പാപ്പയുടെ ബാരി സന്ദർശനം ഇന്ന്; പ്രതീക്ഷയോടെ ക്രൈസ്തവസമൂഹം

0
270
ലോക കുടുംബസംഗമം: നവോന്മേഷത്തിനും നവീകരണത്തിനുമുള്ള അവസരമെന്ന് പാപ്പ

വത്തിക്കാൻ: ‘സമാധാനം നിങ്ങളിൽ വന്നിറങ്ങട്ടെ!” എന്ന സന്ദേശവുമായി മദ്ധ്യപൂർവ്വദേശത്തിൻറെ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ ഇന്ന് രാവിലെ തെക്കെ ഇറ്റലിയിലെ ബാരിയിലെത്തും.

മദ്ധ്യപൂർവ്വദേശത്തെ വിവിധ ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷന്മാരും മറ്റു സഭാപ്രതിനിധികളും പാപ്പയോടൊപ്പം സമാധാന പ്രാർത്ഥനകളിലും സംവാദത്തിലും പങ്കെടുക്കും. മദ്ധ്യപൂർവ്വദേശത്ത് ഇപ്പോഴും ആയിരക്കണക്കിന് ക്രൈസ്തവർ കൊല്ലപ്പെടുകയും വിവിധ തരത്തിലുള്ള പീഡനങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫ്രാൻസിസ് പാപ്പ ബാരിയിൽ ഈ ഏകദിന സമാധാനസംഗമം വിളിച്ചുകൂട്ടിയിരിക്കുന്നത്.

കഴിഞ്ഞ 10 വർഷമായി ലോകത്തിലെ മറ്റേതു പ്രവിശ്യയെക്കാളും കൂടുതൽ അതിക്രമങ്ങൾ മദ്ധ്യപൂർവ്വദേശത്താണ് നടക്കുന്നത്. ക്രിസ്തീയതയുടെ പിള്ളത്തൊട്ടിലായ മധ്യപൂർവ്വദേശം ഇന്ന് ഇസ്രായേൽ, ഈജിപ്ത്, ഇറാൻ, തുർക്കി, സൗദി അറേബ്യ, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങൾ ആയുധപരീക്ഷണം നടത്തുന്ന സ്ഥലമായി മാറിക്കഴിഞ്ഞു. രണ്ടാം ലോക മഹായുദ്ധങ്ങൾക്കുശേഷം മാനവികതയുടെ ഏറ്റവും ഭീതിതമായ അടിയന്തരാവസ്ഥയാണ് മദ്ധ്യപൂർവ്വദേശത്ത് പ്രകടമാകുന്നത്.

സിറിയയിൽ യുദ്ധം എട്ടാം വർഷത്തിലേക്ക് നീങ്ങുകയാണ്. പ്രസിഡൻറ് ബഷാർ അൽ ആസാദിൻറെ ഭരണത്തെ റഷ്യയും ഇറാനും പിന്തുണയ്ക്കുന്നുണ്ട്. ഇരുരാഷ്ട്രങ്ങളും കക്ഷിചേർന്ന് ഇസ്ലാമിക തീവ്രവാദികൾ മറ്റ് ശത്രുപക്ഷങ്ങൾ എന്നിവരിൽ നിന്ന് സിറിയയെ ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇറാക്ക് 2003-മുതൽ സിറിയയുമായി യുദ്ധത്തിലാണ്. ഇസ്ലാമിക തീവ്രവാദികൾ ഇസ്ലാം രാഷ്ട്ര സ്ഥാപനത്തിനിറങ്ങിയതും ഇറാക്കിൻറെ മണ്ണിലാണ്. ഇറാക്കിലെ മൊസൂൾ, നിനവേ താഴ് വാരങ്ങളിൽ അധിവസിക്കുന്ന പുരാതനക്രൈസ്തവ സമൂഹങ്ങൾ പീഢനത്തിനിരകളായി. ക്രൈസ്തവ ഗ്രാമങ്ങൾ തീവ്രവാദികൾ കയ്യേറുകയും 1,20,000 പേർ പലായനം ചെയ്യുകയും ചെയ്തു. ക്രൈസ്തവജനസംഖ്യയായ 3 ലക്ഷം 1.5 ലക്ഷമായി ആയി കുറഞ്ഞു. ഇന്നും സംഖ്യകക്ഷികളുടെ സഹായത്തോടെ തീവ്രവാദികളെ തുരത്താനുള്ള ശ്രമത്തിലാണ് ഇറാക്ക്.

മദ്ധ്യപൂർവ്വദേശത്ത് ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധം അമ്പത്തൊന്ന് വർഷങ്ങൾ പിന്നിടുകയാണ്. സുന്നി-ഷിയ മുസ്ലിം ഗ്രൂപ്പ് സംഘട്ടനം, ഗാസാ, അൽ-ഫതാ പ്രവിശ്യയ്ക്കുവേണ്ടിയുള്ള പലസ്തീനിയൻ ഹാമാസ് പോരാട്ടം എന്നിവയും മദ്ധ്യപൂർവ്വദേശത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നുണ്ട്.