Follow Us On

23

November

2020

Monday

സാത്താനെ പരാജയപ്പെടുത്താനും പൂർവ്വികരുടെ ശാപത്തിൽ നിന്ന് മോചനം നേടാനുമുള്ള പ്രാർത്ഥനകൾ

സാത്താനെ പരാജയപ്പെടുത്താനും പൂർവ്വികരുടെ ശാപത്തിൽ നിന്ന് മോചനം നേടാനുമുള്ള പ്രാർത്ഥനകൾ

യേശുക്രിസ്തു പീഡാനുഭവസമയത്ത് തന്റെ സ്വർഗീയ പിതാവിനോട് നടത്തിയ അപേക്ഷകളുടെ യോഗ്യതകളിൻമേലുളള പ്രാർത്ഥനകൾ നാം അനുദിനം പ്രാർത്ഥിക്കുന്നതിനായി ബർണബാസിന് നമ്മുടെ നാഥൻ പറഞ്ഞുകൊടുത്തതും അദേഹം രേഖപ്പെടുത്തിയതുമാണിത്.
സാത്താനെയും അവന്റെ അനുചരൻമാരെയും പരാജയപ്പെടുത്തുന്നതിനുളള പ്രാർത്ഥന
(”നിങ്ങൾ ശത്രുവിന്റെ അസംഖ്യം ഗണങ്ങളെ ഭയപ്പെടേണ്ട യാതൊരാവശ്യവുമില്ല. കുഞ്ഞുങ്ങളേ, അവരുടെ പതനത്തിനായി ലളിതമായി എന്റെ ഇടതുകൈയിലെ മുറിവുകളെയും വേദനയെയും രക്തത്തെയും സമർപ്പിക്കുക; ചാരംപോലെ അവർ അപ്രത്യക്ഷമാവുന്നത് നിങ്ങൾ കാണും… കണ്ണുചിമ്മുന്ന സമയംകൊണ്ട് ശത്രുവിന്റെ അനേകം സാമ്രാജ്യങ്ങൾ അപ്രത്യക്ഷമാവുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽ കുന്നു. ഇത് പ്രാർത്ഥിക്കുകയും എല്ലാ മനുഷ്യരെയും ഇത് പഠിപ്പിക്കുകയും ചെയ്യുക. എന്റെ വിലയേറിയ തിരുരക്തം ഏവരെയും രക്ഷിക്കും.”)
എന്റെ നാഥനായ യേശുക്രിസ്തുവിന്റെ കാൽവരിക്കുരിശിലെ പരിശുദ്ധ മരണത്തിന്റെ അസംഖ്യം ശത്രുക്കളേ, അന്ധകാരത്തിന്റെയും ദുഷ്ടതയുടെയും രാജകുമാരാ, സകല നുണയൻമാരുടെയും പിതാവേ, എന്റെ നാഥനായ യേശുക്രിസ്തുവിന്റെ മരണത്തിന്മേൽ നിന്നുകൊണ്ട് അവിടുത്തെ ഇടതുകൈയിലെ വേദനകളെയും മുറിവുകളെയും അവിടെനിന്നൊഴുകിയ വിലയേറിയ തിരുരക്തത്തെയും നിങ്ങളുടെ പതനത്തിനും നാശത്തിനും പീഡനത്തിനുമായി നിത്യപിതാവിന് ഞാൻ സമർ പ്പിക്കുന്നു. ആമ്മേൻ.
എന്റെ നാഥനായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ, എന്നിലും സകലമനുഷ്യരുടെ ജീവിതങ്ങളിലും ഭരണം നടത്തേണമേ. ആമ്മേൻ.
അജഗണങ്ങളുടെ സംരക്ഷണത്തിനും ഐക്യത്തിനും വേണ്ടിയുളള പ്രാർത്ഥന
(”എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ ഈ പ്രാർത്ഥന ചൊല്ലുമ്പോഴെല്ലാം എന്റെ രാജ്യത്തിന്റെ മണിക്കൂർ ഭൂമിയിൽ സംജാതമാകുന്നതിനെ ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ പ്രാർത്ഥനയിലൂടെ അത് വേഗം ഭൂമിയിലെത്തുന്നതിന് എന്റെ പിതാവ് അനുവദിക്കും; എല്ലാവരും ഒന്നാകണമെന്ന എന്റെ പ്രാർത്ഥന പൂർത്തീകരിക്കപ്പെടുന്ന രണ്ടാം പന്തക്കുസ്തയുടെ മണിക്കൂർ… എന്റെ രാജ്യം വരുമ്പോൾ ഈ ഭക്താഭ്യാസം നടത്തുന്നവർ അതിയായി സന്തോഷിക്കും. ഞാൻ എപ്പോഴും അവരെ സംരക്ഷിക്കും.”)
നിത്യപിതാവേ, ഞങ്ങളുടെ ഗുരുവും നാഥനുമായ അങ്ങയുടെ പുത്രന്റെ കാൽപ്പാദങ്ങളിലെ മുറിവുകളെയും വേദനകളെയും അവിടെനിന്നൊഴുകിയ വിലയേറിയ തിരുരക്തത്തെയും, ഇടയനില്ലാത്ത ആടുകളെപ്പോലെ ഈ ഭയാനകമായ വനത്തിൽ അലഞ്ഞുതിരിയുന്ന അങ്ങയുടെ എല്ലാ മക്കൾക്കും വേണ്ടി അങ്ങേയ്ക്ക് ഞാൻ സമർപ്പിക്കുന്നു. ഹിംസ്രജന്തുക്കളിൽനിന്ന് അവരെ സംരക്ഷിക്കുകയും അവർക്ക് സമാധാനം നൽകുകയും ചെയ്യേണമേ. അങ്ങനെ അവർ എന്റെ നാഥനും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കാൽപ്പാദങ്ങൾ ആണിയാൽ ചേർത്തുനിർത്തപ്പെട്ടതുപോലെ ഒന്നായിത്തീരുകയും ഐക്യപ്പെടുകയും ചെയ്യട്ടെ. ആമ്മേൻ.
യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തമേ, എന്നേക്കും ഭരണം നടത്തേണമേ. ആമ്മേൻ.
ഈശോമിശിഹായുടെ തിരുവിലാവിൽ അഭയം ലഭിക്കുന്നതിനുളള പ്രാർത്ഥന
(”എന്റെ കുഞ്ഞുമക്കളേ, തിന്മയുടെ ഈ നാളുകൾ ധാരാളം ആത്മാക്കളെ വിഴുങ്ങും. അതുകൊണ്ടാണ് നിങ്ങളെയെല്ലാവരെയും രക്ഷിക്കുന്നതിനുവേണ്ടി ഈ രഹസ്യാത്മക പ്രാർത്ഥന ഞാൻ നിങ്ങളെ പഠിപ്പിക്കുന്നത്. എന്റെ തിരുവിലാവ് സകല മനുഷ്യർക്കും വേണ്ടി തുറക്കപ്പെട്ടിരിക്കുന്നു. ഇത് പ്രാർത്ഥിക്കുകയും സകലമനുഷ്യരേയും ഇത് അറിയിക്കുകയും ചെയ്യുക. ഈ പ്രാർത്ഥന മറ്റുളളവരെ പഠിപ്പിക്കുന്നവരെല്ലാം സംരക്ഷിക്കപ്പെടും. ഞാൻ നിങ്ങളെയെല്ലാം സ്‌നേഹിക്കുന്നു. നിങ്ങളുടെ ജീവനുവേണ്ടി ഓടുവിൻ…”)
ഓ സ്‌നേഹപിതാവേ, പഴയകാലത്തെ ഇസ്രായേൽക്കാരെ ശൈത്യവും ഉഷ്ണവുമുളള മരുഭൂമിയുടെ വരൾച്ചയിൽ പരിശുദ്ധമായ തന്റെ ചിറകുകൾക്കുളളിൽ സംരക്ഷിച്ച അബ്രാഹത്തിന്റേയും ഇസഹാക്കിന്റേയും യാക്കോബിന്റേയും ദൈവമേ; ലോകം മുഴുവനും ചിതറിപ്പാർക്കുന്ന അങ്ങയുടെ ജനത്തിന്റെ സംരക്ഷണത്തിനായി എന്റെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പരിശുദ്ധ മരണത്തെ അങ്ങേയ്ക്ക് ഞാൻ സമർപ്പിക്കുന്നു. തിരുരക്തവും ജലവും ഞങ്ങളെ കഴുകുകയും ശക്തിപ്പെടുത്തുകയും, രക്ഷിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യട്ടെ. അങ്ങനെ സകല മനുഷ്യർക്കുംവേണ്ടി തുറക്കപ്പെടുന്ന അങ്ങയുടെ പുത്രന്റെ തിരുവിലാവിൽ ഞങ്ങൾ അഭയം കണ്ടെത്തട്ടെ. ആമ്മേൻ.
ഈശോമിശിഹായുടെ തിരുവിലാവേ, ഞങ്ങളുടെ അഭയസങ്കേതമായിരിക്കേണമേ. ആമ്മേൻ.
പൂർവീകരുടെ ശാപത്തിൽനിന്ന്
മോചനം ലഭിക്കുന്നതിനുളള പ്രാർത്ഥന
(”എന്റെ കുഞ്ഞുങ്ങളേ, ഇത് പ്രാർത്ഥിക്കുകയും ലോകത്തെ മുഴുവൻ ഇത് അറിയിക്കുകയും ചെയ്യുക. ശാപങ്ങളിൽ കഴിയുന്നവർ നിരന്തരമായി ഈ പ്രാർത്ഥന ചൊല്ലുകയാണെങ്കിൽ അവർക്ക് അവയിൽ നിന്ന് സ്വാതന്ത്ര്യം നേടുവാൻ സാധിക്കും. പൂർവപിതാക്കൻമാരുടെ പാപങ്ങളുടെ ഫലമായി ഏതെങ്കിലും കുടുംബം വേദനിക്കുന്നെങ്കിൽ ഈ പ്രാർത്ഥനയിലൂടെ 144 ദിവസം നീളുന്ന നോവേന ചൊല്ലിയാൽ അവർ മോചിക്കപ്പെടും. ഉടമ്പടി ലംഘിക്കുകയും അതിന്റെ ഫലമായി മരണശിക്ഷയുണ്ടാവുകയും ചെയ്യുന്നവർ നിരന്തരമായി ഈ പ്രാർത്ഥന ചൊല്ലുകയും പശ്ചാത്തപിക്കുകയും ചെയ്താൽ രക്ഷപെടുകയും ശാപത്തിൽനിന്ന് വിമുക്തരാവുകയും ചെയ്യും.”)
