Follow Us On

19

March

2024

Tuesday

അമ്മയ്ക്കരികെ

അമ്മയ്ക്കരികെ

രാജാവ് സാധുവിനെ നാടുകടത്താൻ കാരണം
പ്രസിദ്ധവചന പ്രഘോഷകനായ സാധു സുന്ദർസിംഗ് ടിബറ്റിൽ സുവിശേഷ പ്രഘോഷണം നടത്തുന്ന കാലം. എന്നാൽ അദേഹം ജനങ്ങൾക്കിടയിൽ വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടു. ടിബറ്റിന്റെ ചില ഭാഗങ്ങളിലുണ്ടായ പകർച്ചവ്യാധികൾക്ക് കാരണം ക്രിസ്ത്യാനികളാണെന്നാണ് ചിലരെങ്കിലും പ്രചരിപ്പിച്ചത്. അതോടെ അനുവാദമില്ലാതെ രാജ്യത്തു പ്രവേശിച്ചതിനും, യേശു ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിച്ചതിനും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അദേഹത്തിന്റെ അഭിപ്രായവും കാഴ്ചപ്പാടുമൊന്നും നോക്കുക പോലും ചെയ്യാതെ രാജാവ് മരണശിക്ഷക്കും വിധിച്ചു. അതിന്റെ ഭാഗമായി അദ്ദേഹത്തെ മരണക്കുഴിയിലേക്കാണ് അധികാരികൾ നയിച്ചത്.
സാധു രാജ്യത്ത് എത്തിയ നിമിഷം മുതൽ ആകെ ഭയന്നതും സാധുവിനെതിരെ പ്രവർത്തിച്ചതും രാജാവിനൊപ്പം നിന്ന ഈ അധികാര വൃന്ദമായിരുന്നു. അവരാണ് രാജാവിനെ തെറ്റിദ്ധരിപ്പിച്ചത്. സർവമാലിന്യങ്ങളും അടക്കം ചെയ്ത പടുകുഴിയിലേക്കാണ് അവർ അദ്ദേഹത്തെ നയിച്ചത്. അവിടെ അദ്ദേഹത്തെ അവർ തള്ളിയിട്ടു. സ്ലാബിട്ട് മൂടി. കനത്ത പൂട്ടുകളിട്ടുറപ്പിച്ചു. അസ്ഥികളുടെയും തലയോടുകളുടെയും മധ്യത്തിൽ സർവ ദുർഗന്ധവും സഹിച്ച് അദ്ദേഹം അവർക്കായി പ്രാർഥിച്ചുകൊണ്ടിരുന്നു. ആഴമുളള ആ കുഴി സ്സാബുകൊണ്ട് മൂടിയിരുന്നതിനാൽ ശ്വാസോഛ്വാസത്തിന് പോലും അദ്ദേഹം വിഷമിച്ചു. രണ്ട് ദിവസം കടന്നുപോയി. ദൈവം തന്നെ രക്ഷിക്കും എന്ന് അദേഹം ഉറച്ച് വിശ്വസിക്കുകയും ആ വിശ്വാസം കുഴിയിൽക്കിടന്ന് ഏറ്റുപറയുകയും ചെയ്തുകൊണ്ടിരുന്നു. അദ്ദേഹം മരിച്ചോ എന്ന് തേടി കുഴിയുടെ അടുത്തെത്തിയ അധികാരികൾക്ക് ആശ്വാസഗീതങ്ങളാണ് അവിടെനിന്നും കേൾക്കാൻ കഴിഞ്ഞത്.
മൂന്നാംദിവസം അതിരാവിലെ കുഴിക്കുമുകളിലെ സ്ലാബ് തനിയെ നിരങ്ങിനീങ്ങുന്നത് അർധ അബോധാവസ്ഥയിൽ സാധു കണ്ടു. ആരെങ്കിലും താൻ മരിച്ചോ എന്ന് അറിയാൻ സ്ലാബ് ഉയർത്തുന്നതാണെന്നാണ് ആദ്യം അദ്ദേഹം കരുതിയത്. അതിനാൽ അവിടെ നിന്നും അനങ്ങാതെ സാധു മുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു. അങ്ങനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ബലമേറിയ ഒരു കയർ താഴേക്കിറങ്ങി വരുന്നത് അദേഹത്തിന്റെ ദൃഷ്ടിയിൽപ്പെട്ടു.
