Follow Us On

02

December

2023

Saturday

ബ്രിട്ടീഷ് സഭയുടെ വീരപുത്രി മേരി ട്യൂഡർ

ബ്രിട്ടീഷ് സഭയുടെ വീരപുത്രി  മേരി ട്യൂഡർ

 
 
ലണ്ടനെ ജ്ഞാനസ്‌നാനപ്പെടുത്തിയ മഹാരഥന്മാർക്ക് ഒപ്പമാണ് മേരി ട്യൂഡറിന്റെ സ്ഥാനം. ഇംഗ്ലണ്ടിന് ഒരിക്കൽ നഷ്ടപ്പെട്ട കത്തോലിക്കാ പാരമ്പര്യം വീണ്ടെടുക്കാൻ ശ്രമിച്ച ധീരവനിതയാണ് ക്യൂൻ മേരിയായി മാറിയ മേരി ട്യൂഡർ. കത്തോലിക്കാ വിശ്വാസം പുനഃസ്ഥാപിക്കാൻ നടത്തിയ ശ്രമത്തിനും അതിന് നേതൃത്വം കൊടുത്ത ക്യൂൻ മേരിക്കും മൂന്നു വർഷമേ ആയുസുണ്ടായിരുന്നുള്ളുവെങ്കിലും ഇംഗ്ലണ്ടിലെ കത്തോലിക്കാസഭ ചരിത്രത്തിൽ തങ്കലിപികളിൽ ഇടംപിടിക്കും ആ കാലഘട്ടം.
ഹെൻട്രി എട്ടാമന്റെയും കാതറിൻ ഓഫ് ആരഗണിന്റെയും ഒരേയൊരു മകളായി 1516 ഫെബ്രുവരി 18ന് ജനിച്ച മേരി ട്യൂഡറിനെ സ്വേച്ഛാധിപതിയായും മതഭ്രാന്തിയായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ബ്ലഡ്‌മേരി’ എന്നാണ് ചില ചരിത്രരേഖകളിൽ മേരി ട്യൂഡറിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. കത്തോലിക്കാസഭയെ എതിർത്തിരുന്ന പ്രൊട്ടസ്റ്റന്റ് വിശ്വാസികളെ മേരി ട്യൂഡറിന്റെ ഭരണകാലത്ത് ചുട്ടെരിച്ച് കൊന്നതാവാം അതിനു കാരണം.
ഹെൻട്രി എട്ടാമന്റെ കീഴിൽനിന്ന് കത്തോലിക്കാസഭയെ മോചിപ്പിച്ച് ശക്തമായ രീതിയിൽ നിലനിർത്തണമെങ്കിൽ കത്തോലിക്കാസഭയെ എതിർക്കുന്നവരെ നശിപ്പിക്കണമെന്ന അനുചരവൃന്ദത്തിന്റെ നിർബന്ധമാകാം മേരി ട്യൂഡറിനെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. ഇതിന്റെ അനന്തരഫലമാകാം മേരി ട്യൂഡറിന്റെ ഹ്രസ്വമായ ഭരണകാലത്ത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചരിത്രരേഖകളിൽ നന്നേ കുറവാണ്. അതുപോലെ കത്തോലിക്കാസഭയെ പുനരുദ്ധരിക്കാൻ മേരി ചെയ്ത ത്യാഗങ്ങളും വിസ്മരിക്കപ്പെട്ടു. അക്കാര്യങ്ങളെക്കുറിച്ച് സൂചന പകരുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.
ആറ്റുനോറ്റുണ്ടായ
മകളാണെങ്കിലും!
ആൺകുഞ്ഞ് ജനിക്കണമെന്ന ആഗ്രഹത്തോടെ കാത്തിരുന്ന ഹെൻട്രി എട്ടാമന് ലഭിച്ചത് പെൺകുട്ടിയെയായിരുന്നു. ആഗ്രഹം സാധ്യമായില്ലെങ്കിലും മകളോട് വലിയ വാത്സല്യമായിരുന്നു ഹെൻട്രി എട്ടാമന്. തന്റെ മകൾക്ക് ഉത്തമമായ ഒരു ഭർത്താവിനെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ അന്വേഷണം യൂറോപ്പു മുഴവനിലേക്കും നീണ്ടു. മേരി ട്യൂഡറിന് 10 വയസായപ്പോൾ ‘പ്രിൻസ് ഓഫ് വെയിൽസ്’ എന്ന അനൗദ്യോഗിക സ്ഥാനപ്പേര് നൽകി വെൽഷ് മാർക്കെസിലുള്ള മറ്റൊരു കൊട്ടാരത്തിലേക്ക് അവളെ മാറ്റി പാർപ്പിച്ചു.
