ആഘോഷങ്ങളില്ലാതെ ആർഡീനിൽ എട്ടുനോമ്പ് തിരുനാൾ സെപ്റ്റം. 9ന്

0
631
മെൽബൺ: സെന്റ് മേരീസ് സീറോ മലബാർ മെൽബൺ വെസ്റ്റ് ഇടവകയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുന്നാൾ 2018 സെപ്റ്റംബർ ഒൻപതിന്  ആർഡീറിലുള്ള ക്യുൻ ഓഫ് ഹെവൻ ദൈവാലയത്തിൽ നടക്കും. തിരുനാളിന് ഒരുക്കമായുള്ള നൊവേന സെപ്റ്റംബർ രണ്ടിന് ആരംഭിക്കും.
 കേരളത്തിലെ പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കി തീർത്തും ലളിതമായ രീതിയിലാണ് ഈ വർഷത്തെ തിരുനാൾ ആചരിക്കുന്നത്. ദീപാലങ്കാരങ്ങളും ചെണ്ടമേളവും ബാൻഡ്‌സെറ്റും സ്‌നേഹവിരുന്നും ഒഴിവാക്കി, മിച്ചം പിടിക്കുന്ന തുക കേരളത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുമെന്ന് വികാരി ഫാ. എബ്രഹാം നാടുകുന്നേലും തിരുന്നാൾ കമ്മിറ്റിയും അറിയിച്ചു.
നൊവേനയുടെ ആദ്യ ദിനമായ രണ്ടിന് വൈകിട്ട് 4.00ന് കൊടിയേറും. മെൽബൺ സീറോ മലബാർ യൂത്ത് അപ്പോസ്റ്റലേറ്റ് ചപ്ലൈൻ ഫാ. സാബു ആടിമാക്കിയിൽ തിരുകർമങ്ങൾക്ക് നേതൃത്വം വഹിക്കും. തുടർന്നുള്ള വിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾക്ക് ഫാ. പയസ് കൊടക്കത്താനത്ത്, ഫാ. ഫെർണാൻഡൊ ഒ.എഫ്.എം, ഫാ. ഫ്രെഡി എലവുത്തിങ്കൽ, ഫാ. എബ്രഹാം നാടുകുന്നേൽ, ഫാ. മാത്യൂ കൊച്ചുപുരയ്ക്കൽ എന്നിവർ നേതൃത്വം വഹിക്കും.
സെപ്റ്റംബർ എട്ടിന് വൈകിട്ട് 6.30ന് അർപ്പിക്കുന്ന വിശുദ്ധ കുർബാനയിലും തിരിപ്രദക്ഷിണത്തിലും മെൽബൺ സീറോ മലബാർ രൂപത വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി മുഖ്യകാർമികനായിരിക്കും. തിരുനാൾ ദിനമായ ഒൻപതിന് ഉച്ച കഴിഞ്ഞ് 2.30ന് അർപ്പിക്കുന്ന ആഘോഷമായ തിരുനാൾ തിരുക്കർമങ്ങൾക്ക് മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജെയിംസ് അരീച്ചിറ, വികാരി ഫാ. എബ്രഹാം നാടുകുന്നേൽ എന്നിവർ സഹകാർമ്മികരായിരിക്കും. 39 പ്രസുദേന്തിമാരാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്.