”നീ ഇതിൽ പിടിച്ചു കയറുക.” ഇടിമുഴക്കം പോലെ, ഒരു ശബ്ദവും അതിന് പിന്നാലെ മുഴങ്ങി.
പിന്നെ ഒട്ടും വൈകാതെ സിംഗ് ആ കയറിൽ പിടിച്ചുതൂങ്ങി. കയർ മുകളിലേക്കുയർന്നു. അങ്ങനെ അദ്ദേഹം സുരക്ഷിതനായി മുകളിലെത്തി. എന്നാൽ കുഴിക്ക് മുകളിലെത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല. അതോടെ തന്നെ രക്ഷിച്ചത് ക്രിസ്തുവാണെന്ന് അദ്ദേഹത്തിനുറപ്പായി. മൂടി പഴയതുപോലെ നിരങ്ങി ഭദ്രമാകുകയും ചെയ്തു.
സാധു സുന്ദർസിംഗ് രക്ഷപ്പെട്ടെന്ന് അറിഞ്ഞ രാജാവ് രോഷാകുലനായി. മൂടിയുടെ താക്കോൽ ആരോ മോഷ്ടിച്ച് അദ്ദേഹത്തെ രക്ഷപെടുത്തിയെന്നായിരുന്നു രാജാവ് ആദ്യം കരുതിയത്. സംശയം തീർക്കാൻ അദ്ദേഹം പളളിയറയിലേക്കോടി. അവിടെ നാലു പൂട്ടുകൾക്കുളളിൽ ഭദ്രമാക്കിയ മരണക്കിണറിന്റെ താക്കോൽ തിരഞ്ഞ അദ്ദേഹം വീണ്ടും ഞെട്ടി.
താക്കോൽ അവിടെ സുരക്ഷിതമായിരിക്കുന്നു. അതോടെ അദ്ദേഹത്തിന്റെ മനസിൽ സാധുവിനെ രക്ഷിച്ച നല്ല ദൈവത്തെക്കുറിച്ചുള്ള ചിത്രം തെളിഞ്ഞു. രാജാവിന്റെ ഹൃദയത്തിൽ ക്രിസ്തീയ വിശ്വാസത്തിന്റെ അലയടികൾ പതുക്കെ ഉയർന്നുതുടങ്ങി. ഇത് അസൂയാലുക്കളായ അധികാര വൃന്ദത്തിന് തെല്ലും ദഹിച്ചില്ല. അവർ രാജാവിനെ പിന്നെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. സാധുവിനെ രാജ്യത്ത് താമസിപ്പിക്കാനിടയായാൽ രാജ്യം തകർന്നു തരിപ്പണമാകുമെന്നും ജനങ്ങൾ രോഗബാധയാൽ വലയുമെന്നും അവർ മുന്നറിയിപ്പ് നൽകി. അങ്ങനെ രാജാവിനെ തെറ്റിദ്ധരിപ്പിച്ച് അവർ സാധുവിനെ നാടുകടത്തുകയാണുണ്ടായത്.
ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥകളിലൂടെ ചിലപ്പോൾ നമുക്കും കടന്നുപോകേണ്ടി വരാം. വിശുദ്ധ ഗ്രന്ഥത്തിൽ നാം വായിക്കുന്നു. തന്റെ പ്രതിശ്രുത വധു ഗർഭിണിയാണെന്നറിഞ്ഞ വിശുദ്ധ ജോസഫിന്റെ മനോവിചാരങ്ങളെക്കുറിച്ച്. പരിശുദ്ധ മറിയത്തെക്കുറിച്ച് സംശയിച്ച അദ്ദേഹം ഭാര്യയെ രഹസ്യമായി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. എന്നാൽ ദൈവം സമയത്തിന്റെ തികവിൽ പരിശുദ്ധ മറിയത്തിനുവേണ്ടി ജോസഫിന്റെ ജീവിതത്തിൽ ഇടപെട്ടതോടെ എല്ലാം ശുഭകരമായി. സൂസന്നയുടെ ജീവിതവും ഇതേപോലെ തെറ്റിദ്ധാരണയിലൂടെയാണ് കടന്നുപോയതെന്ന് കാണാം. വിശുദ്ധമായി ജീവിച്ചിരുന്നിട്ടും സാഹചര്യത്തെളിവുകളെല്ലാം അവൾ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇടയാക്കി. ഒടുവിൽ കൊലക്കളത്തിലേക്ക് അവൾ നയിക്കപ്പെട്ടു. തത്സമയം ദാനിയേലെന്ന ബാലനെ ഉപയോഗിച്ച് ദൈവം അവളുടെ ജീവനെ രക്ഷിച്ചു. അങ്ങനെ ദൈവം സൂസന്നയുടെ നിഷ്‌ക്കളങ്കതയെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി.
