കത്തീഡ്രൽ നിർമിച്ചശേഷംമതി മോസ്‌ക്കുകൾ: സൗദിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി പോളണ്ട്‌

പോളിഷ് എം.പിയുടെ മറുപടി തരംഗമാകുന്നു

0
4282

വാർസോ: പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിൽ മോസ്‌ക്ക് നിർമിക്കാൻ സൗദി ശ്രമം ശക്തമാകുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, പോളിഷ് പാർലമെന്റ് അംഗം ഡോമിനിക്ക് ടാർസിൻസ്‌ക്കി നടത്തിയ അഭിപ്രായ പ്രകടനം തരംഗമാകുന്നു. പോളണ്ടിന് സൗദി അറേബ്യയിൽ കത്തീഡ്രൽ നിർമിക്കാൻ സാധിക്കുന്നതുവരെ യൂറോപ്പിൽ മോസ്‌ക്കുകൾ വേണ്ട എന്ന ഡോമിനിക്കിന്റെ വാക്കുകളിൽനിന്ന്, കുടിയേറ്റവും അഭയാർത്ഥിപ്രവാഹവും വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ യൂറോപ്പ്യൻ രാജ്യങ്ങൾക്കുള്ള ജാഗ്രതാനിർദേശവും വായിക്കാനാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

പ്രമുഖ മാധ്യമമായ ‘ബ്രേറ്റ്ബർട്ട് ലണ്ടന്’ അനുവദിച്ച അഭിമുഖത്തിലാണ്, പോളണ്ട് ഭരിക്കുന്ന ‘ലോ ആൻഡ് ജസ്റ്റിസ് പാർട്ടി’ അംഗംകൂടിയായി ഡോമിനിക്ക് ടാർസിൻസ്‌ക്കി തന്റെ നിലപാട് വ്യക്തമാക്കിയത്. പോളണ്ടിനു സൗദി അറേബ്യയിൽ കത്തീഡ്രൽ നിർമിക്കാൻ സമ്മതം ലഭിച്ചു കഴിഞ്ഞാൽ പോളണ്ടിൽ മോസ്‌ക്ക് നിർമിക്കാൻ സന്തോഷത്തോടെ തങ്ങൾ അനുവാദം നൽകുമെന്ന് കൂട്ടിച്ചേർക്കുകയുംചെയ്തു അദ്ദേഹം.

അടുത്ത കാലത്തായി യൂറോപ്പിൽ നടക്കുന്ന ബുർക്ക നിരോധന ചർച്ചകളെ കുറിച്ചും നിയമ ബിരുദധാരി കൂടിയായ അദ്ദേഹം നിലപാട് വ്യക്തമാക്കി: ‘ക്രൈസ്തവ ക്രൂശിത രൂപം എപ്രകാരം സൗദി വിലക്കിയിരിക്കുന്നുവോ അപ്രകാരം തന്നെ യൂറോപ്പ് ഇസ്ലാമിക ബുർക്കയും വിലക്കണം. ചാവേറുകളും കള്ളൻമാരും ആളുകളെ തെറ്റിധരിപ്പിക്കാൻ ബുർക്ക ധരിക്കാറുള്ളതിനാൽ സുരക്ഷ മുൻനിർത്തി യൂറോപ്പ് ബുർക്ക നിരോധിക്കണം.’

മനുഷ്യരെന്ന നിലയിൽ നാമെല്ലാം സമാനരാണ്. അതിനാൽ യൂറോപ്യൻ ക്രൈസ്തവർക്ക് അറേബ്യൻ രാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന അവകാശങ്ങൾ മാത്രമേ കുടിയേറ്റക്കാർ യൂറോപ്പിൽനിന്ന് പ്രതീക്ഷിക്കാവൂ എന്നും ഡോമിനിക്ക് ടാർസിൻസ്‌ക്കി കൂട്ടിച്ചേർത്തു. ക്രൈസ്തവ ആശയങ്ങളെ ശക്തമായ രീതിയിൽ മുറുകെ പിടിക്കുന്ന പാർട്ടിയാണ് ‘ലോ ആൻഡ് ജസ്റ്റിസ്’ പാർട്ടി.

മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള അഭയാർത്ഥി പ്രവാഹത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങളിൽ മോസ്‌ക്കുകൾ സ്ഥാപിക്കുന്നതിന് വലിയ പ്രാധാന്യമാണ് പല അറബ് രാജ്യങ്ങളും നൽകുന്നത്. ഇസ്ലാം ഇതര മതങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും യൂറോപ്പ്യൻ രാജ്യങ്ങളുടെ മതസഹിഷ്ണുതാ മനോഭാവത്തിന്റെ തണലിൽ മോസ്‌ക്കുകൾ സ്ഥാപിക്കുകയും ചെയ്യുന്ന അറബ് ഭരണകൂടങ്ങളുടെ ഇരട്ടത്താപ്പ് മുൻപേ വിമർശന വിധേയമായിട്ടുണ്ട്.

ഇസ്ലാമിക തീവ്രവാദംമൂലം സിറിയയിൽനിന്ന് ഉൾപ്പെടെ പലായനം ചെയ്ത ഇസ്ലാം അഭയാർത്ഥികളോടുവരെ മുഖം തിരിച്ചുനിന്ന സൗദി അറേബ്യയുടെ നിലപാടും വിമർശനം വിളിച്ചുവരുത്തിയിരുന്നു. ഇതര രാജ്യങ്ങളിൽ മോസ്‌ക്കുകൾ നിർമിക്കാൻ വലിയ സാമ്പത്തിക പിന്തുണ സൗദി ലഭ്യമാക്കുന്നുവെന്നും റിപ്പോർട്ടുകളുമുണ്ടായി. പോളിഷ് മറുപടിയെ മതസഹിഷ്ണുതാ വിരുദ്ധതയായി ചൂണ്ടിക്കാട്ടുന്ന അഭിപ്രായങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ വരാനിടയുണ്ട്. എന്നാൽ, പോളിഷ് മറുപടിയിൽ കാണാനാകുന്നത് ഇസ്ലാമിക വിരുദ്ധതയല്ല, മറിച്ച് ഇസ്ലാമിക ലോകത്തിന്റെ ഇരട്ടത്താപ്പാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.