‘അമ്മേ, എന്നെ കാത്തുകൊള്ളണമേ…’

0
1076
Cyril John

ചെറുപ്പം മുതല്‍ മാതൃഭക്തനായിരുന്നതിനാല്‍ എല്ലാ ഞായറാഴ്ചയും മാതാവിന്റെ നൊവേനയില്‍ പങ്കുചേര്‍ന്നിരുന്നു. ഇടവകയിലുള്ള മാതാവിന്റെ മനോഹരമായ തിരുസ്വരൂപവും ചിത്രവും എപ്പോഴും എന്റെ മനസിലും പ്രാര്‍ഥനയിലും ഉണ്ട്.

ഴിഞ്ഞ 37 വര്‍ഷമായി ഡല്‍ഹിയിലാണ് ഞാന്‍ താമസിക്കുന്നതെങ്കിലും മാതൃ ഇടവക കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനയാണ്. ലോകത്തിലെ ആദ്യ മരിയന്‍ പ്രത്യക്ഷീകരണം നടന്നത് കുറവിലങ്ങാട്ടാണെന്ന് കരുതുന്നു. ബാല്യം മുതല്‍ മാതൃഭക്തനായിരുന്നതിനാല്‍ എല്ലാ ഞായറാഴ്ചയും ഇവിടുത്തെ മാതാവിന്റെ നൊവേനയില്‍ പങ്കുചേര്‍ന്നിരുന്നു. ഇടവകയിലുള്ള മാതാവിന്റെ മനോഹരമായ തിരുസ്വരൂപവും ചിത്രവും എപ്പോഴും എന്റെ മനസിലും പ്രാര്‍ഥനയിലും ഉണ്ട്. ജീവിതത്തിന്റെ എല്ലാ നിര്‍ണായകഘട്ടങ്ങളിലും പ്രത്യേക ആവശ്യങ്ങളിലും മാതൃസന്നിധിയിലെത്തി പ്രാര്‍ഥിച്ചാണ് തീരുമാനമെടുക്കുകയോ മുമ്പോട്ട് പോവുകയോ ചെയ്തിരുന്നത്.

1980 മാര്‍ച്ച് 17-ന് കേരളം വിടുമ്പോള്‍ എന്റെ ഭാവി തികഞ്ഞ അനിശ്ചിതത്വത്തിലായിരുന്നു. അന്ന് പോകുന്നതിന് മുമ്പ് പരിശുദ്ധ മാതാവിന്റെ ചിത്രത്തിന്റെ മുമ്പില്‍ കുറച്ച് മണിക്കൂറുകള്‍ ഇരുന്ന്, ‘അമ്മേ, എന്നെ കാത്തുകൊള്ളണ’മേ എന്ന് പ്രാര്‍ഥിച്ചിട്ടാണ് ഞാന്‍ യാത്രയായത്. എന്നെ സഹായിക്കാന്‍ സ്വാധീനമുള്ള ആരും അന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ മുംബൈയിലെത്തിയ ഉടനെതന്നെ എനിക്കൊരു ജോലി ലഭിച്ചു. ആ വര്‍ഷം ന്യൂഡല്‍ഹിയില്‍ ഗവണ്‍മെന്റ് ജോലിയും ലഭിച്ചു. അതിനൊപ്പം ഞാന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പൂര്‍ത്തീകരിച്ചു. 1982 ഫെബ്രുവരി മാസത്തില്‍ ലോക്‌സഭയില്‍ ജോലി ലഭിച്ചു. യാതൊരു സ്വാധീനവുമില്ലാതെ ആ ജോലി എങ്ങനെ ലഭിച്ചുവെന്നത് അത്ഭുതം തന്നെയാണ്. എല്ലാ ദിവസവും എന്നെ സഹായിക്കണമേ എന്ന് ഞാന്‍ പരിശുദ്ധ മാതാവിനോട് പ്രാര്‍ഥിച്ചിരുന്നു. പരിശുദ്ധ മാതാവ് യേശുവിനോട് നടത്തുന്ന ശുപാര്‍ശ എത്ര ശക്തിയേറിയതാണെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു.

34 വര്‍ഷം പാര്‍ലമെന്റില്‍ ജോലി ചെയ്ത ശേഷം ലോക്‌സഭ ജോയിന്റ് സെക്രട്ടറി ആന്റ് ചീഫ് ഓഫ് പ്രോട്ടോക്കോളായി 2016 നവംബര്‍ 30-ന് ഞാന്‍ വിരമിച്ചു. 552 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള ലോക്‌സഭയിലെ ജോലി ഏറെ ശ്രമകരമായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ കാലഘട്ടത്തില്‍ അധികാരത്തില്‍ വന്നെങ്കിലും കളങ്കരഹിതമായി ജോലി ചെയ്യുവാന്‍ പരിശുദ്ധ അമ്മ സഹായിച്ചു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഈ കാലയളവില്‍ മുപ്പതോളം രാജ്യങ്ങളും സന്ദര്‍ശിച്ചു.

1982-ലും 1993-ലും ഉണ്ടായ നവീകരണ അനുഭവങ്ങളിലൂടെ എന്റെ ജീവതം രൂപാന്തരപ്പെട്ടു. ഔദ്യോഗിക കാര്യങ്ങളും കുടുംബജീവിതവുമായി ഒതുങ്ങിക്കൂടിയ ഞാന്‍ ആത്മീയ നേതൃത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഈ പുറംതോടില്‍നിന്ന് പുറത്തുവരിക എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ഈ പുറംചട്ട പൊട്ടിച്ചുകഴിഞ്ഞപ്പോള്‍ ദൈവം എന്നെ ശുശ്രൂഷയുടെ അന്തര്‍ദ്ദേശീയ തലങ്ങളിലേക്ക് വരെ കൈപിടിച്ച് ഉയര്‍ത്തി. അവിടുത്തെ വചനവും പ്രവാചക, മധ്യസ്ഥപ്രാര്‍ഥനയുടെ സന്ദേശവും എല്ലാ ഭൂഖണ്ഡങ്ങളിലേക്കും എത്തിക്കാന്‍ എന്നെ ദൈവം ഉപയോഗിക്കുന്നു. ഭീരുവും അന്തര്‍മുഖനുമായിരുന്ന എനിക്ക് ശക്തി ലഭിച്ചത് ‘മാതാവേ, എന്നെ കാത്തുകൊള്ളണമേ’ എന്ന് ഞാന്‍ വിളിച്ചപേക്ഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തില്‍നിന്നാണെന്ന് തീര്‍ച്ച.

സിറിള്‍ ജോണ്‍
(ലോക്‌സഭ മുന്‍ ജോയിന്റ് സെക്രട്ടറി ആന്റ് ചീഫ് ഓഫ് പ്രോട്ടോക്കോള്‍)