Follow Us On

31

January

2023

Tuesday

26 വയസിൽ വിശുദ്ധ നിരയിലേക്ക്

26 വയസിൽ വിശുദ്ധ നിരയിലേക്ക്

ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ കുരിശിന്റെ വിശുദ്ധ യോഹന്നാൻ, വിശുദ്ധ കൊച്ചുത്രേസ്യ തുടങ്ങി അനേകം വിശുദ്ധരെ തിരുസഭക്ക് സമ്മാനിച്ച കർമല സഭാരാമത്തിൽ ഒരു വിശുദ്ധ പുഷ്പംകൂടി. ത്രിത്വത്തിന്റെ വിശുദ്ധ എലിസബത്ത്. ഒക്‌ടോബർ 16-ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി നാമകരണം ചെയ്ത ത്രിത്വത്തിന്റെ എലിസബത്ത് കേവലം 26 വയസുമാത്രമുള്ളപ്പോൾ സ്വർഗീയ മഹത്വത്തിലേക്ക് വിളിക്കപ്പെട്ടു.
ഭൂമിയിൽ ജീവിച്ച ചെറിയ കാലത്തിനുള്ളിൽ ഇത്ര പുണ്യയോഗ്യത നേടാൻതക്ക മഹത്തായ എന്തു കാര്യങ്ങളാണ് എലിസബത്ത് ചെയ്തത്? ലോകദൃഷ്ടിയിൽ ഒന്നുമില്ല എന്നതാണ് സത്യം. എന്നാൽ ‘ദൈവസാന്നിധ്യത്തിന്റെ പ്രവാചിക’ എന്ന് വിളിക്കത്തക്കവിധം തന്റെ ഉള്ളിൽ വസിച്ചിരുന്ന ദൈവത്തോടൊപ്പമാണ് അവൾ ജീവിച്ചത്. ഉള്ളിൽ വസിക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അവബോധം സ്വർഗീയ ജീവിതത്തിന്റെ മുന്നാസ്വാദനം തനിക്ക് എപ്പോഴും അനുഭവവേദ്യമാക്കിയിരുന്നതായി വിശുദ്ധ പറയുമായിരുന്നു. ഉള്ളിൽ വസിക്കുന്ന ത്രിതൈ്വക ദൈവത്തോട് എലിസബത്ത് നടത്തിയിരുന്ന പ്രാർത്ഥന കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥംപോലും ഉദ്ധരിക്കുന്നുവെന്നത് ശ്രദ്ധിക്കണം. ദൈവത്തിന്റെ വാസഗേഹമാകാൻ വിളിക്കപ്പെട്ടവരാണ് വിശ്വാസികൾ എന്ന സത്യം വ്യക്തമാക്കാനാണ് മതബോധനഗ്രന്ഥം എലിസബത്തിന്റെ പ്രാർത്ഥന ഉദ്ധരിക്കുന്നത്.
തന്റെ ഉള്ളിലുള്ള നിരന്തരമായ ദൈവസാന്നിധ്യം അവിടുത്തെ അനന്തമായ സ്‌നേഹത്തിന്റെ അടയാളമായി എലിസബത്ത് തിരിച്ചറിയുന്നു. തന്റെ ദൈവസാന്നിധ്യാനുഭവത്തെക്കുറിച്ച് അവൾ പറയുന്നു ”അത് എത്ര ചേതോഹരവും മധുരിതവുമാണെന്ന് വിവരിക്കുക അസാധ്യം; അത് ആത്മാവിന് ശക്തി പകരുന്നു. സർവശക്തനായ ദൈവം നമ്മുടെ ഉള്ളിൽ വന്നു വസിക്കാൻ തക്കവിധം നമ്മെ സ്‌നേഹിക്കുന്നു എന്ന അറിവ് എത്ര പ്രചോദനാത്മകവും അവിടുത്തെ സർവ ശക്തിയോടുംകൂടി സ്‌നേഹിക്കാൻ പ്രേരിപ്പിക്കുന്നതുമാണെന്ന് എല്ലാവരും അറിഞ്ഞെങ്കിൽ.”
