പതിവ് തെറ്റിയില്ല, സ്വർഗരാജ്ഞിയെ കാണാൻ ഇത്തവണയും വന്നു സർപ്പക്കൂട്ടം!

0
12997

ഏഥൻസ് :പാമ്പുകളെ എന്നും  ക്രൈസ്തവർ പിശാചിന്റെ പ്രതിരൂപങ്ങളായാണ് കരുതുന്നത്. ഉത്പത്തിയിൽ ഏദൻ തോട്ടത്തിൽ വെച്ച് ആദത്തേയും ഹവ്വയേയും കബളിപ്പിച്ച് ശാപഗ്രസ്തമായ പാമ്പുകൾ വെളിപാടിലും തിന്മയുടെ പ്രതീകം തന്നെ..പരിശുദ്ധ അമ്മയാകട്ടെ നരക സർപ്പത്തിന്റെ തല തകർക്കാൻ ജനിച്ചവളും.
എന്നാൽ ഇതേ പാമ്പുകൾ ദൈവമാതാവായ പരിശുദ്ധ അമ്മയുടെ തിരുനാളിന് അമ്മയെ കാണാൻ, അനുഗ്രഹം തേടാൻ എത്തുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?സംഭവം സത്യമാണ്. ഗ്രീക്ക് ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരാശ്രമ ദൈവാലയത്തിലാണ് ദൈവമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ആഗസ്റ്റ് അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള കാലയളവിൽ പാമ്പുകൾ നിത്യസന്ദർശകരാകുന്നത്.
വെറുതെ മണ്ണിലൂടെയിഴഞ്ഞ് ഇരപിടിച്ച് ബോറടിച്ചപ്പോൾ എന്നാൽപ്പിന്നെ ദൈവമാതാവിന്റെ സവിധം വരെ ഒന്ന് പോയി അനുഗ്രഹം വാങ്ങിയേക്കാം എന്ന് കരുതി വന്നതൊന്നുമല്ല. മറിച്ച് നൂറ്റാണ്ടുകളായുള്ള അവയുടെ ശീലമാണ് ദൈവമാതാവിന്റെ തിരുനാൾ കാലയളവിൽ അമ്മയുടെ സവിധത്തിലെത്തുക എന്നത്.
1705 ൽ ദ്വീപിലെ കന്യാസ്ത്രീകളുടെ ആശ്രമം കൊള്ളക്കാർ കവർച്ച ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ആദ്യമായി പാമ്പുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കവർച്ച ചെയ്യാനെത്തിയ കൊള്ളക്കാരിൽ നിന്ന് രക്ഷ നേടാൻ ആശ്രമത്തിലെ കന്യാസ്ത്രീകൾ കൊള്ളക്കാരുടെ ശ്രദ്ധ പാമ്പുകളിലേക്ക് തിരിക്കണമെന്ന് പരിശുദ്ധ കന്യകയോട് പ്രാർത്ഥിച്ചതായി ഒരു ഐതീഹ്യം വ്യക്തമാക്കുന്നു. മറ്റൊരു ഐതീഹ്യത്തിൽ കൊള്ളക്കാരെ ഭയപ്പെടുത്താൻ ആശ്രമം പാമ്പുകളെ കൊണ്ട് നിറയാൻ കന്യാസ്ത്രീകൾ മാതാവിനോട് പ്രാർത്ഥിച്ചതായും വ്യക്തമാക്കുന്നു. ഏതായാലും പ്രാർത്ഥന ഫലിച്ചു.കന്യാസ്ത്രീകളെ ആക്രമിക്കാൻ വന്ന കൊള്ളക്കാർ പാമ്പുകളെ കണ്ട് പമ്പ കടന്നു.
യൂറോപ്യൻ ക്യാറ്റ് സ്‌നേക്‌സ് എന്നറിയപ്പെടുന്ന കറുത്ത ചെറിയ പാമ്പുകളാണ് ദൈവമാതാവിന്റെ തിരുനാൾ കാലയളവിൽ ആശ്രമത്തിന്റെ ഭിത്തികളിലൂടെയും പ്രവേശന കവാടത്തിലൂടെയും ‘പാമ്പുകളുടെ കന്യക’ എന്നറിയപ്പെടുന്ന പരിശുദ്ധ അമ്മയെ വണങ്ങാനെത്തുന്നത്.
തലയിൽ കുരിശിന്റെ അടയാളമുള്ള ഈ പാമ്പുകൾക്ക് രണ്ടായി പിരിഞ്ഞ നാവാണുള്ളത്. ഈയടുത്ത കാലങ്ങളിലായി അമ്മയെ ദർശിക്കാൻ പോകുന്ന പാമ്പുകൾക്ക് വാഹനം തട്ടി ജീവഹാനി സംഭവിക്കാതിരിക്കാൻ അവയെ ജാറുകളിലും ബാഗുകളിലുമാക്കി ഭക്തർ ആശ്രമത്തിലെത്തിക്കുന്നുണ്ട്.
പൊതുവെ അക്രമകാരികളായി കാണപ്പെടുന്ന ഈ പാമ്പുകൾ അമ്മയുടെ തിരുനാൾ കാലയളവിൽ വളരെ ശാന്തരായും ഇണക്കത്തോടെയുമാണ് തങ്ങളുടെ മനുഷ്യ സഹോദരങ്ങൾക്കൊപ്പം അമ്മയുടെ അനുഗ്രഹം തേടാനെത്തുന്നത്. ദൈവമാതാവിന്റെ തിരുനാൾ സമാപിച്ചാലുടൻ അപ്രത്യക്ഷമാകുന്ന ഈ പാമ്പുകളെ പിന്നീട് അടുത്ത വർഷത്തെ തിരുനാളിന് മാത്രമെ കാണാനാകൂ.
അന്ന് മുതൽ ഇന്ന് വരെ ദൈവമാതാവിന്റെ തിരുനാളിനെത്തുന്നതിൽ പാമ്പുകൾ രണ്ട് തവണ മാത്രമാണ് മുടക്കം വരുത്തിയത്. ഒരു വർഷം പാമ്പുകൾ അമ്മയെ കാണാൻ എത്തിയില്ലെങ്കിൽ അത് ദു:സൂചനയാണെന്നാണ് വിശ്വാസികളുടെ പക്ഷം.അത് അച്ചട്ടാണുതാനും. കാരണം പാമ്പുകൾ പതിവ് മുടക്കിയ 1939 ൽ രണ്ടാം ലോക മഹായുദ്ധവും 1953 ൽ ഭീകരമായ ഭൂകമ്പവുമാണ് ലോകത്തെ കാത്തിരുന്നത്. ഏതായാലും എല്ലാവർഷവും ദൈവജനനിയുടെ തിരുനാളിനൊപ്പം പാമ്പുകളുടെ ഉത്സവവും ദ്വീപ് നിവാസികൾ ആഘോഷിക്കാറുണ്ട്.