Follow Us On

24

October

2020

Saturday

ഉഗ്രവിഷമുള്ള പാമ്പിനൊപ്പം വൈദികന്റെ ഒരു രാത്രി

ഉഗ്രവിഷമുള്ള പാമ്പിനൊപ്പം വൈദികന്റെ ഒരു രാത്രി

എഴുത്തുകാരനും തലശേരി അതിരൂപതയിലെ നിരവധി ഇടവകകളിൽ ദൈവാലയങ്ങളും സ്ഥാപനങ്ങളും നിർമിക്കുന്നതിന് നേതൃത്വം നല്കുകയും ചെയ്ത ഫാ. ജോർജ് നരിപ്പാറയുടെ ജീവിതത്തിലൂടെ ഒരു യാത്ര.
ഫാ. ജോർജ് നരിപ്പാറയുടെ പൗരോഹിത്യ സ്വീകരണം ഭാരതസഭയുടെ ചരിത്രമുഹൂർത്തത്തിലായിരുന്നു. ആദ്യമായി സാർവദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ഇന്ത്യയിൽ നടന്ന (മുംബൈ) 1964-ൽ. ക്രിസ്തുശിഷ്യന്റെ കാലഘട്ടം മുതലുള്ള വിശ്വാസ പാരമ്പര്യമുള്ള ഭാരത മണ്ണിൽ ആദ്യമായി മാർപാപ്പ കാലുകുത്തിയ ധന്യദിനങ്ങളിൽ മുംബൈയിലായിരിക്കാനും പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലിയർപ്പിക്കാനും നരിപ്പാറയച്ചന് കഴിഞ്ഞു. പോൾ ആറാമൻ മാർപാപ്പയെ അടുത്തുകണ്ട് അനുഗ്രഹം സ്വീകരിക്കുവാനും അദ്ദേഹത്തിന് അന്ന് സാധിച്ചു.
ആലുവ മേജർ സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കി 1964 ഡിസംബർ ഒന്നിന് മുംബൈയിൽവച്ച് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. പിറ്റേന്ന് മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് ദൈവാലയത്തിൽ പ്രഥമ ദിവ്യബലിയർപ്പിച്ചു. പുത്തൻകുർബാനയ്ക്കുശേഷമായിരുന്നു മാർപാപ്പയെ കാണാനും അനുഗ്രഹം നേടാനും അവസരമുണ്ടായത്. രൂപതാധ്യക്ഷൻ മാർ വള്ളോപ്പിള്ളി പിതാവും പാപ്പയ്‌ക്കൊപ്പം ഉണ്ടായിരുന്നു. അത്ഭുതകരമായ ദൈവകാരുണ്യത്തിന്റെയും ദൈവിക ഇടപെടലിന്റെയും ജീവിതസാക്ഷ്യമാണ് നരിപ്പാറയച്ചന്റേത്.
തലശേരി രൂപതയിൽ രൂപതാസ്ഥാപനത്തിനുശേഷം ആദ്യകാല വൈദിക പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരിലൊരാളായിരുന്നു നരിപ്പാറയച്ചൻ. നിരവധി ഇടവകകൾക്ക് തുടക്കം കുറിക്കാൻ അച്ചന് കഴിഞ്ഞു. ദൈവാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവ നിർമിക്കുന്നതിന് ജനങ്ങളെ ഒരേ ചരടിൽ കോർത്തിണക്കി മുത്തുമണിപോലെ ഒന്നിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു.
ദൈവവിളിയുടെ വഴി
