നെ, ഒസാമിന്റെ ഭാര്യ സമറുമായും അവർ ബന്ധപ്പെട്ടു. റെജിയുടെയും ഒസാമിന്റെയും അവസ്ഥ എന്തെന്ന് അറിയുന്നതിനും, മോചിപ്പിക്കുന്നതിനുമുള്ള പ്രയത്‌നങ്ങൾ ആരംഭിച്ചു. തീവ്രമായ പ്രാർത്ഥനാമണിക്കൂറുകളും, ചില മലയാളി സുഹൃത്തുക്കളുടെ പിന്തുണയുമാണ് തനിക്ക് ശക്തി പകർന്നിരുന്നതെന്ന് ഷിനുജ ഓർമ്മിക്കുന്നു. ആ ദിവസങ്ങളിൽ സംഭവത്തിന്റെ വാസ്തവം അറിയുന്നതിനായി കമ്പനി ഉടമസ്ഥനായ ഖാലിദിനെ വിളിച്ച ഷിനുജ അയാളിൽ നിന്നാണ് ഭർത്താവ് അകപ്പെട്ടിരിക്കുന്നത് എതിർ സംഘത്തിന്റെ കരങ്ങളിലാണെന്ന വിവരം അറിയുന്നത്.
അതിനാൽ തന്നെ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്ന് ഗ്രഹിച്ച ഷിനുജ എംബസ്സിയിൽ വിവരം അറിയിച്ചു. തുടർന്ന് ഇന്ത്യയിൽ ഔദ്യോഗിക സ്ഥാനങ്ങളിലുള്ള ഒട്ടേറെ പേർക്ക് ഈ വിവരം പറഞ്ഞ് ഇ മെയിൽ അയക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. അതോടൊപ്പം സകല മാധ്യമങ്ങളും ഈ വിവരം വലിയ വാർത്തയാക്കി പുറംലോകത്ത് എത്തിച്ചു. ഭർത്താവിന്റെ മോചനം ലക്ഷ്യംവച്ച് മാസങ്ങൾ നിർത്താതെ ഓടുമ്പോഴും ഷിനുജ ഉരുവിട്ടുകൊണ്ടിരുന്നത് ദൈവസ്തുതികളായിരുന്നു.
‘യേശുവേ നന്ദി യേശുവേ സ്തുതി’ എന്ന സുകൃതജപം സദാസമയം ഉരുവിട്ടിരുന്നത് ഓരോ നിമിഷവും തനിക്കു ശക്തിപകർന്നിരുന്നുവെന്ന് അവൾ സ്മരിക്കുന്നു. വീട്ടിൽ വന്നാൽ മുഴുവൻ സമയവും തന്നെ ബൈബിളുമായി ചെലവഴിച്ചു. തന്നെ സഹായിക്കാൻ സന്നദ്ധരായ എല്ലാവർക്കും പരിമിതികളുണ്ടെന്ന് തിരിച്ചറിഞ്ഞ അവൾ ദൈവതിരുമുമ്പിൽ പൊട്ടിക്കരഞ്ഞു. ദൈവം പ്രത്യേകമാം വിധം സമ്മാനമായി തന്നു എന്ന് താൻ വിശ്വസിക്കുന്ന ഭർത്താവിന്റെ ജീവനുവേണ്ടി പ്രാർത്ഥിക്കുന്നതിനെക്കാൾ, ദൈവത്തിന്റെ ഇഷ്ടവും പദ്ധതിയും നിറവേറുന്നതിനായാണ് താൻ പ്രാർത്ഥിച്ചിരുന്നതെന്ന് അവൾ സ്മരിക്കുന്നു. ഒരിക്കലും പ്രാർത്ഥനയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതിരുന്ന തന്റെ ഭർത്താവിന് ഇത്തരത്തിൽ ഒരു അപകടം സംഭവിക്കണമെങ്കിൽ അതിനുപിന്നിൽ ഒരു പദ്ധതിയുണ്ടെന്ന് അവൾ ഉറച്ചുവിശ്വസിച്ചിരുന്നു.