ഇത്ര ആഴമേറിയ ദൈവസാന്നിധ്യ അവബോധം എങ്ങനെയാണ് എലിസബത്തിൽ ഉളവായത്? അവളുടെ ഹ്രസ്വകാല ജീവിതത്തെക്കുറിച്ചുള്ള ഒരു ഏകദേശ ധാരമ ഇക്കാര്യം മനസിലാക്കാൻ സഹായിക്കും. 1880 ജൂലൈ 18-ന് ഫ്രാൻസിലെ ബൂർജസ് സൈനിക ക്യാമ്പിലെ ക്വാട്ടേഴ്‌സിൽ സൈനികോദ്യോഗസ്ഥനായ ജോസഫ് കാറ്റസ്-മരിയ റൊളാണ്ട ദമ്പതികളുടെ മൂത്തമകളായി എലിസബത്ത് ജനിച്ചു. ഏഴുവയസുവരെ പിടിവാശിയും വഴക്കും തന്നിഷ്ടവും ഒക്കെയുള്ള കുറുമ്പിയായിരുന്നു എലിസബത്ത്. എന്നിരുന്നാലും അമ്മ നൽകിയിരുന്ന വിശുദ്ധരുടെ ജീവചരിത്ര ഗ്രന്ഥങ്ങളും മറ്റും വായിക്കുന്നതിൽ എലിസബത്ത് താല്പര്യം പുലർത്തിയിരുന്നു.
കാറ്റസ് കുടുംബം ബൂർജസിൽനിന്ന് ഡി ജോണിലേക്ക് താമസം മാറ്റിയതിനു പിന്നാലെ എലിസബത്തിന്റെ മാതാവിന്റെ പിതാവും സ്വന്തം പിതാവും നിര്യാതരായി. അത് അവൾക്ക് വലിയ ദുഃഖമുളവാക്കി. അതോടെ അവളുടെ കുറുമ്പ് കൂടുകയും ചെയ്തു.
മാനസാന്തരം
1891 ഏപ്രിൽ 19 എലിസബത്തിന്റെ ജീവിതത്തിലെ നിർണായക ദിനമായി മാറി. അന്നാണ് അവൾ ആദ്യകുർബാന സ്വീകരിച്ചത്. ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചതോടെ അവളിൽ വലിയ മാറ്റങ്ങൾ ദൃശ്യമായി. വളരെ സന്തോഷവതിയായിത്തീർന്ന എലിസബത്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ പറഞ്ഞു, ”എനിക്ക് വിശക്കുന്നില്ല, ഈശോ എനിക്ക് ഭക്ഷണം തന്നു.” അന്നു വൈകുന്നേരം വീടിനടുത്തുള്ള കർമലമഠത്തിൽ അമ്മയുമൊത്ത് അവൾ പോയി. അവളുടെ പേരു മനസിലാക്കിയപ്പോൾ മദർ ആ പേരിന്റെ അർത്ഥം അവൾക്ക് പറഞ്ഞുകൊടുത്തു. ”ദൈവത്തിന്റെ ആളയം.” പിന്നീട് മദർ അവൾക്ക് കൊടുത്ത ആശംസാകാർഡിൽ ഇങ്ങനെ എഴുതിയിരുന്നു, ”ഇന്ന് നിന്റെ അനുഗ്രഹീതനാമം ഉൾക്കൊള്ളുന്ന രഹസ്യം നിന്റെ ജീവിതത്തിൽ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. സ്‌നേഹമായ ദൈവം ഭൂമിയിൽ വസിക്കാനുള്ള തന്റെ ഭവനമായി നിന്റെ ഹൃദയം തിരഞ്ഞെടുത്തിരിക്കുന്നു.” ആദ്യകുർബാന സ്വീകരിച്ച ദിവസംതന്നെ ഇങ്ങനെ ഒരുൾക്കാഴ്ച നൽകിയ ദൈവിക ഇടപെടൽ ഉണ്ടായത് അവളെ ഏറെ സ്വാധീനിച്ചു. ദുഃശാഠ്യക്കാരി കുഞ്ഞാടായി മാറി. ആന്തരികസംഘർഷങ്ങളെയും കോപപ്രകൃതിയെയുമൊക്കെ നിയന്ത്രിച്ച് ഈശോയെ സംവഹിക്കുന്ന ഒരാളുടെ ജീവിതശൈലി വളർത്തിയെടുക്കാൻ ബാല്യത്തിൽത്തന്നെ ഈശോ അവളെ പരിശീലിപ്പിച്ചു.