സംശയവും തെറ്റിദ്ധാരണയും മൂലം എത്രയോ ദാമ്പത്യബന്ധങ്ങളാണ് അനുദിനം തകരുന്നത്. എത്രയോ പേരാണ് ശിക്ഷയേൽക്കുന്നത്. ആത്മാർത്ഥതയോടെ ജീവിക്കുകയും അദ്ധ്വാനിക്കുകയും ചെയ്തിട്ടും തെറ്റിദ്ധരിക്കപ്പെട്ടതിന്റെ നൊമ്പരം എത്ര തീവ്രമായിരിക്കും. സ്വന്തം മാതാപിതാക്കളാലും അദ്ധ്യാപകരാലും സുഹൃത്തുക്കളാലും തെറ്റിദ്ധരിക്കപ്പെടുന്നവരുടെ എണ്ണവും ധാരാളമാണ്.
വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതത്തിൽ ഇതുപോലൊരു അനുഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ സുഹൃത്തായ ജഡ്ജിയുമൊത്ത് വളരെനാൾ ഒരുമിച്ച് താമസിച്ചിരുന്നു. ഒരിക്കൽ ജഡ്ജിയുടെ ബാഗിൽ നിന്നും കുറേ പണം മോഷണം പോയി. വിൻസെന്റ് ഡി പോൾ സാമ്പത്തികമായി ക്ലേശിച്ച സമയത്താണ് സംഭവം. അതുകൊണ്ടുതന്നെ വിൻസെന്റ് തന്നെയാണ് ഈ മോഷണത്തിനു പിന്നിലെന്ന് ജഡ്ജി കരുതി. പരസ്യമായി അക്കാര്യം പ്രസ്താവിക്കാനും അയാൾ മറന്നില്ല. അനേകരുടെ മുന്നിൽ വെച്ച് അപമാനിക്കപ്പെട്ടപ്പോഴും വിൻസെന്റ് അവയെല്ലാം സഹിച്ചു. ദൈവം തനിക്കായി എന്നെങ്കിലും നിജസ്ഥിതി പുറത്തുകൊണ്ടുവരുമെന്ന് വിശുദ്ധൻ ഹൃദയത്തിൽ വിശ്വസിച്ചു.
യഥാർത്ഥ കളളൻ ഈ സമയം നീറിപ്പിടയുകയായിരുന്നു. ഒരുദിവസം അയാൾ ജഡ്ജിയെ വന്നുകണ്ട് തന്റെ തെറ്റ് ഏറ്റുപറഞ്ഞു. വിശുദ്ധനോട് അയാൾ നൂറുതവണ മാപ്പു ചോദിച്ചു. സത്യം തെളിഞ്ഞതിൽ വിൻസെന്റ് സന്തോഷിച്ചു. സ്‌നേഹിതനെ കുറ്റപ്പെടുത്താനിടയായതിൽ ജഡ്ജി വേദനിക്കുകയും ചെയ്തു.
ബെനഡിക്ട് ഓണംകുളം അച്ചനെ ഓർക്കുന്നില്ലേ? കൊലപാതകത്തിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ട അദേഹത്തിന് മരണത്തിന് രണ്ടാഴ്ച മുമ്പ് ദൈവം നീതി നടത്തിക്കൊടുത്തില്ലേ? അത് അദേഹത്തിന്റെ ജീവിതത്തെ അപ്പാടെ മാറ്റി മറിച്ചു. ഒടുവിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് അദേഹത്തിന്റെ മൃതസംസ്‌കാരം നടന്നത്.
നിഷ്‌കളങ്കമായി ജീവിച്ചിട്ടും തെറ്റിദ്ധാരണകൾ നേരിടേണ്ടി വരുമ്പോൾ ദൈവഹിതം നിറവേറാനാണ് നാം പ്രാർത്ഥിക്കേണ്ടത്. അപ്പോൾ ദൈവം ഇടപെടുകയും അത്ഭുതകരമായി യാഥാർത്ഥ്യം വെളിപ്പെടുത്തുകയും ചെയ്യും. അതിനാൽ ധൈര്യമായിരിക്കുക, എപ്പോഴും നിഷ്‌കളങ്കഹൃദയങ്ങളെ കർത്താവ് അറിയുകയും നീതി നടത്തുകയും ചെയ്യും.
