Follow Us On

31

October

2020

Saturday

മകളുടെ കോളജിന് മുന്നിൽ തെരുവിൽ നിന്ന് സുവിശേഷം പറഞ്ഞ സമയം

മകളുടെ കോളജിന് മുന്നിൽ തെരുവിൽ നിന്ന് സുവിശേഷം പറഞ്ഞ സമയം

കേരള കരിസ്മാറ്റിക് നവീകരണസമിതിയുടെ ഉപദേശക സമിതി അംഗമായ കോഴിക്കോട് സ്വദേശി ഔസേപ്പച്ചൻ ചെറുനിലമായിരുന്നു ഇക്കഴിഞ്ഞ ശാലോം നൈറ്റ് വിജിലിൽ സാക്ഷ്യം നൽകിയത്. കേരളത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിനാളുകൾ കണ്ട ആ സാക്ഷ്യത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.
യേശു ചെയ്യാൻ പറഞ്ഞൊരു കാര്യമുണ്ട്. ”നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.”
ഈ വചനം എന്നെ ഒരുപാട് സ്വാധീനിച്ചു. എങ്ങനെയാണ് ലോകത്തിന് സുവിശേഷം നൽകാനാവുന്നത്? ഞാൻ ആലോചിച്ചുകൊണ്ടിരുന്നു. ഒരു ദിവസം കോഴിക്കോട് വിദേശ ഉല്പന്നങ്ങൾ വിൽക്കുന്നൊരു കടയിൽ ചെന്നപ്പോൾ അവിടെയൊരു ഫോറിൻ ഹാന്റ് മൈക്ക് വിൽക്കാനിരിക്കുന്നത് കണ്ടു. ഞാനത് വാങ്ങി. പൊതിഞ്ഞുകെട്ടി വീട്ടിൽ കൊണ്ടുവന്നുവെച്ചു. ആരോടും പറഞ്ഞില്ല. എനിക്കൊരാത്മാർഥ സുഹൃത്തുണ്ട് പോളച്ചൻ. ഞാൻ അദേഹത്തെ വിളിച്ചു. അദേഹത്തോട് ഞാൻ ചോദിച്ചു.
‘നാളെ ഞാൻ സുവിശേഷം പറയാൻ പോകുന്നുണ്ട്. വരുന്നോ?’ അപ്പോൾ അദേഹം ചോദിച്ചു. ‘ഏതു പള്ളിയിലാണ്?’
”പള്ളിയിലല്ല അങ്ങാടിയിലാണ്.’ എന്റെ വാക്കുകേട്ട് അദേഹം ഞെട്ടി. എന്നിട്ടും അദേഹം വരാമെന്ന് പറഞ്ഞു. പക്ഷേ സമയമായിട്ടും അദേഹത്തെ കണ്ടില്ല. പുള്ളി മുങ്ങിയതായിരിക്കുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ സംഭവിച്ചത് അതല്ല. ഞാൻ വീട്ടിൽ നിന്നിറങ്ങി പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ അദേഹം വീട്ടിൽ വന്നു. അപ്പോഴേക്കും ഞാൻ വീട്ടിൽ നിന്നും പൊയിരുന്നു. ഇതാണുണ്ടായത്.
ഞാനീ മൈക്കുമായി നേരെ കോഴിക്കോട് പ്രമുഖമായ മാനാഞ്ചിറയിൽ ചെന്നിറങ്ങി. അവിടെയിറങ്ങി ഞാൻ പ്രാർത്ഥിച്ചു. ”കർത്താവേ എനിക്കിരിക്കാൻ സീറ്റു കിട്ടുന്ന ബസു വന്നാൽ ഞാൻ കയറും. അതെങ്ങോട്ടാണോ പോകുന്നത്? അങ്ങോട്ട് ടിക്കറ്റെടുക്കും. പോകുന്ന വഴിക്ക് എവിടെയാണോ ആളുകൾ കൂടുതലുള്ളത് അവിടെ ഞാനിറങ്ങും. അവിടെ ഞാൻ പ്രസംഗിക്കും.”
ഇങ്ങനെ ഞാൻ കർത്താവിനോടു പറഞ്ഞു. അങ്ങനെ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ബേപ്പൂർ ഭാഗത്തേക്ക് പോകുന്ന ബസ് വന്നു. ഞാനാ ബസിൽ കയറി. ബേപ്പൂർക്ക് ടിക്കറ്റെടുത്തു. അരക്കിണർ എന്ന സ്ഥലത്ത് വന്നപ്പോൾ നല്ല ജനം. ഞാനുടനെ ഇറങ്ങി. ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ബോധ്യമായത്.