സന്യാസവിളി
പഠിക്കാനും കളിക്കാനുമൊക്കെ പോകുംമുമ്പ് മുറിയിൽ കയറി ഏകാഗ്രതയോടെ പ്രാർത്ഥിക്കുന്ന പതിവ് അവൾ ആരംഭിച്ചു. ജീവിതത്തിൽ അവളുടെ ഏക ലക്ഷ്യം ദൈവത്തെ സ്‌നേഹിക്കണമെന്നും മറ്റുള്ളവരെക്കൊണ്ട് സ്‌നേഹിപ്പിക്കണമെന്നും മാത്രമായിരുന്നു. ഈ ലക്ഷ്യം അതിന്റെ പൂർണതയിൽ സാക്ഷാത്കരിക്കുന്നതിന് ഒരു കന്യാസ്ത്രീ ആകുകയാണ് വേണ്ടതെന്ന് അവൾക്ക് ബോധ്യമായി. ഏതു സഭയിൽ ചേരണം എന്നതു സംബന്ധിച്ച് ആലോചിച്ചുകൊണ്ടിരിക്കെ ഒരു ദിവസം വിശുദ്ധ കുർബാന സ്വീകരിച്ചശേഷം പ്രാർത്ഥിച്ചുകൊണ്ടിരിക്കെ ഒരു സ്വരം അവൾ കേട്ടു, ”കർമലമഠം.” അപ്പോൾത്തന്നെ അവൾ ദിവ്യനാഥന് മുന്നിൽ ‘വ്രതവാഗ്ദാനം’ നടത്തി. എങ്കിലും മഠപ്രവേശനത്തിന് വീണ്ടും ആറുവർഷം കൂടി കാത്തിരിക്കേണ്ടിവന്നു. ഈ ഇടവേളയിൽ ഒരു കർമലീത്ത സന്യാസിനിയുടെ ജീവിതമാണ് ആന്തരികമായി അവൾ നയിച്ചത്. അവൾ ഈശോയോട് ഇപ്രകാരം പറഞ്ഞു: ”തന്റെ ജീവിതം അനുസ്യൂതമായ ഒരു പ്രാർത്ഥന ആയിരുന്നെങ്കിൽ…. സ്‌നേഹത്തിന്റെ ആ പ്രവൃത്തിയിൽ അങ്ങയോടൊത്ത് മാത്രമായിരിക്കാൻ എനിക്ക് കഴിഞ്ഞെങ്കിൽ… ഒന്നും അങ്ങിൽനിന്ന് എന്നെ വേർപെടുത്താതിരുന്നെങ്കിൽ…. ഏകാന്തതയിൽ, നിശബ്ദതയിൽ അങ്ങയോടൊത്തായിരിക്കാൻ ഞാൻ എത്ര കൊതിക്കുന്നു. എന്നാൽ എല്ലാറ്റിനുമുപരി അങ്ങയുടെ ഹിതം അനുവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഹൃദയം പൂർണമായി അങ്ങേക്ക് സമർപ്പിക്കുന്നു. എല്ലാറ്റിലുമുപരി ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു. ഇതാ, എന്റെ ഹൃദയത്തിൽ വന്നു വാണാലും.”
