ബാല്യം ദിവ്യകാരുണ്യനാഥനായി; കാർളോയുടെ വീരോചിതപുണ്യങ്ങൾക്ക് അംഗീകാരം

പതിനഞ്ചാംവയസിലാണ് കാർളോ നിത്യസമ്മാനിതനായത്

0
398

വത്തിക്കാൻ സിറ്റി: ബാല്യം ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ സമർപ്പിക്കുകയും പതിനഞ്ചാം വയസിൽ നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയും ചെയ്ത കാർളോ അക്യൂറ്റിസിന്റെ വീരോചിത പുണ്യങ്ങൾ അംഗീകരിച്ചു.

കഴിഞ്ഞദിവസം ഫ്രാൻസിസ് പാപ്പയാണ് ലുക്കീമിയ ബാധിച്ച് 2006 ഒക്ടോബർ 12 ന് അന്തരിച്ച കാർളോയുടെ വീരോചിത പുണ്യങ്ങൾ അംഗീകരിച്ചത്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ പ്രതിഭാശാലിയായിരുന്ന അക്യൂറ്റീസ് തിരുവോസ്തിരൂപനെ പ്രാണനേക്കാളധികം സ്‌നേഹിച്ചിരുന്നു. കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ തനിക്കുള്ള കഴിവുകൾ പൂർണ്ണമായി ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ് അവൻ ഉപയോഗിച്ചത്.

പതിനൊന്നാം വയസിലാണ് എല്ലാ ദിവ്യകാരുണ്യഅത്ഭുതങ്ങളേയും ഒരുമിപ്പിക്കുന്ന വിർച്വൽ ലൈബ്രറിയുടെ നിർമ്മാണം അവൻ ആരംഭിച്ചത്. അതിനായി നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളിൽ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ അവൻ ശേഖരിച്ചു. രണ്ടര വർഷംകൊണ്ടാണ് മികച്ചരീതിയിൽ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിർച്വൽ ലൈബ്രറി കാർളോ ഒരുക്കിയത്. തുടർന്ന് അഞ്ചു ഭൂഖണ്ഡങ്ങളിൽ വിർച്വൽ ലൈബ്രറിയുടെ പ്രദർശനവും നടത്തപ്പെട്ടു.

കാർളോയ്ക്ക് പുറമേ, 1940 ൽ ഇരുപത്തിനാലാം വയസിൽ അന്തരിച്ച പീട്രോ ഡി വിറ്റാലെ എന്ന സെമിനാരി വിദ്യാർത്ഥിയുടെയും വിരോചിത പുണ്യങ്ങൾ പാപ്പ അംഗീകരിച്ചു. മരണനേരത്ത് ”യേശു ക്രിസ്തുവും, പരിശുദ്ധ കന്യകാമാതാവും നീണാൾ വാഴട്ടെ” എന്നാണ് പീട്രോ ഡി വിറ്റാലെ തന്റെ അമ്മയോട് പറഞ്ഞത്.

1985 ഡിസംബർ 5-ന് അന്തരിച്ച അലെക്‌സിയാ ഗോൺസാലെസ്-ബാറോസ് എന്ന പതിമൂന്ന്കാരിയേയും പാപ്പ ധന്യപദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്. ഒൻപതാം വയസ്സിൽ റോമിൽ വെച്ച് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെ അഭിസംബോധന ചെയ്യുകയും ചെയ്ത അലെക്‌സിയായും വീരോചിതമായാണ് മരണം വരിച്ചത്.