മാറാട് സംഭവം കഴിഞ്ഞിട്ട് അപ്പോൾ അധികമായില്ല. 2003-ലാണിത്. 13 കൊല്ലം മുമ്പ്. മരുന്നിനുപോലും ക്രിസ്ത്യാനിയെ കിട്ടാനില്ലാത്ത സ്ഥലമാണ് അത്. ഞാനവിടെ ഇറങ്ങിയപ്പോൾ സത്യം പറഞ്ഞാൽ എന്റെ കാൽ വിറക്കാൻ തുടങ്ങി. പക്ഷേ ഞാൻ പറഞ്ഞു.”കർത്താവേ ചത്താലും വേണ്ടില്ല. ഞാൻ വചനം പറഞ്ഞേ പോകുകയുള്ളു.”
അങ്ങനെ ഞാൻ കർത്താവിനോട് പറഞ്ഞു പ്രാർത്ഥിച്ചു. ലൂക്കാ 10/19 പറഞ്ഞു പ്രാർത്ഥിച്ചു. പാമ്പുകളുടെയും തേളുകളുടെയും ദുഷ്ടന്റെ സകല ശക്തികളുടെയും മേൽ ചവിട്ടി നടക്കാൻ നിനക്കു ഞാൻ അധികാരം തന്നിരിക്കുന്നു. ഇത് അധികാരപൂർവ്വം പറഞ്ഞുകൊണ്ട് ഞാനങ്ങോട്ടും ഇങ്ങോട്ടും നടന്നു. തുടർന്ന് ഞാൻ നോക്കി. എവിടെയാണ് നിൽക്കാൻ പറ്റുന്ന സ്ഥലമെന്നു ഞാൻ നോക്കി. അപ്പോൾ അവിടെ ഉന്തുവണ്ടിക്കാര് വണ്ടികൾ അടുപ്പിച്ചിട്ടിട്ട് പഴം, പച്ചക്കറിളൊക്കെ വിൽക്കുന്നു.
ഞാനൊരു ഉന്തുവണ്ടിക്കാരന്റെ അടുത്ത് ചെന്നു പറഞ്ഞു, എനിക്കിവിടെ നിൽക്കാനൊരിടം തരാമോ?. അദേഹം നോക്കുമ്പോൾ ഞാൻ ബാഗ് തുറന്ന് കോളാമ്പി രൂപത്തിലുള്ള മൈക്ക് എടുക്കുകയാണ്. ഞാൻ പറഞ്ഞു. ”ഞാനിവിടെ ആളെ കൂട്ടിത്തരാം.” അങ്ങനെയാണ് എന്റെ വായിൽ നിന്നു വന്നത്. അയാൾ വിചാരിച്ചു. ഇയാൽ വല്ല പാട്ടുകാരനോ കഥാപ്രസംഗക്കാരനോ ആയിരിക്കാ. ഇയാ ൾ പാടുമ്പോൾ ജനമിങ്ങു വരും. അപ്പോൾ പെട്ടെന്ന് പഴങ്ങൾ വിറ്റുപോകും.
ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു. കർത്താവേ ഞാൻ വചനം പറയാൻ പോവുകയാണ്. ബാഗിനകത്തുനിന്ന് സമ്പൂർണ്ണ ബൈബിൾ എടുത്തു. ഉയർത്തിപിടിച്ചു. അപ്പോഴേക്കും എന്റെ ഭയമെല്ലാം പോയി. എന്തെന്നില്ലാത്ത ധൈര്യം കിട്ടി. എന്താണ് ഇവരോട് പറയുക. ഒന്നാമത് ഞാനൊരു വലിയ പ്രാസംഗികനല്ല. എനിക്കീ പറയുന്ന വാചാലതയൊന്നുമില്ല. വലിയ പാണ്ഡിത്യമില്ല. പെട്ടെന്നെന്റെ മനസിൽ വന്നതിതാണ്. ”ഈ ബൈബിളുമായിട്ട് ഞാൻ നിൽക്കുന്നത് കാണുമ്പോൾ നിങ്ങൾക്കറിയാം ഞാനൊരു ക്രിസ്ത്യാനിയാണെന്ന്. പക്ഷേ നിങ്ങളെന്നെ അന്യനായി കാണരുത്. കാരണം തോമാശ്ലീഹാ വന്നതിനു ശേഷമേ ഇവിടെ ക്രിസ്ത്യാനി ഉണ്ടായിട്ടുള്ളു. ഞങ്ങളുടെ പൂർവ്വീകര് ഭാരതീയ പാരമ്പര്യത്തിൽ ജീവിച്ചവരാണ്. കുറച്ചകലെ കുറച്ച് മുസ്ലീം സഹോദരന്മാർ നിൽപ്പുണ്ടായിരുന്നു. അവരോട് ഞാൻ പറഞ്ഞു സഹോദരന്മാരേ നിങ്ങൾക്കെന്റെ അടുത്തേക്ക് വരാം. നിങ്ങളും എന്നെ അന്യനായിട്ട് കാണരുത്.
