Follow Us On

28

March

2024

Thursday

മാർ ജേക്കബ് മനത്തോടത്ത് നാളെ എറണാകുളത്ത് ചുമതലയേൽക്കും

മാർ ജേക്കബ് മനത്തോടത്ത് നാളെ എറണാകുളത്ത് ചുമതലയേൽക്കും

കൊച്ചി: പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിനെ എറണാകുളം^ അങ്കമാലി അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ്. പാലക്കാട് രൂപതയുടെ ബിഷപ്പ് എന്ന നിലയിലുള്ള ഉത്തരവാദിത്വം അദ്ദേഹം തുടർന്നും നിർവഹിക്കും. ജൂൺ 23 ഉച്ചകഴിഞ്ഞ് 3.00ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കായിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ജംബത്തിസ്താ ദിക്വാത്രോയുടെ സാന്നിധ്യത്തിൽ മാർ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കും.
എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തൻ ആർച്ചുബിഷപ്പ് എന്ന സ്ഥാനത്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടരും. ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിലും സഹായമെത്രാന്മാരായി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങൾ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർക്കു ആയിരിക്കും നിർവഹിക്കുന്നത്.
ഇപ്പോൾ നിലവിലുള്ള അതിരൂപതാ ആലോചനാസംഘം, സാമ്പത്തികകാര്യസമിതി, വൈദികസമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവർത്തനം അഡ്മിനിസ്‌ട്രേറ്റർ നിയമനത്തോടെ സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ അഡ്മിനിസ്‌ട്രേറ്റർക്ക് പ്രസ്തുത സമിതികൾക്ക് മാറ്റം വരുത്തുകയോ അവ പുന:സംഘടിപ്പിക്കുകയോ ചെയ്ത് പ്രവർത്തനക്ഷമമാക്കാൻ അധികാരം ഉണ്ടായിരിക്കുന്നതാണ്. ഇന്ന് (ജൂൺ 22) റോമൻ സമയം ഉച്ചയ്ക്ക് 12മണിക്ക് വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30ന് കാക്കനാട് മൌണ്ട് സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയായിലും ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തി.
1947 ഫെബ്രുവരി 22 നു എറണാകുളം അങ്കമാലി അതിരൂപതയിലെ കോടംതുരുത്തിൽ കുര്യൻ കത്രീന ദമ്പതികളുടെ മകനായാണ് മാർ മനത്തോടത്തിന്റെ ജനനം. കോടംതുരുത്ത് എൽ.പി.സ്‌ക്കൂൾ, കുത്തിയതോട് ഇ. സി. ഇ.കെ. യൂണിയൻ ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തിയ ശേഷം എറണാകുളം സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയിൽ ചേർന്നു. പൂനെ പേപ്പൽ സെമിനാരിയിൽ തത്വശാസ്ത്ര ദൈവശാസ്ത്ര പ~നം പൂർത്തിയാക്കി. 1972 നവംബർ നാലിന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ദൈവാലയത്തിൽ അസിസ്റ്റന്റ് വികാരിയായും കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയായും സേവനം ചെയ്ത ശേഷം റോമിലെ പ്രസിദ്ധമായ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റു നേടി.
എറണാകുളം അതിരൂപതാ സെക്രട്ടറി, കർദ്ദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറി, അതിരൂപതാ കോടതിയിലെ നീതി സംരക്ഷകൻ, ബന്ധ സംരക്ഷകൻ, അതിരൂപതാ ചാൻസലർ, ആലോചനാസമിതി അംഗം, സേവ് എ ഫാമിലി പ്ലാൻ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറി, എളമക്കര, ചെമ്പ് പള്ളികളിൽ വികാരി, ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി അധ്യാപകൻ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം 1992 നവംബർ 28ന് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.
പിന്നീട് 1996 നവംബർ 11ന് പാലക്കാട് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. ഇപ്പോൾ സി.ബി.സി.ഐ ഹെൽത്ത് കമ്മീഷൻ മെംബർ, സീറോ മലബാർ വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം ശുശ്രൂഷ ചെയ്തുവരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?