മനുഷ്യർ പീഢിപ്പിക്കപ്പെടുന്നതിന് കാരണം പൈശാചിക ശക്തി: ഫ്രാൻസിസ് പാപ്പ

0
178

വത്തിക്കാൻ: മനുഷ്യർ പീഢിപ്പിക്കപ്പെടുന്നതിന് കാരണം പൈശാചിക ശക്തിയാണെന്നും ക്രൈസ്തവരുടെ വിശ്വാസത്തേയും സ്ത്രീപുരുഷന്മാരിലുള്ള ദൈവിക ഛായയേയും, സ്ത്രീയും പുരുഷനും തമ്മിലുള്ള ഐക്യത്തെയും നശിപ്പിക്കാൻ സാത്താൻ ശ്രമിക്കുകയാണെന്നും ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ ”ദോമൂസ് സാംക്തെ മാർത്തെ” കപ്പേളയിലർപ്പിച്ച ദിവ്യബലി മദ്ധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

നരകുലത്തെ നശിപ്പിക്കുന്നതിന് ശാരീരികമായും ധാർമ്മികമായും സാസ്‌കാരികമായും സ്ത്രീപുരുഷന്മാരെ ഇല്ലാതാക്കുന്നതിന് ആയുധനിർമ്മാണ ശാലകൾ നടത്തുന്നവർ നിരവധിയാണ്. പട്ടിണി, അടിമത്തം, സാസ്‌കാരിക കോളണിവത്ക്കരണം, യുദ്ധങ്ങൾ എന്നിവയുടെയല്ലാം പിന്നിൽ സാത്താനാണ്. അടിമത്തത്തിൻറെ രൂപങ്ങൾ നിരവധിയാണ്. പാപ്പ പറഞ്ഞു.

മാനവ ഔന്നത്യം നശിപ്പിക്കുകയാണ് ആത്യന്തികമായി സാത്താന്റെ ലക്ഷ്യം. അതിനു വേണ്ടിയാണ് പീഢനം അഴിച്ചുവിടുന്നത്. ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതി പീഢനമേല്‌ക്കേണ്ടിവരുന്നവരും നിണസാക്ഷികളും നിരവധിയാണ്. ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന രാജ്യങ്ങളുണ്ടെന്നും കുരിശുധരിച്ചാൽ കാരാഗൃഹത്തിൽ അടയ്ക്കപ്പെടുന്ന അവസ്ഥയുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.