Follow Us On

20

May

2022

Friday

തെരുവ് മക്കളെ നെഞ്ചോട് ചേർത്ത ലിറ്റിയമ്മ ഓർമ്മയായി

തെരുവ് മക്കളെ നെഞ്ചോട് ചേർത്ത ലിറ്റിയമ്മ ഓർമ്മയായി

തിരുവല്ല: ദൈവപരിപാലനയുടെ എളിയ ദാസികളുടെ സന്യാസിനീ സമൂഹം സ്ഥാപക സിസ്റ്റർ ഡോ. മേരിലിറ്റി എൽ.എസ്.ഡി.പി (81) ഇന്നു പുലർച്ചെ അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച കുന്നന്താനം എൽ.എസ്.ഡി.പി കോൺവെന്റ് ജനറലേറ്റിൽ നടക്കും. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ എന്നിവർ മൃതസംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
എല്ലാത്തിനും തുടക്കം
201661126ഒരു പഠനയാത്രയ്ക്കിടയിലാണ് സിസ്റ്റർ മേരിലിറ്റി വടക്കേ ഇറ്റലിയിലെ ടൂറിൻ നഗരത്തിലെത്തിയത്. പലരുടെയും സംസാരത്തിൽ നിന്നും ഇവിടെയുള്ള ‘ദൈവപരിപാലനാഭവനെ’ ക്കുറിച്ച് സിസ്റ്റർ അറിഞ്ഞു. വിശുദ്ധ ജോസഫ് കൊത്തലോംഗോയാൽ സ്ഥാപിതമായ സന്യാസസഭകളാണ് ഈ ഭവനം നടത്തുന്നതെന്നും അവർ മനസ്സിലാക്കി. അങ്ങനെയാണ് സിസ്റ്റർ ആ ഭവനം സന്ദർശിക്കുന്നത്. ലോകമഹായുദ്ധങ്ങൾക്ക് ശേഷം ശാരീരികമായും, മാനസികമായും തകർന്നടിഞ്ഞ ദയനീയ ജീവിതങ്ങളാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്.
വൈകല്യത്തിന്റെയും രോഗത്തിന്റെയും മൂർഛയിലെത്തി മരണത്തിന്റെ കാലൊച്ചയ്ക്ക് കാത്തിരിക്കുന്നവർ. ഇങ്ങനെയുള്ളവർ 7600-ൽ ഏറെ വരും. അവരെ സംരക്ഷിക്കുവാനും ശുശ്രൂഷിക്കുവാനുമായി നിയോഗിക്കപ്പെട്ടവരുൾപ്പെടെ 14,500 പേരുണ്ടിവിടെ. ഇ ത്രയും പേരുണ്ടായിട്ടും യാതൊരു സ്ഥി രവരുമാനവുമില്ലാത്ത ആ സ്ഥാപനം ദൈവാനുഗ്രഹത്താൽ അതിമനോഹരമായി നടക്കുന്നു. ഇവിടെ അവശരായി കിടക്കുന്ന രോഗികളുടെ കിടക്കയ്ക്ക് സമീപത്തുകൂടി നടക്കുമ്പോൾ, സിസ്റ്റർ അവരുടെ മുഖത്തെ ശാന്തത ശ്രദ്ധിച്ചു. എല്ലാവരുടെയും മുഖത്ത് ആത്മീയതയുടെ തിളക്കം.
അഞ്ച് ചതുരശ്ര മൈൽ ചുറ്റളവിൽ നിർമ്മിക്കപ്പെട്ട ആ ബഹുനില കെട്ടിടത്തിൽ സദാ ഉയർന്നു പൊങ്ങുന്ന പ്രാർത്ഥനാഗീതങ്ങളാണ് അന്തേവാസികളിൽ പ്രത്യാശ നിറയ്ക്കുന്നത്; അവരെ ദൈവസ്‌നേഹത്തിൽ ഉറപ്പിക്കുന്നത്. സിസ്റ്ററിന്റെ മനസിൽ പെട്ടെന്ന് എവിടെ നിന്നോ ഒരു ചോദ്യമുയർന്നു. ”ദൈവപരിപാലനയിൽ ആശ്രയിച്ചാൽ, ദൈവം വഴി നടത്തുമെന്നതിന് ഏറ്റവും വലിയ തെളിവല്ലേ ഇത്?”
മടങ്ങിയെത്തിയിട്ടും മനസിൽ നിറഞ്ഞ ചോദ്യം
201661120വിദേശരാജ്യങ്ങളിൽ പഠനം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയിട്ടും സിസ്റ്ററിന്റെ മനസിൽ ആ കാഴ്ചയും ഉള്ളിൽ മുഴങ്ങിയ ചോദ്യവും നിറഞ്ഞു നിന്നു. എം.എസ്.ജെ.സഭയിൽ അംഗമായ ഈ സന്യാസിനിക്ക് പഠനം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ കൈനിറയെ ബിരുദങ്ങളുണ്ട്. റോമിൽ നിന്നും ലഭിച്ച എം.ബി.ബി.എസും തുടർന്ന് ലഭിച്ച എം.ഡി.ബിരുദവും. ഇംഗ്ലണ്ടിൽ നിന്നും, അയർലണ്ടിൽ നിന്നും പിന്നീട് ലഭിച്ച ഉയർന്ന ബിരുദങ്ങളുമായി പത്തുവർഷ ത്തെ വിദഗ്ധ പരിശീലനം. എങ്കിലും മനസിൽ പാവങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ ആഗ്രഹം അനുദിനം ഉയർന്നു പൊങ്ങാൻ തുടങ്ങി.
