ലിവർപൂളിൽ സീറോ മലബാർ രൂപതയ്ക്ക് ആദ്യ ഇടവകാദൈവാലയം; വിശ്വാസികൾക്ക് അഭിമാനനിമിഷം

24

ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതിന് ശേഷമുള്ള ആദ്യ ഇടവക ദൈവാലയം ലിവർപൂളിലെ ലിതർലണ്ടിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ലിവർപൂൾ അതിരൂപത ദാനമായി നൽകിയ സമാധാനരാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള ദൈവാലയം ലിവർപൂൾ അതിരൂപതയിലെ സീറോമലബാർ വിശ്വാസികൾക്ക് ഇനി മുതൽ ഇടവക ദൈവാലയം ആയിരിക്കും. സീറോ മലബാർ സഭയുടെ ആരാധനക്രമപരികർമ്മത്തിന് അനുയോജ്യമായ രീതിയിൽ ദൈവാലയം പരിഷ്‌കരിച്ചതിനുശേഷമാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി ഇടവക ഉദ്ഘാടനം ചെയ്തത്.

ഇടവക പ്രഖ്യാപനത്തോടനുബന്ധിച്ചു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ ലിവർപൂൾ അതിരൂപത ആർച്ചുബിഷപ്പ് മാർ മാൽക്കം മക്മെൻ ഓ. പി.വചനസന്ദേശം നൽകി . മാർത്തോമാശ്ലീഹായുടെ വിശ്വാസ പാരമ്പര്യം അഭംഗുരം കാത്തു സൂക്ഷിക്കുന്ന സീറോമലബാർ സഭ ഗ്രേറ്റ് ബ്രിട്ടനിൽ വലിയ വിശ്വാസസാക്ഷ്യമാണ് നല്കികൊണ്ടിരിക്കുന്നതെന്നും അവരുടെ ആരാധനക്രമത്തിലുള്ള പങ്കാളിത്തവും വിശ്വാസ പരിശീലനവും ഏവർക്കും മാതൃകയാണെന്നും ലിവർ പൂൾ ആർച്ചുബിഷപ്പ് പറഞ്ഞു. കത്തോലിക്ക സഭയിലെ ഒരു വ്യക്തി സഭയായ സീറോമലബാർ സഭയുടെ പാരമ്പര്യവും തനിമയും വരും തലമുറയിലേക്കു പകർന്നു നൽകാൻ മാതാപിതാക്കൾ കാണിക്കുന്ന തീഷ്ണതയും ശ്രദ്ധയും ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിവർപൂൾ അതിരൂപത സഹായ മെത്രാൻ മാർ ടോം വില്യംസ്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറൽമാരായ ഫാ . സജി മോൻ മലയിൽ പുത്തൻപുരയിൽ , റവ. ഡോ . മാത്യു ചൂരപൊയ്കയിൽ , പാസ്റ്ററൽ കോഡിനേറ്റർ ഫാ. ടോണി പഴയകളം , സി എസ് .ടി,ചാൻസലർ റവ. ഡോ . മാത്യു പിണക്കാട്ട് , ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സെമിനാരി റെക്ടർ ഫാ. വർഗീസ് പുത്തൻപുരക്കൽ ,ഫാ. മാർക് മാഡൻ ,പ്രെസ്റ്റൻ റീജിയൻ കോഡിനേറ്റർ ഫാ. സജി തോട്ടത്തിൽ, പ്രഥമ വികാരിയായി നിയമിതനായ ഫാ. ജിനോ അരീക്കാട്ട് എം.സി .ബി.എസ്, ഫാ. ഫാൻസ്വാ പത്തിൽ എന്നിവരുൾപ്പെടെ നിരവധി വൈദികർ സഹകാർമ്മികരായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി ഒന്നര വർഷത്തിനുള്ളിൽ തന്നെ ലിവർപൂളിൽ സ്വന്തമായി ഇടവക ദൈവാലയം ലഭിച്ച സന്തോഷത്തിലാണ് രൂപതയിലെ വൈദികരും അല്മായരും അടങ്ങുന്ന വിശ്വാസി സമൂഹം. 2018 മാർച്ച് 19 ന് രൂപതാധ്യക്ഷൻ തന്റെ സർക്കുലറിലൂടെ നിർദേശിച്ച രൂപതയിലെ മറ്റ് 74 മിഷനുകളും ഇത് പോലെ ഇടവകകളാകാനുള്ള പരിശ്രമത്തിലാണ്.