കാത്തിരിപ്പ് സഫലം: മാഞ്ചസ്റ്ററിൽ ഫാ. ജോസ് അഞ്ചാനിക്കൽ ഇന്നെത്തും

0
216

മാഞ്ചസ്റ്റർ:- സീറോമലബാർ വിശ്വാസികളുടെ ആറുമാസത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും വിരാമമിട്ട് നിയുക്ത ഷ്രൂസ്ബറി രൂപതാ ചാപ്ലൈനായ ഫാ. ജോസ് അഞ്ചാനിക്കൽ ഇന്ന് മാഞ്ചസ്റ്ററിലെത്തും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺ. ഡോ.മാത്യു ചൂരപ്പൊയ്കയിലിനൊപ്പമാണ് ഫാ.ജോസ് ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മാഞ്ചസ്റ്റർ വിമാനത്താവളത്തിലെത്തുക. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് പാലാ രൂപതയിൽ നിന്നും ഫാ.ജോസ് സേവനത്തിനായി മാഞ്ചസ്റ്ററിലെത്തുന്നത്. ബർക്കിംഗ്‌ഹെട്ടും വിഥിൻഷോയും കേന്ദ്രമായാണ് ഫാ. ജോസ് പ്രവർത്തിക്കുക.

കഴിഞ്ഞ വർഷം ഡിസംബർ 11 ന് റവ.ഡോ.ലോനപ്പൻ അറങ്ങാശ്ശേരി തന്റെ മൂന്ന് വർഷത്തെ സേവനത്തിന് ശേഷം തന്റെ മാതൃസഭയിലെ അജപാലന ശുശ്രൂഷകൾക്കായി മടങ്ങിയിരുന്നു. തുടർന്നുള്ള ആറ് മാസക്കാലം ദിവ്യബലിയും മറ്റ് ശുശ്രൂഷകളും മുടങ്ങാതിരിക്കാൻ വൈദികരെ കണ്ടെത്താൻ ട്രസ്റ്റിമാർ ഏറെ ക്ലേശിച്ചിരുന്നു. മാഞ്ചസ്റ്ററിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാൾ പടിവാതിൽക്കലെത്തി നിൽക്കെ ഇടവകയ്ക്ക് സ്വന്തമായി ഒരു വൈദികനെ ലഭിച്ചത് വിശുദ്ധരുടെ അനുഗ്രഹമായാണ് വിശ്വാസികൾ കരുതുന്നത്.

പാലാ രൂപതയിലെ അറക്കുളം സെന്റ്.മേരീസ് പുതിയ പള്ളി ഇടവകാംഗമായ .ഫാ.ജോസ് അഞ്ചാനിക്കൽ 1956 ജൂലൈ 7 നാണ് ജനിച്ചത്. 1982 ഡിസംബർ 30 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1982 ൽ കടപ്ലാമറ്റം ദൈവാലയത്തിലെ അസിസ്റ്റൻറ് വികാരിയായി നിയമിതനായി. തുടർന്ന് 1983 ൽ പൂഞ്ഞാറിൽ സഹവികാരിയായി ശുശ്രൂഷ ചെയ്യാനായിരുന്നു ഫാ.ജോസിന്റെ നിയോഗം. 1985 – 1991 കാലഘട്ടത്തിൽ പാലാ സെന്റ്.തോമസ് കോളേജിലെ പഠനത്തോടൊപ്പം മ്യൂസിക് മിനിസ്ട്രി കൺവീനറായും ഫാ. ജോസ് സേവനം ചെയ്തു.

സെന്റ്.ജോസഫ് ചർച്ച് ചൂണ്ടശ്ശേരിയിലാണ് ഫാ.ജോസ് പ്രഥമ വികാരിയായി നിയമിതനായത്. 1991 മുതൽ 2000 വരെയുള്ള ഈ കാലഘട്ടത്തിൽ സാൻജോസ് പബ്ലിക് സ്‌കൂളിന്റെ സ്ഥാപകമാനേജരായി സേവനം ചെയ്ത അദ്ദേഹം 91- 98 വർഷങ്ങളിൽ കെ.സി.വൈ.എം. ഭരണങ്ങാനം മേഖലാ കൺവീനറായിരുന്നു. 1993 മുതൽ 1998 വരെ കുറുമണ്ണ്, പ്രവിത്താനം, മേലുകാവുമറ്റം, ഭരണങ്ങാനം എന്നീ സ്‌കൂളുകളിലെ അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു.

2002 മുതൽ 2011 വരെ ഇടപ്പാടി ദൈവാലയ വികാരിയായിക്കെയാണ് ജീസസ് യൂത്ത് ആനിമേറ്റർ, പാലാ രൂപതാ കരിസ്മാറ്റിക് കോഡിനേറ്റർ എന്നീ നിലകളിൽ അദ്ദേഹം ശുശ്രൂഷ ചെയ്തത്. 2011 – ൽ പാലാ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലും 2012-ൽ കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറിയായും 2002 മുതൽ 2011 വരെ ഭരണങ്ങാനത്ത് അദ്ധാപകനായും ഫാ. ജോസ് സേവനം ചെയ്തു.

2013 മുതൽ നീലൂർ സെന്റ്.ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹം ധ്യാനഗുരു, സംഘാടകൻ, ഗായകൻ, എന്നീ നിലകളിലും പ്രശസ്തനാണ്. കൂടാതെ, ശാലോം ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന അദ്ദേഹത്തിന്റെ വചനശുശ്രൂഷയ്ക്കായി ലക്ഷകണക്കിന് വിശ്വാസികളാണ് കാതോർക്കുന്നത്.

ഇന്ന് മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തുന്ന ജോസച്ചന് ഷ്രൂസ്ബറി രൂപതയിലെ വിവിധ മാസ് സെന്ററുകളിൽ നിന്നുമുള്ള വിശ്വാസി സമൂഹം ഊഷ്മളമായ സ്വീകരണം നൽകും.