ഈ അവസരത്തിലാണ് ഭാര്യയായ കാതറിൻ ഓഫ് ആരഗണിനെ ഉപേക്ഷിച്ച് ആനിബോളിനെ വിവാഹം ചെയ്യാൻ ഹെൻട്രി എട്ടാമൻ തീരുമാനിച്ചത്. അതറിഞ്ഞ മേരി ട്യൂഡർ 1528ൽ വെയിൽസിൽനിന്ന് തിരികെയെത്തി. തന്റെ സ്‌നേഹനിധിയായ അമ്മയുമായുള്ള വിവാഹമോചനത്തിൽനിന്ന് പിതാവിനെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു. അതുമാത്രമല്ല, ഹെൻട്രി ഇംഗ്ലണ്ടിലെ സഭയുടെ തലവനായി സ്വയം അവരോധിതനാകുന്നതും അമ്മയ്ക്കും മകൾക്കും അംഗീകരിക്കാനുമായില്ല.
മേരി ട്യൂഡറിന്റെയും കാതറിൻ ഓഫ് ആരഗണിന്റെയും അപേക്ഷകളെ മുഖവിലയ്‌ക്കെടുക്കാതെ ഹെൻട്രി എട്ടാമൻ 1538 ജനുവരി 25ന് ആനി ബോളിനെ വിവാഹം ചെയ്തു. ഇതുമൂലം കാതറിന്റെ രാജ്ഞിസ്ഥാനം നഷ്ടമാകുക മാത്രമല്ല, ഹെൻട്രി എട്ടാമന്റെ കാലശേഷം രാജ്യത്തിന്റെ പിൻതുടർച്ചാവകാശിയാകാനുള്ള സാധ്യതയും അസ്തമിച്ചു. പിന്നീടൊരിക്കലും കാണാൻ സാധിക്കാത്തവിധം ആ അമ്മയെയും മകളെയും വേർപെടുത്തികൊട്ടാരത്തിൽനിന്ന് പുറത്താക്കി. പിന്നീടൊരിക്കലും മേരി ട്യൂഡർ തന്റെ അമ്മയെ കണ്ടിട്ടില്ല.
മൂന്നു വർഷത്തിനുശേഷം കാതറിൻ ഈ ലോകത്തിൽനിന്ന് യാത്രയായി. അതൊടെ ഹെൻട്രി എട്ടാമൻ മേരി ട്യൂഡറിന്റെ ‘പ്രിൻസ് ഓഫ് വെയിൽസ്’ എന്ന സ്ഥാനപ്പേര് മാറ്റി ‘ലേഡി മേരി എന്നാക്കി’ മേരി ട്യൂഡറിനെ തീർത്തും അവഗണിച്ചു. ഇക്കാലത്താണ് ഹെൻട്രി എട്ടാമന് ആനി ബോളിനിൽ എലിസബത്ത് എന്ന കുഞ്ഞ് ജനിച്ചത്. ആ കുഞ്ഞിനെ പരിചരിക്കാൻ ഏൽപ്പിച്ച് വീണ്ടും മേരി ട്യൂഡറിന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്തി. മേരി ട്യൂഡറും ആനി ബോളിനും തമ്മിലുള്ള ബന്ധം ഇതിനുമുമ്പേ വൃണപ്പെട്ടിരുന്നു. ആനിന്റെ കിരീടധാരണച്ചടങ്ങിന് മേരി പങ്കെടുത്തില്ലെന്നു മാത്രമല്ല, തന്റെ അമ്മയെ ‘ക്യൂൻ ഓഫ് കാതറിൻ ഓഫ് ഇംഗ്ലണ്ട്’ എന്നുതന്നെയാണ് അഭിസംബോധന ചെയ്തതും.
പാപപ്പൊറുതി തേടിയ
സഭാതനയ
ആനി ബോളിന്റെ രാജകീയപദവിയെ പുച്ഛത്തോടെമാത്രം വീക്ഷിച്ച മേരി ട്യൂഡറിന്റെ നിലപാട് ഹെൻട്രി എട്ടാമനെയും ആനി ബോളിനെയും വളരെയധികം വിഷമിപ്പിച്ചിരുന്നു. ചാൾസ് അഞ്ചാമൻ ചക്രവർത്തിയുടെ അംബാസഡറായ യൂസ്റ്റേസ് ചാപ്പയ്‌സ് ഒരിക്കൽ ചാൾസ് അഞ്ചാമനോട് രേഖാമൂലം പറഞ്ഞത്, മേരി ട്യൂഡറിനെ വധിക്കണം എന്നത്രേ. ആനി ബോളിൻ ഇടയ്ക്കിടക്ക് ഹെൻട്രി എട്ടാമനിൽ വിദ്വേഷം കുത്തിനിറച്ചിരുന്നു. പക്ഷേ, ഹെൻട്രി എട്ടാമന് ഈ കടുത്ത അപരാധം ചെയ്യാൻ സാധിക്കില്ലായിരുന്നു.
