Follow Us On

18

April

2024

Thursday

രോഗസൗഖ്യത്തിന് പത്ത് വയസ്; ‘ഓസ്‌ട്രേലിയൻ  അത്ഭുതം’ വെളിപ്പെടുത്തി യു.എസ് സ്വദേശി

രോഗസൗഖ്യത്തിന് പത്ത് വയസ്; ‘ഓസ്‌ട്രേലിയൻ  അത്ഭുതം’ വെളിപ്പെടുത്തി യു.എസ് സ്വദേശി
സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രഥമ വിശുദ്ധ മേരി ഹെലൻ മക്കില്ലോപ്പിന്റെ മാധ്യസ്ഥത്താൽ ലഭിച്ച അത്ഭുത രോഗസൗഖ്യം 10 വർഷങ്ങൾക്കിപ്പുറം സാക്ഷ്യപ്പെടുത്തുകയാണ് മിസൗറിയിലെ കാൻസാസ് സിറ്റി സ്വദേശി. റിക്കി പീറ്റേഴ്‌സൺ എന്ന 57 വയസുകാരനാണ്, ഒമ്പത്
വർഷം പഴക്കമുള്ള പാർക്കിൻസൺസ് രോഗത്തിൽനിന്ന് സൗഖ്യം ലഭിച്ചത്. 2008ൽ ലോക യുവജന സംഗമത്തിനിടയിൽ ലഭിച്ച അത്ഭുതം സാക്ഷ്യപ്പെടുത്താൻ മറ്റൊരു ലോക യുവജന സംഗമത്തിനൊരുങ്ങുന്ന ദിനങ്ങൾ തിരഞ്ഞെടുത്തതും സവിശേഷതയായി. സാക്ഷ്യപ്പെടുത്തുക മാത്രമല്ല, വിശുദ്ധയ്ക്ക് കൃതജ്ഞതയർപ്പിക്കാൻ സകുടുംബം ഓസ്‌ട്രേലിയയിൽ എത്തുകയുംചെയ്തു റിക്കി.
2010ലാണ് മേരി മാക്കില്ലോപ്പ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ടത്. അതിന് രണ്ടു വർഷംമുമ്പായിരുന്നു റിക്കിയുടെ അത്ഭുത സൗഖ്യം. ലോക യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെത്തിയപ്പോഴാണ് വടക്കൻ സിഡ്‌നിയിലെ വിശുദ്ധ മേരി മക്കില്ലോപ്പിന്റെ കബറിടത്തിൽ റിക്കിയും മകളും പ്രാർത്ഥിക്കാനെത്തിയത്. പാർക്കിൻസൻസ് കലശലായി തുടങ്ങിയ നാളുകളായിരുന്നതിനാൽ പ്രാർത്ഥിച്ചതും ഒരേയൊരു കാര്യമാണ്. ‘എന്റെ പാർക്കിൻസൺസ് രോഗം ഭേദമാകുന്നതിനെക്കാൾ കൂടുതലായി എനിക്കൊന്നും വേണ്ട. രോഗം ഭേദമാക്കുകയാണെങ്കിൽ, നിന്റെ നാമം ഞാൻ എക്കാലവും സ്തുതിക്കും,’ സിഡ്‌നി അതിരൂപതയുടെ മാധ്യമവിഭാഗത്തോട് റിക്കി സാക്ഷ്യപ്പെടുത്തി.
തന്നെ ശുശ്രൂഷിക്കാൻവേണ്ടി ജോലി ഉപേക്ഷിക്കാനുള്ള ആലോചനയിലായിരുന്നു ഭാര്യ. കാരണം അത്രയേറെ ക്ലേശങ്ങളിലൂടെയായിരുന്നു റിക്കി കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. എന്തായാലും, പ്രാർത്ഥനയ്ക്കുശേഷം മകളുമൊത്ത് ട്രെയിനിൽ തിരികെ പോകുമ്പോൾ സമയത്തുതന്നെ സൗഖ്യത്തിന്റെ അനുഭവം പ്രകടമായി തുടങ്ങി. സദാസമയവും വിറച്ചു കൊണ്ടിരുന്ന വലതു കരം പൂർവാവസ്ഥയിലായതായിരുന്നു ആദ്യം തിരിച്ചറിഞ്ഞ സൗഖ്യാനുഭവമെന്നും റിക്കിപറയുന്നു. പക്ഷേ, ഇക്കാര്യം ആരോടും പറഞ്ഞില്ല അദ്ദേഹം, കൂടെയുണ്ടായിരുന്ന മകളോടുപോലും.
ലോക യുവജന സംഗമത്തിന്റെ സമാപന ശുശ്രൂഷകൾക്ക് വേദിയായ റാൻഡ്വിക്ക് റേസ്‌കോഴ്‌സിൽ ബെനഡിക്ട് 16-ാമൻ പാപ്പ ദിവ്യബലിയർപ്പിക്കുന്നതിനിടെ തന്റെ പിതാവിന് ലഭിച്ച സൗഖ്യം മകളും തിരിച്ചറിഞ്ഞു. പിന്നീട്, റിക്കിയെ ചികിത്‌സിച്ചുകൊണ്ടിരുന്ന അമേരിക്കയിലെ ഡോക്ടർമാരും രോഗസൗഖ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ 10 വർഷമായി തന്നിൽ രോഗത്തിന്റെ യാതൊരു ലക്ഷണവുമില്ലായെന്ന് പീറ്റേഴ്‌സൻ പറയുന്നു. മേരി മാക്കില്ലോപ്പിന്റെ വിശുദ്ധപദവി പ്രഖ്യാപന തിരുക്കർമത്തിൽ പങ്കെടുത്ത് നടത്തിയ കൃതജ്ഞതാർപ്പണം അവിസ്മരണീയമായിരുന്നെന്നും റിക്കി പറയുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?