Follow Us On

22

September

2020

Tuesday

കാരുണ്യവർഷം: സമാപന ദിവസമെങ്കിലും ഗംഭീരമാക്കണം

കാരുണ്യവർഷം: സമാപന ദിവസമെങ്കിലും ഗംഭീരമാക്കണം

നവംബർ 20-ന് ക്രിസ്തുരാജന്റെ തിരുനാൾ ദിവസം കാരുണ്യവർഷം സമാപിക്കും. ഈ ലേഖനം നിങ്ങൾ വായിക്കുമ്പോഴേക്കും കാരുണ്യവർഷം അവസാനിക്കാൻ ഏതാനും ദിവസങ്ങൾകൂടി ബാക്കിയുണ്ടാകും. കുറച്ചുപേർക്ക് എങ്കിലും കാരുണ്യവർഷം കഴിഞ്ഞ് ഒരാഴ്ചകൂടി കഴിഞ്ഞാലും ഇത് കിട്ടുമെന്നും തോന്നുന്നില്ല.
കഴിഞ്ഞ ആഴ്ചത്തെ മറുപുറത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: കാരുണ്യവർഷം തീരാറായി… വല്ലതും ചെയ്‌തോ? ഇത് വായിച്ച പലരിലും ദൈവം ചില ചിന്തകളും ബോധ്യങ്ങളും നൽകി എന്ന് കരുതുന്നു. പല വൈദികരും തങ്ങളുടെ ഇടയദൗത്യത്തെപ്പറ്റി കൂടുതൽ ഉത്തരവാദിത്വം കാണിച്ചുവെന്ന് തോന്നുന്നു.
ജനങ്ങളെ ബോധവൽക്കരിക്കാനും കരുണ തേടാൻ പ്രചോദിപ്പിക്കാനുമൊക്കെ അവരിൽ പലർക്കും കൂടുതൽ കഴിയുന്നുണ്ട്. കൂടുതൽ വിശ്വാസികൾ കാരുണ്യവർഷത്തിന്റെ വലിയ പ്രാധാന്യം മനസിലാക്കി ഇനി ഒരിക്കലും തങ്ങളുടെ ജീവിതത്തിൽ കിട്ടുകയില്ലാത്ത കരുണ നേടാനുള്ള അവസരം ഉപയോഗപ്പെടുത്താൻ തുടങ്ങി. കരുണയുടെ തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിച്ച് പ്രാർത്ഥിക്കുന്നവരുടെ എണ്ണം കൂടി.
മറ്റൊരു പ്രധാന കാര്യം ഇതാണ്: ഇന്നലെ വരെ തങ്ങൾക്ക് ദൈവകരുണ ലഭിക്കണം എന്ന് മാത്രം ചിന്തിച്ച് അതിനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തിയിരുന്ന പലരിലും ദൈവം പുതിയൊരു വെളിച്ചം നൽകി. കരുണയുടെ വിശുദ്ധ വർഷം ഉപയോഗപ്പെടുത്തി കരുണ നേടുവാൻ അവർ മറ്റുള്ളവരെ പ്രചോദിപ്പിക്കുവാൻ തുടങ്ങി. അങ്ങനെ കരുണാവർഷത്തിന്റെ പ്രാധാന്യം മനസിലാക്കിയ പലരും കൂടുതലായി കരുണയുടെ തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിക്കുവാനും പ്രാർത്ഥിക്കുവാനും കുമ്പസാരിക്കുവാനുമെല്ലാം തയാറായിക്കൊണ്ടിരിക്കുന്നു.