അതിനുശേഷം ഞാൻ പറഞ്ഞു, ”കഴിഞ്ഞ വർഷം ഏഴു പേരെ നാം കൊന്നു. ഈ വർഷം ഒമ്പത് പേരെ കൊന്നു. ഇതെവിടെച്ചെന്നവസാനിക്കും? ഇതിനെന്താണ് പ്രതിവിധി? ഇവിടെയെല്ലാം പോലീസുകാരുണ്ട്. ഈ പോലീസുകാരെ പിൻവലിച്ചു കഴിഞ്ഞാലത്തെ അവസ്ഥയെന്താണ്? മനുഷ്യന്റെ ഉള്ളിൽ കനലു പോലെ കത്തുന്ന ഈ വെറുപ്പിൽ നിന്ന്, ഈ വിദ്വേഷത്തിൽ നിന്ന് ഈ പ്രതികാരചിന്തയിൽ നിന്ന് പോലീസുകാർക്കോ, പട്ടാളത്തിനോ കോടതിക്കോ സർക്കാരിനോ മോ ചനം തരാൻ പറ്റില്ല. ഇതിന് പരിഹാരം പറയാൻ വേണ്ടിയിട്ടാണ് ഞാനിവിടെ നിൽക്കുന്നത്.
2000 വർഷങ്ങൾക്കു മുമ്പ് കർത്താവായ യേശുക്രിസ്തു കാൽവരിക്കുന്നിൽ അവസാനത്തുള്ളി രക്തം വരെ ചിന്തി മരിച്ചു. അന്നത്തെ യഹൂദ സമൂഹമാണ് യേശുവിനെ കുരിശിൽ തൂക്കിയത്. യേശു ആ കുരിശിൽ കിടന്നുകൊണ്ട് ചെയ്തതെന്താണ്? തന്നെ കുരിശിലേറ്റിയവർക്കു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോട് ക്ഷമിക്കണമെ എന്ന് പ്രാർത്ഥിച്ചു. ലോകത്ത് സമാധാനം ഉണ്ടാകാനുള്ള ഏകമാർഗ്ഗം ഇതുമാത്രമേയുള്ളു,നമ്മളെ പീഡിപ്പിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുക. അവർക്ക് നന്മ ചെയ്യുക. അവരോട് ക്ഷമിക്കുക. യേശു കാണിച്ചു തന്ന മാർഗ്ഗം അതാണ് ലോകത്തിന്റെ സമാധാനത്തിന്റെ മാർഗ്ഗം.”
ഞാനവിടെ മുക്കാൽ മണിക്കൂർ ക്ഷമിക്കുന്ന സ്‌നേഹത്തെക്കുറിച്ച് പറഞ്ഞു. കുറേ ആൾക്കാരെന്റെ വട്ടം കൂടി നിന്നു. അവരെല്ലാം വളരെ ശ്രദ്ധയോടുകൂടി കേട്ടു. ഞാനിതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ ചുറ്റും നിൽക്കുന്നവർ പറയുകയാണ് ഇതുപോലത്തെ പ്രസംഗമാണിവിടെ വേണ്ടതെന്ന്. ഇതിനപ്പുറത്ത് ഇതിലും ആളുള്ള അങ്ങാടിയുണ്ട്. നിങ്ങൾ അവിടെയും പോയി പ്രസംഗിക്കണം. നിങ്ങൾ ഇനിയും ഇവിടെ വരണം. ആ കച്ചവടക്കാരെന്നോട് അങ്ങനെയാണ് പറഞ്ഞത്.”
