Follow Us On

19

March

2024

Tuesday

അഗതികളുടെ സ്വന്തം ഡോക്ടർ!

അഗതികളുടെ സ്വന്തം ഡോക്ടർ!

സിനിമ കാണാൻ തിയറ്ററിൽ പോകില്ല, ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കില്ല, കാറുണ്ടെങ്കിലും ദൂരം കുറവാണെങ്കിൽ യാത്ര ഇരുചക്ര വാഹനത്തിൽ, വീട്ടിൽ പണച്ചെലവുള്ള ആഘോ ഷങ്ങളൊന്നുമില്ല, ആഡംബര വീട്ടിൽ ജീവിക്കാനുള്ള സാഹചര്യമുണ്ടെങ്കിലും താമസം ഇടത്തരം ഫ്‌ളാറ്റിലും! ആരാണ് ഈ പിശുക്കൻ എന്ന് ചിന്തിക്കാൻ വരട്ടെ, മിതവ്യയത്തിലൂടെ മിച്ചം പിടിക്കുന്ന പണംകൊണ്ട് ഇദ്ദേഹം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചറിഞ്ഞാൽ മനസുകൊണ്ടു നമിച്ചുപോകും ആരും: ഏതാണ്ട് 1300 പേരുടെ ചികിത്സയ്ക്കുള്ള പണമാണിത്.
‘ജീവിക്കാൻ പണം വേണം എന്നാൽ, പണത്തിനുവേണ്ടി ജീവിക്കരുത്’ എന്ന ദർശനം ജീവിതംകൊണ്ട് സാക്ഷിക്കുന്ന ഈ ഹോമിയോ ഡോക്ടറിന്റെ പേര് ജോസ് ജെ. തളിയത്ത്. പ്രവർത്തന മേഖലയായ എറണാകുളം ആലുവ നഗരങ്ങൾ ഇദ്ദേഹത്തെ വിളിക്കുന്നത്, ആരോരുമില്ലാത്തവരുടെ ഡോക്ടർ എന്നത്രേ. അനാഥർക്കും ആലംബഹീനർക്കും മാത്രമേ ഇദ്ദേഹത്തിന്റെ ചികിത്സ ലഭിക്കൂവെന്ന് തെറ്റിദ്ധരിക്കരുത്. രാഷ്ട്രീയ, ആത്മീയ നേതാക്കൾമുതൽ ന്യായാധിപന്മാർവരെ ഇദ്ദേഹത്തിന്റെ ചികിത്‌സതേടുന്നവരിൽ ഉൾപ്പെടും.
‘സഞ്ചരിക്കുന്ന ആശുപത്രി’ എന്ന ലക്ഷ്യത്തോടെ 1993-ൽ ഡോ. ജോസ് ജെ. തളിയത്ത് തുടക്കം കുറിച്ച ‘ക്ലിനിക്ക് ഓൺ വീൽസ്’ പദ്ധതി 27-ാം വർഷത്തിലും ജൈത്രയാത്ര തുടരുകയാണ്. തുടങ്ങിയ കാലത്തെ അപേക്ഷിച്ച് ചില വ്യത്യാസങ്ങൾ ഉണ്ടെന്നുമാത്രം. വാഹനത്തിനു മുന്നിൽ ‘ക്ലിനിക്ക് ഓൺ വീ ൽസ്’ എന്ന സ്റ്റിക്കർ ഇന്നില്ല, മാരുതി ഒമ്‌നിയുടെ സ്ഥാനത്ത് ഇന്ന് സുസുകി എർടികയാണ്. അന്ന് ഡോക്ടറും ഡ്രൈവറും ഒരാളായിരുന്നെങ്കിൽ ഇന്ന് വളയം പിടിക്കുന്നത് മറ്റൊരാളാണ്.