മേരി ട്യൂഡറിന്റെ ജീവിതത്തിൽ ഈ ദുരിതങ്ങളൊക്കെ സംഭവിക്കുമ്പോൾ ഏകദേശം 20 വയസ്‌പോലുമായിരുന്നില്ല. രണ്ടാമത്തെ ഭാര്യയായ ആനി ബോളിനെ 1536 മെയ് 19ന് കൊലപ്പെടുത്തിയതിന്റെ പിറ്റേന്നുതന്നെ ജെയ്ൻ സീമറിനെ വിവാഹം ചെയ്ത ഹെൻട്രി എട്ടാമന്റെ നടപടി മേരി ട്യൂഡറിനെ വീണ്ടും ഭീതിയിലാഴ്ത്തി.
പിതാവിന്റെ ക്രൂരതകൾ നിറഞ്ഞ പ്രവർത്തികൾകാരണം അദ്ദേഹത്തോട് അനുരഞ്ജനത്തിന് ശ്രമിക്കണമെന്ന് തോമസ് ക്രോംവെല്ലും യൂസ്റ്റേസ് ചാപ്പയ്‌സും മേരി ട്യൂഡറിനോട് ആവശ്യപ്പെട്ടതായുള്ള ചരിത്രരേഖകളുണ്ട്. ഹെൻട്രി എട്ടാമന്റെ പ്രധാനമന്ത്രിയായിരുന്ന തോമസ് ക്രോംവെല്ലിന്റെ സമ്മർദത്തിനു മുമ്പിൽ മേരി ട്യൂഡർക്ക് മനസ്സില്ലാമനസ്സോടെയാണെങ്കിലും വഴങ്ങേണ്ടിവന്നു.
ആരോ തയാറാക്കിക്കൊടുത്ത കത്ത് വേണ്ടതുപോലെ വായിച്ചുനോക്കാതെ മേരി ട്യൂഡർ തന്റെ കൈയൊപ്പുചാർത്തി. അതിലൂടെ തന്റെ അമ്മയും ഹെൻട്രി എട്ടാമനും തമ്മിലുള്ള വിവാഹം അസാധുവായതും അക്ഷരാർത്ഥത്തിൽ സമ്മതിക്കേണ്ടിവന്നു അവൾക്ക്. കൂടാതെ, റോമിലെ പരിശുദ്ധപിതാവിന്റെ നേതൃത്വം തള്ളിക്കൊണ്ട് തന്റെ പിതാവിനെ ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയായി അംഗീകരിച്ചു. ഈ സംഭവത്തിനുശേഷം കുറ്റബോധത്താൽ വളരെയേറെ ഭാരപ്പെട്ട മേരി ട്യൂഡർ, അപരാധം പൊറുക്കണമെന്ന് അപേക്ഷിച്ച് പരിശുദ്ധ പിതാവിന് കത്തെഴുതി.
സധൈര്യം നിയമലംഘനം
1547 ജനുവരി 28ന് ഹെൻട്രി എട്ടാമൻ കാലംചെയ്യുമ്പോൾ 10 വയസുകാരനായിരുന്ന എഡ്വേർഡ് ആറാമൻ പിന്തുടർച്ചാവകാശിയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. ഹെൻട്രി എട്ടാമന് ജെയ്ൻ സീമറിൽ ജനിച്ച മകനാണ് എഡ്വേർഡ് ആറാമൻ. എഡ്വേർഡ് ആറാമന് പ്രായപൂർത്തിയാകാത്തതിനാൽ റീജൻസി കൗൺസിലിനായിരുന്നു ഭരണനിർവഹണ ചുമതല. എഡ്വേർഡ് ആറാമന്റെ ഭരണകാലത്താണ് ഇംഗ്ലണ്ടിൽ പ്രൊട്ടസ്റ്റന്റ് സഭ ശക്തിപ്പെട്ടത്. ഏതാണ്ട് അക്കാലത്താണ് എഡ്വേർഡ് രോഗിയായിമാറിയത്.