പിടിയിലകപ്പെട്ട ശേഷം പതിമൂന്നാം ദിവസം ആദ്യമായി കോടതിയിൽ ഹാജരാക്കപ്പെട്ടത് റെജിക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു. തികഞ്ഞ കുറ്റവാളികളെ എന്നതുപോലെയാണ് അവർ പരിഗണിക്കപ്പെട്ടത്. കൈ ആഴത്തിൽ മുറിവേൽക്കുംവിധം വരിഞ്ഞുകെട്ടി, മുഖം മാസ്‌ക് കൊണ്ട് മൂടി, വലിയ പോലീസ് സന്നാഹങ്ങളുടെ അകമ്പടിയോടെയാണ് അവരെ കോടതിയിൽ എത്തിച്ചത്. എന്നാൽ, മറ്റു ചിലരുടെ ഇടപെടലുകൾക്ക് മുന്നിൽ ജഡ്ജിയും പോലീസ് മേധാവികളും പോലും കോടതിയിൽ നോക്കുകുത്തികളായിരുന്നുവെന്ന് റെജി ഓർമ്മിക്കുന്നു.
തനിക്ക് പറയുവാനുള്ളതെല്ലാം നിരപരാധിത്വം വ്യക്തമാക്കുമാറ് കരഞ്ഞുകൊണ്ട് റെജി കോടതിയിൽ പറഞ്ഞു. ഒരുപക്ഷേ, ആദ്യ ദിനങ്ങളിൽ തന്നെ തങ്ങളുടെ നിരപരാധിത്വം അന്വേഷണഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടും, വിട്ടയയ്ക്കുവാൻ അവർ തയ്യാറായിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് ശേഷം രണ്ടാം പ്രാവശ്യവും പതിവ് രീതിയിൽ കോടതിയിൽ എത്തിച്ചപ്പോഴും വീണ്ടും 25 ദിവസത്തേയ്ക്ക് കൂടി അവരെ തടവറയിലേയ്ക്ക് തിരിച്ചയയ്ക്കുകയാണ് ഉണ്ടായത്. തങ്ങൾക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റം സ്ഥാപിക്കപ്പെട്ടാൽ, ആറുമുതൽ നാൽപ്പത് വർഷം വരെ തടവ്ശിക്ഷ വിധിക്കപ്പെട്ടേക്കാം എന്ന അറിവ് റെജിയെ കൂടുതൽ ആശങ്കയിലാഴ്ത്തി. അതേസമയം, ഒരു വക്കീലിനെ വച്ച് കേസ് വാദിക്കുന്നതിൽ അർത്ഥമില്ലെന്ന നിർദ്ദേശമാണ് ഇന്ത്യൻ എംബസ്സിയിൽ നിന്ന് ലഭിച്ചതെന്ന് ഷിനുജ പറയുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ലിബിയയുടെ അന്നത്തെ തകർന്നുകിടന്ന നിയമവ്യവസ്ഥിതിയുടെ കാരുണ്യം ലഭിക്കുക എന്നതിൽ കവിഞ്ഞ്, മറ്റൊരു പ്രതീക്ഷയ്ക്കും അവിടെ സ്ഥാനമുണ്ടായിരുന്നില്ല. വ്യക്തമായൊരു ഭരണസംവിധാനം നിലവിലില്ലാത്തതിനാൽ, ഒരു തരത്തിലുമുള്ള ദേശീയ, അന്തർദേശീയ ഇടപെടലുകളും സാധ്യവുമായിരുന്നില്ല. ഇത്തരം തിരിച്ചറിവുകൾ ആ കുടുംബത്തെ കൂടുതൽ നിരാശയിലേയ്ക്ക് എത്തിക്കുവാൻ പര്യാപ്തമായിരുന്നു.
രണ്ടാം തവണ കോടതിയിൽനിന്ന് തിരികെ പോകുമ്പോഴാണ്, കരഞ്ഞിട്ടും, അധികാരികളുടെ കാല്പിടിച്ചപേക്ഷിച്ചിട്ടും ഫലമില്ലെന്ന ബോധ്യം റെജിക്ക് ഉണ്ടാകുന്നത്. തനിക്ക് കരുണ ലഭിക്കണമെങ്കിൽ, അത് സർവ്വശക്തനായ ദൈവത്തിൽനിന്ന് വേണമെന്ന ഉത്തമബോധ്യത്തിൽ അദ്ദേഹം പ്രാർത്ഥനയിലേയ്ക്ക് തിരിഞ്ഞു. മറ്റാരും കാണാതെ സൂക്ഷിച്ചിരുന്ന ജപമാല കയ്യിലെടുത്ത് മണിക്കൂറുകളോളം മുട്ടിൽ നിന്ന് കണ്ണീരോടെ ജപമാല ചൊല്ലുവാൻ റെജി ആരംഭിച്ചു. തന്നെ തടവിലാക്കിയിരിക്കുന്നവർക്കുള്ള തെറ്റിദ്ധാരണയിൽ, അവരോട് കരുണ തോന്നേണമേ എന്നാണ് താൻ കൂടുതലും പ്രാർത്ഥിച്ചിരുന്നത് എന്ന് അദ്ദേഹം ഓർമ്മിക്കുന്നു.