ബാല്യംമുതൽ ദൈവം വഴിനടത്തിയതായിരുന്നു നരിപ്പാറയച്ചന്റെ ജീവിതം. വിശ്വാസനിറവുള്ള കുടുംബവും മാതാപിതാക്കളുമായിരുന്നു. പാലാ രൂപതയിലെ ചെമ്മലമറ്റം ഇടവകയിലെ നരിപ്പാറ വർക്കി-അന്ന ദമ്പതികളുടെ ഏഴുമക്കളിൽ മൂത്ത മകനായിരുന്നു. 97 വയസുള്ള അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നല്ല ഓർമയും മോശമല്ലാത്ത ആരോഗ്യസ്ഥിതിയും. പിതാവ് 2014 ജനുവരി ആറിന് 96-ാമത്തെ വയസിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. വർക്കി നരിപ്പാറ ചെമ്മലമറ്റം ഇടവകയിൽ നിരവധി തവണ കൈക്കാരനായിരുന്നു. ചെറുപ്രായത്തിൽ തന്നെ നരിപ്പാറയച്ചൻ ദൈവവിളി തിരിച്ചറിഞ്ഞു. ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ സലേഷ്യൻ സഭയിൽ ചേരാനുള്ള ആഗ്രഹം വീട്ടിൽ അറിയിച്ചു. പത്താം ക്ലാസ് കഴിഞ്ഞ് തീരുമാനിച്ചാൽ മതിയെന്നായിരുന്നു വീട്ടുകാരുടെ അഭിപ്രായം. പത്താംക്ലാസ് കഴിഞ്ഞപ്പോൾ മിഷനറിയാകാനുള്ള താൽപര്യം കണക്കിലെടുത്ത് തലശേരി അതിരൂപതയിൽ ചേരുവാൻ ഫാ. അബ്രാഹം കൈപ്പൻപ്ലാക്കൽ ഉപദേശിച്ചു. ”എന്റെ ദൈവവിളിയിൽ പ്രോത്സാഹിപ്പിക്കുകയും വേണ്ട സമയങ്ങളിലെല്ലാം ഉപദേശ-നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു അദ്ദേഹം. കൈപ്പൻപ്ലാക്കലച്ചൻ എന്നും മാതൃകയും പ്രചോദനവുമായിരുന്നു. നൂറാം വയസിൽ നൂറാമത്തെ വൃദ്ധമന്ദിരം പണിയിച്ച് അയ്യായിരം വൃദ്ധജനങ്ങൾക്ക് അഭയവും ആശ്രയും നൽകിയ പുണ്യാത്മാവാണ് ഫാ. അബ്രാഹം കൈപ്പൻപ്ലാക്കൽ.” നരിപ്പാറയച്ചൻ പറഞ്ഞു.
അത്ഭുതകരമായ സംരക്ഷണം
1965-ൽ ചെറുപുഴയ്ക്കടുത്ത് തിരുമേനിപ്പള്ളിയിൽ വികാരിയായിരിക്കെ അത്ഭുതകരമായാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. രാത്രി ഉറങ്ങുമ്പോൾ പെട്ടെന്ന് ദേഹത്ത് ഒരു ഭാഗത്ത് തണുപ്പ് അനുഭവപ്പെട്ടു. മരംകൊണ്ടുള്ള പത്തായപ്പുറത്ത് പായ വിരിച്ചായിരുന്നു കിടന്നത്. ടോർച്ച് തെളിച്ചുനോക്കുമ്പോൾ 32 വളകളുള്ള ഉഗ്ര വിഷമുള്ള മോതിരവളയൻ പാമ്പ്. ചൂടുപറ്റി ദേഹത്തോട് ചേർന്നു കിടക്കുന്നു. എന്നാൽ പാമ്പ് ഉപദ്രവിക്കാതിരുന്നത് ദൈവകരുണയാണെന്ന് അച്ചൻ പറയുന്നു. പരിശുദ്ധ മാതാവിന്റെ പ്രത്യേക ഭക്തരായ മാതാപിതാക്കളുടെ പ്രാർത്ഥനയായിരിക്കാം ഇതിന് പിന്നിലെന്നാണ് അച്ചന്റെ വിശ്വാസം. ചെറുപുഴയിൽ കൊച്ചച്ചനായിരിക്കെ പത്തു കിലോമീറ്റർ വീതം അങ്ങോട്ടുമിങ്ങോട്ടും നടന്നുവന്ന് തിരുക്കർമങ്ങൾ നടത്തിയ ദൈവാലയമായിരുന്നു തിരുമേനിയിലേത്. അവിടുത്തെ പ്രഥമ വികാരി ഫാ. ജോർജ് നരിപ്പാറയായിരുന്നു. 