ഓരോ ദിവസവും മുൻകൂട്ടി ക്രമീകരിച്ചതനുസരിച്ച് വിവിധ അഗതി മന്ദിരങ്ങളിലും അനാഥശാലകളിലും ഡോക്ടറുടെ വാഹനമെത്തും. എറണാകുളം, ആലുവ മേഖലകളിലായി ഒരു ദിവസം ശരാശരി 40 കിലോമീറ്റർ യാത്രചെയ്യും. എം.ജി റോഡിലെ ക്ലിനിക്കിലെത്തുമ്പോൾ സമയം സന്ധ്യയോട് അടുക്കും. അവിടെയും ഡോക്ടറെ കാണാൻ കുറച്ചുപേരുണ്ടാകും. വലുപ്പചെറുപ്പമില്ലാതെ അവരെയും പരിശോധിച്ച് മരുന്നുനൽകും. ഒറ്റ നിർബന്ധമേയുള്ളൂ: പണം തരരുത് വാങ്ങില്ല. (പണം കൊടുത്തേ ചികിത്സ നേടൂ എന്ന് നിർബന്ധമുള്ളവർക്കുവേണ്ടി, ഒരു സംഭാവനപെട്ടി ഡോക്ടർ ഒരുക്കിയിട്ടുണ്ട്).
രോഗികളെയെല്ലാം പറഞ്ഞയച്ചശേഷം അന്ന് സന്ദർശിച്ച അനാഥാലയത്തിലേക്കുള്ള മരുന്നുകൾ തയാറാക്കുമ്പോഴേക്കും സമയം ഒമ്പതു കടക്കും. വയസ് 70 പിന്നിട്ടെങ്കിലും ക്ഷീണമോ നീരസമോ പ്രകടിപ്പിക്കാതെ അടുത്ത ദിവസത്തെ സന്ദർശന ചിന്തകളുമായി ഭാര്യ ആനിക്കൊപ്പം വീട്ടിലേക്ക്. ഒന്നും രണ്ടുമല്ല കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി ഇതാണ് ഡോ. ജോസിന്റെ ജീവിതചര്യ. ‘ജോലി ചെയ്ത് തളരുന്ന ദിവസങ്ങളിലെ സംതൃപ്തി പറഞ്ഞറിയിക്കാനാവില്ല. ദൈവം അതിനെന്ന പ്രാപ്തനാക്കിയല്ലോ എന്നോർക്കുമ്പോൾ പലപ്പോഴും സന്തോഷംകൊണ്ട് കണ്ണ് നിറയും.’ സാമൂഹ്യ പ്രവർത്തനം ജോലിയായി മാറുന്ന ഇക്കാലത്ത് ജോലി സാമൂഹ്യപ്രവർത്തനത്തിനുമാത്രമായി മാറ്റിവെച്ച ഡോ. ജോസിന്റെ ഓരോ ഹൃദയമിടിപ്പും പാവപ്പെട്ടവരെ പ്രതിയാണെന്ന് മനസിലാക്കാൻ ഒരു സംഭവം പങ്കുവെക്കാം. അധികം ആരും അറിയാത്ത ആ രഹസ്യം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ് തെളിവു സഹിതം വിവരിച്ചത്.
ഡോ. ജോസിന്റെ സുഹൃത്തുകൂടിയായ ഇപ്പോഴത്തെ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വത്തിക്കാൻ കൂരിയയിൽ കുടിയേറ്റക്കാർക്കുവേണ്ടിയുള്ള കാര്യാലയത്തിൽ ഉന്നത പദവി വഹിക്കുന്ന കാലം. ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയശേഷം ഡോ. ജോസിനെ ആർച്ച്ബിഷപ് വത്തിക്കാനിലേക്ക് ക്ഷണിച്ചു. ഏതൊരു മനുഷ്യസ്‌നേഹിയും സ്വപ്‌നം കാണുന്ന നിമിഷം. പക്ഷേ, ആർച്ച്ബിഷപ്പിനെ അമ്പരപ്പിക്കുന്നതായിരുന്നു ഡോക്ടറുടെ മറുപടി കത്ത്. യാത്ര വേണ്ടന്നുവെക്കുകയാണെന്നും ആ ഇനത്തിൽ ചെലവാക്കേണ്ടുന്ന തുകകൊണ്ട് പാവപ്പെട്ടവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാമെന്നുമായിരുന്നു ഡോക്ടർ അറിയിച്ചത്.
ലെയ്‌സൻ ഓഫീസിൽ ഹോമിയോ ക്ലിനിക്!