തിരുവചനങ്ങളുദ്ധരിച്ചുകൊണ്ട് ക്ഷമിക്കുന്ന സ്‌നേഹത്തെക്കുറിച്ച് അവരോട് പ്രസംഗിച്ചപ്പോൾ അവരുടെ ഹൃദയത്തിൽ അത് സ്പർശിച്ചു.1969- 70 കാലഘട്ടങ്ങളിൽ പാലാ ബസ്സ്റ്റാൻഡിലുളളവർക്കൊക്കെ അറിയാം. അവിടെ ബസിൽ ആളെ വിളിച്ചു കയറ്റുന്ന ഒരു മത്തായിചേട്ടനുണ്ടായിരുന്നു. ഈ മത്തായിച്ചേട്ടന്റെ ജോലി എന്താന്നറിയാമോ. ഹാന്റ് മൈക്ക് ഉപയോഗിച്ച് ആ പ്രദേശങ്ങളിലെല്ലാം പോയി സുവിശേഷം പറയുന്ന പണിയായിരുന്നു.
അതിനു മുമ്പ് 1950 കളിൽ തെക്കൻ കേരളത്തിലും, തമിഴ്‌നാട്ടിലും ചുറ്റി നടന്ന് ഒരു ഭിക്ഷുവിനെപ്പോലെ സുവിശേഷം പറഞ്ഞു നടന്ന ഒരാളുണ്ട്. അത് സാധാരണക്കാരനല്ല. പീറ്റർ റെഡി. അദേഹം പാളയം കോട്ട് സെന്റ് സേവിയേഴ്‌സ് കോളജിലെ പ്രഫസറായിരുന്നു. തന്റെ ജോലി വലിച്ചെറിഞ്ഞിട്ട് ഒരു ഭിക്ഷക്കാരനെപ്പോലെ നാടുനീളെ സുവിശേഷം പറഞ്ഞു നടന്നതായിട്ട് കേട്ടിട്ടുണ്ട്.വെളിപാടിന്റെ പുസ്തകത്തിൽ അതിന്റെ 21-ാം അധ്യായം 8-ാമത്തെ തിരുവചനത്തിൽ ഇപ്രകാരം പറയുന്നു എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ,ദുർമാർഗികൾ കൊലപാതകികൾ,വ്യഭിചാരികൾ,മന്ത്രവാദികൾ, വിഗ്രഹാരാധകർ,കാപട്യക്കാർ എന്നിവരുടെ ഓഹരി, തീയും ഗന്ധകവും എരിയുന്ന തടാകവുമായിരിക്കും.
ലജ്ജകൂടാതെ കർത്താവിന്റെ വചനം പ്രഘോഷിക്കുന്നവന്, അവന് സ്വർഗ്ഗം ഉറപ്പാണ്. അതിന് തെളിവെന്താണുള്ളത്. ലൂക്കായുടെ സുവിശേഷം പത്താം അധ്യായത്തിൽ നമ്മളൊരു സംഭവം കാണുന്നുണ്ട്. 72 പേരെ തിരഞ്ഞെടുത്ത് ഈരണ്ടുപേരെ വീതം വിടുന്നുണ്ട്. അതീവ സന്തോഷത്തോടെയാണ് അവർ തിരിച്ച് വന്നത്. അപ്പോൾ വചനം പറയുന്നവന് കിട്ടുന്ന ആദ്യ അനുഗ്രഹം അവന്റെ ഉള്ളിൽ ദൈവീക സമാധാനം കളിയാടിക്കൊണ്ടിരിക്കും. കാരണം വചനം പറയുന്നവന്റെ പേര് സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുമെന്ന് ക്രിസ്തു വ്യക്തമായി ശിഷ്യരോട് സൂചിപ്പിക്കുന്നുണ്ട്.
ഒരിക്കൽ ഞാൻ ഒരു തെരുവിൽ നിന്ന് ബൈബിളും കൊന്തയുമൊക്കെ പിടിച്ച് സുവിശേഷം പറയുകയാണ്. അപ്പോൾ ഒരു ഉന്നത ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് ഡിപ്പാർട്ട്‌മെന്റ് കാറുണ്ട്. എന്റെയടുത്ത് വന്നിട്ട് എന്റെ പേര് വിളിച്ചിട്ട്, ”എന്തൊക്കെയുണ്ട് വിശേഷം?”എന്നു ചോദിച്ചു. ഞാൻ ചോദിച്ചു, ‘സാറെന്നെ അറിയുമോ?’ഞങ്ങളൊരിക്കലും സംസാരിച്ചിട്ടില്ല. അപ്പോൾ അദ്ദേഹം പറയുകയാണ്. ഞാനൊരു ദിവസം ഓഫീസിലേക്ക് പോകുകയാണ്. എനിക്കന്ന് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു.