1968-ൽ തേർത്തല്ലി മേരിഗിരി ചെറുപുഷ്പം ഇടവകയിൽ വികാരിയായി സ്ഥലം മാറ്റം ലഭിച്ചു. 70-ൽ രയരോം സെന്റ് സെബാസ്റ്റ്യൻസ് ഇടവകയ്ക്ക് തുടക്കംകുറിച്ചത് അച്ചന്റെ ശ്രമഫലമായാണ്. സേവനം ചെയ്ത എല്ലായിടത്തും വിദ്യാലയങ്ങൾ തുടങ്ങാൻ അച്ചൻ നേതൃത്വം നൽകി. ”നെല്ല് വിതച്ചാൽ ഒരിക്കൽ ഫലം കൊയ്യാം. തെങ്ങ് നട്ടാൽ 50വർഷം ഫലം കിട്ടും. ഒരു സ്‌കൂൾ സ്ഥാപിച്ചാൽ നൂറ്റാണ്ട് കഴിഞ്ഞാലും ഫലം” – ഇതായിരുന്നു അച്ചന്റെ അഭിപ്രായം.
തോമാപുരത്ത് ഹയർ സെക്കന്ററി സ്‌കൂൾ അനുവദിപ്പിക്കാനും കെട്ടിടം പണിയാനും അച്ചൻ നേതൃത്വം നൽകി. ചെമ്പേരി ഫൊറോന വികാരിയായിരിക്കെ തലശേരി രൂപതവക വിമൽജ്യോതി എഞ്ചിനിയറിങ്ങ് കോളജ് തുടങ്ങാൻ മുൻകൈയെടുത്തവരിൽ അച്ചനുമുണ്ടായിരുന്നു. 1971-ൽ കൂരാച്ചുണ്ട് വികാരിയായി. സർക്കാർ ആശുപത്രി തുടങ്ങുന്നതിനായി ജനകീയ സഹകരണത്തോടെ ഭൂമി സമ്പാദിച്ച് സർക്കാരിലേക്ക് കൈമാറി. ഇന്നിപ്പോൾ ഇത് കിടത്തി ചികിത്സയുൾപ്പെടെ സൗകര്യമുള്ള ആശുപത്രിയാണ്. പേരാമ്പ്രയിൽ ഗവൺമെന്റ് കോളജ് സ്ഥാപിക്കാനുള്ള പ്രാരംഭകാല പ്രവർത്തനങ്ങളിലും അച്ചന്റെ സഹകരണം ഉണ്ടായിരുന്നു.
മദ്യവിരുദ്ധ പ്രവർത്തനങ്ങൾ
1975-ൽ ഇരിട്ടിക്കടുത്ത നെല്ലിക്കാംപൊയിൽ ദൈവാലയ വികാരിയായിരിക്കെയാണ് മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായത്. അക്കാലത്താണ് 1978-ൽ തലശേരി രൂപത സ്ഥാപന രജതജൂബിലിയാഘോഷത്തോടൊപ്പം മദ്യവർജന വർഷമായി ആചരിക്കുവാൻ വള്ളോപ്പിള്ളി പിതാവ് ആവശ്യപ്പെട്ടു. മദ്യഷാപ്പുകളെപ്പറ്റിയുള്ള സർക്കാർ നിയമങ്ങൾ പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. ജനങ്ങൾ രംഗത്തിറങ്ങി അനധികൃതമായി പ്രവർത്തിച്ചിരുന്ന 11 ഷാപ്പുകൾ ഒറ്റദിവസംകൊണ്ട് പൂട്ടിച്ചു. ഇതുകൂടാതെ ദൈവാലയങ്ങൾ, സ്‌കൂളുകൾ എന്നിവയ്ക്ക് സമീപം നിയമാനുസൃത ദൂരപരിധി പാലിക്കാത്ത ഷാപ്പുകളും ഉപഷാപ്പുകളും അടച്ചുപൂട്ടിക്കാനും അച്ചന്റെ നേതൃത്വത്തിൽ നടന്ന ജനകീയ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.
