വീണ്ടും ആശങ്ക; നിനവേയിൽ അക്രൈസ്തവ വത്ക്കരണം

മേഖലയിൽ 450 അറബ് കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ ഗൂഡ ലക്ഷ്യം

0
973

ഇർബിൽ: ഐസിസ് സൃഷ്ടിച്ച മാരക പരിക്കുകളിൽനിന്ന് സാവധാനം മുക്തിനേടിവരുന്ന ഇറാഖി ക്രൈസ്തവരെ ആശങ്കയിലാക്കി പുതിയ ഒരു വാർത്ത പുറത്തുവന്നിരിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടിലായ നിനവേ അക്രൈസ്തവവത്ക്കരിക്കാൻ ഗൂഢശ്രമങ്ങൾ നടക്കുന്നുവെന്നാണ് റിപ്പോർട്ട്. മേഖലയിൽ 450 അറബ് കുടുംബങ്ങളെ അധിവസിപ്പിക്കാൻ ഭരണകൂട പിന്തുണയോടെ നടക്കുന്ന പദ്ധതി, നിനവേയിൽനിന്ന് ക്രൈസ്തവരെ പൂർണമായും ഉന്മൂലനം ചെയ്യുന്നതിന്റെ ആദ്യഘട്ടമാണെന്ന നിരീക്ഷകരുടെ നിഗമനം.

അറബ് കുടുംബങ്ങളെ മേഖലയിൽ പുരനധിവസിപ്പിക്കണമെന്ന നിനവേ പ്രൊവിൻഷ്യൽ കൗൺസിൽ അംഗം അബ്ദുൾ റഹിം ഷമാരിയുടെ അഭ്യർത്ഥന ഭരണകൂടം അംഗീകരിച്ചുകഴിഞ്ഞു. സദാം ഹുസൈൻ ആവിഷ്‌ക്കരിച്ച അറബിവത്ക്കരണം തന്നെയാണ് തത്വത്തിൽ സംഭവിക്കാൻ പോകുന്നതെന്ന തിരിച്ചറിവിൽ ഭയവിഹ്വലരാണ് ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ.

ഈ അറബ്‌വത്ക്കരണ നീക്കത്തിനെതിരെ ക്രൈസ്തവരും യസീദികളും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടാണെന്നും മേഖലയിൽനിന്നുള്ള എം.പിയും ഷബക് സമുദായത്തിന്റെ പ്രതിനിധിയുമായ സലീം ഷബക് പറഞ്ഞു. ഇതിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ, യസീദി, ഷബക്ക് സമൂഹങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫെഡറൽ ഭരണകൂടത്തിനും നിനവേ പ്രാവിൻഷ്യൽ കൗൺസിലിനും കത്തയച്ചിട്ടുണ്ട്.

‘രണ്ടായിരം കുടുംബങ്ങളെ നിനവേയിൽ പ്രവേശിപ്പിച്ച് പ്രദേശത്തെ ക്രൈസ്തവ, യസീദി സമൂഹങ്ങളെ പൂർണമായും ഇല്ലാതാക്കാക്കുകയാണ് അവരുടെ ലക്ഷ്യം. ഇപ്പോൾ 450 അറബ് കുടുംബങ്ങൾക്ക് സ്ഥലമൊരുക്കി അതിലൂടെ നിനവേ സമതലത്തിലെ കെട്ടിടങ്ങളും സ്ഥലവും വാങ്ങി മേഖലയെ അറബ് വത്ക്കരിക്കാനുള്ള ശ്രമം തടയപ്പെടണം,’ സലീം ഷബക് കൂട്ടിച്ചേർത്തു.

ഐസിസിൽനിന്ന് ഇറാഖിനെ മോചിപ്പിച്ച് രണ്ട് വർഷം പിന്നിട്ട സാഹചര്യത്തിൽ, പലായനം ചെയ്തവർ തിരിച്ചെത്തുന്ന സന്തോഷത്തെ പുതിയ റിപ്പോർട്ടുകൾ തല്ലിക്കെടുത്തുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. ഇതുവരെ 26,000ൽപ്പരം നിനവേയിൽ മടങ്ങിയെത്തിയതായാണ് വിവരം. ടർക്കിയിലും ലബനനിലും അഭയാർത്ഥികളായി കഴിഞ്ഞവരും സ്വദേശത്ത് മടങ്ങിയെത്തി താമസം ആരംഭിച്ചതായാണ് ഇറാഖി വൈദികനെ ഉദ്ധരിച്ച് ‘ദി പ്രീമിയർ’ ഈയിടെ റിപ്പോർട്ട് ചെയ്തത്.

പാശ്ചാത്യ ക്രൈസ്തവ സംഘടനകളുടെ സഹായത്തോടെ, ഏഴായിരത്തോളം ഭവനങ്ങൾ ഇതിനോടകം താമസ യോഗ്യമാക്കിയിട്ടുണ്ടെങ്കിലും ക്രൈസ്തവരുടെ പുനരധിവാസത്തിനു തടസങ്ങളുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

പലായനംചെയ്ത 400ൽപ്പരം അസീറിയൻ ക്രൈസ്തവ കുടുംബങ്ങളിൽ പകുതിയോളം കുടുംബങ്ങൾ മാത്രമാണ് തിരികെ വന്നതെന്ന് ബഹ്‌സാസാനിയിലെ പാസ്റ്റർ ഫ്രാം അൽഖോരി പറഞ്ഞു. ഇറാഖിൽ സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കിയാൽ വിശ്വാസീസമൂഹം സ്വദേശത്ത് മടങ്ങിയെത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 

ചിത്രത്തിന്റെ അടിക്കുറിപ്പ്: ഐസിസ് ആക്രമത്തിൽ തകർന്ന ബാർട്ടെല്ലാ ഷോപ്പിംഗ് സ്ട്രീറ്റിന്റെ ചിത്രം ഇടത്ത് (2017); പുനരുദ്ധരിച്ചശേഷമുള്ള ചിത്രം വലത്ത്(2018)