ഇതൊക്കെയാണെങ്കിലും വലിയൊരു ദുഃഖം അവശേഷിക്കുന്നു. ദണ്ഡവിമോചനം പ്രാപിക്കുവാൻ ആയുഷ്‌ക്കാലത്ത് കിട്ടിയ ഈ അസാധാരണ അവസരം വേണ്ടത്ര ഇനിയും ഉപയോഗപ്പെടുത്തപ്പെട്ടിട്ടില്ല. ചില ദൈവാലയങ്ങളിൽ കരുണാവർഷത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഞാൻ പ്രസംഗം പറയുവാൻ ഇടയായി. ആ പ്രസംഗത്തിലൂടെ കരുണാവർഷത്തിന്റെ പ്രാധാന്യം മനസിലാക്കിയവരിൽനിന്നും പ്രധാനമായും മൂന്ന് പ്രതികരണങ്ങൾ ഉണ്ടായി.
ഒന്ന്, ഇതുവരെ ഞങ്ങളോട് ഇക്കാര്യങ്ങൾ ആരും പറഞ്ഞുതന്നില്ല. അതിനാൽ ഞങ്ങൾക്ക് ഇതിന്റെ പ്രാധാന്യം മനസിലായിരുന്നില്ല. അപ്പോൾ ഒരു ചോദ്യം: ജനത്തെ ഇക്കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി പ്രചോദിപ്പിച്ച്, അവസരം ഉണ്ടാക്കിക്കൊടുക്കേണ്ടിയിരുന്നവർ ആരാണ്? അവർ അത് വേണ്ടവിധം ചെയ്‌തോ? മറ്റുള്ളവരോട് കൂടുതൽ കരുണ കാണിക്കണം എന്ന സന്ദേശം കുറെയൊക്കെ കൈമാറി. ഇക്കാര്യത്തിൽ കുറെയധികം നന്മകൾ ചെയ്തു. പക്ഷേ, സ്വന്തം ജീവിതത്തിൽ ദണ്ഡവിമോചനവും പാപമോചനവും നേടിക്കൊണ്ട് ദൈവത്തിന്റെ കരുണ നേടാൻ എല്ലാ വിഭാഗം ആളുകൾക്കും ദൈവം വച്ചു നീട്ടിയ സുവർണാവസരമാണ് ഇത്; അത് ഉപയോഗിക്കണം; നാല് ഇനി ഇങ്ങനെ ഒരു വർഷം ആയുഷ്‌ക്കാലത്ത് കിട്ടില്ല എന്ന് വേണ്ടവിധം പറഞ്ഞുകൊടുത്തോ? ഇല്ല. ഇവിടെയാണ് വീഴ്ച പറ്റിയത്.
രണ്ട്, കാരുണ്യവർഷം വേണ്ടവിധം ഉപയോഗപ്പെടുത്തുവാൻ സാധിച്ചില്ലല്ലോ എന്ന ദുഃഖം അഥവാ ഇച്ഛാഭംഗം. കാര്യം മനസിലാക്കി വന്നപ്പോഴേക്കും അവസരം നഷ്ടമായ അവസ്ഥ; അതിന്റെ വേദന. മൂന്ന്, ഇനിയുള്ള ദിവസങ്ങളിൽ എന്നെങ്കിലും ഒരു ദിവസമെങ്കിലും ഇതിനായി ഉപയോഗിക്കും എന്ന തീരുമാനം. ഒരു സിസ്റ്റർ പറഞ്ഞു: ഞാൻ കാരുണ്യവർഷത്തെ കാര്യമായൊന്നും എടുത്തിരുന്നില്ല. എന്നാൽ, ഇന്നലെ എനിക്ക് തെറ്റ് മനസിലായി.
ഞാൻ ഒരു തവണയെങ്കിലും കരുണയുടെ തീർത്ഥാടന കേന്ദ്രത്തിൽ പോകും. ഈ സിസ്റ്ററിനെപ്പോലെ എത്ര സിസ്റ്റർമാർ, എത്ര വൈദികർ, എത്ര സെമിനാരി വിദ്യാർത്ഥികൾ, എത്ര അല്മായ സഹോദരീ-സഹോദരന്മാർ കാരുണ്യവർഷത്തെ കാര്യമായൊന്നും എടുക്കാതെ പോയി. പ്രത്യേകിച്ച്, വികാരിയച്ചന്മാരായവർ കാരുണ്യവർഷത്തെ കാര്യമായെടുക്കാതെ പോയപ്പോൾ ദൈവജനത്തിനുണ്ടായ നഷ്ടം എത്ര വലുതാണ്?
