ക്രിസ്തു ജീവിതത്തെ മാറ്റിമറിച്ച നിമിഷങ്ങൾ ഓർമ്മിക്കണം: ഫ്രാൻസിസ് പാപ്പ

0
150

വത്തിക്കാൻ: ക്രിസ്തു ജീവിതത്തെ മാറ്റിമറിച്ച നിമിഷങ്ങൾ എന്നും ഓർമ്മിക്കണമെന്നും ദൈവികനന്മകൾ മറക്കുന്നവർക്ക് ജീവിതത്തിന്റെ ഊഷ്മളത നഷ്ടപ്പെടുമെന്നും ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ വ്യാഴാഴ്ച സാന്താ മാർത്ത കപ്പേളയിൽ ദിവ്യബലിമദ്ധ്യേ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

“ജീവിതത്തിൽ മുന്നോട്ടു പോകാൻ എപ്പോഴും നാം അല്പം പിന്നോട്ടു പോവുകയും കഴിഞ്ഞ നാളുകളെയും സംഭവങ്ങളെയും കുറിച്ച് ഓർമ്മയുള്ളവരായിരിക്കുകയും വേണം. നാം ആദ്യമായി ക്രിസ്തുവിനെ കണ്ടുമുട്ടിയ നിമിഷവും വിശ്വാസം കൈമാറ്റം ചെയ്യപ്പെട്ട അവസരവും നന്ദിയോടെ ഓർക്കണം. ഓർമ്മയാണ് നമുക്ക് സന്തോഷവും ശക്തിയും നല്കുന്നത്. കൂടിക്കാഴ്ച ആനന്ദമാണ്. മുന്നോട്ടുള്ള ജീവിത പ്രയാണത്തിൽ നീങ്ങാനുള്ള കരുത്തും പ്രത്യാശയും തരുന്നതും ഓർമ്മയാണ്”; പാപ്പ പറഞ്ഞു.

“നമുക്കു ലഭിച്ച വിശ്വാസത്തിന്റെ കൃപ മറന്നു ജീവിച്ചാൽ ജീവിതത്തിലെ കൃപയുടെ ഉറവു കെട്ടുപോവുകയും ജീവിതം ഫലശൂന്യമാകയും ചെയ്യും. യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കും ക്രിസ്ത്വാനുഭവത്തിനും നമുക്കെല്ലാവർക്കും നിരവധി സന്ദർഭങ്ങൾ ഉണ്ടായിക്കാണും. അത് ജീവിതത്തിൽ വിശ്വാസവെളിച്ചം ലഭിച്ച ദിവസമാകാം. മാനസാന്തരത്തിൻറെ സുന്ദര മുഹൂർത്തമാകാം. ചിലപ്പോൾ ഒന്നിലധികം അവസരങ്ങളിൽ ഇതുപോലെ ഈശോ നമ്മെ സന്ദർശിക്കുകയും സ്പർശിക്കുകയും ചെയ്തിരിക്കും. ഈ അവസരങ്ങൾ നാം മറന്നുകളയേണ്ടവയല്ല. അവ ഓർമ്മിക്കുകയും ക്രിസ്തു തന്ന ആത്മീയാനുഭങ്ങൾ നന്ദിയോടെ അയവിറക്കി ജീവിക്കുകയും ചെയ്യണം. അവ തീർച്ചയായും ജീവിതത്തിന് പ്രചോദനമാകും”; പാപ്പ വ്യക്തമാക്കി.