1900 ആഗസ്റ്റ് രണ്ടിന് ഡിജോണിലെ കർമലമഠത്തിൽ പ്രവേശിച്ച അവൾ പരിശുദ്ധ ത്രിത്വത്തിന്റെ സിസ്റ്റർ എലിസബത്ത് എന്ന നാമം സ്വീകരിച്ചു. അതേവർഷം ഡിസംബർ എട്ടിന് അവൾ സഭാവസ്ത്രം സ്വീകരിച്ചു. നിർമല ഹൃദയമാകുന്ന സ്വർണവും പ്രാർത്ഥനയാകുന്ന കുന്തിരിക്കവും സ്വയം പരിത്യാഗമെന്ന മീറയും ദിവ്യനാഥന്റെ തൃപ്പാദത്തിങ്കൽ സമർപ്പിച്ച് ”ഓരോ നിമിഷവും ദൈവത്തെ സ്‌നേഹിക്കൂ” എന്ന മുദ്രാവാക്യവുമായി ‘മഹത്വത്തിന്റെ സ്തുതി’ എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് അവൾ വ്രതവാഗ്ദാനം നടത്തി.
പരിശുദ്ധ ത്രിത്വത്തിന്റെ മണവാട്ടി
കർമലസഭയിലെ സന്യാസിനി എന്ന നിലയിൽ തനിക്കേറ്റവും പ്രിയങ്കരമായ ആത്മീയ ജീവിതത്തിലേക്ക് കടന്നതോടെ ഉള്ളിൽ വസിക്കുന്ന ത്രിതൈ്വക ദൈവസാന്നിധ്യ അനുഭവത്തിന്റെ ആഴവും വ്യാപ്തിയും വർധിച്ചുകൊണ്ടേയിരുന്നു. കർമലസഭയിലെ വലിയ വിശുദ്ധരായ യേശുവിന്റെ വിശുദ്ധ തെരേസ, കുരിശിന്റെ വിശുദ്ധ യോഹന്നാൻ, ലിസ്യുവിലെ വിശുദ്ധ തെരേസ തുടങ്ങിയവരുടെ പ്രബോധനങ്ങളും ജീവിതവും അടുത്തറിഞ്ഞതോടെ എലിസബത്തിന്റെ ജീവിതം കൂടുതൽ ആധ്യാത്മിക സമ്പന്നതകൾ കൈവരിച്ചു.
ആദ്യകുർബാന സ്വീകരിച്ചപ്പോൾ തന്റെ ഉള്ളിൽ വന്നു വസിച്ച ഈശോ നൽകിയ ശക്തിയാൽ അനിയന്ത്രിതമായ കോപവും ദുഃശാഠ്യവും നീങ്ങിപ്പോയതിന്റെ പൊരുൾ, കൊളോസോസ് ലേഖനം 1:20-ൽ അവൾ കണ്ടെത്തി. തന്റെ ഹൃദയമാകുന്ന ‘കൊച്ചുസ്വർഗത്തിൽ സമാധാനം സ്ഥാപിച്ചത്’ ഈശോയാണ്. ക്രിസ്ത്യാനിയുടെ ഉള്ളിൽ ദൈവം വസിക്കുന്നുവെന്ന തത്വത്തിന്റെ ദൈവവചനപരമായ അടിസ്ഥാനം അവൾ വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളിൽ കണ്ടെത്തി.