കോട്ടയം ജില്ലയിലെ മുത്തൂറിലെ ഡോട്ടേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോൺവെന്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന അനാഥശാലയിൽ ശുശ്രൂഷ ചെ യ്യുമ്പോൾ സിസ്റ്ററിന്റെ ചോദ്യങ്ങൾക്ക് കർത്താവ് ഉത്തരം നൽകി. അങ്ങനെയാണ് ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷനായിരുന്ന മാർ ആന്റണി പടിയറ തിരുമേനിയുടെ അംഗീകാരത്തോടെ കുന്നന്താനത്ത് ഒരു ചെറിയഭവനം വാടകയ്‌ക്കെടുത്ത് ദൈവപരിപാലനയിൽ ആശ്രയിച്ച് താമസം അങ്ങോട്ട് മാറുന്നത്. കൂട്ടിന് മന്ദബുദ്ധിയും തനി യെ നടക്കാൻപോലും പറ്റാത്തവിധത്തിൽ തളർന്നുപോയ നിരാലംബയായ ത്രേസ്യാക്കുട്ടിയും, സിസ്റ്ററിന്റെ പ്രവർ ത്തനങ്ങളിൽ ആകർഷിക്കപ്പെട്ട അൽ ഫോൻസാ എന്ന യുവതിയും മാത്രം.
ഈ ചെറിയ വീടല്ലാതെ മറ്റൊന്നും കൈവശമില്ല; ‘എല്ലാം ദൈവം തന്നുകൊള്ളും’ എന്ന ദൃഢവിശ്വാസം മാത്രമാണ് ഏക കൈമുതൽ.ഇത് ‘ദൈവപരിപാലനയുടെ ചെറിയ ദാസികൾ’ എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയായിത്തീർന്ന സിസ്റ്റർ ഡോ.മേരിലിറ്റി. അന്നത്തെ ചെറിയ ഭവനത്തിന് പകരം ഇന്നിവിടെ ഒരു ബഹുനിലകെട്ടിടമുണ്ട്. സഭ വളർന്നിരിക്കുന്നു. ഈ സഭയിലിന്ന് ഡോക്ടർമാരും ഉന്നത ബിരുദം നേടിയവരും ധാരാളം. പക്ഷേ ആരും മറ്റ് ജോലികൾ ക്കൊന്നും പോകുന്നില്ല. അനാഥരായ ഈ രോഗികളുടെ സംതൃപ്തിയിൽ അവർ സന്തോ ഷം കണ്ടെത്തുന്നു.
ഉപരി പഠനത്തിനിടയിൽ
201661122ചങ്ങനാശേരി അസംപ്ഷൻ കോളജിൽ നിന്ന് പ്രീഡിഗ്രി പാസായതിനുശേഷമാണ് കോതമംഗലം ഓലിയപ്പുറം കുടുംബാംഗമായ സിസ്റ്റർ, എം.എസ്.ജെ.സഭയിൽ ചേർന്നത്. പിന്നീട് കോതമംഗലം രൂപതാദ്ധ്യക്ഷന്റെ നിർദ്ദേശപ്രകാരം ഉപരിപഠനത്തിനായി വിദേശരാജ്യത്തേക്ക് സിസ്റ്ററെ സഭ അയക്കുകയായിരുന്നു. മടങ്ങിയെത്തി 1978-ൽ കുന്നന്താനത്ത് സിസ്റ്റർ നിരാലംബരുടെ ഭവനത്തിന് ശില പാകി. ഇന്ന് ഈ സഭയിൽ ലോകമെങ്ങുമായി 16 സ്ഥാപനങ്ങളും 162 സിസ്റ്റേഴ്‌സുമുണ്ട്.
വിദേശരാജ്യങ്ങളിൽ പഠിച്ച് ഉന്നത ബിരുദം നേടി ഡോക്ടറായ കന്യാസ്ത്രീ, തന്റെ മാതൃഭവനമായ കന്യകാലയത്തിൽ നിന്നും പുറത്തുകടന്ന് നാട്ടിൻപുറങ്ങളിലൂടെ നിന്ദിതരേയും പീഡിതരേയും തേടി അലയുക. അവർക്ക് മാനസികമായി നല്ല സുഖമില്ലാതിരിക്കുമെന്നാണ് ആളുകൾ ആദ്യം കരുതിയത്. എന്നാൽ ആരാലും ശ്രദ്ധിക്കപ്പെടാനോ ആദരിക്കപ്പെടാനോ വേണ്ടിയായിരുന്നില്ല സിസ്റ്ററിന്റെ ഈ പ്രവർത്തനങ്ങൾ.
സമൂഹജീവിയായ മനുഷ്യന് ഏറ്റവും ആവശ്യമായി വേണ്ടത് അപ്പവും കിടക്കാൻ ഒരു അഭയ സങ്കേതവും മാത്രമല്ലെന്നും എല്ലാറ്റിനും അടിസ്ഥാനമായി നിലകൊള്ളുന്നത് സ്‌നേഹമാണെന്നും സിസ്റ്റർ അറിഞ്ഞു. മറ്റുള്ളവരിൽ നിന്നും ആവശ്യത്തിലധികം നമുക്ക് ലഭിക്കുന്ന ഈ സ്‌നേഹം പരിത്യക്തരായ ജനത്തിന് പങ്കുവയ്ക്കുകയാണ് ക്രിസ്തീയ ധർമ്മമെന്ന് അവർ വിശ്വസിക്കുന്നു.
