Follow Us On

29

February

2024

Thursday

ഉരുകിയ ടാറിലേക്ക് എറിയുമ്പോഴും അവൾ വിളിച്ചു 'ജയ് ജീസസ് '

ഉരുകിയ ടാറിലേക്ക് എറിയുമ്പോഴും അവൾ വിളിച്ചു 'ജയ് ജീസസ് '

ഉറച്ച വിശ്വാസമുണ്ടെന്ന് ഏറ്റു പറയുന്നവർ പോലും കടുത്തൊരു പ്രതിസന്ധി ജീവിതത്തിൽ ഉണ്ടാകുമ്പോൾ ഇടറിപ്പോകുന്നുവെന്നതാണ് നേര്. അപ്പോഴാണ് വിശ്വാസവീരന്മാരായ ഇറാക്കിലെ ക്രൈസ്തവരെ നാം ആദരവോടെ ഓർക്കുന്നത്. അവർക്കുമേൽ പെയ്തിറങ്ങിയ അതിഘോരമായ പ്രശ്‌നങ്ങൾ അവർ ക്രിസ്തുവിനെ പ്രതി ധീരമായി തരണം ചെയ്തു.
ക്രിസ്തുവിനെ പ്രതി സഹനങ്ങൾ ഏറ്റെടുത്തവർ സഭാ ചരിത്രത്തിലുടനീളം കാണാൻ കഴിയും. അവരുടെ പോരാട്ടമെല്ലാം വിശ്വാസത്തിനുവേണ്ടി മാത്രമായിരുന്നു. ഈയിടെ വായിച്ച പൊട്ടാമിയേന എന്ന വിശുദ്ധയുടെ ജീവിതം ഏറെ ആകർഷണീയമാണ്.
അലക്‌സാൺഡ്രിയായിലെ ഉറച്ച കത്തോലിക്കാ കുടുംബത്തിലാണ് അവൾ ജനിക്കുന്നത്. മാതാപിതാക്കൾ അവളെ ബാല്യം മുതൽ വിശ്വാസത്തിൽ വളർത്തി. എന്നാൽ തിന്മയിൽ ജീവിച്ച ധനാഢ്യന്റെ ഭവനത്തിലെ ദാസിമാരിൽ ഒരാളാകാനായിരുന്നു അവളുടെ വിധി. അതീവ സൗന്ദര്യവതിയും സൽസ്വഭാവിയുമായ അവളെ ധനാഢ്യൻ നോട്ടമിട്ടു. തന്റെ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിച്ചാൽ അവളെ മോചിപ്പിക്കാമെന്നുള്ള മോഹനവാഗ്ദാനവുമായി അയാൾ പലതവണ എത്തി.
എന്നാൽ അവൾ അതിനെ എല്ലാതവണയും നിരസിച്ചതോടെ കോപിഷ്ഠനായ അയാൾ തന്റെ സ്വാധീനമുപയോഗിച്ച് അവളെ നഗരാധിപന് കൈമാറി. അവൾ ക്രിസ്ത്യാനിയാണെന്നും ചക്രവർത്തിയെ അപമാനിക്കുകയും നഗരത്തിന്റെ കാവൽക്കാരായ ദേവന്മാർക്കെതിരെ ദൂഷണം പറയുകയും ചെയ്യുന്ന അഹങ്കാരിയാണെന്നുമൊക്കെ അയാൾ നഗരാധിപനോട് പറഞ്ഞു. തന്നെ വിവാഹം കഴിക്കാൻ തയാറാകുന്നപക്ഷം അവളെ ഉപദ്രവിക്കേണ്ടതില്ലെന്നും നിരസിക്കുകയാണെങ്കിൽ എല്ലാത്തരത്തിലുമുള്ള പീഡനങ്ങൾക്ക് വിധേയയാക്കി മരണത്തിന് വിധിക്കണമെന്നുമായിരുന്നു അയാളുടെ ആവശ്യം.
നഗരാധിപൻ അത് അംഗീകരിച്ചു. അതോടെ പീഡനസ്ഥലത്തേക്ക് ആനയിക്കപ്പെട്ട അവൾ അതിഭയങ്കരമായ പീഡനോപകരണങ്ങൾ കണ്ടിട്ടും വധിക്കുമെന്ന ഭീഷണി കേട്ടിട്ടും തെല്ലും പതറിയില്ല. യേശുവിനെ തള്ളിപ്പറയാൻ ആവശ്യപ്പെട്ടപ്പോൾ അവൾ പറഞ്ഞു: ”അല്ലയോ ന്യായാധിപാ, ദൈവത്തിന്റെ ദാസിയാണു ഞാൻ. അതുകൊണ്ടുതന്നെ അവിടുത്തെ സിംഹാസനത്തിന് മുമ്പിൽ കറയില്ലാതെ എനിക്ക് നിൽക്കണം.”
