താങ്ക്യൂ ഹോളി സ്പിരിറ്റ്; ക്യാപ്റ്റൻ മാഫെല്ല ‘ഉയർത്തി’140 ജീവൻ!

0
1216

ജക്കാർത്ത: ഷെഡ്യൂളിൽനിന്ന് വ്യതിചലിച്ച് മൂന്നു മിനിട്ടുമുമ്പ് ടേക്ക് ഓഫ് ചെയ്യണമെന്ന ഉൾപ്രേരണ, അതുകൊണ്ടുമാത്രം മരണമുഖത്തുനിന്ന് ‘പറന്ന്’ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത് 140 പേർ! അത്ഭുതത്തിന്റെ കാരണം പലർക്കും അനന്തം അജ്ഞാതം അവർണനീയമായി തുടരുമ്പോഴും വിമാനം പറത്തിയ ഇന്തോനേഷ്യൻ പൈലറ്റ് ക്യാപ്റ്റൻ ഇക്കൊസ് മാഫെല്ലയിൽനിന്ന് കിറുകൃത്യം ഉത്തരം കിട്ടും രണ്ട് വാക്കുകളിൽ: താങ്ക്‌യൂ ഹോളി സ്പിരിറ്റ്!

സെപ്തംബർ 28ന് ഇന്തൊനേഷ്യയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽനിന്നും സുനാമി തിരകളിൽനിന്നും 140 പേർ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം മാത്രമല്ല, അതിനു കാരണമായ ദൈവീക ഇടപെടലിനെക്കുറിച്ചുള്ള പൈലറ്റിന്റെ സാക്ഷ്യവും തരംഗമാണിപ്പോൾ. ജക്കാർത്തയിലെ ദൈവാലയത്തിൽവെച്ചാണ് ക്യാപ്റ്റൻ മാഫെല്ല താൻ അനുഭവിച്ചറിഞ്ഞ പരിശുദ്ധാത്മാവിന്റെ ഇടപെടൽ സാക്ഷിച്ചത്.

വിമാനത്തിലെ യാത്രീകർ രക്ഷപ്പെട്ട അനുഭവം പൈലറ്റിൽനിന്നുതന്നെ ശ്രവിക്കാം: ‘കോക്ക്പിറ്റിൽ പ്രവേശിച്ചാൽ ദൈവസ്തുതികൾ മൂളുക പതിവാണ്. എന്നാൽ, സെപ്തംബർ 28ന് കോക്ക്പിറ്റിൽ പ്രവേശിച്ചതുമുതൽ ദൈവസ്തുതിഗീതങ്ങൾ ഉച്ചത്തിൽ പാടുകയായിരുന്നു. പാലു എയർപോർട്ടിൽ വിമാനം ലാൻഡിങ്ങിന് ശ്രമിക്കവേ കാറ്റിന്റെ ശക്തി കൂടി. വിമാനം നിലത്തിറക്കുംമുമ്പ് ഒരു വട്ടംകൂടി വലംവെക്കണമെന്ന് ഒരു പ്രചോദനം. പിന്നീട് 23^ാം സങ്കീർത്തനം ചൊല്ലി വളരെ ശ്രദ്ധയോടെയാണ് ലാൻഡ് ചെയ്തത്.

‘ലാൻഡ് ചെയ്ത ഉടൻ, ഉജുങ്ങ് പാണ്ടാങ്ങിലേക്കുള്ള പുറപ്പെടൽ പെട്ടെന്നാക്കണമെന്ന് പരിശുദ്ധാത്മാവ് ഒരിക്കൽകൂടി എന്നോടു പറയുന്നതായി അനുഭവപ്പെട്ടു. അതിൻ പ്രകാരം വിശ്രമസമയം വെട്ടിക്കുറക്കാൻ സഹപ്രവർത്തകരോട് ആവശ്യപ്പെടുകയായിരുന്നു. കോക്ക്പിറ്റിൽനിന്ന് പുറത്തിറങ്ങാതെ ഷെഡ്യൂളിൽനിന്ന് മൂന്ന് മിനിറ്റ് മുമ്പ് ടേക്ക് ഓഫിനുള്ള അനുമതി തേടി കൺട്രോൾ ടവറുമായി ബന്ധപ്പെട്ടു. അനുമതി ലഭിച്ചപ്പോൾതന്നെ പുറപ്പെടാൻ തയാറെത്തു.

‘വിമാനം റൺവേയിലൂടെ ഓടാൻ തുടങ്ങുമ്പോൾ, വിമാനത്തിന്റെ വേഗം നിയന്ത്രിക്കുന്ന ലിവറിൽ ഞാൻ അറിയാതെതന്നെ കൈ അമർത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിമാനം നിലത്തുനിന്ന് ഉയർന്ന ഉടൻതന്നെയായിരുന്നു ശക്തമായ ഭൂകമ്പം. വിമാനത്തിനു അനുവാദം നൽകിയ എയർ കൺട്രോളർ അന്തോണിയുസ് അഗുങ്ങും ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു. മൂന്ന് മിനിറ്റുകൂടി വൈകിയിരുന്നെങ്കിൽ എനിക്കു 140 ജീവനുകൾ രക്ഷിക്കാൻ കഴിയുമായിരുന്നില്ല.’

സഹ പൈലറ്റുമാർ ചെയ്യേണ്ട പല കാര്യങ്ങളും സ്വയം ചെയ്തുകൊണ്ട് അടിയന്തിരമായി വിമാനം ഉയർത്താൻ എന്നെ സഹായിച്ചത് പരിശുദ്ധാത്മാവാണെന്ന് സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഒരു ഉപദേശവും വിശ്വാസികൾക്ക് അദ്ദേഹം നൽകി: ‘ഏതു പ്രതിസന്ധി ഘട്ടത്തിലും ദൈവത്തിന്റെ ശബ്ദം ശ്രവിക്കാൻ നാം തയാറാകണം, ഒരിക്കലും മറന്നുപോകരുത് അത്.’