പ്രാർത്ഥനയിലൂടെയും മറ്റുള്ളവർക്കായി ചെയ്യുന്ന സേവനങ്ങളിലൂടെയും ദൈവത്തിന് നമ്മെത്തന്നെ സമർപ്പിക്കുക. അതോടൊപ്പം ശുശ്രൂഷ ആവശ്യമുള്ള സഹോദരങ്ങൾക്കും നമ്മെ സമർപ്പിക്കുക. വേദനിക്കപ്പെടുന്ന ജീവിതങ്ങൾക്ക് മുന്നിൽ സ്വയം സമർപ്പിക്കാതെ, ദൈവത്തിന് മുന്നിൽ നമ്മെ സമർപ്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസമാണ് കന്യകാലയത്തിന്റെ പരിമിതികളിൽ നിന്നും ലോകത്തിന്റെ വിശാലതയിലേക്കിറങ്ങുവാൻ സിസ്റ്ററെ പ്രേരിപ്പിച്ചത്.
അവഗണിക്കപ്പെട്ട സഹോദരങ്ങളെ സ്‌നേഹിക്കണമെന്നും ശുശ്രൂഷിക്കണമെന്നുമുള്ള ആഗ്രഹത്തിൽ കവിഞ്ഞ് മറ്റൊരാഗ്രഹവും അവർക്കുണ്ടായിരുന്നില്ല. ഒരു സഭ സ്ഥാപിക്കണമെന്നോ, അതിന്റെ പേരിൽ അറിയപ്പെടണമെന്നോ സിസ്റ്റർ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ദൈവിക പദ്ധതിയാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം പിന്നിലെന്ന് സിസ്റ്റർ ഉറച്ച് വിശ്വസിക്കുന്നു.
ഒരു മണ്ണെണ്ണ വിളക്കുപോലുമില്ലാത്ത വീട്
201661124ആദ്യകാലത്ത് താമസിച്ച ഭവനത്തിലന്ന് ചെറിയ ഒരു മണ്ണെണ്ണ വിളക്കുപോലുമില്ലായിരുന്നുവെന്ന് സിസ്റ്റർ ഓർക്കുന്നു. പെന്തക്കോസ്ത് സഭാ വിശ്വാസിയായ ഒരു സ്ത്രീയാണ് ഒരു വിളക്കും, മണ്ണെണ്ണയും നൽകി സഹായിച്ചത്. ഇന്ന് ഒരു ജനറേറ്റർ പോലും വാങ്ങി തരാനാളുണ്ട്. അക്കാലത്ത് ഒരു രൂപാപോലും തികച്ചെടുക്കാൻ പറ്റാത്ത നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു രോഗിക്കുള്ള മരുന്നിന് നൽകാൻ ഒരു ചെറുനാരങ്ങ വേണമായിരുന്നു.
എവിടെ നിന്നെങ്കിലും ഒരു നാരങ്ങ കിട്ടുമോയെന്നറിയുവാൻ ഒരാളെ മാർക്കറ്റിലയച്ചു. പക്ഷേ അവിടെ ചെന്നപ്പോൾ 75 പൈസ ഉണ്ടെങ്കിലേ നാരങ്ങ കിട്ടുകയുള്ളൂ എന്ന് കച്ചവടക്കാരൻ പറഞ്ഞു. പത്തുപൈസ പോലുമില്ലാതെയാണ് പോയത്. ഏറെ വിഷമത്തോടെ തിരികെ പോരേണ്ടിവന്നു. ഭവനത്തിലെത്തിയപ്പോൾ ഒരു ബാലൻ യാദൃശ്ചികമായി ഒരു നാരങ്ങയുമായി നിൽക്കുന്നു. നി സാരമെന്നു തോന്നുമെങ്കിലും ഇതൊരു ദൈവിക പദ്ധതിയായിരുന്നെന്ന് സിസ്റ്റർ വിശ്വസിക്കുന്നു. ഒരു ടൈംപീസ് പോലും സമയമറിയാൻവേണ്ടി അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ എന്നും പുലർച്ചെ വാതിലിൽ മുട്ടുന്ന സ്വരംകേട്ടാണ് ഉണരാറുള്ളത്. വാതിൽ തുറക്കുമ്പോൾ ആരും ഉണ്ടായിരിക്കുകയില്ല. ആ സ്വരത്തിന് പിന്നിലും ദൈവകരങ്ങളാണെന്ന് സിസ്റ്റർ മേരിക്ക് ഉറപ്പുണ്ട്.
201661123ആദ്യകാലങ്ങളിൽ നാട്ടുകാരുടെ വീടുകളിൽ നിന്നും കൊണ്ടുവരുന്ന ചക്കയും, മാങ്ങയും, പച്ചക്കറികളുമൊക്കെയായിരുന്നു ഏക ആശ്രയം. അവർ വളരെ സ്‌നേഹത്തോടുകൂടിയാണ് അതിവിടെ കൊണ്ടുവന്നിരുന്നതെന്ന് സിസ്റ്റർ ഓർക്കുന്നു.
അന്നത്തെ ആ ഓലക്കുടിലും, പരിസരപ്രദേശങ്ങളുമൊക്കെ ഫോട്ടോയെടുത്ത് ആൽബത്തിനുള്ളിലാക്കി സിസ്റ്റർ ഭംഗിയായി ഡിസൈൻ ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഇന്നത്തെ ഈ കെട്ടിടങ്ങളും സൗകര്യങ്ങളുമെല്ലാം കാണുമ്പോൾ പുതിയ അർത്ഥിനികൾ പഴയ കാര്യങ്ങൾ മറക്കാതിരിക്കാനാണിത്; സിസ്റ്റർ പറയുന്നു.