പാരമ്പര്യ വൈദ്യന്മാരായ, ചേരാനെല്ലൂർ തളിയത്ത് കുടുംബത്തിലാണ് ഡോ. ജോസിന്റെ ജനനം. സമ്പദ്‌സമൃദ്ധിയിലും മുന്നോക്കമാണ് തളിയത്ത് കുടുംബം. കുടുംബത്തിന്റെ വിവിധ പുരയിടങ്ങളിൽ 80-ൽപ്പരം കുടിയാന്മാർ താമസിച്ചിരുന്നുവെന്ന് പറയുമ്പോൾ ഭൂവിസ്തൃതിയുടെ കാര്യം പറയേണ്ടല്ലോ. വൈദ്യം രക്തത്തിലുണ്ടായിരുന്ന ജോസിന് പ്രിയം ഹോമിയോപ്പതിയായിരുന്നു. ചണ്ഡീഘട്ട് പ്രീമിയർ മെഡിക്കൽ കോളജിലെ പഠനം പൂർത്തിയാക്കി അധികം താമസിയാതെ ബയോ കെമിസ്ട്രിയിൽ ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോയി.
ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുന്ന ആദ്യ മലയാളിയായി നാട്ടിൽ തിരിച്ചെത്തിയെങ്കിലും ചികിത്സകനാകാൻ സാധിച്ചില്ല. ഇംഗ്ലീഷിലും ആശയവിനിമയത്തിലും ഡോ. ജോസിനുള്ള പ്രാവീണ്യം മനസിലാക്കി ഒരു ബഹുരാഷ്ട്രകമ്പനി വെച്ചുനീട്ടിയ ‘ലെയ്‌സൻ ഓഫീസർ’ ഉദ്യോഗമായിരുന്നു കാരണം. ജോലിയിലെ കൗതുകം അറിയാൻവേണ്ടിമാത്രം സ്വീകരിച്ചതാണെങ്കിലും ‘ലെയ്‌സൻ ഓഫീസർ’ പെട്ടെന്നു തന്നെ ക്ലിക്കായി. പലരും ഡോ. ജോസിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ എത്തിയപ്പോൾ, ഒരേ സമയം അഞ്ച് വൻകിട കമ്പനികളുടെ ‘ലെയ്‌സൻ ഓഫീസറായി’ ഇദ്ദേഹം. മാസം 25,000-ൽപ്പരം ശമ്പളം. വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനയാത്ര, സൗജന്യ താമസം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ വേറെ. 1970-ൽ ഇത്ര ശമ്പളമുള്ള എത്രപേരുണ്ടായിട്ടുണ്ടാവും കേരളത്തിൽ. തിരക്ക് വർധിച്ചതോടെ എറണാകുളം എം.ജി റോഡിൽ പത്മ തിയറ്ററിന് എതിർവശം ഒരു ഓഫീസും തുടങ്ങി.
ആദ്യം എല്ലാം കൗതുകമായിരുന്നെങ്കിലും, സമ്പന്നതയിലും മിതവ്യയം ശീലിച്ച അദ്ദേഹത്തെ അധികം താമസിയാതെ ചില അസ്വസ്ഥതകൾ അലട്ടിത്തുടങ്ങി. ആഡംബര ഹോട്ടലുകളിലെ പാർട്ടികളും പൊങ്ങച്ചങ്ങളും അരോചകമായപ്പോൾ, താമസം നിർബന്ധപൂർവം ഇടത്തരം ഹോട്ടലുകളിലേക്ക് മാറ്റി. അസ്വസ്ഥത മടുപ്പായി മാറിയപ്പോൾ, അദ്ദേഹം ആലോചന കടുപ്പിച്ചു: ‘ഇനിയും തുടരണോ ഈ ജോലി.’ ഇത് പങ്കുവെച്ചപ്പോൾ ഒറ്റ നിബന്ധനയേ ഭാര്യ മുന്നോട്ടുവെച്ചുള്ളൂ: ‘അഞ്ച് സ്ഥാപനങ്ങളിലെയും ജോലി ഒരുമിച്ച് നിർത്തരുത്. നമ്മുടെ കുടുംബബജറ്റ് താളംതെറ്റും. ഓരോന്നോരോന്നായി നിർത്തിയാൽ നമുക്ക് അഡ്ജസ്റ്റുചെയ്യാം.’ ഭാര്യ ഗ്രീൻ സിഗ്‌നൽ നൽകിയതോടെ പിന്നെ ആലോചിച്ചില്ല, 1980ന്റെ അവസാനത്തോടെ ഉത്തരവാദിത്തം ഓരോന്നോരോന്നായി കുറച്ചു തുടങ്ങി. അതോടൊപ്പം, ലെയ്‌സൺ ഓഫീസിന്റെ ഒരു ഭാഗം ഹോമിയോ ക്ലിനിക്കായി-‘റാണ ബയോകെമിക് ക്ലിനിക്’
ക്ലിനിക്കിന് ചക്രം വച്ചാൽ!