കുടുംബത്തിലും ഓഫീസിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. അങ്ങനെ മനസ് കലങ്ങി പോകുമ്പോഴാണ് താങ്കൾ ഒരു കൊന്തയും ബൈബിളുമായിട്ട് നിൽക്കുന്നത് കണ്ടത്. അത് കണ്ടതേ എന്റെ ചിന്തകളൊക്കെ അങ്ങ് പോയി, എനിക്ക് പ്രാർത്ഥിക്കണമെന്ന് തോന്നി. എനിക്കന്ന് ഒത്തിരി ആശ്വാസം കിട്ടി. ഈ മനുഷ്യൻ ഞാനെന്താണ് പ്രസംഗിച്ചതെന്ന് പോലും കേട്ടില്ല. ഒരു കാറിലങ്ങ് പാസ് ചെയ്ത് പോയതേ ഉള്ളു. ഞാൻ ഒരു കൊന്തയും ബൈബിളുമായിട്ട് നിന്ന് പ്രസംഗിക്കുന്നത് കണ്ടതേയുള്ളു. എന്നാൽ ആ കാഴ്ച അദേഹത്തിന് അനുഭവമുണ്ടായി എങ്കിൽ വചനം കേൾക്കുമ്പോൾ മനുഷ്യഹൃദയങ്ങളിൽ എന്തുമാത്രം അത്ഭുതങ്ങൾ നടക്കും.
തെരുവിലേക്കിറങ്ങി സുവിശേഷം പറയുന്നത് കല്ലേറിന്റെ അനുഭവം ഉണ്ടാക്കും. പക്ഷേ ഇത് സ്വർഗത്തിൽ ചെല്ലുമ്പോൾ കൈയ്യടിയുടെ സുവിശേഷമാകും. ഇവിടെ കല്ലേറിന്റെ സുവിശേഷമാണെങ്കിൽ സ്വർഗത്തിൽ ചെല്ലുമ്പോൾ കൈയ്യടിയുടെ സുവിശേഷമാകും. ഒരിക്കൽ മൈക്കിൾ പനച്ചിക്കലച്ചൻ ക്ലാസെടുത്തപ്പോൾ പറയുകയാണ്. അച്ചൻ കോട്ടയം പരിത്രാണ ഭവൻ ധ്യാനസെന്ററിന്റെ ഡയറക്ടർ ആയിരിക്കുമ്പോൾ കോട്ടയത്ത് സർവ്വമത സമ്മേളനം നടത്തി. അപ്പോൾ അച്ചൻ അവിടെയുള്ള പ്രേഷിതരെയൊക്കെ കൂട്ടി അത് കേൾക്കാൻ പോയി. ഏറ്റവും പിന്നിൽ പോയിരുന്നു. അപ്പോൾ ഓരോ മതക്കാരും അവരുടെ മതങ്ങളുടെ ശ്രേഷ്ഠതയെപ്പറ്റി പ്രസംഗിക്കുകയാണ്.
ക്രിസ്തുമതത്തെ പറ്റി പ്രസംഗിക്കാൻ കയറിനിന്നവന് ക്രിസ്തുമതത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അവസാനം പ്രസംഗിച്ചത് ഒരു മുസ്ലീമാണ്. അദ്ദേഹം ശക്തിയോടുകൂടി ജീവനോടുകൂടി പ്രസംഗിച്ചു. ആ സമൂഹത്തെ മുഴുവൻ ഇളക്കത്തക്ക വിധത്തിൽ. അതിനുശേഷം സംഘാടകർ പറഞ്ഞു കേൾവിക്കാർക്ക് ആർക്കെങ്കിലും രണ്ടോ മൂന്നോ പേർക്ക് വന്ന് അൽപസമയം സംസാരിക്കാം. അച്ചനപ്പഴെ സ്റ്റേജിൽ കയറി. അച്ചനു മൈക്ക് കൊടുത്തു. അച്ചൻ രണ്ട് മൂന്ന് വാചകങ്ങൾ കൊണ്ട് തിരുവചനം സ്ഥാപിച്ചു, അപ്പോഴേക്കും അച്ചന്റെ കൂടത്തിൽ വന്നിരുന്നവർ കൈയടിച്ചു. അവിടെ കൈയ്യടിക്കാൻ പാടില്ല ഒച്ചയുണ്ടാക്കാൻ പാടില്ല എന്ന് നിയമമുണ്ട്. സംഘാടകർ സ്റ്റേജിൽ കയറി. അച്ചന്റെ കൈയിൽ നിന്ന് മൈക്ക് മേടിച്ച് അച്ചനെ അപമാനിച്ച് ഇറക്കിവിട്ടു.