ഒരു ഹിന്ദുസ്ത്രീ, ഈ ഭവനം സന്ദർശിച്ചു. അന്തേവാസികളെ കണ്ട് വളരെ സന്തോഷത്തോടെയാണ് അവർ മടങ്ങിയത്. ഒരു ചെറിയ ഉപഹാരമെന്ന നിലയിൽ വാഹനത്തിൽ കൊണ്ടുവന്ന ഒരു ചാക്ക് അരി വാങ്ങി അകത്ത് വയ്ക്കാൻ സിസ്റ്റേഴ്‌സിനോട് നിർദ്ദേശിച്ചു. മഴയുള്ള സമയമാണ്. അതുകൊണ്ട് തണുപ്പടിച്ചാൽ അരി പൂത്തുപോകാൻ സാധ്യതയുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. ഒരു സിസ്റ്റർ ആ സ്ത്രീയോട് തമാശപോലെ ഇങ്ങനെ പറഞ്ഞു. ”ചേച്ചീ, ഒരു ദിവസം ഒന്നരചാക്ക് അരി വേണ്ടിവരും. അതുകൊണ്ട് ഇത് വെറുതെ പൂത്തുപോകാൻ ഞങ്ങൾ അനുവദിക്കുകയില്ല.” അതുകേട്ട ആ സ്ത്രീ അമ്പരന്നുപോയി. ‘ഇ ത്രയും ഭക്ഷണം ഒരു ദിവസം ഇവിടെ ഉണ്ടാക്കുന്നുണ്ടെന്നോ?……’ തൊട്ടടുത്ത ആഴ്ച അവർ വന്നപ്പോൾ അഞ്ച് ചാക്ക് അരി സമ്മാനമായി നൽകിയിട്ടാണു പോയത്. ഇങ്ങനെയുള്ള അനുഭവങ്ങൾ ധാരാളം.
മൂന്നു പേരോടുകൂടിയാണ് ദൈവപരിപാലനാഭവൻ ആരംഭിച്ചതെന്ന് പറഞ്ഞല്ലോ. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ രോഗികളും പെൺകുട്ടികളുമുൾപ്പടെ 26 പേരായി വർദ്ധിച്ചു. താമസ സൗകര്യങ്ങളുടെ അപര്യാപ്തതയും വർദ്ധിച്ചു. ഈ സമയത്താണ് കുന്നന്താനത്ത്, ചങ്ങനാശേരി അതിരൂപത ഒരേക്കർ സ്ഥലം നൽകിയത്. ഇന്ന് രോഗികൾക്കും സന്യാസിനികൾക്കുമെല്ലാം ഭവനങ്ങൾ ഈ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്നു.
‘ലിറ്റി’ എന്ന പത്തുവയസുകാരിയുടെ അനുഭവം സിസ്റ്റർ സംഭാഷണത്തിനിടയിൽ അനുസ്മരിച്ചു. ഇന്നു ഭവനത്തിലെ ഏറ്റവും ശ്രദ്ധേയയായ പെൺകുട്ടിയാണ് ലിറ്റി. ഈ പെൺകുട്ടിയെ ആറുദിവസം പ്രായമുള്ളപ്പോഴാണ് ഈ സ്ഥാപനത്തിൽ കൊണ്ടുവന്നത്.
കൈയും കാലും ഇല്ല. അബോർഷൻ ചെയ്യാൻ ലിറ്റിയുടെ അമ്മ മരുന്ന് കഴിച്ചതുകൊണ്ടാകണം കൈയും കാലും നഷ്ടപ്പെടുവാനിടയായതെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ലിറ്റിയെ ഒരു മണിക്കൂർ മാത്രമേ അമ്മ കൂടെ കിടത്തിയുള്ളൂ. പിന്നീട് ഈ കുഞ്ഞിനെ കൊന്നു കളയുവാൻ പ്ലാനിട്ടതറിഞ്ഞപ്പോൾ ഡോ ക്ടർ, മാതാപിതാക്കളുടെ സമ്മതത്തോടെ ഇവിടെയെത്തിക്കുകയായിരുന്നു. ഇപ്പോൾ ലിറ്റി മിടുമിടുക്കിയായി പഠിക്കുന്നു. നന്നായി പാട്ടു പാടാനും, ശരീരമിളക്കി ഡാൻസ് കളിക്കാനുമൊക്കെ അവൾക്ക് കഴിയുന്നുണ്ടെന്ന് സിസ്റ്റർ കൂട്ടിച്ചേർത്തു. ഇതുപോലുള്ള അനേകർ ഇവിടെയുണ്ട്. അവർ സന്തോഷത്തോടെ ദൈവനാമത്തെ മഹത്വപ്പെടുത്തുന്നത് ആരെയും അത്ഭുതപ്പെടുത്തും.
പ്രാർത്ഥനയിലൂടെ എല്ലാ മനുഷ്യരെയും ദൈവത്തിനായി നേടാൻ കഴിയുമെന്ന് സിസ്റ്റർ ദൃഢമായി വിശ്വസിക്കുന്നു. ഒരു ദിവസം സിസ്റ്റർ മേരിലിറ്റി ചാപ്പലിലിരുന്ന് ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുകയായിരുന്നു. ‘നീ എന്റെ ഹൃദയത്തിൽ രാജാവായി വാഴേണമേ. ഞാനുൾപ്പെടുന്ന സമൂഹത്തിൽ, എല്ലാ മനുഷ്യരിലും നിന്റെ കൊടിക്കീഴിൽ അണിനിരക്കുവാൻ കൃപയുണ്ടാകണമേ’ എന്ന് സിസ്റ്റർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. യേശുവിന്റെ കൊടിക്കീഴിൽ വൈരം മറന്ന് ഒന്നിച്ചുകൂടുന്ന ജനവിഭാഗത്തെക്കുറിച്ചുള്ള ഒരു ദർശനവും സിസ്റ്ററിന് ലഭിച്ചു.