അവളുടെ ദൃഢവിശ്വാസം ന്യായാധിപനെ കൂടുതൽ പ്രകോപിപ്പിച്ചു. അവളുടെ വസ്ത്രങ്ങളുരിഞ്ഞ് തിളയ്ക്കുന്ന ടാറിലേക്കെറിയാൻ അയാൾ കൽപ്പിച്ചു. കന്യാവ്രതം കാത്തുസൂക്ഷിക്കാൻ അതിയായി ആഗ്രഹിച്ച അവൾ വിധികേട്ട് ന്യായാധിപനോട് പറഞ്ഞു: ”വിവസ്ത്രയാക്കപ്പെടാൻ അങ്ങെന്നെ അനുവദിക്കരുത്. പകരം വസ്ത്രങ്ങളോടുകൂടി തിളച്ച ടാറിലേക്കെറിയാൻ അങ്ങ് അനുവദിക്കണമേ.”
യാചന സ്വീകരിച്ച ന്യായാധിപൻ ബസിലിഡെസ് എന്ന ഭൃത്യനെയാണ് വധക്കളത്തിലേക്ക് അവളെ നയിക്കാൻ നിയോഗിച്ചത്. ബസിലിഡെസ് അവളെ ബഹുമാനത്തോടെ കാണുകയും ജനത്തിന്റെ അവഹേളനമേൽക്കാതെ സംരക്ഷിക്കുകയും ചെയ്തു. ആ സന്മനസിന് നന്ദി പറഞ്ഞ അവൾ മരണശേഷം അയാളുടെ രക്ഷയ്ക്കുവേണ്ടി പ്രാർത്ഥിക്കുമെന്നും വാഗ്ദാനം ചെയ്തു.
ക്രൂരമായ ശിക്ഷ നടപ്പിലായി. രക്തസാക്ഷിത്വമകുടമണിഞ്ഞ തന്റെ ആത്മാവിനെ യേശുവിന് മുന്നിൽ സന്തോഷത്തോടെ സമർപ്പിച്ചു അവൾ. എ.ഡി.202-ൽ സെപ്‌റ്റേമിയൂസ് സെവെതൂസിന്റെ ഭരണകാലത്തായിരുന്നു ഈ സംഭവം. അവളുടെ മരണശേഷം അലക്‌സാൺഡ്രിയായിൽ പലർക്കും പൊട്ടാമിയേന പ്രത്യക്ഷപ്പെടുകയും അവരെ വിശ്വാസത്തിലേക്കു നയിക്കുകയും ചെയ്തു. ബസിലിഡെസ് ആയിരുന്നു അവരിലൊരാൾ. ഒരിക്കൽ അധികാരികൾ അന്യദൈവങ്ങളുടെ നാമത്തിൽ സത്യം ചെയ്യാനാവശ്യപ്പെട്ടപ്പോൾ താനൊരു ക്രിസ്ത്യാനിയാകാനാഗ്രഹിക്കുന്നുവെന്ന സത്യം അയാൾ തുറന്നു പറഞ്ഞു. അവർ അദ്ദേഹത്തെ ജയിലിലടച്ചു.
വിശുദ്ധ പൊട്ടാമിയേന തനിക്ക് പ്രത്യക്ഷപ്പെട്ടുവെന്നും അവൾ തന്റെ പ്രാർത്ഥനകളിലൂടെ നേടിയെടുത്ത കിരീടം അയാളെ അണിയിച്ചുവെന്നും ബസിലിഡെസ് വെളിപ്പെടുത്തി. ജയിലിൽവച്ച് അയാൾ ജ്ഞാനസ്‌നാനം സ്വീകരിച്ചു. സത്യത്തിനുവേണ്ടി നിലകൊണ്ട അയാൾ അവസാനം വാളിനിരയായി രക്തസാക്ഷിത്വ മകുടം ചൂടി. കോപ്റ്റിക്ക് ഓർത്തഡോക്‌സ് സഭ വിശുദ്ധ പൊട്ടാമിയേനയുടെ തിരുനാൾ ആഘോഷപൂർവം കൊണ്ടാടുന്നുണ്ട്.
പാപത്തിന് സമ്മതിച്ചിരുന്നുവെങ്കിൽ തിളച്ച ടാറിലേക്കെറിയാൻ വിധിക്കപ്പെടും മുമ്പ് അവൾക്ക് അനായാസം രക്ഷപെടാമായിരുന്നു. എന്നാൽ ക്രിസ്തുവിനെ പ്രതി അവൾ തനിക്കുള്ളതെല്ലാം ത്യജിച്ചു. അതിനാൽ കാലം കഴിഞ്ഞിട്ടും സഭ അവളെ ഓർമ്മിക്കുന്നു. ‘പാപം ചെയ്യുന്നതിനേക്കാൾ മരിക്കാനും ഞാൻ സന്നദ്ധരാണെ’ന്ന് മനസ്താപ പ്രകരണത്തിലൂടെ ആവർത്തിക്കുമ്പോഴും തിന്മയാണോ നന്മയാണോ നമ്മുടെ ആത്മാവിനെ ചൂഴ്ന്ന് നിൽക്കുന്നതെന്ന് പരിശോധിക്കുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?