എല്ലാത്തിനുംകൂടി ഒരു പരിഹാരം, അഥവാ ഒരു മാർഗം നിർദേശിക്കട്ടെ: കരുണാവർഷം തീരുന്നത് 2016 നവംബർ 20-ന് ഞായറാഴ്ചയാണ്. അത് ഞായറാഴ്ച ആയതിനാൽ ആ ദിവസം അനേകം പേർക്ക് ഉപയോഗപ്പെടുത്താൻ കഴിയും. അതിനാൽ അന്നേദിവസം കരുണയുടെ തീർത്ഥാടനകേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ദൈവാലയങ്ങളിൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ചെയ്യണം.
ഒന്ന്, അന്നേദിവസം മുഴുവൻ ആരാധനയും കരുണയുടെ പ്രാർത്ഥനകളും നടത്തണം. സാധിക്കുമെങ്കിൽ 19-ന് സനിയാഴ്ച രാത്രിയും 20-ന് പകൽ മുഴുവനും ഇത് നടത്തണം. അപ്പോൾ ധാരാളം പേർക്ക് വന്നുപോകാൻ കഴിയും.
രണ്ട്, അന്നേദിവസം ധാരാളം വൈദികരെ മുഴുവൻ സമയവും കുമ്പസാരിപ്പിക്കുവാനായി ലഭ്യമാക്കുക. അപ്പോൾ എല്ലാവർക്കും കുമ്പസാരിക്കുവാൻ അവസരം കിട്ടും. മൂന്ന്, ഈ തീർത്ഥാടനകേന്ദ്രങ്ങളിൽ ഏതാനും മണിക്കൂറുകൾ ഇടവിട്ട് ദിവ്യബലിയർപ്പിക്കുക. അപ്പോൾ വിവിധ ഗ്രൂപ്പുകൾക്ക് വന്ന് കുമ്പസാരിച്ച്, ബലിയിൽ പങ്കെടുത്ത്, പ്രാർത്ഥിക്കുവാൻ അവസരം കിട്ടും.നാല്, ദിവ്യബലിയർപ്പിക്കപ്പെടുന്ന സമയമൊഴികെ ബാക്കി മുഴുവൻ സമയവും കരുണയുടെ ജപമാല ചൊല്ലിക്കൊണ്ടിരിക്കുക. ഇതിനായി ഓരോ ഇടവകകളെ സമയം വച്ച് ക്രമീകരിക്കാം. ഓരോ തീർത്ഥാടനകേന്ദ്രത്തിന്റെയും ചുറ്റുവട്ടത്തുള്ള ദൈവാലയങ്ങളെയും വിശ്വാസികളെയും സന്യാസീ-സന്യാസികളെയുമെല്ലാം ഇതിൽ പങ്കാളികളാക്കണം. അപ്പോൾ ആർക്കും ഭാരം ഉണ്ടാവില്ല.
അങ്ങനെ, കരുണാവർഷത്തിൽ ദൈവകരുണ നേടുവാൻ സാധിക്കാതെ പോയ സകലർക്കും ഒരവസരം ഉണ്ടാക്കിക്കൊടുക്കണം. പത്തൊൻപതിന് രാത്രിയും ഇരുപതിന് പകലും തുടർച്ചയായി ഇത് ചെയ്താൽ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരവസരം കിട്ടണം. വരുന്നവരെല്ലലാം തീർത്ഥാടനവാതിലിലൂടെ ദൈവാലയത്തിൽ കയറാനും പറഞ്ഞുകൊടുക്കണം. ഇനിയുള്ള ദിവസങ്ങളിൽ എന്തെങ്കിലും സംഭവിക്കട്ടെ. ദൈവകരുണ പെരുമഴപോലെ നമ്മിൽ പെയ്യട്ടെ!

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?