പിറ്റേദിവസം ഏതാനും യുവജനങ്ങൾ വന്ന് ഇവിടെ വച്ച് ഒരു ദിവസത്തെ ഉപവാസ പ്രാർത്ഥന നടത്താനും, സഭാ ഭവനത്തിന്റെ മുറ്റത്ത് ഒരു കൊടി നാട്ടി പ്രാർത്ഥിക്കുവാനുമുള്ള അനുവാദവും ചോദിച്ചു. സിസ്റ്റർ അനുവദിച്ചു. വളരെ ഉയരമുള്ള കമുക് അവർ കൊണ്ടുവന്നു. യേശുവിന്റെ ചിഹ്നമുള്ള പതാക കെട്ടി. അടുത്തദിവസം 185 ഓളം യുവജനങ്ങൾ ഈ പതാകയുടെ ചുവട്ടിൽ അണിനിരന്ന് യേശുവിനെ രാജാവായി പ്രഖ്യാപിച്ചുകൊണ്ട് കീർത്തനങ്ങൾ ആലപിച്ചു.
അവർ വളരെ സന്തോഷത്തോടെ പ്രാർത്ഥിച്ച് മടങ്ങുകയും ചെയ്തു. രണ്ടുദിവസം കഴിഞ്ഞ് മലങ്കര സഭയിലെ കുറെ യുവജനങ്ങൾ ഇവിടുത്തെ രോഗികളായ അന്തേവാസികൾക്ക് ശുശ്രൂഷ ചെയ്യാനും മുറ്റത്ത് ഒരു പതാക ഉയർത്തുവാനുമുളള അനുവാദം ചോദിച്ചു. സിസ്റ്റർ അനുവദിച്ചു. എം.സി.വൈ.എം.പ്രവർത്തകരായ ആ യുവജനങ്ങൾ ആഹ്ലാദത്തോടെ രോഗികൾക്ക് ശുശ്രൂഷ ചെയ്തു. കൊടിമരത്തിന് താഴെ അണിനിരന്ന് ഉറക്കെ യേ ശുനാമങ്ങൾ പാടി. പ്രാർത്ഥനയിലൂടെ എല്ലാ മനുഷ്യരെയും യേശുവിന്റെ കൊ ടിക്കീഴിൽ അണിനിരത്താൻ കഴിയുമെ ന്ന ദർശനം അങ്ങനെ ഫലമണിഞ്ഞു.
ഇപ്പോൾ വചനപ്രഘോഷണരംഗത്തും കർത്താവ് സിസ്റ്ററിനെ ഉപയോഗിക്കുന്നു. സ്ഥാപനത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ധ്യാനമന്ദിരത്തിലും വിവിധ പള്ളികളിലുമൊക്കെ ടീമായിപ്പോയി അഞ്ചുദിവസത്തെ ധ്യാനം സിസ്റ്റർ നടത്താറുണ്ട്. ഇങ്ങനെ ധ്യാനം നടത്താൻ ഇടയായ സന്ദർഭത്തെപ്പറ്റി സിസ്റ്റർ ഇങ്ങനെ പ്രതികരിച്ചു. ”രോഗികളെ ശാരീരികമായി മാത്രം ശുശ്രൂഷിച്ചാൽ പോരാ, അവരുടെ ആത്മാവിനെ വിശുദ്ധീകരിക്കുക എന്നതാണ് സുപ്രധാനമായ ദൗത്യമെന്നു തോന്നി.
അങ്ങനെയാണ് ആദ്യമിവിടെ ധ്യാനം ആരംഭിച്ചത്. സമൂഹത്തിലെങ്ങും വ്യാപകമായി ഉയരുന്ന ധാർമ്മിക തകർച്ചകൾ കണ്ടപ്പോൾ വ്യക്തിയേയും കുടുംബത്തെയും ഉദ്ധരിക്കുവാൻ ഏറ്റവും നല്ല മാർഗം ഉപദേശങ്ങളല്ല, ദൈവവചനം തന്നെയാണെന്നു വെളിപ്പെട്ടു. അതിനായി വളരെയേറെ പ്രാർത്ഥിച്ചൊരുങ്ങി. അങ്ങനെയാണ് പുറത്ത് ധ്യാനം നടത്തുവാൻ ഇടയായത്. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും തമിഴ്‌നാട്, കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലും ഇപ്പോൾ വചനം പങ്കുവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ധ്യാനത്തിനായി പുറത്തുപോകേണ്ടി വരുന്ന സമയങ്ങളിലെല്ലാം ഇവിടുത്തെ ശുശ്രൂഷകൾ, കർത്താവ് മനോഹരമായി ക്രമീകരിക്കുന്നു. ഇപ്പോൾ രണ്ട് ധ്യാനടീമുകൾ ഇവിടെ പ്രവർത്തിക്കുന്നു.
സ്‌നേഹത്തിന്റെയും, ശുശ്രൂഷയുടെ യും ഈ ഗുണപാഠങ്ങൾ അനേകരുടെ ഹൃദയത്തിൽ തേന്മഴയായിത്തീരാൻ നമുക്ക് സിസ്റ്ററെയും പ്രാർത്ഥനയിൽ ഓർക്കാം; ഒപ്പം ദൈവപരിപാലനയുടെ സങ്കേതമായ ഈ ഭവനത്തെയും……
ഈ കഴിഞ്ഞ ജൂൺ മാസത്തിൽ സൺഡേശാലോമിന് നൽകിയ അനുഭവം
201661125‘പാവപ്പെട്ട രോഗികൾ ഈശോയുടെ കണ്ണിലുണ്ണികളാണ്. കണ്ണിലെ കൃഷ്ണമണിപോലെ വേണം നാം അവരെ ശുശ്രൂഷിക്കാൻ. രോഗികൾ താമസിക്കുന്ന ഭവനം ഒരു കത്തീഡ്രലാണ്. അവർ കിടക്കുന്ന കട്ടിൽ ബലിപീഠവും. യേശുക്രിസ്തുവുമാണ് അതിൽ കിടക്കുന്നത്. അതുകൊണ്ട് നിവൃത്തിയുണ്ടെങ്കിൽ മുട്ടിന്മേൽ നിന്നേ അവർക്ക് ശുശ്രൂഷ ചെയ്യാവൂ.’ ഞങ്ങളുടെ സമൂഹത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ജോസഫ് കൊത്തൊലെംഗോയുടെ വാക്കുകളാണിവ.