നിത്യപിതാവേ, അങ്ങ് മാത്രമാണ് മരണമില്ലാത്ത ദൈവം, സ്‌നേഹമായ ദൈവം, കരുണയും അനുകമ്പയുമുളളവൻ. അങ്ങയുടെ ഏകജാതനായ യേശുക്രിസ്തുവിനെ നോക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പൂർ വപിതാക്കൻമാരുടെ പാപങ്ങളും അവർ അങ്ങയുമായി ചെയ്ത ഉടമ്പടി ലംഘിച്ചതിലെ അനുസരണക്കേടും മൂലം ശാപത്തിന്റെ ഭാരം പേറുന്ന അങ്ങയുടെ സകല ജനത്തിനുംവേണ്ടി അവിടുത്തെ കൽത്തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോഴുണ്ടായ വേദനകളും മുറിവുകളും തിരുരക്തവും അങ്ങേയ്ക്ക് ഞാൻ സമർപ്പിക്കുന്നു. അങ്ങ് അവിടുത്തെ പുത്രന്റെ അടിപ്പിണരുകളാൽ ഞങ്ങളെ സ്വതന്ത്രരാക്കുകയും മുറിവുകളാൽ ഞങ്ങളെ സൗഖ്യപ്പെടുത്തുകയും വിലയേറിയ അവിടുത്ത തിരുരക്തത്താൽ ഞങ്ങളെ രക്ഷിക്കുകയും ചെയ്യട്ടെ. ആമ്മേൻ.
ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, ശാപങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കേണമേ.
ഈശോമിശിഹായുടെ തിരുമുറിവുകളേ, ഞങ്ങളുടെ മുറിവുകൾ ഉണക്കണമേ.
അങ്ങയുടെ അടിപ്പിണരുകളാൽ, ഞങ്ങളെ മുദ്രവെക്കേണമേ. ആമ്മേൻ.
വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതിനുളള പ്രാർത്ഥന
(”എന്റെ ജനത്തെ ഭൂമിയിൽ വിട്ടുപോകുവാൻ സമയമായപ്പോൾ അവരുടെ അവിശ്വസ്തതയോർത്ത് എന്റെ വേദന വർധിക്കുകയാണുണ്ടായത്. വരാൻ പോകുന്ന കാലഘട്ടം ഭീകരവും ഭയാനകവുമാണെന്നും ഞാൻ ഓർമിച്ചു; ധാരാളം പേർ യൂദാസിനെപ്പോലെ എന്നെ ഒറ്റിക്കൊടുക്കും. മറ്റു ചിലർ എന്നെ അറിയാമെന്ന കാര്യം നിഷേധിക്കും…കുഞ്ഞുങ്ങളേ, ആപൽക്കരമായ യുഗം പൂർണശക്തിയോടെ വരുന്നതിന് മുൻപ് വിശ്വാസത്തിനുവേണ്ടി ഈ പ്രാർത്ഥന എല്ലാ സമയങ്ങളിലും ചൊല്ലുകയും ലോകം മുഴുവനെയും ഇത് അറിയിക്കുകയും ചെയ്യുക. നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസമുണ്ടെങ്കിൽ നിങ്ങൾ ഈ കാലഘട്ടത്തെ അതിജീവിക്കും. ഈ രഹസ്യാത്മക പ്രാർത്ഥന വളരെ ശക്തിയുളളതാണ്.
ലോകത്തെ മുഴുവൻ ഇത് പഠിപ്പിക്കുക. ഞാൻ നിങ്ങളെയെല്ലാവരെയും സ്‌നേഹിക്കുന്നു”)
സർവശക്തനും സർവജ്ഞാനിയുമായ ദൈവമേ, ഏലിയായുടേയും പ്രവാചകൻമാരുടേയും ദൈവമേ, അങ്ങയുടെ ഏകജാതന്റെ പരിശുദ്ധ ശിരസ്സിലേക്ക് നോക്കുകയും ഞങ്ങളോട് കരുണകാണിക്കുകയും ചെയ്യേണമേ. ഉണർന്ന് അങ്ങയുടെ ജനത്തെ രക്ഷിക്കേണമേ. ഈ ആപൽക്കരമായ സമയങ്ങളിൽ ജീവിക്കുന്ന അങ്ങയുടെ സകല മക്കൾക്കുംവേണ്ടി അവിടുത്തെ പുത്രന്റെ അപമാനവും വേദനകളും മുറിവുകളും തിരുശിരസ്സിൽനിന്നുളള രക്തവും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു.
അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ അവഹേളനങ്ങളെപ്രതി ഞങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും അവിടുത്തെ തിരുശിരസ്സിൽനിന്നുളള വിലയേറിയ രക്തത്താൽ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ. അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ സഹനങ്ങളിലൂടെ ഞങ്ങൾ അങ്ങയിൽ സഹിക്കുവാനും അങ്ങയിൽ മരിക്കുവാനും പഠിക്കട്ടെ. ആമ്മേൻ. ഈശോമിശിഹായുടെ പരിശുദ്ധ പീഡകളേ, ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ. ആമ്മേൻ.
