“ദൈവം നിശബ്ദതയാണ്”: കർദിനാൾ സാറയുടെ ‘നിശബ്ദതാസന്ദേശം’ തരംഗമാകുന്നു

0
205

ടൊറാന്റോ: “ദൈവം നിശബ്ദതയാണ്. അവൻ നിശബ്ദതയിലാണ് സംസാരിക്കുന്നത്. നിശബ്ദതയിലാണ് അവനെ നാം കണ്ടുമുട്ടുന്നത്. ദൈവത്തോടൊപ്പമാണെങ്കിൽ നിങ്ങൾ നിശബ്ദനാകും”; കർദിനാൾ സാറ നിശബ്ദതയെപ്പറ്റി പറയുന്ന ഈ വാക്കുകൾ ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

ടൊറാന്റോയിലെ ‘ദ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് മിഖായേൽസ് കോളജാ’ണ് സാറയുടെ നിശബ്ദതയുടെ സന്ദേശം യൂ ട്യൂബിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞയിടെ മിഖായേൽസ് കോളജ് സന്ദർശിച്ചപ്പോഴായിരുന്നു സാറ നിശബ്ദതയുടെ പ്രാധാന്യത്തെപ്പറ്റി വാചാലനായത്.

“സംസാരിക്കാതിരിക്കുക എന്നത് മാത്രമല്ല നിശബ്ദത. നിശബ്ദത ആഴമേറിയതാണ്. കാരണം വലിയൊരു ശബ്ദം നമ്മളിൽ തന്നെയുണ്ട്. നമ്മുടെ ദൈവാലയങ്ങളിൽ പോലും ശബ്ദകോലാഹലങ്ങളുണ്ട്. അതിനാൽ തന്നെ നമുക്ക് നിശബ്ദമായി ദൈവത്തെ കണ്ടെത്താനാകുന്ന സ്ഥലമിതല്ല”; വീഡിയോയിൽ കർദിനാൾ സാറ പറയുന്നു.

“നിശബ്ദത ദൈവവുമായി നമ്മുടെ ജീവിതത്തെ കൂടുതൽ താദാത്മ്യപ്പെടുത്തുന്നു. പാശ്ചാത്യരാജ്യത്തെ ആളുകൾക്ക് നിശബ്ദതയുടെ പ്രാധാന്യത്തെപ്പറ്റി അറിയില്ല. അതിനാൽ തന്നെ അവരുടെ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ദൈവവും നിശബ്ദതയുമില്ലാതെ നാം നശിക്കും”; അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കുന്നു. “ശബ്ദത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ നിശബ്ദതയുടെ ശക്തി” എന്ന പേരിൽ കഴിഞ്ഞവർഷം സാറ പ്രസിദ്ധീകരിച്ച പുസ്തകത്തിന് വായനക്കാരേറെയാണ്.

ഗിനിയയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച റോബർട്ട് സാറ പന്ത്രണ്ടാം വയസിലാണ് സെമിനാരി വിദ്യാർത്ഥിയാകുന്നത്. തീവ്രമായ വിശ്വാസപരിശീലന കാലഘട്ടങ്ങൾക്കുശേഷം ഇരുപത്തിനാലാം വയസിൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. പത്ത് വർഷത്തെ വൈദിക ശുശ്രൂഷാ ജീവിതത്തിന് ശേഷം മുപ്പത്തിനാലാം വയസിൽ ബിഷപ്പായി അഭിഷിക്തനായ റോബർട്ട് സാറയെ 2010 ൽ ബനഡിക്ട് പതിനാറാമൻ പാപ്പ കർദിനാളായി നിയമിച്ചു. നിലവിൽ പെർഫെക്റ്റ് ഓഫ് ദ കോൺഗ്രിഗേഷൻ ഫോർ ഡിവൈൻ വർഷിപ്പ് ആൻഡ് ഡിസിപ്ലിൻ ഓഫ് ദ സാക്രമെന്റ്‌സ് എന്ന പദവിയിൽ ശുശ്രൂഷ ചെയ്യുകയാണ് അദ്ദേഹം.