ഇതിനു ശേഷം അച്ചൻ താവളത്തൊരു ധ്യാനത്തിനു പോയി. അച്ചനെ കൗൺസിലിംഗ് നടത്തിയതൊരു സിസ്റ്ററാണ്. സിസ്റ്ററു കണ്ണടച്ചിട്ടു പറഞ്ഞു. അച്ചാ ഒരു സ്റ്റേജിൽ നിന്നും അച്ചനെ അപമാനിച്ച് മൈക്ക് പിടിച്ചുമേടിച്ച് ഇറക്കിവിട്ട സംഭവമുണ്ടായോ? ഉണ്ടായി എന്നു പറഞ്ഞു. അതാണ് കർത്താവിന് ഏറ്റവും ഇഷ്ടപ്പെട്ട സുവിശേഷ പ്രസംഗം. സ്‌നേഹമുള്ളിടത്ത് ത്യാഗമുണ്ട്. ത്യാഗമുള്ളിടത്ത് സഹനമുണ്ട്. സഹനമുള്ളിടത്ത് മരണമുണ്ട്.
തെരുവിൽ വചനം പറയുന്നിടത്ത്, ആളില്ല എന്ന് പറഞ്ഞിടത്ത് എന്റെ കന്നി പ്രസംഗത്തിൽ ചുരുങ്ങിയത് ആയിരത്തോളം ആൾക്കാരെയെങ്കിലും കർത്താവ് കൊണ്ടുവന്നു തന്നു. ഒരിക്കൽ ഞങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ വചനം പറയുകയാണ്. ആന്റണി എന്നൊരു പ്രായമുള്ള മനുഷ്യനാണ് വചനം പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ തടിച്ചൊരു സ്ത്രീ വന്നിട്ട് ‘എടാ ആന്റണീ നിന്നെ എനിക്കറിയാമെടാ, നിന്നെ ഞാൻ പ്രസംഗിപ്പിക്കുകയില്ലെടാ. നീ പ്രസംഗിക്കേണ്ട’ എന്നും പറഞ്ഞിട്ട് ബഹളമങ്ങ് തുടങ്ങി. മെഡിക്കൽകോളേജിന്റെ മുൻവശമല്ലേ ജനമങ്ങോട്ട് പൊതിയാൻ തുടങ്ങി.
ഞാൻ വട്ടം നോക്കി ദൈവമേ ആരെങ്കിലും അറിയുന്നവരുണ്ടോ നോക്കുമ്പോൾ ഉണ്ട്. അന്ന് ദേവഗിരി കോളജിന്റെ പ്രിൻസിപ്പൽ ആയിരുന്ന വയലിലച്ചൻ ബസിറങ്ങിയിട്ട് ഈ ആളു കൂടുന്ന കണ്ടിട്ട് നോക്കുകയാണ്. ഞാനുടനെ തിരിഞ്ഞു നിന്നു. അൽപം കഴിഞ്ഞപ്പോൾ ഈ സ്ത്രീ പറയുകയാണ് ‘നിനക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനുള്ള യോഗ്യതയുണ്ടോടാ.’ ഏതോ ഒരു ഇടതുപക്ഷക്കാരന്റെ ഭാര്യയാണ്. മാനസിക വിഭ്രാന്തിയുണ്ടായി റോഡിൽ ഇറങ്ങിയതാണ്. അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. എ.കെ. ആന്റണിനെയാണ് ഇവൾ ചീത്ത പറഞ്ഞത്. ഞങ്ങളെല്ലാം വിചാരിച്ചു സുവിശേഷം പറയുന്ന ആന്റണി ചേട്ടനെയാണെന്ന്. എന്തായാലും ആ വട്ടുപിടിച്ച സ്ത്രീ ഞങ്ങൾക്ക് വലിയൊരു സമൂഹത്തെ അവിടെ തന്നു.