ക്രിസ്തു പിതാവായ ദൈവത്തിന്റെ ‘മഹത്വത്തിന്റെ സ്തുതി’ ആയിരിക്കുന്നതുപോലെ, തന്റെ വിളിക്കുള്ളിൽ ഇപ്രകാരമുളഅള ഒരു ‘വ്യക്തിപരമായ വിളി’ ഉണ്ടെന്ന് പൗലോസിന്റെ ലേഖനങ്ങൾ ധ്യാനിച്ചതിലൂടെ എലിസബത്ത് കണ്ടെത്തി. ത്രിതൈ്വക ദൈവത്തിൽ ഒരാളായിരുന്നുകൊണ്ട് ദൈവമഹത്വത്തിന്റെ സ്വർഗീയ സൗഭാഗ്യങ്ങൾ അനുഭവിച്ച് എന്നേക്കും വാഴുക എന്നതായിരുന്നില്ല ഈശോയെക്കുറിച്ചുള്ള പിതാവായ ദൈവത്തിന്റെ പദ്ധതി. മനുഷ്യകുലത്തിന്റെ വിമോചനത്തിനുള്ള ഏറ്റം വേദന നിറഞ്ഞ പദ്ധതി യേശുവിൽ പൂർത്തീകരിക്കണമെന്നതായിരുന്നു പിതാവിന്റെ ഹിതം. ആ ഹിതം പൂർണമായി നിറവേറ്റിക്കൊണ്ട് ദൈവപിതാവിനോട് ഈശോ ഐക്യപ്പെട്ടതുപോലെ ഈശോയുടെ സഹനങ്ങളോട് ഐക്യപ്പെട്ട് അവിടുത്തെ രക്ഷാപദ്ധതിയിൽ പങ്കുകാരാകുവാനുള്ള മഹത്വപൂർണമായ വിളിയിൽ അവൾ ഏറെ സന്തോഷിച്ചു. ”സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തിൽ ഞാൻ നികത്തുന്നു” (കൊളോ. 1:24) എന്ന വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ ത്രിതൈ്വക ദൈവവുമായി ഐക്യപ്പെടുന്നതിനുള്ള പൂവിളി അടങ്ങിയിരിക്കുന്നതായി എലിസബത്ത് കണ്ടെത്തി. ക്രിസ്തുവിലൂടെ സഭയിൽ തുടരുന്ന പിതാവിന്റെ രക്ഷാപദ്ധതിയിൽ പങ്കാളിയാകുവാനുള്ള വിളിയാണ് ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ മഹത്വവും ഭാഗ്യവുമെന്ന് അവൾ കണ്ടെത്തി.
എലിസബത്തിന്റെ അഭിലാഷം സാക്ഷാത്കരിക്കാനെന്നോണം ശാരീരിക ക്ലേശങ്ങളുടെ ‘സമൃദ്ധി’യിലേക്ക് ദൈവം അവളെ നയിച്ചു. ആഡിസൺസ് ഡിസീസ് എന്ന പേരിലുള്ള കിഡ്‌നിരോഗം ആദ്യം വിരുന്നെത്തി. തുടർന്ന് ആമാശയ കാൻസർ, കഠിനമായ തലവേദന, കാലിൽ വലിയ വൃണം തുടങ്ങി ആപാദചൂഢം രോഗഗ്രസ്ഥമായ ശരീരം. എന്നാൽ ആനന്ദാതിരേകത്താൽ അവളുടെ ഹൃദയം നിറഞ്ഞു. പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ പങ്കാളിയാകുന്നതിൽ ആനന്ദിച്ചിരുന്ന വിശുദ്ധ അതിനുള്ള ഉപാധിയായ സഹനങ്ങളെ പാപികളുടെ മാനസാന്തരത്തിനായി കാഴ്ചവച്ചു. ”ഞാൻ പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്തായതിനാൽ ത്രിത്വത്തിൽ ലയിച്ചില്ലാതാകണം” എന്ന അവളുടെ ആഗ്രഹം സഫലീകരിച്ചുകൊണ്ട് 1906 നവംബർ ഒമ്പതിന് അവൾ സ്വർഗത്തിലേക്ക് പറന്നുയർന്നു.
 
 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?