പ്രവാസിജനതയ്ക്ക് നിറവേറ്റാനുള്ളത് വിശേഷാൽ ദൈവവിളി: മാർ പുത്തൂർ

0
484
ബ്രിസ്‌ബേൻ: പ്രവാസജീവിതത്തിന് പിന്നിൽ സുവിശേഷവത്ക്കരണമെന്ന ശ്രേഷ്~മായ ദൈവപദ്ധതിയുടെ ഭാഗമാണെന്നും ആ തിരിച്ചറിവോടെ, ദൈവഹിതം പൂർത്തീകരിക്കാൻ പ്രവാസിജനത തീക്ഷ്ണതയോടെ പ്രവർത്തിക്കണമെന്നും മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ. ബ്രിസ്‌ബേൻ സൗത്ത് സെന്റ് തോമസ് ദൈവാലയത്തിന്റെ കൂദാശാകർമത്തിന് മുന്നോടിയായി സൺഡേ ശാലോമിന് അനുവദിച്ച അഭിമുഖത്തിലാണ്, പ്രവാസി കത്തോലിക്കരുടെ വിശേഷാൽ ദൈവവിളിയെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചത്.
സെയിന്റ്  തോമസ് സമൂഹത്തിന്റെ ദൈവാലയം കൂദാശചെയ്യുന്ന സന്തോഷത്തിലാണ് ഇവിടത്തെ എല്ലാ സീറോ മലബാർ വിശ്വാസികളും. പ്രവാസി സമൂഹം ഓസ്‌ട്രേലിയയിലെ സന്തോഷിക്കുന്ന ഒരു പുണ്യദിനമാണ് ഈ പ്രഥമ ദൈവാലയ കൂദാശാകർമത്തിന്റെ ഈ ദിവസം. ഓസ്‌ട്രേലിയയിലെ സീറോ മലബാർ സമൂഹം ഒരു സുവിശേഷവൽക്കരണ സമൂഹമായി തീരണം എന്നതാണ് സഭയുടെ ആഗ്രഹം.
സുവിശേഷ വത്കരണത്തിനായി നിയോഗിക്കപ്പെട്ടവളാണ് സഭാമാതാവ്. ഈശോ പറഞ്ഞതും അതാണല്ലോ, ‘നിങ്ങൾ പോയി ലോകമെങ്ങും സുവിശേഷം പ്രസംഗിക്കുക.’ അപ്പോൾ ദൈവമാണ് സീറോ മലബാർ സമൂഹത്തെ ഓസ്‌ട്രേലിയയിലേക്ക് എത്തിച്ചിരിക്കുന്നത്. ഈ നാട്ടിൽഎല്ലാവരെയും ജീവിതംകൊണ്ടും സാക്ഷ്യംകൊണ്ടും പ്രസംഗംകൊണ്ടും   ഈശോയുടെ സുവിശേഷം ഈ നാട്ടിലുള്ളവരുമായി പങ്കുവെക്കാനുള്ള വലിയ ദൗത്യമാണ് മലയാളി സമൂഹത്തിനു ലഭിച്ചിരിക്കുന്നത്.
ഈ ഒക്ടോബർ 14ന് എനിക്ക് വലിയൊരനുഭവം വത്തിക്കാനിൽവെച്ച് ഉണ്ടായി. പോൾ ആറാമൻ പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന പുണ്യദിനമായിരുന്നു അത്. ഞാൻ ആദ്യമായി നേരിൽ കണ്ടു പരിചയപ്പെട്ട പാപ്പയാണ് അദ്ദേഹം. കാരണം ഞാൻ വൈദിക വിദ്യാർത്ഥിയായി ജീവിച്ചത് റോമിലാണ്, എനിക്ക് വൈദിക പട്ടം ലഭിച്ചതും റോമിൽവെച്ചുതന്നെ. പട്ടം തന്നശേഷം ഞങ്ങളെയെല്ലാം  പോൾ ആറാമൻ  പാപ്പ വത്തിക്കാനിലേക്കു ക്ഷണിച്ചു. ഞങ്ങളോടൊപ്പം ഏതാനും  സമയം ചെലവഴിച്ചശേഷം ഒരു വിടവാങ്ങൽ  സന്ദേശം നൽകുകയുംചെയ്തു പിതാവ്.

