Follow Us On

24

October

2020

Saturday

കൂട്ടം തെറ്റിയ മുൻ വൈദികരെ തേടി വലിയ ഇടയൻ!

കൂട്ടം തെറ്റിയ മുൻ വൈദികരെ തേടി വലിയ ഇടയൻ!

കരുണയുടെ വർഷാചരണത്തിലെ അവസാനത്തെ വെള്ളിയാഴ്ചയെ അസാധാരണമാം വിധം ശ്രേഷ്ഠതയുള്ളതാക്കി ഫ്രാൻസിസ് പാപ്പ. പരിശുദ്ധ പിതാവ് സന്ദർശിക്കാനും സന്തോഷം പങ്കിടാനും തീരുമാനിച്ചത് മറ്റാരുമായല്ല, പൗരോഹിത്യം ഉപേക്ഷിച്ച് പോയ മുൻ വൈദികരെ. ഉച്ചതിരിഞ്ഞ് 3.30 ന് റോമിലെ പോന്തേ ഡി നോനയിൽ എത്തിയ പാപ്പ അവിടെയുള്ള ഏഴ് കുടുംബങ്ങളെ വ്യക്തിപരമായി സന്ദർശിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പൗരോഹിത്യം ഉപേക്ഷിച്ച് വിവാഹം കഴിച്ചും അല്ലാതെയുമൊക്കെ ജീവിക്കുന്ന മുൻ വൈദികരുടെ കൂട്ടായ്മയായിരുന്നു അത്.
കരുണ കാണിക്കാൻ എല്ലാ വാതിലുകളും തുറന്നിടാൻ ആഹ്വാനം ചെയ്ത പാപ്പതന്നെ വലിയൊരു കാരുണ്യപ്രവർത്തിയാണ് ചെയ്തത്. എല്ലാവർക്കും ദൈവത്തിന്റെ കരുണയുടെ കടലിലേക്ക് ഇറങ്ങുവാനുള്ള ആഹ്വാനം. പൗരോഹിത്യം ഉപേക്ഷിച്ചതിലൂടെ പലപ്പോഴും സഭാകൂട്ടായ്മയുമായി അകന്നുകഴിയുകയായിരുന്നു അവർ.
വൈദികജീവിതത്തിനിടയിൽ പ്രതിസന്ധികളും പ്രശ്‌നങ്ങളും തളർത്തിയപ്പോൾ അത് ഉപേക്ഷിക്കാൻ തയ്യാറായ ഇവരെ പലരും അത്ര തൃപ്തിയോടെയായിരുന്നില്ല നോക്കിക്കണ്ടിരുന്നത്. വൈദികാന്തസ്സ് ഉപേക്ഷിച്ച് വിവാഹം കഴിച്ച പലർക്കും വിശ്വാസികളുടെ ഇടയിൽനിന്നുതന്നെ എതിർപ്പുണ്ടായി. ഈ ഏഴുപേരിൽ നാല് പേരും റോം രൂപതയിൽപെട്ടവരായിരുന്നു. മറ്റ് മൂന്ന് പേർ സിസിലി, മാഡ്രിഡ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരും.
പാപ്പ അപ്പാർട്‌മെന്റിൽ പ്രവേശിച്ചതും മുൻ വൈദികരുടെ മക്കൾ ഓടിയെത്തി അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും പാപ്പ അവരെ കൈകളിലെടുത്ത് ചുംബിക്കുകയും ചെയ്തു. പാപ്പ വളരെ സ്‌നേഹത്തോടെ അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. അവരുടെ കഥ കേൾക്കാനും, അവർ കടന്നുപോകുന്ന നിയമപരമായ ക്രമങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു പാപ്പ.
ആത്മീയവും സാമുഹികവുമായ പ്രതിസന്ധിയുടെ നടുവിലായിരിക്കുന്ന അവരോട് കരുണ കാണിക്കാൻ വലിയ ഇടയൻ തന്നെ ഇറങ്ങുകയായിരുന്നു. സഭാസമൂഹത്തിൽനിന്ന് പുറത്താക്കപ്പെട്ടവർ എന്ന ലേബൽ മാത്രമായിരുന്നു പലപ്പോഴും അവർക്ക് കൂട്ടായുണ്ടായിരുന്നത്. എല്ലാവർക്കും ഇടയനെ ആവശ്യമുണ്ട് എന്ന സന്ദേശവും പാപ്പ നൽകി.
കരുണാവർഷം പാപ്പ ആരംഭിച്ചത് മരണത്തോട് മല്ലടിച്ച് ജീവനും മരണത്തിനുമിടയിൽ കഴിയുന്ന രോഗികളുടെ ഇടയിൽനിന്നാണ്. കാസൽ ഗണ്ടോൾഫോയിലെ മയക്കുമരുന്ന് പുനരധിവാസ സെന്ററിലും പാപ്പ എത്തിയിരുന്നു. അഭയാർത്ഥികളായിരുന്നു പാപ്പയുടെ സന്ദർശനത്തിന്റെ മറ്റൊരു കേന്ദ്രം. മാനസികരോഗികളായവരെ സന്ദർശിക്കാനും പാപ്പ സമയം കണ്ടെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?