അമ്മയിൽനിന്ന് തനിക്ക് പകർന്നുകിട്ടിയ കത്തോലിക്കാവിശ്വാസത്തിൽ അടിയുറച്ചുനിന്ന മേരി ട്യൂഡർ ഒരു ദിവസംതന്നെ നാല് ദിവ്യബലിയിൽവരെ പങ്കെടുക്കുമായിരുന്നു. എഡ്വേർഡ് ആറാമന്റെ കാലശേഷം മേരി ട്യൂഡറിന് ഭരണം ലഭിക്കാതിരിക്കാൻ റീജൻസി കൗൺസിലിലുള്ള പ്രൊട്ടസ്റ്റന്റ് വിഭാഗം പരമാവധി പരിശ്രമിച്ചു. പ്രൊട്ടസ്റ്റന്റ് പ്രേരണയ്ക്ക് വഴങ്ങി, കത്തോലിക്കാസഭയെ വീണ്ടും ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ ദിവ്യബലി നിരോധിച്ചുകൊണ്ട് 1549ൽ റീജൻസി കൗൺസിൽ ‘ആക്ട് ഓഫ് യൂണിഫോമിറ്റി’ പാസാക്കി.
ഈ അവസരത്തിൽ മേരി ഇംഗ്ലണ്ടിലുള്ള കത്തോലിക്കരുടെ ശ്രദ്ധാകേന്ദ്രമായിമാറി. വിശ്വാസികളുടെ പ്രതീക്ഷകൾ അസ്ഥാനത്തായില്ല. ഈ തീരുമാനത്തിന് എതിരായി മേരി ട്യൂഡർ ശക്തമായി പ്രതികരിച്ചു. കെന്നിങ്ഹാളിലുള്ള തന്റെ ദൈവാലയത്തിൽ നിരോധനം ലംഘിച്ച് ആഘോഷമായ ദിവ്യബലിയർപ്പണത്തിന് അവസരമൊരുക്കി മേരി. കൗൺസിൽ ഇതിനെതിരെ മേരിക്ക് താക്കീത് നൽകി. എന്നാൽ, ഇതെല്ലാം അവഗണിച്ച മേരി ആവർത്തിച്ച് ദിവ്യബലികളിൽ പങ്കെടുത്തുകൊണ്ട് തന്റെ കത്തോലിക്കാവിശ്വാസം ഇംഗ്ലണ്ടിലെ ജനങ്ങളെയും ഭരണാധികാരികളെയും ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
ചരിത്രം രചിച്ച ലണ്ടൻ റാലി
തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം കൊടുക്കണമെന്ന് 1551 മാർച്ച് 17ന് റീജൻസി കൗൺസിൽ മേരിയോട് ആവശ്യപ്പെട്ടു. ഈ അവസരം ഉചിതമായി ഉപയോഗിച്ച മേരി വലിയ തയാറെടുപ്പോടെ ഒരു ലണ്ടൻ യാത്ര ക്രമീകരിച്ചു. ആഘാഷകരമായ ആ ഘോഷയാത്രയിൽ അശ്വാരൂഢരായ 50 ‘നൈറ്റ്‌സും’ (ബ്രിട്ടീഷ് രാജാവ് പുരുഷന്മാർക്ക് കൊടുക്കുന്ന രാജകീയപദവി) തന്റെ വിശ്വസ്തരായ 80സ്ത്രീകളും ഉൾപ്പെടെ ഈസ്റ്റ് ആംഗ്ലിയയിൽനിന്നുള്ള പരശതം ആളുകൾ അണിചേർന്നു.
കത്തോലിക്കാസഭയുടെ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്ന ഒത്തിരിയേറെ ലണ്ടൻ നിവാസികളും ഈ റാലിയിൽ പങ്കെടുക്കാനെത്തിച്ചേർന്നു. പണ്ട് ഇംഗ്ലണ്ട് കത്തോലിക്കാരാജ്യമായിരുന്നപ്പോൾ കാതറിൻ ഓഫ് ആരഗണിനെ ആനയിച്ച സംഭവത്തോടാണ് പഴമക്കാർ ഈ റാലിയെ ഉപമിച്ചത്.
ഈ റാലിയെ തുടർന്ന് റീജൻസി കൗൺസിലും മേരി ട്യൂഡറും തമ്മിലുള്ള ഭിന്നിപ്പ് രൂക്ഷമായി. ഒടുവിൽ, മേരിക്ക് ദിവ്യബലിയിൽ പങ്കെടുക്കാനുള്ള അനുവാദം കൊടുക്കാനുള്ള തീരുമാനത്തിൽ റീജൻസി കൗൺസിൽ എത്തിച്ചേർന്നു. കിട്ടിയ അവസരം മുതലാക്കി മേരി ട്യൂഡർ ലണ്ടനിലേക്ക് മാർച്ച് നടത്തി. ഈ അവസരത്തിൽ പൊതുജനങ്ങളിൽനിന്ന് ലഭിച്ച പിന്തുണ മേരി ട്യൂഡറിന് ഊർജം പകർന്നു. എല്ലാ പ്രതിബന്ധങ്ങളെയും ലംഘിച്ചുകൊണ്ട് വെസ്റ്റ്മിനിസ്റ്റർ ആബിയിൽവെച്ച് 1553 ഒക്ടോബർ ഒന്നിന് ഇംഗ്ലണ്ടിന്റെ രാജ്ഞിയായി മേരി ട്യൂഡർ അവരോധിക്കപ്പെട്ടു.