ഇരുപത്തിനാലാം ദിവസമായപ്പോൾ, രണ്ട് എംബസ്സി ഉദ്യോഗസ്ഥർക്കൊപ്പം ഭാര്യയും റെജിയെ സന്ദർശിക്കുവാനെത്തി. കൈ പിന്നിലേയ്ക്ക് ബന്ധിക്കപ്പെട്ട്, മുഖം മറച്ച് തനിക്ക് മുന്നിലെത്തിയ റെജിയെ കണ്ടപ്പോൾ ആ അവസ്ഥയെക്കുറിച്ച് ഓർത്തുള്ള വേദനയെക്കാൾ, ജീവിച്ചിരിക്കുന്നല്ലോ എന്ന ആശ്വാസമാണ് അനുഭവപ്പെട്ടതെന്ന് ഷിനുജ പറയുന്നു. എങ്കിലും നിയന്ത്രണം വിട്ടുപോയ അവരെ പോലീസ് ഉദ്യോഗസ്ഥർ അവിടെനിന്നും മാറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് രണ്ട് അവസരങ്ങളിൽ കൂടി റെജിയെ കാണുവാൻ ഷിനുജയ്ക്ക് അവസരം കിട്ടിയിരുന്നു.
മക്കളെ ഒന്ന് കാണുവാൻ തീവ്രമായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും, ഇത്തരമൊരു സാഹചര്യത്തിൽ അവർ തന്നെ കാണുവാനുള്ള സാഹചര്യം ഉണ്ടാവാതിരിക്കുവാനാണ് റെജി പ്രാർത്ഥിച്ചിരുന്നത്. വിസിറ്റേഴ്‌സിനെ കാണുവാനായി മുപ്പത് കിലോമീറ്ററെങ്കിലും ദൂരെയുള്ള മറ്റൊരു സ്ഥലത്ത് തടവുകാരെ എത്തിക്കുകയായിരുന്നു പതിവ്. ഒരിക്കൽ തന്നെ ബന്ധനസ്ഥനാക്കി അങ്ങോട്ട് കൊണ്ടുപോയത് കാറിന്റെ ഡിക്കിയിൽ കിടത്തിയാണെന്ന് റെജി ഓർമ്മിക്കുന്നു.
റെജിയുടെയും സഹപ്രവർത്തകന്റെയും ജയിൽവാസം മൂന്ന് മാസം പിന്നിട്ട് ജൂലായ് മാസമായപ്പോൾ, അപ്രതീക്ഷിതമായി ആറാം തിയ്യതി ഉച്ചയോടുകൂടി അന്ന് റിലീസ് ആണെന്ന് അറിയിപ്പ് കിട്ടി. മോചനത്തിന്റെ വിവരം എംബസ്സിയിൽ അറിയിക്കുകയും, തുടർന്ന് ഇന്ത്യയിലും അറിയുകയും വാർത്തയാവുകയും ചെയ്തു. തുടർന്ന് മോചിപ്പിക്കപ്പെട്ടെങ്കിലും, പാസ്സ്‌പോർട്ട് അവർ പിടിച്ചുവച്ചിരുന്നത് വീണ്ടുമൊരു പ്രതിസന്ധിക്ക് കാരണമായി മാറുകയായിരുന്നു.
പാസ്സ്‌പോർട്ട് തിരിച്ചുകിട്ടാനുള്ള പ്രയത്‌നങ്ങളും മാസങ്ങൾ നീണ്ടതായിരുന്നു. രണ്ട് മാസത്തിലേറെ അതിനായി ഓഫീസുകൾ കയറിയിറങ്ങി. ആ ദിവസങ്ങളിൽ, അതിരാവിലെ എഴുന്നേറ്റ് കുട്ടികളുമൊന്നിച്ച് ജപമാല ചൊല്ലിയതിന് ശേഷം അവരെ വീട്ടിലാക്കി, റെജിയും ഷിനുജയും പതിവായി കോടതിയിലേയ്ക്ക് പോവുകയായിരുന്നു ചെയ്തിരുന്നത്. അവിടെ ചെന്ന് കാര്യങ്ങൾ അന്വേഷിക്കും, ശേഷം അവിടെയിരുന്ന് കൊന്ത ചൊല്ലും. വൈകിട്ട് വീട്ടിൽ വന്നതിനുശേഷവും കൂടുതൽ സമയം പ്രാർത്ഥനകൾക്കായി ചെലവഴിച്ചു. ശാലോം ടിവി യിൽ സംപ്രേഷണം ചെയ്തിരുന്ന അഭിഷേകാഗ്‌നി പോലെയുള്ള പ്രോഗ്രാമുകൾ യുട്യൂബിൽ കാണുകയായിരുന്നു ആ സമയത്ത് ഏറ്റവുകൂടുതൽ ആശ്വാസം നൽകിയിരുന്ന ഒരു കാര്യമെന്ന് റെജിയും ഭാര്യയും ഒരേസ്വരത്തിൽ പറയുന്നു.
