ആസിയ മോചിതയായി; ദൈവത്തിന് നന്ദി പറഞ്ഞ് ക്രൈസ്തവലോകം

0
1618

ലാഹോർ: അതിരൂക്ഷമായ പ്രതിസന്ധികളും തീവ്ര ഇസ്ലാംമതസ്ഥരുടെ പ്രതിഷേധങ്ങളും അതിജീവിച്ച് കുറ്റവിമുക്തയാക്കപ്പെട്ട ക്രൈസ്തവ വനിത ആസിയബീബി ജയിലിൽനിന്ന് മോചിതയായി. ദൈവദൂഷണ കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ടു വർഷം തടവുശിക്ഷ അനുഭവിച്ച ആസിയ ബീബിയെ ഒക്‌ടോബർ 31നാണ് പാക്കിസ്ഥാൻ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയത്. എന്നാൽ, സുപ്രീംകോടതിവിധിയെതുടർന്ന് പാക്കിസ്ഥാനിൽ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങൾമൂലം ജയിൽ മോചനം സാധ്യമായിരുന്നില്ല. ബീബിയുടെ ഭർത്താവ് സഹായം അഭ്യർത്ഥിച്ചതോടെ ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. ആസിയ ബീബി ജയിൽ മോചിതയായെന്നു അവരുടെ അഭിഭാഷകൻ സൈഫ് ഉൽ മുലൂകാണ് ആഗോള സമൂഹത്തെ അറിയിച്ചത്.

ബുധനാഴ്ച രാവിലെ തന്നെ ആസിയ ബീബിയെ മോചിപ്പിച്ചുള്ള ഉത്തരവ് മുൾട്ടാനിലെ ജയിലിൽ ലഭിച്ചു. ഇതേ തുടർന്നായിരുന്നു ജയിൽ മോചനം. പ്രതിഷേധപ്രകടനങ്ങളും അയവില്ലാത്ത അക്രമണസംഭവങ്ങളും നിരവധിയായിരുന്നുവെങ്കിലും ആസിയക്ക് പിന്തുണയുമായി വിവിധ രാജ്യങ്ങൾ തന്നെ രംഗത്തെത്തിയിരിന്നു. അസിയക്കും കുടുംബത്തിനും അഭയം ഒരുക്കാൻ സന്നദ്ധത അറിയിച്ച് സന്നദ്ധ സംഘടനകളും സജീവമായിരുന്നു. എട്ടു വർഷം അസിയ അനുഭവിച്ച യാതനകളും അർപ്പിച്ച പ്രാർത്ഥനകൾക്കും ലഭിച്ച പ്രത്യുത്തരത്തിന് ദൈവത്തിന് നന്ദി പറയുകയാണ് അസിയയും കുടുംബവും ലോകമെമ്പാടുമുള്ള ക്രൈസ്തവരും.

2009 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കൃഷിപ്പണിക്കിടെ ആസിയ ബീബിയും ഇസ്ലാം മതസ്ഥരായ സഹജോലിക്കാരുമായി നടത്തിയ സംഭാഷണത്തിനിടെ മതനിന്ദാപരമായ പരാമർശങ്ങൾ നടത്തി എന്നാരോപിച്ചാണ് ആസിയ ബീബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൈസ്തവ വിശ്വാസത്തെ അനുകൂലിച്ചു സംസാരിച്ച ആസിയ ബീബിക്കെതിരെ തീവ്രവാദ നിലപാട് പുലർത്തിയ ഒരു പ്രാദേശിക ഇമാമും അനുയായികളും മതനിന്ദാക്കുറ്റം ചുമത്താൻ സമ്മർദം ചെലുത്തുകയായിരുന്നു. ഒരു വർഷത്തിനുശേഷം കോടതി ആസിയബീബിയെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയായ ആസിയയുടെ അപ്പീൽ എട്ടു വർഷത്തിനുശേഷം 2017 ഒക്ടോബറിൽ പാക്കിസ്ഥാൻ സുപ്രീംകോടതി പരിഗണിച്ചെങ്കിലും പ്രധാന ജഡ്ജി പിൻമാറിയിരുന്നു. ഇതോടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ഒരു വർഷത്തിനുശേഷം ഈ ഒക്‌ടോബറിൽ വീണ്ടും കേസ് സുപ്രീം കോടതി പരിഗണിക്കുകയായിരിന്നു. സംശയങ്ങൾക്കതീതമായി കേസ് തെളിയിക്കാൻ എതിർഭാഗം പരാജയപ്പെട്ടെന്നും നിസാരമായ കാരണങ്ങൾ മാത്രമാണ് കേസിനാധാരമെന്നും നിയമനടപടികൾ കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെന്നും വിധി പ്രസ്ഥാവനയിൽ കോടതി ചൂണ്ടിക്കാട്ടി.