ദൈവാലയം സ്വർഗതുല്യം: സ്വവർഗാനുരാഗ ജാഥ തടഞ്ഞ് പോളിഷ് കത്തോലിക്കർ

0
1188

സെസ്റ്റോച്ചോവ, പോളണ്ട്: “ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്” എന്ന വചനമായിരുന്നു ആ സമയം അവരുടെ മനസുനിറയെ. അതിനാലാണ് സെസ്റ്റോച്ചോവ നഗരത്തിലെ ‘ജസ്‌ന ഗോര’ ആശ്രമ ദൈവാലയത്തിലേക്ക് സ്വവർഗ്ഗ പ്രേമികൾ നടത്തിയ ‘പ്രൈഡ് പരേഡ്” ജാഥയെ കത്തോലിക്കാ വിശ്വാസികൾ തടഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡെമോക്രാറ്റിക് ലെഫ്റ്റ് മുന്നണിയുടെ പ്രവർത്തകർ ഉൾപ്പെടെ അറുനൂറോളം പേർ ദൈവാലയത്തിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ചത്. കിരീടം ധരിച്ച കഴുകനെ ആലേഖനം ചെയ്ത മഴവിൽ പതാകയുമായിട്ടായിരുന്നു ജാഥ.

എന്നാൽ ആദിനം തന്നെ ‘റേഡിയോ മേരിജാ’ എന്ന കത്തോലിക്കാ റേഡിയോയുടെ ഒരുലക്ഷത്തോളമുള്ള ശ്രോതാക്കൾ ഇതേ ദേവാലയത്തിലേക്ക് തീർത്ഥാടനം നടത്തിയത് സ്വവർഗപ്രേമികളുടെ പദ്ധതി തകർത്തു. പ്രൈഡ് പരേഡ് ബിയഗാൻസ്‌കി ചത്വരത്തിൽ എത്തിയപ്പോൾ തന്നെ മോസ്റ്റ് ഹോളി വിർജിൻ അവന്യൂവിൽ നിലത്ത് കിടന്ന് വിശ്വാസികൾ ജാഥയ്ക്ക് തടസം സൃഷ്ടിച്ചു. ഗോരാ ആശ്രമത്തിലേക്ക് പ്രവേശിക്കുവാനുള്ള സ്വവർഗപ്രേമികളുടെ ശ്രമത്തെ’പ്രകോപനപര’മെന്നാണ് പോളിഷ് വിശ്വാസികൾ വിശേഷിപ്പിച്ചത്.

തുടർന്ന് കത്തോലിക്കാവിശ്വാസികളെ പോലീസ് പിരിച്ചുവിട്ടെങ്കിലും ദൈവാലയത്തിന് താഴെ പ്രാർത്ഥനയുമായി അവർ വീണ്ടും ഒന്നുചേർന്നു. വിശ്വാസികളുടെ എതിർപ്പ് രൂക്ഷമായതോടെ പ്രൈഡ് പരേഡിനെ മുനിസിപ്പൽ ആർട്ട് ഗാലറിയിലേക്ക് പോലീസ് തിരിച്ചുവിട്ടു. അതേസമയം, പോളണ്ടിലെ ആഭ്യന്തരമന്ത്രി ജൊവാക്കിം ബ്രൂഡ്‌സിൻസ്‌കി ദൈവാലയത്തിൽ കയറാനുള്ള സ്വവർഗ്ഗപ്രേമികളുടെ നീക്കത്തെ അപലപിച്ചു.