ഓരോ രോഗിക്കും ഈശോയുടെ വിലയുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഞങ്ങളുടെ സമൂഹത്തിൽ പതിനേഴ് ഭവനങ്ങളാണുള്ളത്. കുന്നന്താനത്തെ മഠമാണ് കേന്ദ്രം. ബുദ്ധിമാന്ദ്യം സംഭവിച്ചവരും വികലാംഗരും കാഴ്ചയില്ലാത്തവരും കേൾവിയില്ലാത്തവരും സ്വയം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരും അപസ്മാര രോഗികളും ശരീരം മുഴുവൻ തളർന്നുപോയവരും ഭക്ഷണം കഴിക്കണമെന്നുതന്നെ അറിഞ്ഞുകൂടാത്തവരും വീട്ടുകാരെ തിരിച്ചറിയാൻ പറ്റാത്തവരുമായ എല്ലാ തരത്തിലും എല്ലാവരാലും അവഗണിക്കപ്പെട്ട് വെറുക്കപ്പെട്ട് കഴിയുന്ന വിരൂപരായ മക്കളാണ് ഞങ്ങളുടെ ഭവനങ്ങളിലെ അന്തേവാസികളും ഞങ്ങളുടെ മുത്തുകളും പവിഴങ്ങളും.
ഏഴാം മാസത്തിൽ ജനിച്ച കുട്ടികൾ മുതൽ ജീവിതത്തിന്റെ സായാഹ്നത്തിൽ എത്തിയവർവരെ ഇവിടെയുണ്ട്. നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ അമ്മമാർ വൈകല്യത്തിന്റെ പേരിൽ ആശുപത്രി വരാന്തയിൽ ഉപേക്ഷിച്ചവർ, അവിവാഹിതരായ അമ്മമാരുടെ ഉദരത്തിൽ വളർന്നവർ, വീട്ടിൽ വളർത്താൻ നിവൃത്തിയില്ലാത്തതിനാൽ കുഞ്ഞുങ്ങൾ എങ്ങനെയെങ്കിലും മരിച്ചുകിട്ടിയാൽ മതിയെന്ന് ചിന്തിച്ച മാതാപിതാക്കളുടെ മക്കൾ, ആത്മഹത്യയുടെ ആഴങ്ങളിൽനിന്ന് ജീവിതത്തിലേക്ക് കരകയറിയവർ എന്നിവരെല്ലാമാണ് ഈ ഭവനത്തിലേക്ക് വരുന്നവർ.
പലരും കിടക്കയിൽത്തന്നെ മലമൂത്ര വിസർജനം നടത്തുന്നു. രോഗികൾ അവരുടെ കഴിവിനനുസരിച്ച് പരസ്പരം സഹായിക്കുന്നു. കാലിന് വൈകല്യമുള്ള സിസിലി എന്ന രോഗിയാണ് അന്ധയായ സ്റ്റെല്ലയെ കൈയ്ക്ക് പിടിച്ച് ചാപ്പലിൽ കൊണ്ടുവരുന്നത്. ഒരു ദിവസം സ്റ്റെല്ല ചാപ്പലിൽ പോകാനൊരുങ്ങിയിട്ട് സിസിലിയെ കാണുന്നില്ല. സിസിലിയുടെ കമ്മൽ കാണാത്തതുകൊണ്ട് അന്വേഷിച്ച് നടക്കുകയാണ്. സ്റ്റെല്ല പറഞ്ഞു, സിസിലി കമ്മലിനെ ധ്യാനിച്ചുകൊണ്ടിരുന്നോ, ഞാനെന്റെ ഈശോയെ ധ്യാനിക്കുവാൻ പോകുന്നു. എന്നിട്ട് സ്റ്റെല്ല തനിയെ നടന്ന് ചാപ്പലിൽ എത്തി.
201661121അവിടെ പ്രാർത്ഥിക്കാൻ വന്ന ഒരധ്യാപിക ഇത് കേട്ടു. ഗൾഫിൽ ജോലിയുള്ള തന്റെ ഭർത്താവിന്റെ ശമ്പളം കുറഞ്ഞുപോകുമോ, ജോലി നഷ്ടപ്പെടുമോ എന്നുള്ള ഉൽക്കണ്ഠയിൽ മനസ് വിഷമിച്ച് പ്രാർത്ഥിക്കുകയായിരുന്നു ആ ടീച്ചർ. അന്ധയും മാനസികരോഗിയുമായ സ്റ്റെല്ലയുടെ വാക്കുകൾ ആ അധ്യാപികയുടെ കണ്ണ് തുറപ്പിച്ചു. ഈശോയെ ധ്യാനിച്ചാൽ ഒരു കുറവും വരില്ലായെന്ന ബോധ്യം ടീച്ചറിന് കിട്ടി. രോഗികളെ കാണാൻ വരുന്ന പലർക്കും സ്റ്റെല്ല അവസരത്തിനൊത്ത ഉപദേശങ്ങൾ കൊടുക്കാറുണ്ട്.