ആ വാക്കുകൾ ഇന്നും ഞാൻ ഓർക്കുന്നു: ‘നിങ്ങൾ ഇന്ന് റോമിൽ ഒരുമിച്ചു കൂടിയിരിക്കുകയാണ്, പാപ്പയോടുകൂടെ. ഒരു സന്തോഷത്തിന്റെ ദിനമാണ് പക്ഷെ, അധികം വൈകാതെ നിങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സുവിശേഷ പ്രഘോഷകരായി, ദൈവജനത്തെ കൗദാശികമായി പരികർമം ചെയ്ത് വളർത്താനായി നിയോഗിക്കപ്പെടും.  ഒരു പക്ഷെ, വിവിധ രാജ്യങ്ങളിൽ നിങ്ങൾ ജീവിക്കുമ്പോൾ എപ്പോഴും സന്തോഷത്തിന്റെ അനുഭവം ആയിരിക്കണമെന്നില്ല. നിങ്ങളുടെ വേദനകളും ദുഃഖങ്ങളും പ്രയാസങ്ങളുമെല്ലാം സുവിശേഷവത്ക്കരണത്തിന്റെ ഭാഗമായി നിങ്ങൾ സ്വീകരിക്കണം.’
 പാപ്പ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ സഹപാ~ിയായിരുന്ന ഒരു വൈദികൻ പാപ്പയുടെ ഫോട്ടോ എടുക്കുകയായിരുന്നു. അത് കണ്ടപ്പോൾ  പാപ്പ ഒരൽപ്പം തമാശയായി പറഞ്ഞ കാര്യത്തിൽ മുഴങ്ങിയതും വലിയ ചിന്തയാണ്. ‘ഫാദർ, അങ്ങയുടെ കാമറ കൃത്യമായും എന്നിൽതന്നെ ഫോക്കസ് ചെയ്യണം. അല്ലാത്തപക്ഷം അവ്യക്തമായ എന്റെ ചിത്രമാവും പതിയുക, അത് വളരെ മോശവുമായിരിക്കും,’ ശേഷം ഞങ്ങൾക്കുനേരെ തിരിഞ്ഞ് അദ്ദേഹം തുടർന്നു:
‘യുവ വൈദികരെ, എവിടെ ആയിരുന്നാലും എപ്പോഴും നിങ്ങളുടെ ജീവിതം ക്രിസ്തുവിൽ കേന്ദ്രീകരിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ശുശ്രൂഷയിൽനിന്ന് ജനങ്ങൾക്ക് ലഭിക്കുക മോശം ചിത്രമായിരിക്കും, ക്രിസ്തുവിനെക്കുറിച്ചുള്ള അവ്യക്തചിത്രവുമാകും അത്. അത് ഒരിക്കലും സംഭവിക്കരുത്.’
പൗരോഹിത്യ ജീവിതത്തിൽ ഞാൻ  എന്നും ഓർക്കുന്ന, ജീവിതം ക്രിസ്തുവിൽ കേന്ദ്രീകരിക്കണമെന്ന പോൾ ആറാമൻ പാപ്പയുടെ സന്ദേശമാണ് പ്രവാസ സമൂഹത്തോട് വിശിഷ്യാ, സീറോ മലബാർ സഭാംഗങ്ങളോട് എനിക്ക് പറയാനുള്ളത്. ക്രിസ്തുവിൽ കേന്ദ്രീകരിച്ചു ജീവിച്ചാലേ നമുക്ക് ആത്യന്തികമായദൈവാനുഗ്രഹവും ആനന്ദവും ലഭിക്കൂ. ക്രിസ്തുവിന്റെ സ്‌നേഹസുവിശേഷത്തിന് സാക്ഷ്യം വഹിക്കുമ്പോൾ മറ്റുള്ളവർക്ക് ദൈവ രാജ്യത്തിന്റെ സന്തോഷം പങ്കുവെക്കാൻ നമുക്ക് സാധിക്കും.
ഇതാണ് യഥാർത്ഥമായ ക്രൈസ്തവ ദൈവവിളി. ആ ദൈവവിളി മറ്റൊരു മണ്ണിൽ ഈ ഓസ്‌ട്രേലിയയിൽ നമ്മെ ഹാർദവമായി സ്വീകരിച്ചു. നമ്മെ പരിചരിക്കുന്ന  ഈ നാട്ടിൽ, അവസരങ്ങളുടെ ഈ നാട്ടിൽ ദൈവം നമ്മെ കൊണ്ടെത്തിച്ചത് സുവിശേഷവത്കരണം നമ്മിലൂടെ സാധ്യമാവാൻ വേണ്ടിയാണ്.
അതിനുവേണ്ട ദൈവാനുഗ്രഹം പകരുന്ന ഒരു കേന്ദ്രമായാണ് ഈ ദൈവാലയം പ്രവർത്തിക്കേണ്ടത്. ഈ ഇടവകയിലെ അംഗങ്ങളെമാത്രം ശുശ്രുഷിക്കാനുഉള്ളതല്ല  ഈ ദൈവാലയം. മറിച്ച്, ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കാൻ ഏവരെയും ശക്തിപ്പെടുത്തുന്ന സ്രോതസായി ഈ ദൈവാലയ മാറണമെന്നും മാർ പുത്തൂർ കൂട്ടിച്ചേർത്തു.
ലിബി എബ്രഹാം