ചെറുപുഴയിൽ 1980-ൽ വികാരിയായി എത്തിയശേഷം ഹൈസ്‌കൂൾ കെട്ടിടം പണിതു. നാനൂറിൽപരം പേർക്ക് തൊഴിൽ കിട്ടുന്നതിനായി ഇവിടെ ചർക്കാക്ലാസ് യൂണിറ്റ് തുടങ്ങി. 1989-ൽ കുടിയാന്മല ഫാത്തിമ മാതാ ദൈവാലയ വികാരിയായിരിക്കുമ്പോൾ ആയിരുന്നു നവീകരണ രംഗത്തേക്ക് വരുന്നത്. പൗരോഹിത്യ രജതജൂബിലി വർഷത്തിലായിരുന്നു അതെന്ന പ്രത്യേകതയുമുണ്ട്. ഇക്കാലത്താണ് ആദ്യപുസ്തകരചന. 1990-ൽ ‘നിങ്ങൾ ചോദിച്ചതും നിങ്ങളോടു ചോദിച്ചതും’ എന്ന പുസ്തകം തയാറാക്കി. ശാലോമായിരുന്നു പുസ്തകം പ്രസാദനം ചെയ്തത്. ഇത് പിന്നീട് ഇംഗ്ലീഷ്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം വരുത്തി പ്രസിദ്ധീകരിച്ചു. 1991-ൽ കുടിയാന്മലയിൽ ഫാ. മാത്യു നായിക്കാംപറമ്പിലച്ചന്റെ നേതൃത്വത്തിൽ ധ്യാനം നടത്തി. തുടർന്ന് കുറെ കാലത്തേക്ക് നായ്ക്കാംപറമ്പിലച്ചനോടൊപ്പം ധ്യാനപരിപാടികളിൽ സഹകരിച്ചു. രണ്ടായിരത്തിൽ ചെമ്പേരി ഫൊറോന വികാരിയായി ചുമതലയേറ്റു. ഏഴുവർഷം അവിടെ സേവനം ചെയ്തു.
പിന്നീട് ഇടവകയായ കുരിശുപള്ളികൾ ഉൾപ്പെടെ 34 ദൈവാലയങ്ങളിൽ സേവനം ചെയ്യാനായി. അച്ചൻ സേവനം ചെയ്ത 19 സ്റ്റേഷൻ ദൈവാലയങ്ങൾ ഇന്ന് സ്വതന്ത്ര ഇടവകകളാണ്. തിരുമേനി, വിമലശേരി, ചെറുപാറ, രയാരാം, കല്ലുവയൽ, അറബി, ചെറുപുഴ, ചട്ടമല, കുളിനീർ, ചെമ്പേരി, വട്ടിയാംതോട്, മഞ്ഞളാംപുറം എന്നിവിടങ്ങളിൽ ദൈവാലയംപണിക്ക് നേതൃത്വം കൊടുത്തത് ഫാ. ജോർജ് നരിപ്പാറയായിരുന്നു. 1965 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ചെറുപുഴ സെന്റ് മേരീസ് ദൈവാലയത്തിൽ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു സേവനം തുടങ്ങിയത്. ഏതാനും മാസങ്ങൾക്കുശേഷം തിരുമേനി സെന്റ് ആന്റണീസ് ഇടവകയിൽ പ്രഥമ വികാരിയായി നിയമിക്കപ്പെട്ടു. തുടർന്ന് മേരിഗിരി, കൂരാച്ചുണ്ട്, നെല്ലിക്കാംപൊയിൽ, ചെറുപുഴ, വായാട്ടുപറമ്പ്, കുടിയാന്മല, തലശേരി കത്തീഡ്രൽ ദൈവാലയം, തോമാപുരം സെന്റ് തോമസ് ഫൊറോന, ചെമ്പേരി, മണിക്കടവ്, കണിച്ചാർ എന്നീ ഇടവകകളിൽ വികാരിയായി. രണ്ടുവർഷം മുമ്പ് കണിച്ചാർ സെന്റ് ജോർജ് ഇടവകയിൽവച്ച് പൗരോഹിത്യ സുവർണജൂബിലിയാഘോഷിച്ചു.
മാത്യു പ്ലാത്തോട്ടം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?