ഇങ്ങനെ കർത്താവ് വചനം പറയുന്നിടത്തൊക്കെ നിരവധി അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്ന അനുഭവങ്ങളുണ്ട്. ഒരു ദിവസം ഞങ്ങൾ വചനം പറഞ്ഞ് പോരാൻ നേരത്ത് ഉച്ചസമയമാണ്. ഒരു ഹോട്ടലുകാരൻ വിളിച്ച് ഞങ്ങൾക്ക് ഭക്ഷണം തന്നു. അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. എന്നിട്ട് അദേഹം പറഞ്ഞ് ഞങ്ങളുടെ വീടിനടുത്ത് ഒരു അക്രൈസ്തവ യുവതി, അവർ തളർവാതം ആയിട്ടു കിടക്കുകയാണ്. നിങ്ങളൊന്നു പോയിപ്രാർത്ഥിക്കണം എന്നു പറഞ്ഞു.അവരുടെ നിർബന്ധപ്രകാരം ഞങ്ങൾ പോയി, ഞങ്ങൾ പ്രാർത്ഥിച്ചിട്ടു പോന്നു. പ്രിയപ്പെട്ടവരെ നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ കേട്ട വാർത്ത ആ സ്ത്രീ സൗഖ്യം പ്രാപിച്ചു എന്നതാണ്.
സുവിശേഷം പറഞ്ഞിട്ട് എന്ത് കിട്ടി?
കേരളത്തിൽ വചന പ്രഘോഷണം നടക്കുന്നതു പോലെ ലോകത്തിലെവിടെയെങ്കിലും നടക്കുന്നുണ്ടോ? ലോകത്തിലെ എറ്റവും വലിയ ധ്യാന സെന്റർ ഏതാണ്? മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം.എട്ട് ഭാഷയിൽ 365 ദിവസവും അവിടെ ധ്യാനം നടക്കുന്നുണ്ട്. എത്രയോ ലക്ഷങ്ങൾ വന്നു പോകുന്നു. നമുക്കെത്രദൈവാലയങ്ങളുണ്ട് 4,700-ൽ അധികം ദേവാലയങ്ങളില്ലേ? അവിടെയെല്ലാം വചനപ്രഘോഷണമില്ലേ. അതിനനുസരിച്ച് ഒരു മാറ്റം നമ്മുടെ സമൂഹത്തിലുണ്ടോ. എന്തുകൊണ്ട് ഉണ്ടാകുന്നില്ല. നമ്മുടെ വിശ്വാസം നമ്മൾ എക്‌സർസൈസ് ചെയ്യുന്നില്ല. അപ്പോൾ ദൈവം വഴി നടത്തുന്ന അനുഭവം നമുക്കുണ്ടാകും.
ഞങ്ങളൊരിക്കൽ വയനാട്ടിൽ ചുണ്ടയില് വചനം പറയുകയാ. വചനം പറഞ്ഞുകൊണ്ടിരുന്നപ്പോൾ കണ്ണൂർ ജില്ലയിൽ ആലക്കോടുള്ള പുല്ലൻകാവിൽ ജോസ് എന്നു പറയുന്ന സഹോദരൻ, അദേഹം തെരുവിൽ വചനം പറയുന്ന ആളാണ്. അദേഹം കുടുംബസമേതം അതിലേ കാറിൽ വന്നു. ഞങ്ങൾ വചനം പറയുന്നുണ്ട്. അദ്ദേഹം കാറ് നിർത്തി. ഞാനോടി കാറിന്റെയടുത്ത് ചെന്നു.
ഞാൻ പറഞ്ഞു ജോസു ചേട്ടാ ജോസുചേട്ടൻ രണ്ട് വാക്ക് പറഞ്ഞിട്ടേ പോകാവുള്ളു എന്നു പറഞ്ഞു. അന്നേരം അദ്ദേഹം പറഞ്ഞു. ‘അയ്യോ എനിക്കിന്ന് പറ്റത്തില്ല, ഞാനൊരു അത്യാവശ്യ കാര്യത്തിനു പോവുകയാണ്.’ ഞാൻ പറഞ്ഞു പറ്റില്ല 2 മിനിട്ട് എങ്കിലും വചനം പറഞ്ഞിട്ടേ പോകാവൂ എന്നു ഞാൻ നിർബന്ധിച്ചു. അദ്ദേഹം ഒരു 10 മിനിട്ട് പറഞ്ഞു. പ്രിയപ്പെട്ടവരെ അദ്ദേഹത്തിന് അൾസർ എന്നു പറയുന്ന അസുഖമുണ്ടായിരുന്നു. വർഷങ്ങളായിട്ടുള്ള അസുഖമാണത്.അന്നദ്ദേഹത്തിന് അതിന്റെ വേദന കൂടിയ ദിവസമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം 10 മിനിട്ട് പറഞ്ഞ് നിർത്തിയത്. അതിനു ശേഷം അദ്ദേഹം ചെന്ന് കാറിൽ കയറി. കാറിൽ ചെന്ന് കയറിയപ്പോൾ വേദന പോയി. ഇന്നു വരെ പിന്നീട് രോഗമുണ്ടായിട്ടില്ല.