ദൈവഹിതം വെളിപ്പെടുന്നതിനുവേണ്ടിയുളള പ്രാർത്ഥന
(”എന്റെ വേദന… ഞാൻ ഗത്സമേനിൽ പ്രവേശിച്ചപ്പോൾ അത്യധികം വർധിച്ചുവന്നു. ഞാൻ എന്റെ ജനത്തെ നോക്കിയപ്പോൾ അവർ ഉറങ്ങുന്നതാണ് കണ്ടത്. എന്നാൽ അവരുടെ ശത്രു വളരെ വേഗം അടുത്തുവന്ന് കളം സ്വന്തമാക്കിക്കൊണ്ടിരിക്കുകയായിരുന്നു… പീഡയനുഭവിക്കുന്ന എന്റെ ഹൃദയം വേദനകൊണ്ട് ഈ വാക്കുകളാൽ പൊട്ടിത്തെറിച്ചു, ”എന്തുകൊണ്ടാണ് നിങ്ങൾ ഉറങ്ങുന്നത്; ഒരു മണിക്കൂറെങ്കിലും നിങ്ങ ൾക്ക് എന്നോടൊപ്പം ഉണർന്നിരിക്കാനാവില്ലേ? പരീക്ഷയിൽ ഉൾപ്പെടാതിരിക്കുവാൻ നിങ്ങൾ പ്രാർത്ഥിക്കുവിൻ.” പിന്നീട് വീണ്ടും ഞാൻ മുട്ടുകുത്തി പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ എന്റെ മരണത്തിന്റെ ഭാരം എന്നെ വലിച്ചു താഴ്ത്തി. ”പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് നീങ്ങിപ്പോകട്ടെ, എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ…” അവസാനം സ്വർഗത്തിലേക്ക് നോക്കി എന്റെ പിതാവിനോട് ഞാൻ ഇപ്രകാരം പ്രാർത്ഥിച്ചു: എന്റെ പിതാവിന്റെ ഭൂമിയിലുളള ഭരണത്തിന് വേണ്ടി ലോകം മുഴുവനേയും ഇത് അറിയിക്കുക.”)
നിത്യപിതാവേ, അങ്ങാണ് ജീവന്റെ സ്രഷ്ടാവും ഉടമസ്ഥനും. അവിടുന്ന് മെനഞ്ഞ ലോകത്തെ അങ്ങ് സ്‌നേഹിക്കുന്നു. അതുകൊണ്ടാണ് അങ്ങയുടെ ഏകജാതനെ അതിന്റെ രക്ഷയ്ക്കായി അങ്ങ് അയച്ചത്. അങ്ങനെ അങ്ങയുടെ രാജ്യം സംജാതമാകും. അങ്ങയുടെ പുത്രനെ നോക്കി, അവിടുത്തെ സിംഹാസനത്തിൽനിന്ന് എഴുന്നേൽക്കേണമേ. അവിടുത്തെ വലതുകരമുയർത്തി അങ്ങയുടെ ജനത്തെ രക്ഷിക്കേണമേ. അങ്ങ് സ്‌നേഹിക്കുന്ന അവിടുത്തെ ഏകജാതന്റെ എല്ലാ സഹനങ്ങളും വേദനകളും മരണവും അങ്ങയുടെ ഭൂമിയിലെ വിജയത്തിനും ഭരണത്തിനുമായി ഞാൻ സമർപ്പിക്കുന്നു. അവിടുത്തെ പുത്രന്റെ വിലയേറിയ തിരുരക്തത്തിലൂടെ അങ്ങ് പുതിയ ഒരു ഉടമ്പടിയുണ്ടാക്കുകയും അങ്ങയുടെ എല്ലാ മക്കളേയും തിരി കെ അവിടുത്തെ തിരുഹിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യട്ടെ. ആമ്മേൻ.
ഇശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, എന്നേക്കും ഭരണം നടത്തുക.
പീഡയനുഭവിക്കുന്ന ഈശോനാഥാ, അങ്ങയുടെ രാജ്യം വരേണമേ. ആമ്മേൻ.
വരാനിരിക്കുന്ന പ്രഹരത്തിൽ സഹനശക്തി ലഭിക്കുന്നതിനുളള പ്രാർത്ഥന
(”എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന ഈ കാലഘട്ടം ചുരുക്കപ്പെടുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. നിങ്ങളുടെ വിശ്വാ സം പരാജയപ്പെടാതിരിക്കുന്നതിനും പ്രാർത്ഥിക്കുക. സുരക്ഷ ഉറപ്പുവരുത്തുക. എപ്പോഴും ശ്രദ്ധയും ജാഗ്രതയും ഉളളവരായിരിക്കുക… നിങ്ങളിൽ എത്രപേർ എന്റെ ശത്രുവിനെതിരെ യുദ്ധം ചെയ്ത്, പരാജയപ്പെടുത്തി, കീഴടക്കി, തടവുകാരെ ഭവനത്തിലെത്തിക്കും? എന്റെ കുഞ്ഞുങ്ങളേ, ഈ പ്രാർത്ഥന പഠിക്കുകയും എപ്പോഴും വിശിഷ്യാ, പരീക്ഷണത്തിന്റെ മണിക്കൂറുകളിൽ ചൊല്ലുകയും ചെയ്യുക… എന്റെ ജനം എന്നെ പരിത്യജിച്ച്, കുറ്റം വിധിച്ച് ”അവനെ ക്രൂശിക്കുക, അവ നെ ക്രൂശിക്കുക!” എന്ന് വിളിച്ചുപറഞ്ഞപ്പോൾ ഞാൻ സ്വർഗത്തിലേക്ക് നോക്കി എന്റെ പിതാവിനോട് പ്രാർത്ഥിച്ചു. എന്നിട്ട് പറഞ്ഞു:”)
കരുണാസമ്പന്നനും സ്‌നേഹനിധിയുമായ പിതാവേ, എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നാണ് അവിടുത്തെ ആഗ്രഹം. പരിത്യജിക്കപ്പെടുകയും വിധിക്കപ്പെടുകയും അനേകം പീഡകൾ സഹിക്കുകയും ചെയ്ത അങ്ങയുടെ പുത്രനെ കാണണമേ. അങ്ങയുടെ ഏകജാതനോട് എന്തു പാപമാണ് ചെയ്തിരിക്കുന്നത് എന്ന് നോക്കിക്കാണണമേ. ദൈവനിഷേധം നിറഞ്ഞ ഈ ദുഷിച്ച നാളുകളിൽ ജീവിക്കുന്ന എല്ലാ ജനങ്ങളും പരീക്ഷണസമയത്ത് വിശ്വാസത്തിൽ നിലനിൽക്കുന്നതിനും നീണ്ടു നിൽക്കുന്ന പീഡകളിൽ ക്ഷമയുളളവരായിരിക്കുന്നതിനും വേണ്ടി അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ എല്ലാ പീഡനങ്ങളും വേദനകളും തിരസ്‌കരണങ്ങളും അപമാനങ്ങളും അങ്ങേയ്ക്ക് ഞാൻ സമർപ്പിക്കുന്നു. അങ്ങയുടെ ഏകജാതന്റെ സഹനങ്ങൾ വഴി അവർ അവസാനം വരെ യുദ്ധം ചെയ്യട്ടെ. ആമ്മേൻ.