അമ്മയോട് ചേർന്ന് മുന്നേറുക
വൈദ്യശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഡോ. അലക്‌സിസ് കാരൽ തനിക്കുണ്ടായ ദൈവാനുഭവം ആത്മകഥാകുറിപ്പിൽ ചേർത്തിട്ടുണ്ട്. അതിപ്രകാരമാണ്: പരിശുദ്ധകന്യാമറിയം വഴി ലൂർദ്ദിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ വെറും കുപ്രചാരണം മാത്രമാണെന്നാണ് ഡോ. അലക്‌സിസ് ആദ്യകാലത്ത് പ്രചരിപ്പിച്ചിരുന്നത്.
തന്റെ വാദം ജയിക്കാൻ ക്ഷയരോഗബാധിതയായി മരണത്തോടു മല്ലടിക്കുന്ന മരിയ എന്ന ബാലികയെ മാതാവു സുഖപ്പെടുത്തുമോയെന്നു അദ്ദേഹം വെല്ലുവിളിച്ചു. മരിയ ആ വെല്ലുവിളി സ്വയം ഏറ്റെടുത്തു. പരിശുദ്ധഅമ്മ തന്നെ രക്ഷിക്കുമെന്ന അടിയുറച്ച വിശ്വാസത്തിൽ അവൾ ലൂർദ്ദിലേക്ക് പോയി. ഒപ്പം, അലക്‌സിസും.
ഒടുവിൽ ലൂർദ്ദിലെ പുണ്യഭൂമിയിൽ അവൾ എത്തി. വിശ്വാസത്തിൽ നിന്ന് ഉറപൊട്ടിയ കണ്ണീരോടെ അവൾ പ്രാർത്ഥിച്ചു. എല്ലാ ചലനങ്ങളും വീക്ഷിച്ചു പരിഹാസം പൊഴിയുന്ന പുഞ്ചിരിയുമായി ഡോക്ടർ സമീപത്തു നിന്നിരുന്നു.
എന്നാൽ അതാ വലിയ ഒരത്ഭുതം! മരിയ കിടന്ന സ്ഥലത്ത് ഒരു ദിവ്യപ്രകാശം. അതവളെ മെല്ലെ തഴുകി കടന്നുപോയി. ഉറക്കത്തിൽനിന്നെന്ന വണ്ണം ഉണർന്ന മരിയ ആഹ്ലാദത്തോടെ തുളളിച്ചാടി. വർദ്ധിച്ച ആകാംക്ഷയോടെ അവളെ പരിശോധിച്ച ഡോക്ടർ അലക്‌സിസ് ബോധരഹിതനായി നിലത്തുവീണുപോയി. അവളുടെ രോഗം പൂർണമായി മാറിയിരിക്കുന്നു. ആ നിമിഷം മുതൽ ഉറച്ച വിശ്വാസിയായി ഡോ.അലക്‌സിസും മാറുകയായിരുന്നു.
ലൂർദ്ദിൽ പിരണീസ് പർവ്വതങ്ങൾക്കു താഴെയുള്ള പാറക്കെട്ടിൽ മാതാവു ബർണ്ണദീത്തയ്ക്കു പ്രത്യക്ഷപ്പെട്ട കൃത്യം സ്ഥലത്ത് ഇന്നൊരു ഗ്രോട്ടോ പണിതീർത്തിട്ടുണ്ട്. മാതാവ് അന്നു കാണപ്പെട്ട അതേ രീതിയിൽ, അതേ സ്ഥാനത്ത് ഗ്രോട്ടോയിൽ മാതാവിന്റെ തിരുസ്വരൂപവും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. തൊട്ടു താഴെയാണ് അന്നു രൂപംകൊണ്ട നീരുറവ. പാറക്കെട്ടിനു താഴെയുള്ള മൈതാനത്തിൽ നിന്ന് ജനം പരിശുദ്ധ അമ്മയെ വിളിച്ച് കരഞ്ഞ് പ്രാർത്ഥിക്കും.
ഓരോ വർഷവും എത്രയോപേർ അവിടെ എത്തിച്ചേരുന്നു-പ്രത്യേകിച്ചും വേനൽക്കാലങ്ങളിൽ. മിക്കപേരും രോഗികളും വേദനയനുഭവിക്കുന്നവരുമാണ്. ആർക്കും വേണ്ടാത്തവർ, ഹൃദയം തകർന്നവർ, ശരീരാവയവങ്ങൾ പഴുത്ത് വ്രണം ബാധിച്ചവർ, ശരീരം പുഴുത്തവർ… അവരെല്ലാം അവിടെ ഒത്തുചേരുന്നു-ആശ്വാസത്തിനായി പ്രാർത്ഥിക്കുന്നു. മനുഷ്യന്റെ ദു:ഖം ഇതുപോലെ സ്വരൂക്കൂടുന്ന ഒരു സ്ഥലം ഭൂമുഖത്തു വേറെ കാണുകയില്ല.
