ഫെഡറൽ ബഡ്ജറ്റ് കത്തോലിക്കാസ്‌കൂൾ ആവശ്യങ്ങളെ നിരാകരിച്ചു: റേ കോളിൻസ്

0
86

ഓസ്‌ട്രേലിയ: പാർലമെന്റിൽ അവതരിപ്പിച്ച ഈ വർഷത്തെ ഫെഡറൽ ബഡ്ജറ്റ് കത്തോലിക്കാ സ്‌കൂളുകളുടെ ആവശ്യങ്ങളെ നിരാകരിച്ചെന്ന് നാഷണൽ കാത്തലിക് എഡ്യൂക്കേഷൻ കമ്മീഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ റേ കോളിൻസ്. മെയ് എട്ടിന് അവതരിപ്പിച്ച ബഡ്ജറ്റിലാണ് അധികൃതർ കത്തോലിക്കാ സ്‌കൂളുകളുടെ ആവശ്യത്തോട് മുഖം തിരിച്ചത്.

” പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളും വിദ്യാഭ്യാസമന്ത്രി സൈമൺ ബർമിങ്ഹാമും കത്തോലിക്കാ സ്‌കൂൾ അധികൃതരുടെ ആവശ്യങ്ങളെ അവഗണിച്ചു. സർക്കാർ സ്‌കൂളുകളും സർക്കാറിതര സ്‌കൂളുകളും പ്രത്യേകിച്ച് കത്തോലിക്കാ സ്‌കൂളുകളും തമ്മിലുള്ള ഫണ്ടിങ്ങിലെ വിത്യാസം ഈ തവണത്തെ ബഡ്ജറ്റിൽ പരിഗണിക്കാമെന്നും ഫണ്ട് അനുവദിക്കുന്നതിന്റെ മാനദണ്ഢമായ സ്‌കോർ മെത്തഡോളജി സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ ഉൾപ്പെടുത്തി പുനർനിർണ്ണയിക്കാമെന്നുമുള്ള വിദ്യാഭ്യാസമന്ത്രിയുടെ വാഗ്ദാനങ്ങൾ വെറും പൊള്ളയാണെന്നും ഇപ്പോൾ തെളിഞ്ഞു”; റേ കോളിൻസ് പറഞ്ഞു.

“നാഷണൽ സ്‌കൂൾ റിസോഴ്‌സിങ് ബോർഡിന്റെ ശുപാർശകൾ വിദ്യാഭ്യാസമന്ത്രി ചെവിക്കൊണ്ടില്ല. ഗുണനിലവാരമുള്ളതും തങ്ങൾക്കു താങ്ങാനാകുന്നതുമായ കത്തോലിക്കാ വിദ്യാഭ്യാസം മക്കൾക്ക് നല്കാനാഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് ഈ ബഡ്ജറ്റ് ഒരു ഉറപ്പും നല്കുന്നില്ല. ഗ്രാമീണമേഖലകളിലെയും ഉൾപ്രദേശങ്ങളിലെയും സ്‌കൂളുകൾക്ക് വളരെക്കുറച്ചു ഫണ്ടിംഗ് മാത്രമേ ഈ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. അനുഭവ സമ്പത്തുള്ള അധ്യാപകരെയും പ്രിൻസിപ്പൽമാരെയും ഉൾപ്രദേശങ്ങളിലെ സ്‌കൂളുകളിലും നിയമിക്കുന്നതിനായി ഫണ്ട് അനുവദിക്കണമെന്നുള്ള ഹെൽസെയ് കമ്മീഷന്റെ ശുപാർശകളും ഗവൺമെന്റ് പരിഗണിച്ചില്ല”; കോളിൻസ് വ്യക്തമാക്കി.

ഹൊവാഡ് ഗവൺമെന്റ് തുടക്കം കുറിച്ച നാഷണൽ സ്‌കൂൾ ചാപ്ലിൻസി പ്രോഗ്രാമിന് അടുത്തവർഷത്തേക്കുള്ള ഫണ്ടിംഗ് അനുവദിച്ചു എന്നുള്ളതാണ് ഈ ബഡ്ജറ്റിൽ അധ്യാപകർക്കും മാതാപിതാക്കൾക്കും ഗുണപ്രദമായ ഒരു കാര്യം. ഏകദേശം എല്ലാ കത്തോലിക്കാ സ്‌കൂളുകളിലും പാസ്റ്ററൽ കെയർ വർക്കേഴ്‌സും ചാപ്ലിനുകളും ഈ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് വേണ്ട സഹായം ചെയ്യുന്നുണ്ട്.