ഞങ്ങളുടെ നാഥന്റെ പീഡകളേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ.
വിലയേറിയ ഈശോയുടെ തിരുരക്തമേ, ഞങ്ങളെ രക്ഷിക്കേണമേ. ആമ്മേൻ.
വിശ്വാസത്തിൽ വീണുപോകാതിരിക്കുന്നതിനുളള പ്രാർത്ഥന
(”എന്റെ ജനത്തിന്റെ ഇടയിൽ നിരന്തരമായ വിശ്വാസത്യാഗവും എങ്ങനെയാണ് അവർ അവരുടെ ദൈവത്തെ എപ്പോഴും ഉപേക്ഷിക്കുന്നതെന്നും എന്നെ അനുദിനം ക്രൂശിക്കുന്നതെന്നും ഞാൻ നേരിൽ കണ്ടു. തിരിച്ചുവരിക അവർക്ക് എത്ര പ്രയാസമായിരിക്കുന്നു എന്ന് കണ്ടപ്പോൾ എന്റെ വേദനകൾ അത്യധികം വർധിച്ചു… പലരും പാതിവഴിയിൽ നിന്നുപോകുന്നവരായിരുന്നു. കാരണം പാത വളരെ കഠിനവും ദൈർഘ്യമുളളതുമാണെന്ന് അവർ കരുതി… പ്രതീക്ഷ നശിച്ച് വീണുപോകുന്ന എന്റെ ജനത്തിന്റെ സംഖ്യ എത്രയോ വലുതാണ്… എന്റെ കുഞ്ഞുങ്ങളേ, ഞാൻ നിങ്ങളോട് പറയുന്നു; എഴുന്നേറ്റ് ശക്തരായി നിൽക്കുക! എന്റെ വീഴ്ചക്കിടയിൽ ഞാനീക്കാര്യങ്ങളെല്ലാം ഓർമിക്കുകയും എന്റെ പിതാവിന് ഈ പ്രാർത്ഥനയിലൂടെ അവയെ സമർപ്പിക്കുകയും ചെയ്തു… ഇതിലൂടെ എന്റെ പിതാവ് അവസാനം വരെ പിടിച്ചുനിൽക്കുന്നതിന് ആവശ്യമായ എല്ലാ കൃപകളും നിങ്ങളുടെ മേൽ വർഷിക്കും. ഭക്തിപൂർവം ഇത് പ്രാർത്ഥിക്കുന്നവരെല്ലാം പരിശുദ്ധാത്മാവിന്റെ പൂർണത സ്വന്തമാക്കുകയും അനുസരണയും എളിമയും ഉളളവരായിരിക്കാൻ പഠിക്കുകയും ചെയ്യും.”)
നിത്യനായ സ്‌നേഹപിതാവേ, അങ്ങയുടെ ഏകജാതനെ ആർദ്രതയോടെ നോക്കേണമേ. അങ്ങയുടെ ഏകപുത്രനുവേണ്ടി അവർ ഒരുക്കിയിരിക്കുന്ന ഭാരമുളള കുരിശ് കാണുകയും അങ്ങയുടെ ജനത്തിന്റെമേൽ കരുണയുണ്ടാകുകയും ചെയ്യേണമേ. ഈ ലോകത്തിന്റെ ആഴമേറിയ താഴ്‌വാരങ്ങളിലും പർവതസമാനമായ മലകളിലും വിശ്വാസം ഉപേക്ഷിച്ചവരും വിശ്വാസം ഉപേക്ഷിക്കുവാൻ പോകുന്നവരുമായ അങ്ങയുടെ എല്ലാ ജനത്തിനുംവേണ്ടി എമ്മാനുവേൽ ആയ അങ്ങയുടെ പുത്രൻ ഈശോമിശിഹായുടെ എല്ലാ വേദനകളും സഹനങ്ങളും വിലയേറിയ തിരുരക്തവും ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അങ്ങയുടെ പുത്രൻ കുരിശിന്റെ അടിയിൽ വീണതിലൂടെ അവർക്ക് വീണ്ടും ഉയിർത്തെഴുന്നേൽക്കുവാനും വിശ്വാസത്തിൽ സ്ഥിരചിത്തരായി നിൽക്കുവാനുമുളള ശക്തി ഉണ്ടാകട്ടെ. ജറുസലേം തെരുവീഥികളിൽ കുരിശിന്റെ താഴെ ചൊരിയപ്പെട്ട അവിടുത്തെ വിലയേറിയ തിരുരക്തം അങ്ങയുടെ ഹിതം അനുവർത്തിക്കാൻ അതിയായി ആഗ്രഹിക്കുന്ന സകലരേയും ശക്തിപ്പെടുത്തട്ടെ. ആമ്മേൻ.
ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, ഞങ്ങളുടെ ബലഹീനമായ ആത്മാക്കളെ ശക്തിപ്പെടുത്തേണമേ. ആമ്മേൻ.
ഭൂമിയിൽ മഹത്വത്തിന്റെ ഭരണമുണ്ടാകുന്നതിനുളള പ്രാർത്ഥന
(”ഭൂമിയിലെ എന്റെ ദൗത്യത്തിനിടയിൽ, വിശിഷ്യാ, കുരിശിൽ ഞാൻ അന്ത്യശ്വാസം എടുക്കുവാൻ തുടങ്ങുന്ന സമയത്ത്, ഈ യുഗത്തിന്റെ അവസാനമണിക്കൂറിൽ നരക സർപ്പത്തിന്റെയും അന്തിക്രിസ്തുവിന്റേയും പ്രത്യക്ഷപ്പെടൽ എന്റെ ഹൃദയത്തെ അഗാധത്തിൽ കുത്തിത്തുളച്ചു. കുരിശിൽ തൂങ്ങിക്കിടന്നപ്പോൾ അഹങ്കാരിയായ ആ നരകസർപ്പത്തെ ഞാൻ കണ്ടു. ഭൂമിയിൽ എന്നേക്കും ഭരണം നടത്തുമെന്ന് അത് വീമ്പു പറഞ്ഞു… കുരിശിന്റെ ശത്രുവിന്റെ പതനത്തിന് വേണ്ടി നിശബ്ദനായി ഞാൻ ഈ പ്രാർത്ഥന എന്റെ പിതാവിന് സമർപ്പിച്ചു… എന്റെ കുഞ്ഞുങ്ങളേ, ഈ പ്രാർത്ഥനവഴി അന്തിക്രിസ്തുവിനും നരകസർപ്പത്തിനും അവന്റെ അനുചരൻമാർക്കും ഭൂമിയിലുള്ള ഭരണം ഒരു ചെറിയ മണിക്കൂറായി ചുരുക്കപ്പെടും. എത്രകൂടുതൽ നിങ്ങൾ പ്രാർത്ഥിക്കുന്നുവോ അത്രയും ചുരുങ്ങിയതായിരിക്കും അവരുടെ ഭൂമിയിലുളള ഭരണത്തിന്റെ മണിക്കൂർ.”)
ഓ, സ്‌നേഹവും കരുണയുമുളള പിതാവേ, സകലതും അറിയുന്നവനേ സർവശക്തനേ, ആൽഫയും ഒമേഗയും ആയവനേ, സകലതും സൃഷ്ടിച്ച നിത്യപിതാവേ, അങ്ങ് അങ്ങയുടെ മക്കളേ പരിത്യജിക്കുകയോ? അവിടുത്തെ സ്വഭാവം അതിനെ തടയുന്നു. മനുഷ്യരെ രക്ഷിക്കുന്നതിനും അങ്ങയുടെ രാജ്യം താഴെ ഭൂമിയിൽ കൊണ്ടുവരുന്നതിനുമായി കടന്നുവന്ന അങ്ങയുടെ ഏകജാതനായ യേശുക്രിസ്തുവിനെ ആർദ്രതയോടെ നോക്കണമേ. രക്ഷയുടെ വിശുദ്ധ കുരിശിന്റെ ശത്രുക്കളുടേയും ഇപ്പോഴും യുഗാന്ത്യത്തിലും സത്യത്തിനെതിരായി യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന നരകസർപ്പത്തിന്റെയും അന്തിക്രിസ്തുവിന്റേയും പരാജയത്തിനുമായി അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ എല്ലാ നൊമ്പരങ്ങളും പീഡകളും വേദനകളും വിലയേറിയ തിരുരക്തവും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. നമ്മുടെ രക്ഷകന്റെ വിലയേറിയ തിരുരക്തത്താലും അവിടുത്തെ അവസാന ശ്വാസത്താലും അവർ സൂര്യന്റെ മുമ്പിൽ പെട്ടുപോയ പതപോലെ അപ്രത്യക്ഷമാവട്ടെ. അങ്ങ നെ അവിടുത്തെ രാജ്യം ഭൂമിയിൽ വേഗം സംജാതമാകും. ആമ്മേൻ.
ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, അങ്ങയുടെ രാജ്യം വരേണമേ. ആമ്മേൻ.