ഒരിക്കൽ പണത്തിന് അൽപം ബുദ്ധിമുട്ട് അനുഭവിച്ച സമയത്ത് ഞാൻ എന്റെ സിസ്റ്റേഴ്‌സിനെ പരീക്ഷിക്കാനായി പറഞ്ഞു: ഞാനൊരു ആറുമാസത്തേക്ക് ഇംഗ്ലണ്ടിൽ പോയി ജോലി ചെയ്ത് കുറച്ച് രൂപ ഉണ്ടാക്കിക്കൊണ്ടുവരാം. തൽക്കാലത്തേക്ക് നമുക്ക് പിടിച്ചുനിൽക്കാമല്ലോ. സിസ്റ്റേഴ്‌സിന്റെ പ്രതികരണമെന്തെന്നറിയാനായിരുന്നു അത്. അവർ എന്നോട് പറഞ്ഞു, പിന്നെ ഞങ്ങൾ മദറിനെ ഈ പടി കയറ്റുകയില്ലെന്ന്. ഞാൻ ആഗ്രഹിച്ചതും അവരിൽനിന്ന് പ്രതീക്ഷിച്ചതുമായ ഉത്തരം അതായിരുന്നു. ഈ സമൂഹത്തിന്റെ ആദർശവാക്യം തന്നെ ”നിങ്ങൾ ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിൻ. അതോടൊപ്പം ബാക്കിയെല്ലാം കൂട്ടിച്ചേർത്ത് നൽകപ്പെടും” (മത്താ. 6:33) എന്നതാണ്. അതുകൊണ്ട് ഞങ്ങൾ എത്ര വിദ്യാഭ്യാസയോഗ്യത ഉള്ളവരായാലും സ്ഥാപനത്തിന് പുറത്ത് ജോലി ചെയ്ത് പണമുണ്ടാക്കാൻ പോകാറില്ല.
ദൈവപരിപാലനയിൽ ആശ്രയിച്ച ഒരു വ്യക്തിക്കോ കുടുംബത്തിനോ സമൂഹത്തിനോ ഇതുവരെ ലജ്ജിക്കേണ്ടി വന്നിട്ടില്ല എന്നാണ് എന്റെ അനുഭവത്തിലൂടെ ഞാൻ മനസിലാക്കിയിട്ടുള്ളത്. അവർക്ക് വിജയത്തിന്റെ കഥ മാത്രമേ പറയാനുണ്ടാകൂ. പാപത്തിന്റെയും പിശാചിന്റെയും മരണത്തിന്റെയും ലോകത്തിന്റെയുംമേൽ വിജയം നേടിയ എന്റെ ഈശോ എന്നെ വിജയിപ്പിക്കുവാൻ എന്റെ കൂടെ എപ്പോഴുമുണ്ടെന്ന തിരിച്ചറിവിലാണ് ഞാൻ ജീവിക്കുക. എനിക്ക് ഒരിക്കലും തോൽക്കാൻ ഇഷ്ടമല്ല. ജയിച്ച് നിൽക്കുവാനാണ് എനിക്ക് ഇഷ് ടം. ഞാനിന്നുവരെ തോറ്റിട്ടില്ല.
മറ്റുള്ളവരെ വിജയിപ്പിക്കുന്നതിലാണ് എപ്പോഴും എന്റെ ആനന്ദം. ആത്മീയവും മാനസികവും ശാരീരികവും ബൗദ്ധികവും സാമ്പത്തികവും കുടുംബപരവും സമൂഹപരവുമായി എല്ലാവരെയും ഉണർത്തണം, വളർത്തണം, ഉയർത്തണം, വിജയിപ്പിക്കണം എന്ന ചിന്ത എന്നെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് എന്ത് വിലകൊടുത്തും പാവങ്ങളിൽ പാവങ്ങളായവർക്കുവേണ്ടി ജീവിതം സമർപ്പിക്കണമെന്നും എല്ലാ മേഖലകളിലും അവരെ ഉദ്ധരിക്കണമെന്നും നിശ്ചയിച്ചത്. ഒപ്പം വേറൊരു പ്രേഷിതപ്രവർത്തനമേഖലകൂടി കർത്താവ് കാണിച്ചുതന്നു.
അതായത് മറ്റു സന്യാസ സമൂഹങ്ങളിൽ പലവിധ കാരണങ്ങളാൽ പ്രവേശനം നിഷേധിക്കപ്പെട്ട നല്ല ദൈവവിളികളുള്ള പെൺകുട്ടികളെ സ്വീകരിച്ച്, അവർക്ക് പരിശീലനം കൊടുത്ത് ഈ പാവങ്ങളെ ശുശ്രൂഷിക്കാൻ പഠിപ്പിച്ച് നിയോഗിച്ചാൽ ഒരേസമയം രണ്ട് കൂട്ടർക്കും അത് വലിയ സഹായകരമാകും. ഇത് കർത്താവ് ഓർമിപ്പിച്ചുതന്നതാണ്. അങ്ങനെ ദൈവപരിപാലനയ്ക്ക് എന്നെയും എന്റെ ആഗ്രഹങ്ങളെയും സമർപ്പിച്ചുകഴിഞ്ഞപ്പോൾ ഞങ്ങളെ നിരന്തരം വഴി നടത്തുന്ന ദൈവം ഞങ്ങളിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങി.