ഒടുവിൽ നടപടിക്രമങ്ങളെല്ലാം പൂർത്തിയായെങ്കിലും, അറ്റോർണി ജനറൽ ഉൾപ്പെടെ ഒപ്പിടേണ്ട ഉദ്യോഗസ്ഥർ പലപ്പോഴും സ്ഥലത്തില്ലാതെ വരുന്നതായിരുന്നു പ്രധാന തടസ്സം. ഒടുവിൽ, ഷിനുജയ്ക്കും, മക്കൾക്കും തിരിച്ചു പോരേണ്ട അവസാന ദിവസം എത്തിയിട്ടും പാസ്സ്‌പോർട്ട് ലഭിക്കാതായി. കഴിഞ്ഞ സെപ്റ്റംബർ മാസം ഇരുപത്തൊമ്പതാം തിയ്യതി റെജി പ്രത്യേകം ഓർമ്മിക്കുന്നു. അന്നായിരുന്നു ഒരുമിച്ചു ഇന്ത്യയിലേയ്ക്ക് പോരണമെങ്കിൽ പാസ്‌പോർട്ട് വിട്ടുകിട്ടേണ്ട അവസാന ദിവസം.
എന്നാൽ ബന്ധപ്പെട്ട ഓഫീസിൽ ചെന്നപ്പോൾ പിറ്റേ ഞായറാഴ്ച എത്തുവാനായിരുന്നു നിർദ്ദേശം. തകർന്ന ഹൃദയത്തോടെ വരാന്തയിൽ ജപമാലയെടുത്ത് പ്രാർത്ഥന ആരംഭിച്ച റെജി വേദനയോടെ ഒരു ദൈവിക ഇടപെടലിനായി പ്രാർത്ഥിച്ചു. രണ്ടാമത്തെ രഹസ്യം ചൊല്ലുവാൻ ആരംഭിച്ചപ്പോൾ തന്നെ അത്ഭുതം സംഭവിച്ചു. ഓഫീസിൽനിന്ന് ഒരാൾ വന്ന് പാസ്സ്‌പോർട്ട് ശരിയായിട്ടുണ്ടെന്ന് അറിയിച്ചു. ആ ജീവിതത്തിലെ ഒരു വലിയ അദ്ധ്യായം അവിടെ അവസാനിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ, ആറുമാസം നീണ്ടുനിന്ന വലിയ പരീക്ഷണകാലം പിന്നിട്ട് റെജിയും കുടുംബവും കേരളത്തിൽ തിരികെയെത്തി. തങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച അനേകായിരങ്ങൾക്ക് നന്ദി പറയുവാൻ അവർക്ക് വാക്കുകളില്ല. ഇന്ന് വിശ്വാസത്തിനും ദൈവാശ്രയബോധത്തിനും ഈ കുടുംബത്തിനുമുന്നിൽ കൂടുതൽ തീക്ഷ്ണമായ അർത്ഥമാണുള്ളത്. എല്ലാം നഷ്ടപ്പെട്ട് തിരിച്ചെത്തിയ ഈ കുടുംബത്തിനു മുന്നിൽ ഒട്ടേറെ പ്രതിസന്ധികൾ അവശേഷിക്കുന്നുണ്ട്. എങ്കിലും, ഇനി ഒരു പ്രതിസന്ധിയിലും തളരാത്ത, മറ്റൊരു ശക്തിക്ക് മുന്നിലും മുട്ട് മടക്കാത്ത ഒരു പുതിയ ഹൃദയം ദൈവം അവർക്ക് സമ്മാനിച്ചിരിക്കുന്നു. അവർ ഒരേ സ്വരത്തിൽ ലോകത്തോട് ചോദിക്കുന്നു, എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരവും പ്രതിവിധിയുമായ ശക്തനായ ദൈവം നമുക്കുണ്ട്… പിന്നെ എന്തിന് നാം ഭയപ്പെടണം?
വിനോദ് നെല്ലയ്ക്കൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?