അപരന്റെ ആവശ്യങ്ങളിലേക്കും ദു:ഖങ്ങളിലേക്കും കടന്നുചെല്ലുന്ന മറിയത്തെ നാം കാണണം. വൃദ്ധ ദമ്പതികളായ സഖറിയാസും എലിസബത്തിനെയും സഹായിക്കാൻ അവൾ ഓടിയെത്തുന്നു. സഹായിക്കാൻ ആരുമില്ലാത്ത സമയത്താണ് അനേകദൂരം നടന്ന് മറിയം അവിടെ എത്തുന്നത്. തന്റെ സഹായവും സാന്നിധ്യവും ആവശ്യമുണ്ടെന്ന ബോധ്യമാണ് മറിയത്തെ അങ്ങോട്ടു ആനയിച്ചത്.
കാനായിലെ കല്യാണവിരുന്നാണ് മറ്റൊരു രംഗം. അപ്രതീക്ഷിതമായി വീഞ്ഞുതീർന്നുപോയ വിവരം അടുക്കളക്കാരിയെപ്പോലെ മണത്തറിയുന്നത് മറിയമാണ്. വീഞ്ഞില്ലെങ്കിൽ വിരുന്നുകാരിക്കെന്ത് കാര്യം? പക്ഷേ, യേശുവിന്റെ ഒരു വാക്കിനുവേണ്ടി കാത്തു നില്ക്കുകയാണ് മറിയം -ആവശ്യക്കാരിയെപ്പോലെ.
അപരരുടെ ആവശ്യങ്ങൾ അടുത്തറിഞ്ഞ് അങ്ങോട്ടുനീങ്ങുന്ന മറിയം നമുക്കൊക്കെ മാതൃകയായി മാറണം. ”ആവശ്യക്കാരൻ ചോദിച്ചുവരട്ടെ”യെന്ന നമ്മുടെ മരവിച്ച മനോഭാവം മാറ്റണം. മുറിവേറ്റു കിടന്ന മനുഷ്യൻ ആവശ്യപ്പെടാത്തതുകൊണ്ടാവും ഒരുപക്ഷേ, പുരോഹിതനും ലേവായനും കടന്നുപോയത്. ആവശ്യപ്പെട്ടില്ലെങ്കിലും അത്യാവശ്യമെന്നു മനസ്സിലാക്കിയ സമറിയാക്കാരൻ മാറി നിന്നില്ല. നമ്മുടെ ചുറ്റും എത്രയോപേർ വേദനിക്കുന്നുണ്ട്? മാനസികമായും ശാരീരികമായും. ലോകത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന നാടായി മാറിയില്ലേ കേരളം-കൂട്ട ആത്മഹത്യകൾ? അതുപോലെ തന്നെ കൂട്ടക്കുരുതികളും കുറവല്ല. അവിടേക്കൊക്കെ സാന്ത്വനമായി കടന്നുചെല്ലുവാൻ നമുക്കു കഴിയണം. നമുക്കു പിൻബലമായി പരിശുദ്ധ മറിയവുമുണ്ടാകും.
ട്രാഫിക് ജാമിനിടയിലെ ഉപകാരം
ട്രാഫിക് ജാമിനിടയിൽ തോമസുകുട്ടിയുടെ ബൈക്ക് കേടായി. ഇതിൽ കിടന്ന് മറ്റുവാഹനങ്ങളെല്ലാം വീർപ്പുമുട്ടി. ഇതു കണ്ട പോലീസ് ഓടിയെത്തി. തോമസുകുട്ടിയെ നോക്കി എസ്.ഐ അലറി..”കേറടാ..ജീപ്പിൽ…”
തോമസ്‌കുട്ടി പറഞ്ഞു. ” നോ..താങ്ക്‌സ് സർ… ഞാൻ വല്ല ഓട്ടോയും പിടിച്ച് വീട്ടിൽ പൊയ്‌ക്കൊള്ളാം..”
ജയ്‌മോൻ കുമരകം
@ആൾക്കൂട്ടത്തിൽ തനിയെ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?