ഒരിക്കൽ ഒരു ഭവനസന്ദർശനത്തിന് പോയപ്പോൾ കണ്ടതാണ്. ഒരു കുഞ്ഞിനെ കോഴിയോടൊപ്പം കോഴിക്കൂട്ടിൽ ഇട്ടിരിക്കുന്നു. പെൺകുഞ്ഞാണ്. വയറും തലയും മാത്രമേയുള്ളൂ. അവൾക്ക് ഈർക്കിലിപോലുള്ള കൈകാലുകൾ. അമ്മ പീഡനം സഹിക്കാനാവാതെ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചുപോയി. രണ്ടുകാലുകളും ഒരു കൈയും തളർന്നുപോയ മദ്യപാനിയായ മനുഷ്യനാണ് അപ്പൻ. സ്വന്തമായുള്ള ഒരു കാളവണ്ടിയാണ് ഏകവരുമാനമാർഗം. കോഴിക്കൂടിന്റെ ഓലയ്ക്കിടയിലൂടെ നോക്കിയപ്പോൾ തിളങ്ങുന്ന രണ്ട് കണ്ണുകൾ കണ്ടു. ഞങ്ങൾ നോക്കുമ്പോൾ ചിരിക്കും, ഞങ്ങൾ പോരുമ്പോൾ കരയും. കുഞ്ഞിന്റെ വയർ നിറയെ വിരയാണെന്ന് മനസിലായി. ഇങ്ങനെയായാൽ കുഞ്ഞ് താമസിയാതെ മരിക്കും. ഈ കുഞ്ഞിനെ ഞങ്ങൾ കൊണ്ടുപോയി വളർത്താം എന്ന് അപ്പനോട് പറഞ്ഞു. എനിക്ക് കഞ്ഞിവച്ചു തരാനും തുണി അലക്കാനുമുള്ള കുഞ്ഞാണിത്. ഞാൻ ഇതിനെ തരില്ല എന്നായി അയാൾ.
അഞ്ചുവയസുവരെ നോക്കിയിട്ട് തിരിച്ച് തരാമെന്ന് പറഞ്ഞ് ഞാനവളെ കൂട്ടിക്കൊണ്ടുപോന്നു. മരുന്ന് കൊടുത്തപ്പോൾ ഫുട്‌ബോൾപോലെ വിര കെട്ടുകെട്ടായി പുറത്തുപോയി. മരുന്നും ഭക്ഷണവും പ്രാർത്ഥനയും സ്‌നേഹവുമെല്ലാം കൊടുത്തപ്പോൾ അവൾ മിടുക്കിയായി വളർന്നു. വിവാഹിതയും മൂന്നു കുട്ടികളുടെ മാതാവുമായി അവളിന്ന് മനോഹരമായ ഒരു കൊച്ചുവീട്ടിൽ ഭർത്താവുമൊത്ത് സന്തോഷവതിയായി കഴിയുന്നു. ഈ കാലയളവിലൊക്കെ ഞാൻ ഈശോയുടെ സാന്നിധ്യവും സാമീപ്യവും വളരെയേറെ അനുഭവിച്ചിട്ടുണ്ട്. കുന്നന്താനത്തുനിന്ന് ചങ്ങനാശേരിക്ക് പോകാൻ സഞ്ചിയും തോളിലിട്ട് നടക്കല്ലിലേക്കിറങ്ങുമ്പോൾ ആരോ വരാന്തയിൽനിന്ന് മുറ്റത്തേക്ക് ചാടിയിറങ്ങുന്നതുപോലുള്ള ശബ്ദം കേൾക്കാമായിരുന്നു.
എനിക്ക് തനിച്ച് ചങ്ങനാശേരി വരെ പോയിക്കൂടെ? നീയെന്തിനാ എപ്പോഴും എന്റെകൂടെ നടക്കുന്നത്. ഞാനെന്താ ഇട്ടിട്ട് പോകുമെന്ന് കരുതീട്ടാണോ? എന്ന് ഞാൻ തമാശയായി ഈശോയോട് ചോദിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ മാസം ഞങ്ങൾ ആഫ്രിക്കയിൽ സാമ്പിയയിൽ ഒരു ഭവനം ആരംഭിച്ചു. അതും ദൈവം അത്ഭുതകരമായി ഒരുക്കിത്തന്നതാണ്. സാമ്പിയയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ജൂലിയാനോ റുമാട്ടോയും ഭവനത്തിന്റെ ആശീർവാദശുശ്രൂഷയിൽ സംബന്ധിച്ചു.
ആഫ്രിക്കൻ ശൈലിയിലായിരുന്നു ആരാധനയിലെ കാഴ്ചയർപ്പണവുമെല്ലാം. മൂന്ന് പതിറ്റാണ്ടിലേറെയായി ആദ്യഭവനം തുടങ്ങിയിട്ട്. ഒരു രോഗിയുമായി ആരംഭിച്ച ഭവനമായിരുന്നു. ഇന്ന് ആയിരത്തിലേറെ പേരായി. മണ്ണെണ്ണ വിളക്കായിരുന്നു ആദ്യം. മൂന്നരലക്ഷം രൂപയുടെ ജനറേറ്റർ തന്ന് സഹായിച്ചവരുമുണ്ട്. തലച്ചുമടായി വിറക് കിട്ടിയിരുന്നെങ്കിൽ ഇന്ന് ടെമ്പോയിലും ലോറിയിലും എത്തിക്കുന്നു. പാൽ തന്നിരുന്നവരുണ്ടായിരുന്നു. ഇന്ന് പശുവിനെ തരുന്നു.
ഓലപ്പുരയിൽ ആരംഭിച്ചു. നാലും അഞ്ചും നിലയുള്ള കെട്ടിടം കർത്താവ് പാവങ്ങൾക്കായി ഒരുക്കിത്തരുന്നു. അരകിലോ അരി വാങ്ങി മൂന്നാം ദിവസം ഭക്ഷണം പാകം ചെയ്യാൻ തുടങ്ങിയെങ്കിൽ ഇന്ന് ചാക്കുകണക്കിന് അരി തന്ന് സഹായിക്കുന്നു. എവിടെയും എല്ലായ്‌പ്പോഴും ദൈവപരിപാലനയിൽ ആശ്രയം വച്ചാൽ അത്ഭുതകരമായ നടത്തിപ്പ് കാണുവാൻ കഴിയുമെന്നാണെന്റെ അനുഭവം.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?