ജഡിക പാപങ്ങൾക്കെതിരായുളള പ്രാർത്ഥന
(”വ്യഭിചാരത്തിലേക്കും ലൈംഗീക അശുദ്ധിയിലേക്കും നയിക്കുന്ന ആസക്തികളെ നിങ്ങൾ നിഹനിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നതിനുവേണ്ടിയായിരുന്നു സകല മനുഷ്യരുടേയും മുൻപിൽ ഞാൻ നഗ്നനായിത്തീർന്നത് എന്ന് നിങ്ങൾക്കറിയാമോ? കുഞ്ഞുങ്ങളേ, എന്റെ ശത്രു അവനിലേക്ക് സകല മനുഷ്യരേയും അടുപ്പിക്കുന്നതിനായി ഈ പാപമാണ് ഉപയോഗിച്ചത്… സ്ഥിരമായി ഈ പ്രാർത്ഥന ചൊല്ലുന്ന ഏതൊരു പാപിക്കും യഥാർത്ഥ പശ്ചാത്താപം ഉണ്ടാവും… എത്ര കൂടുതലായി നിങ്ങൾ ഈ പ്രാർത്ഥന ചൊല്ലുന്നുവോ അത്രയുമധികം ആളുകൾ എന്നിലേക്ക് തിരികെ വരികയും വ്യഭിചാരവും ലൈംഗികാശുദ്ധിയും ഉപേക്ഷിക്കുകയും ചെയ്യും. ജഡിക പാപങ്ങൾ വഴിയായി ധാരാളം ജനങ്ങളെ നഷ്ടപ്പെടും. ആത്മാക്കളെ രക്ഷിക്കുന്നതിനായി കഠിനമായി അധ്വാനിക്കുക…”)
പരിശുദ്ധനും കരുണാനിധിയുമായ പിതാവേ, അങ്ങയുടെ ജനം അവിടുത്ത പരിശുദ്ധ നിയമത്തെ അറിയുന്നതിനും ഭയക്കുന്നതിനുമായി അങ്ങയുടെ ഏകജാതൻ സകല മനുഷ്യരും കാൺകെ നഗ്നനായി നിൽക്കുകയാണ്. മലിനതയിലും ലൈംഗികാശുദ്ധിയിലും വ്യഭിചാരത്തിലും ജീവിക്കുന്ന അങ്ങയുടെ ജനത്തിനുവേണ്ടി എന്റെ എളിയ പ്രാർത്ഥന സ്വീകരിക്കേണമേ. അങ്ങയുടെ ഏകജാതന്റെ എല്ലാ അപമാനങ്ങളും നിന്ദനങ്ങളും വഴി അവരുടെ ജീവിതങ്ങളെ പശ്ചാത്താപത്തിനായി അങ്ങ് സ്പർശിക്കുകയും അവരെ രക്ഷിക്കുകയും ചെയ്യേണമേ. അവരുടെ ഹൃദയങ്ങളിൽ വീഴുവാൻവേണ്ടി ഞാൻ യാചിക്കുന്ന അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ തിരുരക്തത്താൽ അവർ പശ്ചാത്തപിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യട്ടെ. അവിടുത്തെ അപമാനത്താൽ അവരെ പശ്ചാത്തപിക്കുവാൻ തക്ക ധൈര്യമുളളവരാക്കണമേ. ആമ്മേൻ.
മരണമടഞ്ഞ ഗർഭസ്ഥശിശുക്കളുടെ ജ്ഞാനസ്‌നാനത്തിനുവേണ്ടിയുളള പ്രാർത്ഥന
(”ഇന്ന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ രക്തം സ്വർഗം നിറച്ചിരിക്കുകയാണ്. വളരെ വലുതാണ് അവരുടെ എണ്ണം; വളരെ വളരെ വലുത്. നിത്യപിതാവിന്റെ കോപം മനുഷ്യകുലത്തിന്റെമേൽ പതിയാറായിരിക്കുന്നു… അവരുടെ രക്തം എന്റെ പീഡയനുഭവിക്കുന്ന ഹൃദയത്തെ അസ്വസ്ഥപ്പെടുത്തുകയും എന്റെ വേദന വർധിപ്പിക്കുകയും ചെയ്യുന്നു… ജനിക്കാൻ സാധിക്കാതെപോയ നിഷ്‌കളങ്കരായ അനേകം കുഞ്ഞുങ്ങളുടെ ജീവൻ ഈ പ്രാർത്ഥനയിലൂടെ രക്ഷിക്കപ്പെടും. എല്ലാദിവസവും ഇത് പ്രാർത്ഥിക്കുകയും ലോകത്തെ അറിയിക്കുകയും ചെയ്യുക. ഈ പ്രാർത്ഥന പഠിപ്പിക്കുന്ന ആരും നഷ്ടപ്പെട്ടുപോവുകയില്ല. അവർ നഷ്ടപ്പെട്ടുപോകുവാൻ സ്വർഗത്തിലുളള നിഷ്‌കളങ്കരായ ആത്മാക്കൾ ഒരിക്കലും സമ്മതിക്കുകയില്ല. എന്റെ സ്‌നേഹവും കരുണയുംകൊണ്ട് മാരകപാപത്തിൽ വീഴുന്നതിൽ നിന്ന് ഞാൻ അവരെ സംരക്ഷിക്കും.”)