ഞാൻ സ്‌പോണ്ടിലോസിസ് രോഗമുള്ള ഒരു വ്യക്തിയായിരുന്നു. എന്റെ മൂത്ത മോൾ മെഡിക്കൽ കോളജിൽ പി.ജി.ക്ക് പഠിക്കുമ്പോൾ മോൾ അവിടെ കൊണ്ടു പോയി ഒരു പ്രഫസറെ കാണിച്ചു. എം.ആർ.ഐ. സ്‌കാൻ ചെയ്തു. എന്നിട്ട് എന്നോടു പറഞ്ഞു, തോളത്ത് ബാഗൊന്നും തൂക്കി നടക്കരുതെന്ന്. കുനിഞ്ഞൊന്നും ചെയ്യരുത്. തലയിണ വെച്ച് കിടക്കരുത്. എന്നൊക്കെ പറഞ്ഞ് ഒരുമാസത്തെ മരുന്നിന് കുറിച്ചു തന്നു. ഞാൻ പുറത്തോട്ടിറങ്ങി ആ ചീട്ട് വലിച്ചുകീറിവീട്ടിലേക്ക് പോന്നു.
ഞാൻ ചെയ്തതെന്താണെന്നറിയാമോ ശാലോം ടിവി യിലെ ആരാധനയുടെ സമയത്ത് ഞാൻ പ്രാർത്ഥിച്ചു. ദൈവം എന്നെ സുഖപ്പെടുത്തി. ഇപ്പോൾ മൂന്നാലു കൊല്ലമായി. എനിക്കതിന്റെ യാതൊരു തകരാറുകളുമില്ല. എന്റെ മോള് എം.ബി.ബി.എസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുമ്പോൾ ഒരു ദിവസം മനസ്സിൽ ദൈവം ഒരു ചിന്ത തന്നു. നിന്റെ മോൾ പഠിക്കുന്ന കോളജിന്റെ മുമ്പിൽ പോയി വചനം പ്രസംഗിക്കണമെന്ന്. അങ്ങനെ ഒരു സന്ദേശം കിട്ടി.
ഞാനിരുന്ന് പ്രാർത്ഥിച്ച് മെഡിക്കൽ കോളേജിന്റെ മെയിൻ ഗേറ്റിൽ നിന്നിട്ട് ഞാൻ പറഞ്ഞു.’ കർത്താവേ ഞാൻ ഇവിടെ പ്രസംഗിക്കുമ്പോൾ എന്റെ മോളോ, കൂട്ടുകാരികളോ വരാനിടവരുത്തരുതേ. അങ്ങ നെ പറഞ്ഞു പ്രാർത്ഥിച്ചു. പക്ഷേ ആ പ്രാർത്ഥന മറുകുറ്റി മറിഞ്ഞു. ഞാൻ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ മകളും കൂട്ടുകാരികളും അതിലേ കടന്നു പോയി. ഞാൻ കണ്ടില്ല. ഞാനതുകഴിഞ്ഞ് വീട്ടിൽ ചെല്ലുമ്പോൾ ഭാര്യയും മക്കളും കൂടി ചർച്ചാ ചർച്ച ചെയ്യുകയാണ്. ഞാൻ ചെന്നതേ പറഞ്ഞു. എന്റെ ഭാര്യ പറഞ്ഞു, എവിടെ വേണേലും പോയി പ്രസംഗിച്ചോളൂ. മക്കളുടെ കോളജിന്റെ മുമ്പിൽ മാത്രം പോയി പ്രസംഗിക്കരുത്. ഞാൻ മക്കളോട് പറഞ്ഞു നമുക്കു വേണ്ടി നഗ്നനാക്കപ്പെട്ട ദൈവം നമുക്കു വേണ്ടി പീഢ സഹിച്ച ദൈവം. നമുക്കു വേണ്ടി മരിച്ച ദൈവം ആ ദൈവത്തെയാണ് ഞാൻ പ്രഘോഷിച്ചത്, 1 സാമുവേലിന്റെ പുസ്തകത്തിൽ പറയുന്നു, എന്നെ മാനിക്കുന്നവനെ ഞാനും മാനിക്കും.Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?