മാധ്യമപ്രവർത്തകർ സമൂഹിക നന്മയുടെയും നീതിയുടെയും പ്രയോക്താക്കൾ: ഫ്രാൻസിസ് പാപ്പ

0
185

വത്തിക്കാൻ: മാധ്യമപ്രവർത്തകർ സമൂഹിക നന്മയുടെയും നീതിയുടെയും പ്രയോക്താക്കളാണെന്നും സ്‌നേഹിക്കാനും ആഴമായി ചിന്തിക്കാനുമുള്ള മനുഷ്യൻറെ കഴിവിനെ ആധുനിക മാധ്യമങ്ങൾ ഗൗനിക്കണക്കണമെന്നും ഫ്രാൻസിസ് പാപ്പ.

പ്രശസ്ത ഇറ്റാലിയൻ മാധ്യമ പ്രവർത്തകൻ, ബിയാജ്യോ ആഗ്‌നസിന്റെ പേരിലുള്ള രാജ്യന്തര പത്രപ്രവർത്തന പുരസ്‌ക്കാര സമിതിക്കൊപ്പം ഇറ്റലിയിലെ നിരവധി മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

“മാധ്യമലോകത്ത് ആധുനിക സാങ്കേതികത വളരുകയും, അതിൻറെ രൂപപരിണാമം ദ്രുതഗതിയിൽ നടക്കുകയും ചെയ്യുന്നുണ്ട്. വിവരസാങ്കേതികതയുടെ വർണ്ണപ്പൊലിമയിലും ശബ്ദധോരണയിലും മൂല്യങ്ങൾ മുങ്ങിപ്പോവുകയാണ്. സമർത്ഥനും സത്യസന്ധനുമായ ഇറ്റാലിയൻ പത്രപ്രവർത്തകൻ ബിയാജ്യോ ആഗ്‌നസിൻറെ പേരിലുള്ള മാധ്യമ അവാർഡ് പ്രസ്ഥാനം സത്യവും, കാലികവും ഉത്തരവാദിത്ത്വപൂർണ്ണവുമായ ഒരു മാധ്യമലോകം വളർത്താൻ പ്രചോദനമാകണം. മാധ്യമങ്ങൾ നഗരപ്രാന്തങ്ങളിലെ ബഹുഭൂരിപക്ഷം സാധാരണക്കാരെയും പാവങ്ങളെയും അവഗണിക്കരുത്. അവരുടെ കഥകൾ സാമൂഹിക കൂട്ടായ്മയുടെയും ഐക്യദാർഢ്യത്തിൻറെയും ജീവിതകഥകളാണ്”; പാപ്പ പറഞ്ഞു.

“ഒരു സംഭവത്തെ മാധ്യമവത്ക്കരിക്കുമ്പോൾ പ്രവാചക ദൗത്യത്തോടും ധൈര്യത്തോടുംകൂടെ മാധ്യമപ്രവർത്തകർ സത്യത്തിനും നീതിക്കുമായി നിലകൊള്ളണം. പ്രശ്‌നങ്ങൾ ധാരാളമുള്ള ലോകത്താണ് നാം ജീവിക്കുന്നത്. പ്രശ്‌നമില്ലാത്ത ലോകം മായികമായിരിക്കാം. സമൂഹത്തിൻറെ തകർച്ചയും നിരാശയും വേദനയും ഇല്ലാതാക്കാൻ മാധ്യമപ്രവർത്തകർ പ്രത്യാശഭരിതരാകണം. പ്രത്യാശ കൈവെടിയരുത്!”; പാപ്പാ മാധ്യമ പ്രവർത്തകരോട് ആഹ്വാനംചെയ്തു.