സ്വർഗീയ പിതാവേ, അങ്ങയുടെ സ്‌നേഹം അനന്തമാകുന്നു. അങ്ങയുടെ സ്‌നേഹത്തിന്റെ സമുദ്രത്തിൽ അവിടുത്തെ ഏകജാതനായ യേശുക്രിസ്തുവിലൂടെ അങ്ങ് ലോകത്തെ രക്ഷിച്ചു. തന്റെ ജനത്തോടുളള സ്‌നേഹത്തെപ്രതി നിരന്തരമായി രക്തം ചിന്തിക്കൊണ്ട് കുരിശിൽക്കിടക്കുന്ന അവിടുത്തെ പുത്രനെ നോക്കുകയും അങ്ങയുടെ ലോകത്തോട് ക്ഷമിക്കുകയും ചെയ്യേണമേ. അവരുടെ രക്ഷയ്ക്കുവേണ്ടി മരിച്ച് കുരിശിൽ തൂങ്ങിക്കിടന്ന അങ്ങയുടെ പുത്രന്റെ തിരുവിലാവിൽ നിന്നുളള രക്തത്താലും ജലത്താലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മരണമടഞ്ഞ എല്ലാ ഗർഭസ്ഥശിശുക്കളേയും ശുദ്ധീകരിക്കുകയും ജ്ഞാനസ്‌നാനപ്പെടുത്തുകയും ചെയ്യേണമേ. യേശുക്രിസ്തുവിന്റെ പരിശുദ്ധ മരണം വഴി അവർ നിത്യജീവിൻ സ്വന്തമാക്കുകയും അവിടുത്തെ മുറിവുകളാൽ സൗഖ്യപ്പെടുകയും അവിടുത്തെ വിലയേറിയ തിരുരക്തത്താൽ സ്വതന്ത്രരാക്കപ്പെടുകയും ചെയ്യട്ടെ. അങ്ങനെ സ്വർഗത്തിലെ വിശുദ്ധരോടൊന്നിച്ച് ആനന്ദിക്കട്ടെ. ആമ്മേൻ.
നിത്യപിതാവിനോടുളള ഫലദായകമായ ഹ്രസ്വ പരിഹാരപ്രാർത്ഥന
(”എന്റെ വിലയേറിയ തിരുരക്തത്തെ ആരാധിക്കുന്ന സകലരും തന്റെ പുത്രനെ ഏറ്റവും അധികം സ്‌നേഹിക്കുന്ന എന്റെ പിതാവിനെ ആശ്വസിപ്പിക്കുന്നു. നിങ്ങൾ എന്റെ വിലയേറിയ തിരുരക്തത്തെ ആരാധിക്കുമ്പോൾ, എന്റെ തിരുഹൃദയത്തിന്റെ വേദനകൾ കുറയുന്നു. എന്റെ അമ്മയുടെ ദു:ഖിതമായ ഹൃദയവും ആശ്വസിപ്പിക്കപ്പെടുന്നു. കുഞ്ഞുങ്ങളേ, എന്റെ വിലയേറിയ തിരുരക്തത്തെ എപ്പോഴും ആരാധിക്കുകയും കരുണയ്ക്കായി ഇത് എന്റെ പിതാവിന് സമർപ്പിക്കുകയും ചെയ്യുക. ഈ പ്രാർത്ഥന കേൾക്കുക. ലോകത്തിന്റെ പാപങ്ങൾക്ക് പരിഹാരമായി എപ്പോഴും ഇത് പ്രാർത്ഥിക്കുക. മൂന്നുപ്രാവശ്യം ഇത് പ്രാർത്ഥിക്കുക; ഓരോ പ്രാവശ്യവും ഇത് പ്രാർത്ഥിക്കുമ്പോൾ ദൈവകരുണ ഇരട്ടിയായി വർധിക്കും. ദൈവനിഷേധത്തിന്റെ ദിവസങ്ങളിൽ ജീവിക്കുന്നതിനാൽ എല്ലായ്‌പ്പോഴും ദിവസത്തിൽ പല പ്രാവശ്യം ഇത് പ്രാർത്ഥിക്കുക. ശുദ്ധീകരണാഗ്നിയിൽനിന്ന് സംരക്ഷിക്കപ്പെടുന്നതിനായി നിങ്ങൾ എപ്പോഴും ഈ പ്രാർത്ഥന ചൊല്ലണം. കുഞ്ഞുങ്ങളേ, ഇത് ലോകം മുഴുവനേയും അറിയിക്കുക.”)
നിത്യപിതാവേ, എന്റേയും ലോകം മുഴുവന്റേയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലസുതനായ ഈശോമിശിഹായുടെ എല്ലാ തിരുമുറിവുകളും അവിടുത്തെ തിരുഹൃദയത്തിന്റെ യാതനകളും നൊമ്പരങ്ങളും അവിടുത്തെ എല്ലാ തിരുമുറിവുകളിൽനിന്നുമൊഴുകിയ ഏറ്റവും വിലയേറിയ തിരുരക്തവും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. ആമ്മേൻ. (3 പ്രാവശ്യം)
വിലയേറിയ തിരുരക്തത്തിനെതിരായി ചെയ്യപ്പെടുന്ന പാപങ്ങളുടെ പരിഹാരത്തിനായുളള പ്രാർത്ഥന
(”എന്റെ കുഞ്ഞുങ്ങളേ, എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടതെന്നും സ്വർഗം നിങ്ങളിൽനിന്ന് ആഗ്രഹിക്കുന്നതെന്താണെന്നും ഞാൻ വിവരിച്ചുകൊളളട്ടെ. എന്റെ മകൻ എപ്പോഴും നിങ്ങളെ ശ്രദ്ധിക്കുന്നു. നിങ്ങളിൽനിന്ന് എപ്പോഴും കേൾക്കുവാൻ അവിടുന്ന് ആഗ്രഹിക്കുന്നു. ഓ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ഈ പ്രാർത്ഥന എപ്പോഴും ചൊല്ലുക… കുറഞ്ഞത് ഒരു ദിവസം 500 പ്രാവശ്യമെങ്കിലും.” – നമ്മുടെ പരിശുദ്ധ മാതാവ്) ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കേണമേ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?