കൺസൾട്ടേഷൻ ഫീസ് വാങ്ങരുത്, ശമ്പളം തരാം എന്ന വ്യവസ്ഥയിൽ ഓരോ ദിവസവും ഇടവിട്ട് വരുംവിധം രണ്ട് ഡോക്ടർമാരെ നിയമിച്ചു കൊണ്ടായിരുന്നു തുടക്കം. ആദ്യം മികച്ചരീതിയിൽ മുന്നേറിയെങ്കിലും ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് ആരംഭിച്ചതോടെ ക്ലിനിക്കിന്റെ പ്രവർത്തനം അവതാളത്തിലായി. ഒരിക്കൽ, ഡോക്ടർ ഇല്ലാത്തതിനാൽ മടങ്ങിപ്പോകാൻ ഒരുങ്ങിയ പാവപ്പെട്ട അച്ഛന്റെയും മകളുടെയും സങ്കടം ഡോ. ജോസിനെ വീണ്ടും ചികിത്‌സകനാക്കി.
‘നമ്മുടെ ചെറിയ ജീവിതംകൊണ്ട് മറ്റുള്ളവർക്ക് ആനന്ദം പകരാനായാൽ അതുതന്നെയാണ് ഏറ്റവും വലിയ സുകൃതം,’ ഡോക്ടറുടെ മുഖത്തും പടരുന്നു അതേ ആനന്ദം. ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം നീണ്ട ‘ലെയിസൻ’ ഉദ്യോഗത്തിന് തിരശീല വീണതോടെ ഡോ. ജോസ് മുഴുവൻ സമയ ചികിത്സകനായി. ലെയിസൺ ഓഫീസ് സമ്പൂർണ ക്ലിനിക്കായിമാറി. ക്ലിനിക്കിൽ വരാൻ കഴിയാത്തവർക്കും ചികിത്‌സ ലഭ്യമാക്കണമെന്ന ആഗ്രഹമാണ് ‘ക്ലിനിക്ക് ഓൺ വീൽസ്’ യാഥാർത്ഥ്യമാക്കിയത്. ഒരു ഒമ്‌നി വാനായിരുന്നു ‘സഞ്ചരിക്കുന്ന ആശുപത്രി’. എറണാകുളം നഗരത്തിലെയും ആലുവ മുനിസിപ്പാലിറ്റിയിലെയും അനാഥാലയങ്ങളും വൃദ്ധസദനങ്ങളുമായിരുന്നു പ്രധാന സന്ദർശന കേന്ദ്രങ്ങൾ.
ഏതാണ്ട് മുന്നു നാല് വർഷം ഇത് സുഖമമായി നീങ്ങിയെങ്കിലും ‘ക്ലിനിക്ക് ഓൺ വീൽസി’ന്റെ പ്രവർത്തനം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ ഇടിവുണ്ടായി. ഡോക്ടർ അമേരിക്കയിൽ പഠിച്ചയാളാണ് ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഇപേക്ഷിച്ചയാളാണ് എന്നൊക്കെയുള്ള വാർത്തകളെ തുടർന്ന്, ‘ക്ലിനിക്ക് ഓൺ വീൽസ്’ തേടിയെത്തുന്നവരുടെ എണ്ണം കൂടി. പക്ഷേ, മരുന്നായിരുന്നില്ല അവരിൽ പലർക്കുമാവശ്യം. വിവാഹധന സഹായം, ജോലി വാങ്ങിത്തരണം, വീടു നിർമിക്കാൻ സഹായിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ ‘ക്ലിനിക്ക് ഓൺ വീൽസ്’ എന്ന സ്റ്റിക്കർ ഒഴിവാക്കിയായി സഞ്ചാരം. ഒരുപക്ഷേ, സുസുകി എർട്ടിക കാറും ഡ്രൈവറും മാത്രമാകും ഇന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലെ ആഡംബരങ്ങൾ.