രാജ്ഞിയായ് അധികാരം ഏറ്റെടുത്തശേഷം മേരി ട്യൂഡർചെയ്ത ആദ്യപ്രവൃത്തി റോമുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക എന്നതായിരുന്നു. മേരി ട്യൂഡർ തന്റെ രാജ്ഞിസ്ഥാനം ഏറ്റെടുത്തപ്പോഴാണ് മേരിയുടെ കഴിവ് സമൂഹം യഥാർത്ഥത്തിൽ തിരിച്ചറിഞ്ഞത്. ലാറ്റിൻ, ഫ്രഞ്ച്, സ്പാനിഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ വൈദഗ്ദ്ധ്യം ഉണ്ടായിരുന്ന മേരി ഭരണകാര്യങ്ങളിലും നിപുണയായിരുന്നു.
ബ്രിട്ടന്റെ ചരിത്രം മറ്റൊന്നായേനേ
1554 നവംബർ 29ന് പരിശുദ്ധ പിതാവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള അംഗീകാരം പാർലമെന്റ് പാസ്സാക്കി. ഇതിനെ എതിർത്ത കൗൺസിലിന് രണ്ട് വോട്ടുമാത്രമാണ് ലഭിച്ചത്. സെന്റ് ആൻഡ്രൂ ദിനം ആഘോഷിച്ച നവംബർ 30ന് ഇംഗ്ലണ്ടിലെ മേരി രാജ്ഞിക്കും രണ്ടു സഭകളിലെ മുഴുവൻ അംഗങ്ങളും പാപ്പയുടെ പ്രത്യേക പ്രതിനിധിയായ കർദിനാൾ റെജിനാൾഡ് പോളിന്റെ മുന്നിൽ മുട്ടിന്മേൽനിന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പേരിൽ പരിശുദ്ധ സിംഹാസനത്തോട് ക്ഷമായാചന നടത്തി. എന്നാൽ, മൂന്നു വർഷം മാത്രമേ ക്വീൻ മേരിയുടെ ഭരണത്തിന് അയുസുണ്ടായുള്ളൂ.
1558 നവംബർ 17ന് ക്വീൻ മേരി മരണപ്പെട്ടതോടെ, കത്തോലിക്കാസഭ വീണ്ടും തകർച്ചയിലേക്ക് കൂപ്പുകുത്തി. ക്വീൻ മേരിക്ക് ഒരു കത്തോലിക്കാ പിൻഗാമിയുണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ടിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. ക്വീൻ മേരിക്ക് ഒത്തിരിയേറെ കാര്യങ്ങൾ നേടാൻ സാധിച്ചു. പക്ഷേ മൂന്നു വർഷക്കാലം എന്നത് തന്റെ സ്വപ്‌നങ്ങൾ പൂവണിയിക്കുന്നതിന് തീർത്തും അപര്യാപ്തയായിരുന്നു.
ക്വീൻമേരിക്കുശേഷം വന്ന ക്വീൻ എലിസബത്ത്, ക്വീൻ മേരി വളർത്തിക്കൊണ്ടുവന്ന കത്തോലിക്കാസഭയെ വീണ്ടും തകർത്തുകളഞ്ഞു. ക്വീൻ മേരിക്ക് തന്റെ കുറഞ്ഞ ഭരണകാലഘട്ടത്തിൽ വരുംതലമുറകളിലെ കത്തോലിക്കരിൽ ഒത്തിരിയേറെ സ്വാധീനം ചെലുത്താൻ സാധിച്ചിരുന്നു.
ക്വീൻ മേരിയുടെ ധൈര്യവും നിശ്ചയധാർഡ്യവും തന്റെ പിതാവിനോടും കിംഗ് എഡ്വേർഡ് ആറാമനോടും ധീരമായി പോരാടാൻ കാണിച്ച തീക്ഷ്ണതയും ധൈര്യവും ഒരിക്കലും വിസ്മരിക്കപ്പെടില്ല.
 
സിബി തോമസ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?