‘ഒമ്‌നിയിലെ സ്ഥിരം യാത്രമൂലമുള്ള പ്രയാസങ്ങൾകാരണമാണ് വാഹനം മാറ്റേണ്ടിവന്നത്. പണ്ടത്തെപ്പോലെ ഡ്രൈവ് ചെയ്യുക എന്നത് ഇന്ന് അത്ര എളുപ്പവുമല്ല,’ ഇവ ഒഴിവാക്കാനായിരുന്നെങ്കിൽ കുറച്ചുകൂടി പണം കണ്ടെത്താമായിരുന്നല്ലോ എന്ന ചിന്തകൊണ്ടാവും ഡോക്ടർ അൽപ്പസമയം മൗനം തുടർന്നു.
ടോപ്‌സ് മീറ്റിന്റെ സാരഥി
ക്ലിനിക്കിൽ ചികിത്‌സതേടിയെത്തുന്നവരിൽ സമ്പന്നരുമുണ്ട്. പക്ഷേ, ആരേയും വേർതിരിച്ചു കാണരുതെന്ന് നിർബന്ധമുള്ളതിനാൽ ആരോടും പണം വാങ്ങില്ല. ഇതിനോട് എതിരഭിപ്രായമുണ്ടായിരുന്ന സുഹൃത്തിന്റെ നിർബന്ധമാണ് മുമ്പു പറഞ്ഞ സംഭാവനപെട്ടിക്ക് കാരണം. കുറച്ചുനാളുകൾക്കുശേഷം സൃഹൃത്തുതന്നെ ആ പെട്ടി തുറന്ന് അതിലെ പണം ഡോക്ടർക്കുനേരെ നീട്ടിക്കൊണ്ടു പറഞ്ഞു: ‘ഡോക്ടർ സന്ദർശനം നടത്തുന്ന സ്ഥാപനത്തിലെ അന്തേവാസികൾക്ക് സഹായമാ കും ഈ പണം.’ മറ്റൊരു ജീവകാരുണ്യ പ്രവർത്തനത്തിന് ആരംഭംകുറിക്കാൻ കാരണമായ ആ സംഭാവനപ്പെട്ടി ഇന്നും അനേകർക്ക് സഹായം നൽകാനുള്ള അക്ഷയനിധിയാണ്.
അനാഥാലയങ്ങളിൽനിന്ന് വൃദ്ധസദനങ്ങളിലേക്കുള്ള യാത്രകൾ പതിവായപ്പോൾ ഡോക്ടർ ഒരു കാര്യം തിരിച്ചറിഞ്ഞു, അവിടുത്തെ അന്തേവാസികളാരും ഇതുവരെ പുറത്തെവിടെയും പോയിട്ടില്ല. നാലു ചുവരുകൾക്കുള്ളിൽ ജീവിതം ചുരുങ്ങിപ്പോയ അവരെ വർഷത്തിലൊരിക്കലെങ്കിലും പുറത്തെ കാഴ്ചകൾ കാണാൻ കൊണ്ടുവരാനുള്ള ശ്രമങ്ങളായി പിന്നീട്. സഹായഹസ്തവുമായി ഒരു കൂട്ടം സുഹൃത്തുക്കൾ എത്തിയതോടെ 1995ൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് രൂപമെടുത്തു: ‘ട്രസ്റ്റ് ഫോർ ഓർഫൻസ് ആൻഡ് പുവർ’ (ടോപ്‌സ്).
ഡോക്ടർ സേവനം നൽകുന്ന അനാഥാലയങ്ങളിലെയും വൃദ്ധസദനങ്ങളിലെയും 1300-ൽപ്പരംപേർക്കായി സംഘടിപ്പിക്കുന്ന എകദിനസംഗമമായ ‘ടോപ്‌സ് മീറ്റി’നും അതേ വർഷം തുടക്കമായി. കലാപരിപാടികളും വിഭവ സമൃദ്ധമായ ഭക്ഷണവുമെല്ലാം ക്രമീകരിക്കുന്ന ‘ടോപ്‌സ് മീറ്റി’ന്റെ 23-ാം എഡിഷനാണ് ഇക്കഴിഞ്ഞ സെപ്തംബറിൽ എറണാകുളം ടൗൺ ഹാളിൽ സംഗമിച്ചത്. ചികിത്സകൻ എന്നതിനപ്പുറം രോഗികളുമായി വിശിഷ്യാ, കുടുംബത്തിന്റെയോ സഹോദരങ്ങളുടെയോ സ്‌നേഹം ലഭിക്കാത്തവരോട് പുലർത്തുന്ന വ്യക്തിബന്ധമാണ് ഡോ. ജോസിന്റെ സവിശേഷത.
‘പരിശോധിക്കുന്നവരുടെ പേരും വിശേഷങ്ങളുമെല്ലാം ഡോക്ടർക്ക് മനപ്പാഠമാണ്. ഫയലൊന്നും നോക്കാതെ പേരു പറഞ്ഞ് ഓരോരുത്തരെയും വിളിക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നും. അദ്ദേഹവുമായി സംസാരിച്ചാൽ ഒരുവിധം അസുഖങ്ങളൊക്കെ മാറുമെന്നാണ് അന്തേവാസികളിൽ പലരുടെയും അഭിപ്രായം. അനാഥബാല്യങ്ങൾക്ക് ഇദ്ദേഹം ഡോക്ടറങ്കിളാണ്, കുടുംബാംഗങ്ങൾ ഒഴിവാക്കിയ വൃദ്ധജനങ്ങൾക്ക് മകനും സഹോദരനുമാണ്,’ ഡോക്ടർ സ്ഥിരമായി ശുശ്രൂഷയ്‌ക്കെത്തുന്ന എറണാകുളം ‘പ്രൊവിഡൻസ് ഹോമി’ലെ സിസ്റ്റർ വാചാലയായി.
പേരുകൾ ഓർത്തുവെക്കാനുള്ള പൊടികൈകളൊന്നും പഠിച്ചിട്ടില്ലെന്നാണ് ഡോക്ടറിന്റെ സാക്ഷ്യം. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ പേര് ചിലപ്പോഴെങ്കിലും മാറിപ്പോകാറുണ്ടെങ്കിലും രോഗികളുടെ പേരും വിവരങ്ങളും എങ്ങനെ ഓർത്തുവെക്കാൻ ആകുന്നുവെന്ന് ഡോക്ടർക്ക് അറിയില്ല. അനാഥാലയത്തിലും മറ്റും കഴിയുന്നവരുടെ വിനോദത്തിനായി വലിയൊരു പദ്ധതിയെക്കുറിച്ചുള്ള ചിന്തയിലാണിപ്പോൾ: ‘ഇടയ്ക്കിടെ അവർക്കായി ഔട്ടിംഗ് സംഘടിപ്പിക്കണം. ഒരു മിനി സിനിമാ തിയറ്ററും മറ്റ് വിനോദ ഉപാധികളുമുള്ള സ്വന്തം കെട്ടിടം സ്വപ്‌നം കാണുകയാണ് ഞങ്ങൾ. ദൈവാനുഗ്രഹമുണ്ടെങ്കിൽ അതു സാധ്യമാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.’
കുടുംബമാണ് ഡോക്ടറുടെ ശക്തി. വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിക്കാനും സമ്പത്തിന്റെ നല്ലൊരു ഭാഗം മറ്റുള്ളവർക്കുവേണ്ടി ചെലവഴിക്കാനും സമ്മതിക്കുന്ന ഭാര്യ ആനിയും മക്കളായ റാണയും റോഷനും റിനിയും ഡോക്ടർക്കു നൽകുന്ന പിന്തുണ ചെറുതല്ല. പ്രമുഖ വസ്ത്ര ബ്രാന്റായ ‘അർബൻ കൈറ്റ്‌സി’ന്റെ ഫ്രാഞ്ചസിയാണ് ഇന്ന് ഡോക്ടറുടെ വരുമാന മാർഗം. അതിൽനിന്നുള്ള വരുമാനത്തിൽനിന്ന് തങ്ങളുടെ ചെലവ് കഴിഞ്ഞുള്ള മുഴുവൻ തുകയും സാമൂഹ്യസേവനത്തിനായി മാറ്റിവെച്ചിരിക്കുകയാണ് ഇദ്ദേഹം. ആവശ്യമുള്ളപ്പോൾ സമ്പത്തുകൊണ്ട് പിതാവിനെ പിന്തുണയ്ക്കാനും മക്കൾ തയാർ.
ആന്റണി ജോസഫ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?